Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരണ്യയുടെ തട്ടിപ്പിന്റെ പേരിൽ അറസ്റ്റ് തുടരുന്നു; ഒടുവിൽ പിടിയിലായത് മിമിക്രി കലാകാരൻ കലാഭവൻ സുധി

ശരണ്യയുടെ തട്ടിപ്പിന്റെ പേരിൽ അറസ്റ്റ് തുടരുന്നു; ഒടുവിൽ പിടിയിലായത് മിമിക്രി കലാകാരൻ കലാഭവൻ സുധി

കായംകുളം: സിനിമാ മോഹങ്ങളും ആഡംബര ജീവിതവുമാണ് സോളാർ മോഡലിലെ തട്ടിപ്പിലേക്ക് ശരണ്യയെ നിയച്ചത്. സിനിമയിൽ സജീവമാകാനും കാശുണ്ടാക്കാനും നിരവധി ബന്ധങ്ങളുമുണ്ടാക്കി. ഇതെല്ലാം സമർത്ഥമായി ഉപയോഗിച്ചാണ് പൊലീസിലെ ജോലി തട്ടിപ്പിലൂടെ ലക്ഷങ്ങൾ നേടിയത്. ഈ കേസിൽ ശരണ്യയ്ക്കു സഹായിയായി പ്രവർത്തിച്ചതിനു മിമിക്രി കലാകാരൻ കലാഭവൻ സുധിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്നലെ കായംകുളത്തെ ക്യാംപ് ഓഫിസിലേക്കു സുധിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡിവൈഎസ്‌പി രാധാകൃഷ്ണൻ എന്ന പേരിൽ സുധി ഫോണിൽ വിളിച്ചിരുന്നതായി തട്ടിപ്പിന് ഇരയായവർ പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചു ശരണ്യയും സുധിയും വിവിധ സ്ഥലങ്ങളിൽ കറങ്ങുകയും പണം ധൂർത്തടിക്കുകയും ചെയ്തതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഒരു ക്ഷേത്രത്തിൽ വച്ചു സുധി ശരണ്യയുടെ കഴുത്തിൽ താലി ചാർത്തിയിരുന്നതായും ക്രൈം ബ്രാഞ്ച് അധികൃതർ പറഞ്ഞു. ചാനൽ ഷോയ്ക്കായി സിവിൽ പൊലീസ് ഓഫിസർ പ്രദീപാണു ശരണ്യയെ പരിചയപ്പെടുത്തിയതെന്നാണു സുധിയുടെ മൊഴി. ജോലി തട്ടിപ്പു കേസിൽ പ്രദീപ് നേരത്തെ അറസ്റ്റിലായിരുന്നു.

ശരണ്യയെ ഒളിവിൽ പോകാനും മറ്റും സഹായിച്ചത് സുധിയാണെന്നാണ് കണ്ടെത്തൽ. ശരണ്യയ്ക്കു സഹായം ചെയ്തുകൊടുക്കുകയും പിന്നീട് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുകയും ചെയ്തു എന്നാണു സുധിക്കെതിരായ കേസ്. തട്ടിപ്പിന് ഇരയായവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു ശരണ്യയ്ക്കു ബെംഗളൂരുവിലേക്കു പോകാനുള്ള സൗകര്യവും പുതിയ സിം കാർഡും തരപ്പെടുത്തിയതു സുധിയാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുധിയുടെ സുഹൃത്തിന്റെ പേരിലാണു സിം കാർഡ് എടുത്തത്. ശരണ്യ ഉപയോഗിച്ചിരുന്ന കാർ സുധിയുടെ വീട്ടിൽ നിന്നാണു പൊലീസ് കണ്ടെടുത്തത്.

കാർ കൊല്ലത്തു സുധിയുടെ വീട്ടിൽ കിടപ്പുണ്ടെന്നും വിറ്റുതരണമെന്നും ഒളിവിൽ കഴിയുമ്പോൾ പത്തിയൂരിലെ രാഷ്ട്രീയ നേതാവിനെ ഫോണിൽ വിളിച്ചു ശരണ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ സമയം നേതാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണെന്ന വിവരം ശരണ്യ അറിഞ്ഞിരുന്നില്ല. പൊലീസ് നേതാവിനെ കൂട്ടി സുധിയുടെ വീട്ടിലെത്തുകയായിരുന്നു.തുടർന്നു സുധിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും തട്ടിപ്പിലെ പങ്കു കണ്ടെത്താൻ ലോക്കൽ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നട് നടന്ന അന്വേഷണത്തിലാണ് തെളിവുകൾ കിട്ടിയത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ശരണ്യയുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടർന്നു സസ്‌പെൻഷനിലായ തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപിനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ഇയാളേയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP