Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജസ്‌നയ്ക്ക് നാട്ടിൽവച്ചുതന്നെ ജീവാപായമുണ്ടായോ എന്ന അന്വേഷണവുമായി പൊന്തൻപുഴ, വലിയകാവ് വനമേഖലകൾ അരിച്ചുപെറുക്കാൻ പൊലീസ് സംഘം; ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 400 പൊലീസുകാർ കാടുകളിൽ പരിശോധന തുടങ്ങി; കൂടെ തിരച്ചിലിനിറങ്ങി പെൺകുട്ടിയുടെ സഹപാഠികളും; കാണാതായി രണ്ടരമാസം കഴിഞ്ഞിട്ടും ഒരു തുമ്പും ഇല്ലാതെവന്നതോടെ അവസാനമായി ബസ്സിൽ കണ്ടതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ

ജസ്‌നയ്ക്ക് നാട്ടിൽവച്ചുതന്നെ ജീവാപായമുണ്ടായോ എന്ന അന്വേഷണവുമായി പൊന്തൻപുഴ, വലിയകാവ് വനമേഖലകൾ അരിച്ചുപെറുക്കാൻ പൊലീസ് സംഘം; ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ 400 പൊലീസുകാർ കാടുകളിൽ പരിശോധന തുടങ്ങി; കൂടെ തിരച്ചിലിനിറങ്ങി പെൺകുട്ടിയുടെ സഹപാഠികളും; കാണാതായി രണ്ടരമാസം കഴിഞ്ഞിട്ടും ഒരു തുമ്പും ഇല്ലാതെവന്നതോടെ അവസാനമായി ബസ്സിൽ കണ്ടതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മുക്കൂട്ടുതറയിൽ നിന്ന് കാണാതായി രണ്ടരമാസം പിന്നിട്ടിട്ടും ഒരുതുമ്പും കിട്ടാതെ വന്നതോടെ ജസ്‌ന മരിയക്ക് ജീവാപായം സംഭവിച്ചിരിക്കാമെന്ന സാധ്യത പരിശോധിക്കാൻ പൊലീസ്. ജസ്‌ന വിദേശത്തേക്ക് പോയോ എന്ന കാര്യമുൾപ്പെടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി തന്നെ ഇന്നലെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പി്ന്നാലെയാണ് ജസ്‌നയുടെ വീടിന് പരിസരത്തുള്ള വനപ്രദേശങ്ങളിൽ ഒരുവട്ടംകൂടി വിപുലമായ തിരച്ചിൽ നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ മുതൽ ജസ്‌നയുടെ വീടിന് അഞ്ചുകിലോമീറ്റർ പരിസരത്തുള്ള വനപ്രദേശങ്ങൾ അരിച്ചുപെറുക്കാനും എന്തെങ്കിലും തുമ്പുലഭിക്കുമോ എന്ന് കണ്ടെത്താനും പൊലീസ് വ്ിപുലമായ പരിശോധന ആരംഭിച്ചു. ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ തുടങ്ങിയിരിക്കുന്നത്. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥർ പത്തു ബാച്ചുകളായി തിരിഞ്ഞ് ഇന്ന് രാവിലെ തന്നെ പരിശോധന ആരംഭിച്ചു. വന്യമൃഗ സാന്നിധ്യം അധികമില്ലാത്ത പൊന്തൻപുഴ, വലിയകാവ് വനമേഖലയിലാണ് അന്വേഷണം. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ മുഴുവനായും തിരച്ചിൽ നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പൊലീസുകാരാണ് സംഘത്തിലുള്ളത്. ഒരു ഡിവൈഎസ്‌പിയും അഞ്ച് സിഐമാരും സംഘത്തിലുണ്ട്. എരുമേലിയിൽ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസ്സിലാണ് ജസ്‌ന അവസാനമായി യാത്രചെയ്തതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പരിസര പ്രദേശങ്ങളിലെല്ലാം വിപുലമായ തിരിച്ചിലിന് തീരുമാനിച്ചത്.

ഈ മേഖലയിലെ കാടുമുഴുവൻ അരിച്ചുപെറുക്കി എന്തെങ്കിലും സൂചനകൾ ഉണ്ടോ എന്ന് പരിശോധിക്കും. ജനവാസ കേന്ദ്രങ്ങൾ ചുറ്റപ്പെട്ടുകിടക്കുന്ന വനമേഖലയാണ് ഈ പ്രദേശം. അതിനാൽ തന്നെ മാലിന്യങ്ങളും മറ്റും വ്യാപകമായി കൊണ്ടുതള്ളുകയും ചെയ്യുന്ന പ്രദേശമാണ്. കൊലപ്പെടുത്തിയവരെ ഈ പ്രദേശങ്ങളിൽ കൊണ്ടുവന്ന് കാട്ടിനുള്ളിൽ ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടെന്ന് നാട്ടുകാരിൽ പലരും സൂചന നൽകിയിരുന്നു. വന്യമൃഗസാന്നിധ്യം ഇല്ലാത്തതിനാൽ കാട്ടിനുള്ളിൽ അനാശാസ്യക്കാരുടെയും മയക്കുമരുന്നുകാരുടേയും താവളവുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ഈ വനമേഖലയിൽ പരിശോധന നടത്താൻ തീരുമാനിച്ചത്.

തലസ്ഥാനത്തു നിന്ന് കാണാതായ വിദേശ വനിതയ്ക്കുവേണ്ടിയുള്ള തിരച്ചിൽ മറ്റു പലയിടത്തേക്കും വ്യാപിപ്പിച്ചെങ്കിലും ഒടുവിൽ അവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് കാണാതായ കോവളം പ്രദേശത്തിന് തൊട്ടടുത്തുള്ള തിരുവല്ലം പ്രദേശത്ത് മയക്കുമരുന്നുകാരുടേയും മറ്റും വിഹാരകേന്ദ്രത്തിലായിരുന്നു. മറ്റിടങ്ങളിലെ പരിശോധനകൾ എല്ലാം വിഫലമായതോടെയാണ് വിദേശവനിതയുടെ കാര്യത്തിൽ കാണാതായതിന്റെ പരിസരങ്ങൾ വിപുലമായി പരിശോധിച്ചതും അതിന് ഫലമുണ്ടായതും. ഈ കേസിലും തുമ്പുണ്ടാക്കിയത് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമായിരുന്നു.

സമാന സാഹചര്യത്തിൽ ജസ്‌നയ്ക്കും ആപത്തുപിണഞ്ഞോ എന്ന സാധ്യത പരിശോധിക്കുകയാണ് ഇന്ന് പൊലീസ്. പെൺകുട്ടിയെ അപായപ്പെടുത്തി കാണാതായതിന് പരിസരത്തുള്ള വനമേഖലയിൽ ഉപേക്ഷിച്ചോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തിരച്ചിൽ. പത്തു ബാച്ചുകളായി തിരച്ചിലിന് ഇറങ്ങിയ പൊലീസ് സംഘത്തിനൊപ്പം ജസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ വിദ്യാർത്ഥികളും അണിചേർന്നിട്ടുണ്ട്. ഇന്നുതന്നെ ഈ പ്രദേശത്തെ തിരച്ചിൽ പൂർത്തിയാക്കുമെന്ന് പൊലീസ് സൂചന നൽകി.

രണ്ടരമാസമായി നടത്തുന്ന അന്വേഷണത്തിൽ ഒരു തുമ്പും ലഭിക്കാതെ വന്നതോടെയാണ് ഇന്ന് നാ്ട്ടിൽ തന്നെ വിപുലമായ തിരച്ചിൽ തുടങ്ങിയത്. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായില്ല. ഇതോടെ ജ്‌സന അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയും ഇത്തരത്തിൽ അന്വേഷണം തുടരുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞയാഴ്ച കാഞ്ചീപുരത്ത് ഒരു പെൺകുട്ടിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടതോടെ ഇത് ജസ്‌നയാകുമോ എന്ന ആശങ്കയുമുണ്ടായി. എന്നാൽ ഈ പെൺകുട്ടി ചെന്നൈ സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞു. ജസ്‌നയ്ക്കായി ഇതിനിടെ ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലും പരിശോധന നടത്തിയിരുന്നു. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും തിരുവല്ല ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്. എന്നാൽ ഇതിലൊന്നും ഒരു സൂചനയും ലഭിച്ചിരുന്നില്ല.

ബന്ധുവീട്ടിൽ പോകുന്നെന്ന് പറഞ്ഞ് പോയത് മാർച്ച് 22ന്

ജെസ്ന മരിയം ജെസിംസ്(20) സന്തോഷ് കവലയിൽ നിന്ന് അപ്രത്യക്ഷയായത് മാർച്ച് 22-നാണ്. മകളെ കാണാനില്ലെന്ന് വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫ് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസ് അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്ന് വ്യാപക പരാതി ഉയർന്നതോടെയാണ് ജസ്‌ന തിരോധാനത്തിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിക്കുന്നനത്.

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയാണ് ജെസ്‌ന. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടിൽ പോകുന്നുവെന്ന് അടുത്തവീട്ടിൽ അറിയിച്ചാണ് 22-ന് രാവിലെ ഒമ്പതരയോടെ വീട്ടിൽനിന്നിറങ്ങിയത്. പുസ്തകവും ഹാൻഡ്ബാഗുമായി വീടിനുമുന്നിൽനിന്ന് പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാൽ, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.

ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല.പെ പൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളിൽ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്.സംശയിക്ക തക്ക ഒന്നും ഇതിൽ നിന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചില്ല. ജെസ്ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.

തുടർന്ന് ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്‌പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തത് ആയുധമാക്കി കോൺഗ്രസ് വലിയ സമരം നടത്തി. ഉമ്മൻ ചാണ്ടിയും എം.എം. ഹസനും രമേശ് ചെന്നിത്തലയും ഒക്കെ നേരിട്ടെത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകി. ഇതിന് പിന്നാലെയാണ് ഐ.ജി. മനോജ് എബ്രഹാം തലവനായി ഉന്നതതലസംഘത്തെ നിയമിച്ചത്. വിവരം നൽകുന്നവർക്ക് പ്രതിഫലം അഞ്ചുലക്ഷമാക്കി ഉയർത്തി. എന്നിട്ടും ഫലമുണ്ടായില്ല. പലരും പല സ്ഥലത്ത് നിന്നും കണ്ടതായി വിവരം പങ്കുവച്ചെങ്കിലും പിന്നീട് ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ചു.

വീണ്ടും ആകാംശയിൽ ജെസ്നയെ കണ്ടതായി വിവരം ലഭിച്ചു.ബെംഗളൂരുവിൽ ഒരിടത്ത് കണ്ടതായി വിവരം പരന്നതിനാൽ പൊലീസ് അവിടെ എത്തി. നിരീക്ഷണ ക്യാമറയിൽ പക്ഷേ, ഒന്നും കണ്ടില്ല. തൃശ്ശൂർ ഒല്ലൂരും അന്വേഷണം നടത്തി. ഒല്ലൂർ സ്വദേശിയായ യുവാവ് ഒപ്പമുണ്ട് എന്ന സംശയത്തിലായിരുന്നു ഇത്. ഇതും തെളിയിക്കാനായില്ല. അതിനിടെ തമിഴ്‌നാട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തി. ജെസ്നയുടെ അതേ ശരീരഭാഷയും പല്ലിൽ ക്ലിപ്പുകളും ഇട്ട യുവതിയാണ് മരിച്ചതെന്നായിരുന്നു വിവരം. എന്നാൽ ഇതും തെറ്റാണെന്ന് വന്നതോടെയാണ് അന്വേഷ സംഘം ജസ്‌നയുടെ വീടിന്റെ പരിസര പ്രദേശങ്ങളിൽ നിന്നുതന്നെ ഒരുവട്ടം കൂടി അന്വേഷണം ആവശ്യപ്പെടുന്നത്. ഇന്നലെ പിസി ജോർജ് എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ന് അന്വേഷണം വീണ്ടും ശക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP