Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുംഗ നദിക്കരയിൽ നിന്ന് ബൈക്കും ഹെൽമറ്റും ബാഗും കണ്ടെത്തി; മൊബൈൽ ഓഫെങ്കിലും ട്രാക്ക് ചെയ്യാൻ ശ്രമം തുടരുന്നു; കോഴിക്കോട് സ്വദേശിയായ യുവ സഞ്ചാരിയെ കാണാതായിട്ട് എട്ട് ദിവസം; സോളോ റൈഡർ സന്ദീപ് അവസാനം ഉണ്ടായിരുന്നത് കർണ്ണാടക കൊപ്പയിലെ മൊബൈൽ ടവർ പരിധിയിൽ; സൈബർ ടീമിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്

തുംഗ നദിക്കരയിൽ നിന്ന് ബൈക്കും ഹെൽമറ്റും ബാഗും കണ്ടെത്തി; മൊബൈൽ ഓഫെങ്കിലും ട്രാക്ക് ചെയ്യാൻ ശ്രമം തുടരുന്നു; കോഴിക്കോട് സ്വദേശിയായ യുവ സഞ്ചാരിയെ കാണാതായിട്ട് എട്ട് ദിവസം; സോളോ റൈഡർ സന്ദീപ് അവസാനം ഉണ്ടായിരുന്നത് കർണ്ണാടക കൊപ്പയിലെ മൊബൈൽ ടവർ പരിധിയിൽ; സൈബർ ടീമിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്

റിയാസ് ആമി അബ്ദുള്ള

 കോഴിക്കോട്: കുറ്റ്യാടി സ്വദേശിയായ യുവ സഞ്ചാരി എസ് സന്ദീപിനെ (34) കാണാതായിട്ട് എട്ടു ദിവസങ്ങൾ പിന്നിടുന്നു. നവംബർ 24 ശനിയാഴ്ച ബൈക്കിൽ കർണാടകയിലേക്കു തിരിച്ച സന്ദീപിന്റെ തിരോധാനത്തെക്കുറിച്ച് ഒരാഴ്ചയ്ക്കു ശേഷവും ഇത് വരെയും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. ഇടയ്ക്കിടെ യാത്രകൾ പോകുന്നയാളാണ് സന്ദീപെങ്കിലും, രണ്ടു ദിവസമായിട്ടും വിവരമില്ലതായതിനെത്തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. സന്ദീപിന്റെ ഭാര്യ നൽകിയ പരാതിയിന്മേൽ നല്ലളം പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെങ്കിലും, പുതിയ വിവരങ്ങളൊന്നും ഇത് വരെയും കണ്ടെത്താനായിട്ടില്ല.

കർണാടകത്തിലെത്തിയ രണ്ടംഗ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കൊപ്പ ഭാഗത്തെ മൊബൈൽ ടവർ പരിധിയിലാണ് സന്ദീപിന്റെ ഫോൺ അവസാനമായി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരിസരത്തുള്ള തുംഗ നദിക്കരയിൽ നിന്നും സന്ദീപിന്റെ ബൈക്ക്, ഹെൽമറ്റ്, ബാഗ് എന്നിവയും പൊലീസ് കണ്ടെത്തി.

സ്ഥലം സിഐ, ഡി.വൈ.എസ്‌പി എന്നിവരുടെ സഹായത്തോടെ സൈബർ ടീമിനെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്വേഷണമാണ് പൊലീസിന്റെ രണ്ടംഗ സംഘം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നല്ലളം സ്റ്റേഷനിലെ എസ്‌ഐ രാമകൃഷ്ണൻ പറയുന്നു. സന്ദീപിന്റെ മൊബൈൽ ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മൊബൈൽ ഓഫായതിനാൽ സ്ഥലം കൃത്യമായി കണ്ടെത്താനുള്ള വഴികളും അടയുകയാണ്. സന്ദീപ് യാത്ര ചെയ്തിട്ടുള്ള വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടാണ് നിലവിൽ അന്വേഷണം മുന്നോട്ടു പോകുന്നത്. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും എല്ലായിടത്തും സന്ദീപ് തനിച്ചുതന്നെയാണ് സഞ്ചരിച്ചതെന്ന് കണ്ടെത്താനായിട്ടുണ്ട്.

ബൈക്കും ബാഗും കണ്ടെത്തിയയിടത്തു നിന്നും ലഭിച്ച സന്ദീപിന്റെ വാച്ചും ലഭിച്ചിരുന്നു. വാച്ചിന്റെ സ്ട്രാപ്പും ഗ്ലാസ്സും പൊട്ടിയ നിലയിലായതിനാൽ പിടിവലി നടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഇവ കണ്ടെടുത്ത പ്രദേശം നക്‌സൽ സാന്നിദ്ധ്യമുള്ളയിടമാണെന്നും കൊള്ളകൾ നടക്കുന്നത് ഇവിടെ സാധാരണമാണെന്നും പൊലീസ് പറയുന്നു. തനിച്ചു പോകുന്ന യാത്രക്കാരെ തടഞ്ഞുവച്ചു കൊള്ളയടിക്കുന്ന സംഘങ്ങൾ ഈ പ്രദേശത്ത് ധാരാളമുണ്ടെന്നും, ആ നിലയ്ക്കും അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

സംഘം ചേർന്നുള്ള ബൈക്ക് യാത്രകൾ സന്ദീപ് മുൻപും നടത്തിയിട്ടുണ്ടെങ്കിലും, ആദ്യമായാണ് തനിച്ചുള്ള യാത്രയെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ശനിയാഴ്ച രാവിലെ യാത്ര തിരിച്ച സന്ദീപ്, ഇരുപത്തിയഞ്ചാം തീയതി രാവിലെ പത്തുമണിയോടെ ഭാര്യയെ ഫോണിൽ ബന്ധപ്പട്ടിരുന്നു. ഹൈലൈറ്റിൽ സന്ദീപ് ജോലി ചെയ്യുന്ന ഐബേർഡ് എന്ന സ്ഥാപനത്തിലെ ബോസിനെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെ അവസാനമായി വിളിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

കുറ്റ്യാടി സ്വദേശിയായ സന്ദീപ് കുടുംബത്തോടൊപ്പം പാലാഴിയിലാണ് താമസം. കാണാതായി ഇത്ര നാൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് വലിയ ആശങ്കയിലായ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതികരിക്കാനുള്ള മാനസികാവസ്ഥയിൽപ്പോലുമല്ല. കർണാടക സൈബർ സെല്ലിന്റെ സഹായത്തോടെ സന്ദീപിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽത്തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP