Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോലി സ്ഥലത്ത് മറ്റാരുമില്ലാത്തപ്പോൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം നഗ്നഫോട്ടോകൾ എടുത്തു; ഭാര്യയെ ഉപയോഗിച്ചിട്ടുണ്ടെന്നും നഗ്‌നഫോട്ടോകൾ കൈവശമുണ്ടെന്നും ഭർത്താവിനെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം മനംനൊന്ത് ജീവനൊടുക്കി; ഇപ്പോൾ മകളെ കൊണ്ട് ചെല്ലാൻ ഭീഷണിയും; നിർമ്മാണ തൊഴിലാളിയായ ദളിത് യുവതി സൂപ്പർവൈസർക്കെതിരെ പരാതി നൽകിയിട്ടും അനങ്ങാതെ അയിരൂർ പൊലീസ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

ജോലി സ്ഥലത്ത് മറ്റാരുമില്ലാത്തപ്പോൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം നഗ്നഫോട്ടോകൾ എടുത്തു; ഭാര്യയെ ഉപയോഗിച്ചിട്ടുണ്ടെന്നും നഗ്‌നഫോട്ടോകൾ കൈവശമുണ്ടെന്നും ഭർത്താവിനെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം മനംനൊന്ത് ജീവനൊടുക്കി; ഇപ്പോൾ മകളെ കൊണ്ട് ചെല്ലാൻ ഭീഷണിയും; നിർമ്മാണ തൊഴിലാളിയായ ദളിത് യുവതി സൂപ്പർവൈസർക്കെതിരെ പരാതി നൽകിയിട്ടും അനങ്ങാതെ അയിരൂർ പൊലീസ്; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

എം മനോജ് കുമാർ

 വർക്കല: നിർമ്മാണ തൊഴിലാളിയായ ദളിത് യുവതി ജോലിസ്ഥലത്ത് പീഡിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രിക്ക് പരാതി. ജോലിക്ക് മേൽ നോട്ടം നടത്തുന്ന സജീവ് എന്ന സബീർ രണ്ടു തവണ ജോലി സ്ഥലത്ത് പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. സജീവ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വിവരം അറിഞ്ഞപ്പോൾ തന്റെ ഭർത്താവ് തൂങ്ങിമരിച്ചു. കുടുംബം നഷ്ടമായ ഈ പീഡനത്തിനു ശേഷവും ഇപ്പോഴും സജീവ് പിന്നാലെ നടന്നു ഭീഷണിപ്പെടുത്തുകയാണ്. ഇപ്പോൾ പതിമൂന്നു വയസായ തന്റെ മകളെ ഇയാളുടെ അടുത്തേക്ക് അയക്കണം എന്നാണ് സബീർ പറയുന്നത്. ഇതിന്റെ പേരിൽ തനിക്ക് നേരെ മർദ്ദനവും ഭീഷണിയും നേരിടേണ്ടി വന്നു. ബലാത്സംഗത്തിനും കുടുംബം നശിപ്പിച്ചതിനുമെതിരെ വർക്കല അയിരൂർ പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഞെട്ടിപ്പിക്കുന്ന പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നൽകിയിരിക്കുന്നത്. രണ്ടു പേർക്കും ജോലി അത്യാവശ്യമായതിനാലാണ് കെട്ടിടം പണിക്ക് ജോലിക്ക് പോയത്. പക്ഷെ ഈ ജോലി എന്റെ ജീവിതം നഷ്ടപ്പെടുത്തി. ഞാൻ ബലാത്സംഗം ചെയ്യപ്പെട്ടു. ഇത് ഭർത്താവ് അറിഞ്ഞപ്പോൾ അദ്ദേഹം ആത്മഹത്യ ചെയ്തു. ഇപ്പോൾ സജീവ് എന്റെ മകൾക്ക് വേണ്ടി എന്നെ ഭീഷണിപ്പെടുത്തുന്നു-യുവതി മറുനാടനോട് പറഞ്ഞു.

യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ:

2017 ജനുവരി മാസമാണ് പീഡിപ്പിക്കപ്പെട്ടത്. ജോലി സ്ഥലത്ത് മറ്റാരുമില്ലാത്ത സമയത്ത് എന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്റെ നഗ്‌ന ഫോട്ടോകൾ മൊബൈൽ ഫോണിൽ എടുക്കുകയും ചെയ്തു. പരാതിപ്പെട്ടാൽ ഈ ചിത്രങ്ങൾ പുറത്തു വിടും എന്നാണ് പറഞ്ഞത്. ഞാൻ ജോലിക്ക് പോകാത്തപ്പോൾ ഭീഷണിപ്പെടുത്തി എന്നെ വിളിപ്പിച്ചു. അയാൾ പറയുന്ന ഇടത്ത് ജോലിക്ക് ചെന്നപ്പോൾ എന്നെ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. പിന്നീട് ഞാൻ ജോലിക്ക് പോയില്ല. ഇതോടെ ഫോൺ വിളികളായി. അയാൾ അയാളുടെ സംസാരം ഭർത്താവിനെ കേൾപ്പിച്ചു. എന്നെ ലൈംഗികമായി ഉപയോഗിച്ചു വെന്ന് അയാൾ എന്റെ ഭർത്താവിനോട് ഫോണിൽ പറഞ്ഞു. നഗ്‌ന ചിത്രങ്ങൾ ഫോണിൽ ഉണ്ടെന്നും പറഞ്ഞു. ഇതുകേട്ട് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഭർത്താവ് ഒരാഴ്ചയോളം അലഞ്ഞ് നടന്ന ശേഷം വീട്ടിൽ തിരികെ എത്തി. കുറച്ച് നേരം മിണ്ടാതിരുന്ന ശേഷം ഇറങ്ങിപ്പോയി. പിറ്റേന്ന് വീടിനു അടുത്തുള്ള പുരയിടത്തിലെ മരത്തിൽ സംശയാസ്പദമായ രീതിയിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടു.

ഈ മരണത്തിനു അയിരൂർ സ്റ്റേഷൻ പരിധിയിൽ എഫ്‌ഐആർ ഉണ്ട്. എന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതാണെങ്കിൽ ഇത് ഞാൻ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞത് കാരണമാണ്. ഇതിനു ഉത്തരവാദിയും സജീവ് ആണ്. ജോലിയില്ലാതായപ്പോൾ മറ്റൊരു നിർമ്മാണ കമ്പനിയിൽ ജോലിക്ക് പോയി. അവിടെയും ഇയാൾ വന്നു. എന്നെ വിവാഹം കഴിക്കാമെന്നും നീ ഇപ്പോൾ ഫ്രീ ആണല്ലോ രഹസ്യമായി ഒരുമിച്ച് താമസിക്കാം എന്നും പറഞ്ഞു. ഞാൻ വഴങ്ങിയില്ല. പിന്നീടും ഫോൺ വിളികൾ വന്നു. രാത്രി കാലങ്ങളിൽ വിളിച്ച് അയാളുടെ ഫോൺ എടുത്തില്ലെങ്കിൽ ഞാൻ താമസിക്കുിന്നിടത്ത് വന്നു ബഹളമുണ്ടാക്കുമെന്നും മക്കളേയും കുടുംബത്തേയും നാണം കെടുത്തുമെന്നും പറയുന്നു. ഇയാളെ അനുസരിച്ച് ജീവിച്ചില്ലെങ്കിൽ കുട്ടികളെ കൊുന്ന് കളയുമെന്നും പതിമൂന്നു വയസ്സുള്ള എന്റെ മകളെ ലൈംഗികമായി ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തുന്നു. എന്റെ അച്ചനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ഇയാളുടെ ശല്യം കാരണം ഞാൻ എന്റെ മകളെ മറ്റൊരു സ്ഥലത്ത് നിർത്തിയാണ് പഠിപ്പിക്കുന്നത്. എന്റെയും കുടുംബത്തെയും ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

സജീവ് ആവശ്യപ്പെടുന്ന സമയത്ത് എത്താത്തതിനാൽ ഞാൻ പോകുന്നിടത്ത് വെച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നു. ഈ ബുധനാഴ്ച സജീവിനെതിരെ പരാതി നൽകാൻ അയിരൂർ പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകും വഴി കെ.എൽ.65 -9949 എന്ന ടൂവീലറിൽ എന്നെ പിന്തുടർന്നു കടവുംകരവെച്ച് എന്നെ മർദ്ദിക്കുകയും തടയാൻ ശ്രമിച്ച അഭിഭാഷകയെ ചീത്ത വിളിക്കുകയും ചെയ്തു. ഇപ്പോൾ പരാതി എഴുതി നൽകിയ അഭിഭാഷകയെ കൂടി കൊല്ലുമെുന്നും പറഞ്ഞു നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു. അയിരൂർ പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ അയിരൂർ പൊലീസ് തയ്യാറാകുന്നില്ല-യുവതി പരാതിയിൽ പറയുന്നു.

ജീവിതം തകർന്നു പോയി; പൊലീസ് കേസും എടുക്കുന്നില്ലെന്ന് യുവതി:

വിചിത്രമായ സംഭവവികാസങ്ങളിലൂടെയാണ് എനിക്ക് കടന്നു പോകേണ്ടി വന്നത്. ജോലി ഒന്നും കിട്ടാതായപ്പോൾ കിട്ടിയ ജോലി കെട്ടിട നിർമ്മാണ തൊഴിലാണ്. അതിനാൽ അത് സ്വീകരിച്ചു. ആദ്യം ഒരു വർഷം വലിയ കുഴപ്പമില്ലായിരുന്നു. പിന്നെ സജീവ് എന്നെ നോട്ടമിട്ടു. ജോലിക്കാർ ഊണ് കഴിക്കാൻ പോയ സമയത്ത് ഞാൻ തനിച്ചായിരുന്നപ്പോൾ എന്നെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്തി. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ഫോട്ടോകൾ ഭർത്താവിനെ കാണിക്കും. കുട്ടികളെ കൊല്ലും എന്നൊക്കെ പറഞ്ഞാണ് ഇയാളുടെ ഭീഷണി വന്നത്. പീഡന പരാതി പുറത്ത് വന്നാൽ പ്രശ്‌നമാകുമല്ലോ എന്ന് കരുതിയാണ് പരാതി നൽകാതിരുന്നത്. ഭർത്താവിനെയും കുട്ടികളെയും ഓർക്കുകയും ചെയ്തു. അതിനാൽ ആദ്യം പരാതി നൽകിയില്ല. സിപിഎമ്മാണ്. ഒരു ഗുണ്ടാ സെറ്റപ്പും ഉണ്ട്. അതിനാൽ ഞാൻ ഭയന്നു. പീഡനം കഴിഞ്ഞ ശേഷവും ഞാൻ പോയത് ഭർത്താവും കുട്ടികളും പട്ടിണി ആകരുത് എന്ന് കരുതിയാണ്. ഭർത്താവ് അറിഞ്ഞാൽ എല്ലാവരും കൂടി മരിക്കാൻ പറയും. അതിനാൽ ആരോടും പറഞ്ഞില്ല. പിന്നീട് ജോലിക്ക് പോകാത്തപ്പോൾ സജീവ് ഭീഷണി തുടങ്ങി. ജോലിക്ക് വരാൻ വേണ്ടിയാണ് ഭീഷണി. ഞാൻ എതിർത്താൽ എനിക്ക് ചവിട്ട്, അടിയും കിട്ടാൻ തുടങ്ങി. ഇതോടെ ജോലിക്ക് പോക്ക് നിർത്തി. പിന്നീട് ഫോൺ വഴി ഭീഷണി. നിരന്തര ശല്യമായിരുന്നു. ഭർത്താവ് മൊബൈൽ ഫോൺ പിടിച്ചു വാങ്ങി സംസാരിച്ചു. നിന്റെ ഭാര്യയെ ഞാൻ ഉപയോഗിച്ചിട്ടുള്ളതാണ്. നഗ്‌നഫോട്ടോകൾ കൈവശമുണ്ടെന്നും പറഞ്ഞു. ഇതോടെ ഭർത്താവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. പുറത്ത് അലഞ്ഞു നടന്ന ഭർത്താവ് ഒരാഴ്ച കഴിഞ്ഞാണ് പിന്നെ വീട്ടിൽ വന്നത്. എന്നെയും മക്കളെയും കുറച്ച് നേരം നോക്കിയിരുന്നു. പിറ്റേന്ന് അടുത്തുള്ള മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ജഡം കണ്ടത്.

പിന്നീട് ജോലി വേണം എന്ന് മനസിലായപ്പോൾ മറ്റൊരു നിർമ്മാണ കമ്പനിയിൽ ജോലിക്ക് പോയി. ഇതോടെ ഇയാൾ അവിടെ തിരഞ്ഞുപിടിച്ച് വന്നു എന്നെ ശല്യം ചെയ്യാൻ തുടങ്ങി. ഇപ്പോൾ സജീവിന്റെ ആവശ്യം എന്റെ പതിമൂന്നു വയസുള്ള മകളെക്കൂടി വേണം. ഇതാണ് ഇപ്പോഴത്തെ ആവശ്യം. ഇതു കൂടിയായപ്പോൾ എനിക്ക് സഹിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് പരാതി നൽകിയത്. അയിരൂർ പൊലീസിൽ പരാതി നൽകിയപ്പോൾ കേസ് എടുത്തില്ല. അതിനാൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. ഇതോടെ എന്നെ രണ്ടു ജംഗ്ഷനിൽ ഇട്ട് കഴിഞ്ഞ ദിവസം സജീവ് മർദ്ദിച്ചു. ഞാൻ ബലാത്സംഗത്തിന്റെ ഇരയാണ്. പക്ഷെ അയിരൂർ പൊലീസ് എന്റെ മൊഴി എടുക്കുന്നില്ല. പരാതി ഇല്ലെങ്കിൽ എഴുതി നൽകണം എന്നും പൊലീസ് പറഞ്ഞിട്ടുണ്ട്-യുവതി പറയുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ടു അയിരൂർ പൊലീസിൽ മറുനാടൻ ബന്ധപ്പെട്ടിരുന്നു. മൊഴി എടുക്കാൻ ഇവർ സ്റ്റേഷനിൽ എത്തട്ടെ. അതിനു ശേഷം ഞാൻ നോക്കിക്കൊള്ളാം എന്നാണ് എസ്‌ഐ പറഞ്ഞത്. അതിനു ശേഷം ആറ്റിങ്ങൽ ഡിവൈഎസ്‌പി ബേബിയുമായി മറുനാടൻ ബന്ധപ്പെട്ടു. ഈ യുവതിയോട് ഉടനടി എന്നെ വിളിക്കാൻ പറയൂ എന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പി പറഞ്ഞത്. അയിരൂർ സിഐയ്ക്ക് ഈ കാര്യത്തിൽ നിർദ്ദേശം നല്കാമെന്നും പരാതിക്കാരിയോട് എന്റെ നമ്പറിൽ ഉടൻ തന്നെ വിളിക്കാൻ പറയണം എന്നാണ് ഡിവൈഎസ്‌പി പറഞ്ഞത്. നിയമപരമായ എല്ലാ നടപടികളും ഈ കേസിൽ വരുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP