Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്ത് നിന്ന് മോഷ്ടിച്ചത് കെഎസ്ആർടിസി ബസ്; പത്തനംതിട്ടയിൽ നിന്ന് സ്വകാര്യ ബസും; കഞ്ചാവ് പിടിച്ചു കൊടുക്കാമെന്ന് പറഞ്ഞ് എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ സ്‌കൂട്ടറുമായി മുങ്ങിയ ചിറ്റാറുകാരൻ ഷാജി തോമസ് മുണ്ടക്കയത്ത് നിന്ന് പൊലീസ് പിടിയിൽ; കഞ്ചാവിന് അടിമയായ അച്ചായിക്ക് കബളിപ്പിച്ചുള്ള മോഷണം ഹരം തന്നെ

എറണാകുളത്ത് നിന്ന് മോഷ്ടിച്ചത് കെഎസ്ആർടിസി ബസ്; പത്തനംതിട്ടയിൽ നിന്ന് സ്വകാര്യ ബസും; കഞ്ചാവ് പിടിച്ചു കൊടുക്കാമെന്ന് പറഞ്ഞ് എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ സ്‌കൂട്ടറുമായി മുങ്ങിയ ചിറ്റാറുകാരൻ ഷാജി തോമസ് മുണ്ടക്കയത്ത് നിന്ന് പൊലീസ് പിടിയിൽ; കഞ്ചാവിന് അടിമയായ അച്ചായിക്ക് കബളിപ്പിച്ചുള്ള മോഷണം ഹരം തന്നെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാലു കിലോ കഞ്ചാവ് എന്നു കേട്ട് ചാടിപ്പുറപ്പെട്ട എക്സൈസ് സംഘത്തിലെ പ്രിവന്റീവ് ഓഫീസറിൽ നിന്ന് സാമ്പിൾ വാങ്ങാൻ 1000 രൂപയും കൈപ്പറ്റി ഉദ്യോഗസ്ഥന്റെ സ്‌കൂട്ടറുമായി മുങ്ങിയ കേസിലെ പ്രതി പിടിയിൽ. മുണ്ടക്കയത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി ചെയ്തു വന്ന ചിറ്റാർ കുമരംകുന്ന് പുത്തൻ പറമ്പിൽ വീട്ടിൽ അച്ചായി എന്നു വിളിക്കുന്ന ഷാജി തോമസിനെയാണ് മലയാലപ്പുഴ പൊലീസും എസ്‌പിയുടെ ഷാഡോ പൊലീസും ചേർന്ന് വ്യാഴാഴ്ച രാത്രി ഏഴരയോടെ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 24 ന് രാവിലെ 11 മണിയോടെയാണ് ഇയാൾ പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലെത്തി നാലു കിലോ കഞ്ചാവ് പിടികൂടാൻ സഹായിക്കാമെന്ന് ഇൻസ്പെക്ടർ പി മോഹനനോട് പറഞ്ഞത്. മേക്കോഴൂരുകാരനാണെന്നും പേര് ഷാജി എന്നാണെന്നും പരിചയപ്പെടുത്തിയ ഇയാൾ മണ്ണാറക്കുളഞ്ഞിക്കും വടശേരിക്കരയ്ക്കും ഇടയ്ക്ക് നരിക്കുഴി എന്ന സ്ഥലത്ത് കഞ്ചാവ് കൈമാറ്റം നടക്കുന്നുവെന്നും തനിക്കൊപ്പം വന്നാൽ അത് പിടിച്ചു തരാമെന്നും അറിയിച്ചു. എക്‌സൈസ് സംഘം ഡിപ്പാർട്ട്‌മെന്റ് വക കാറിലും പ്രിവന്റീവ് ഓഫീസർ അനിൽകുമാർ സ്വന്തം സ്‌കൂട്ടറിലുമായിട്ട് കഞ്ചാവ് വേട്ടയ്ക്ക് ഇറങ്ങി.

വഴി കാണിച്ചു കൊടുക്കാൻ വേണ്ടി ഷാജിയാണ് സ്‌കൂട്ടർ ഓടിച്ചത്. നരിക്കുഴി ഭാഗത്തെത്തിയപ്പോൾ ഷാജി എക്‌സൈസ് സംഘത്തെ തടഞ്ഞു. താനും പ്രിവന്റീവ് ഓഫീസറും മാത്രം മതി ഇനി മുന്നോട്ട് എന്ന് അറിയിച്ചു. പിന്നീടുള്ള യാത്രയ്ക്കിടെ അനിൽകുമാറിനെ വഴിയിലിറക്കി കഞ്ചാവ് സാമ്പിൾ വാങ്ങാൻ 1000 രൂപയും ഇദ്ദേഹത്തിൽ നിന്ന് കൈപ്പറ്റി. തുടർന്ന് സ്‌കൂട്ടറുമായി കടക്കുകയായിരുന്നു. പ്രിവന്റീവ് ഓഫീസറുടെ പരാതിയിൽ മലയാലപ്പുഴ പൊലീസ് കേസെടുത്തു. പിറ്റേന്ന് തന്നെ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ എറണാകുളത്ത് കറങ്ങി നടക്കുകയായിരുന്നു. ടവർ ലൊക്കേഷൻ നോക്കി എത്തിയപ്പോഴേക്കും അവിടെ നിന്ന് കടന്നു. പിന്നീടാണ് ഇയാൾ മുണ്ടക്കയത്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലി നോക്കുന്നുണ്ടെന്ന് വിവരം കിട്ടിയത്. ഇതിൻ പ്രകാരം വ്യാഴാഴ്ച രാത്രി പൊലീസ് സംഘം എത്തിയപ്പോൾ ബസ് സർവീസ് അവസാനിപ്പിച്ച ശേഷം വിശ്രമിക്കാൻ പോവുകയായിരുന്നു പ്രതി.

പൊൻകുന്നത്തിന് സമീപം ഒളിപ്പിച്ച സ്‌കൂട്ടർ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തേ പൊലീസിന്റെ ഉറക്കം കെടുത്തിയിരുന്ന ചിറ്റാർ തോമസ് എന്ന മോഷ്ടാവിന്റെ അനന്തരവനാണ് ഷാജി. കഞ്ചാവിന് അടിമയായ ഇയാൾ പൊലീസിനെയും എക്സൈസിനെയും നാട്ടുകാരെയും പറ്റിച്ച് മോഷണം നടത്തുന്നതിൽ അഗ്രഗണ്യനാണ്. എറണാകുളത്ത് പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസും പത്തനംതിട്ടയിലെ പെട്രോൾ പമ്പിൽ നിന്നും സ്വകാര്യ ബസും മോഷ്ടിച്ച കേസിൽ ഷാജി മുൻപ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇൻഫോർമറുടെ വേഷത്തിലാണ് ഇയാൾ തട്ടിപ്പിന് ഇറങ്ങുന്നത്. പൊലീസിനെയും എക്സൈസിനെയും സമീപിച്ച് വിവരം നൽകാമെന്നും കഞ്ചാവ് സാമ്പിൾ വാങ്ങാൻ പണം ആവശ്യപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥരിൽ വിശ്വാസം ജനിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഈ രീതിയിൽ പെരുമാറുന്നത്. ഇയാളെ വിശ്വസിച്ച് ഉദ്യോഗസ്ഥർ പണം നൽകും. പിന്നീട് ആ വഴിക്ക് കാണില്ല.

പത്തനംതിട്ടയിൽ പ്രിവന്റീവ് ഓഫീസർ അനിൽകുമാറിന് പറ്റിയതും ഇതു തന്നെയാണ്. കഞ്ചാവിന്റെ ലഹരിയിലാണ് ഇയാൾ മോഷണം നടത്തുന്നത് എന്ന് പൊലീസ് പറഞ്ഞു. അനിൽകുമാറിന്റെ സ്‌കൂട്ടറിന്റെ ബോക്സിലുണ്ടായിരുന്ന ഉച്ച ഭക്ഷണവും പാത്രവും വഴിയിൽ വലിച്ചെറിഞ്ഞാണ് ഷാജി സഞ്ചാരം തുടർന്നത്. പൊൻകുന്നത്തിന് സമീപം ഒരു വീട്ടിലാണ് സ്‌കൂട്ടർ കയറ്റി വച്ചത്. പിന്നെ, നേരെ എറണാകുളത്തിന് വച്ചു പിടിച്ചു. രണ്ടു ദിവസം അവിടെ കറങ്ങി നടന്നു. ഈ സമയത്താണ് പൊലീസ് പിന്നാലെ എത്തിയത്. ഇതിനോടകം മുണ്ടക്കയത്തേക്ക് കടന്ന് ഇയാൾ സ്വകാര്യ ബസിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നിർദ്ദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസിന്റെ നേതൃത്വത്തിൽ മലയാലപ്പുഴ എസ്ഐ ബി രമേശൻ, ഷാഡോ പൊലീസ് എസ്ഐ. ആർഎസ് രഞ്ജു, എഎസ്ഐമാരായ രാധാകൃഷ്ണൻ, വിൽസൻ, ഹരികുമാർ, സിപിഒ സുജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് ഷാജിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP