Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകന്റെ വളർത്തുമകളുടെ തിരോധാനത്തിൽ കേട്ടതൊന്നും സത്യമാകരുതേ എന്ന പ്രാർത്ഥനയിൽ കൊച്ചിയിലെ മാതാപിതാക്കൾ; മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും വെസ്ലി ആണയിട്ടെന്ന് മാത്യു; ഷെറിനെ കാണാതായിട്ടും മാതാപിതാക്കൾ കാര്യമായ തിരച്ചിൽ നടത്താത്തതും നീഗൂഢത വർദ്ധിപ്പിക്കുന്നു; വെസ്ലിയുടെ മൊഴികളിൽ അവ്യക്തതയെന്ന് പൊലീസ്

മകന്റെ വളർത്തുമകളുടെ തിരോധാനത്തിൽ കേട്ടതൊന്നും സത്യമാകരുതേ എന്ന പ്രാർത്ഥനയിൽ കൊച്ചിയിലെ മാതാപിതാക്കൾ; മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും വെസ്ലി ആണയിട്ടെന്ന് മാത്യു; ഷെറിനെ കാണാതായിട്ടും മാതാപിതാക്കൾ കാര്യമായ തിരച്ചിൽ നടത്താത്തതും നീഗൂഢത വർദ്ധിപ്പിക്കുന്നു; വെസ്ലിയുടെ മൊഴികളിൽ അവ്യക്തതയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അമേരിക്കയിലെ ടെക്‌സാസിൽ കാണായാത ഷെറിൻ മാത്യൂസിനായുള്ള തിരച്ചിലുകൾ എങ്ങുമെത്തിയിട്ടില്ല. കുഞ്ഞിനെ കാണാതായ സംഭവത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുകയാണ്. കുഞ്ഞിന്‌റെ പിതാവ് വെസ്ലി മാത്യുസിനെ ഏത് നിമിഷവും അറസ്റ്റു ചെയ്യാനും സാധ്യതയുണ്ടെന്നാണ് വിവരം. നേരത്തെ കസ്റ്റഡിയിലെടുത്ത ഇയാളെ വിട്ടയച്ചിരിന്നു. അമേരിക്കയിൽ പൊലീസ് കുഞ്ഞിന് വേണ്ടി തിരച്ചിൽ ശക്തമാക്കിയപ്പോഴും സ്വന്തം മകനെ കുറിച്ച് ആശങ്കയിലാണ് കൊച്ചിയിലുള്ള പിതാവ്. അമേരിക്കയിൽ മകന്റെ വളർത്തുമകളുടെ തിരോധാനവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും സത്യമാകരുതേ എന്ന പ്രാർത്ഥനയിലാണ് മാതാപിതാക്കൾ. മകൻ ഫോണിൽ അറിയിച്ചതുതന്നെയാണ് സത്യമെന്ന് വിശ്വസിക്കാനാണ് അവരുടെ ശ്രമം. വാർത്ത അറിഞ്ഞതുമുതൽ ദമ്പതികൾ ആശങ്കകൾക്ക് നടുവിലാണ്.

വൈറ്റില എൽ.എം. പൈലി റോഡിൽ നടുവിലേഴത്ത് മാത്യുവിന്റെ മകനാണ് അമേരിക്കയിലെ ടെക്‌സസിൽ മൂന്നുവയസ്സുകാരി ഷെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള വളർത്തച്ഛൻ വെസ്‌ലി. പാൽ കുടിക്കാത്തതിന് വീടിന് പുറത്ത് നിർത്തിയ കുഞ്ഞിനെ സംശയകരമായ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. അറസ്റ്റിലായ വെസ്‌ലി ജാമ്യത്തിലാണ്.

നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജീവനക്കാരനാണ് മാത്യു. ഭാര്യക്കൊപ്പം വൈറ്റിലയിലെ വീട്ടിലാണ് താമസം. പത്തു വർഷത്തിലേറെയായി വെസ്‌ലിയും കുടുംബവും ടെക്‌സസിലാണ്. കുഞ്ഞിനെ കാണാതായതിനെത്തുടർന്ന് വെസ്‌ലി വീട്ടിലേക്ക് വിളിച്ചിരുന്നതായി മാത്യു പറഞ്ഞു. മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നും മറിച്ച് കേൾക്കുന്നതൊന്നും ശരിയല്ലെന്നും വെസ്‌ലി ആണയിട്ട് പറഞ്ഞത്രേ.

കുഞ്ഞിന് പ്രായത്തിന് അനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. നിശ്ചിത ഇടവേളകളിൽ കുട്ടികളെ പരിശോധനക്ക് ഹാജരാക്കണം. ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാൽ കുടിക്കാൻ നിർബന്ധിച്ചിരുന്നത്. പുറത്ത് നിർത്തിയ കുഞ്ഞ് തനിയെ മടങ്ങി എത്തുമെന്നാണ് കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും എത്താതെവന്നപ്പോൾ പുറത്തുചെന്ന് നോക്കിയെങ്കിലും കണ്ടില്ലെന്നാണ് വെസ്‌ലി പറഞ്ഞത്. ഈ മാസം ഏഴിന് പുലർച്ച മൂന്നോടെയാണ് സംഭവം. എന്നാൽ, അഞ്ചുമണിക്കൂർ കഴിഞ്ഞ് മാത്രമാണ് വെസ്‌ലി സംഭവം പൊലീസിൽ അറിയിച്ചത്. ഇതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.

വീടിന് പിന്നിൽ നൂറടി ദൂരെയുള്ള മരത്തിനടിയിലാണ് കുഞ്ഞിനെ നിർത്തിയതെന്ന് വെസ്‌ലി പറയുന്നു. ചെന്നായ്ക്കളുടെ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ കൊണ്ടുനിർത്തിയതിന് വെസ്‌ലിക്ക് വിശ്വസനീയ മറുപടിയില്ല. ഇവിടെ കുഞ്ഞിനെ വലിച്ചിഴച്ചതിന്റെയോ മറ്റോ ലക്ഷണങ്ങളൊന്നുമില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോൾ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്‌ലിയിൽ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തി.

കാണാതായ വളർത്തുമകൾ ഷെറിനെ വെസ്‌ലിയും ഭാര്യ സിനിയും ചേർന്ന് ദത്തെടുത്തത് ബിഹാറിൽനിന്ന്. ഒന്നര വയസ്സുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ഗയ ജില്ലയിലാണ് കണ്ടെത്തിയത്. സരസ്വതി എന്നായിരുന്നു പേര്. 2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനക്ക് കുട്ടിയെ കൈമാറി. നളന്ദയിലെ ബാല സംരക്ഷണകേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ജൂൺ 23നാണ് ദമ്പതികൾ കുഞ്ഞിനെ ദത്തെടുത്ത് അമേരിക്കയിൽ കൊണ്ടുപോയതെന്നാണ് വിവരം. ഷെറിന് പ്രായത്തിനനുസരിച്ചുള്ള ശാരീരിക-മാനസിക വളർച്ച ഉണ്ടായിരുന്നില്ല. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിനനുസരിച്ച സംസാരശേഷിയും ഇല്ലായിരുന്നത്രേ.

അതേസമയം കുഞ്ഞിനെ കാണാതായതിന് ഒരു മണിക്കൂറിനുശേഷം ആരോ കുടുംബത്തിന്റെ വാഹനത്തിൽ പുറത്തുപോയതായും അൽപസമയത്തിനുള്ളിൽ മടങ്ങിവന്നതായും വീടും പരിസരവും പരിശോധന നടത്തിയ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പിതാവിന്റെ മൊഴികളിൽ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പാലു കുടിക്കാത്തതിന് ശിക്ഷയായി പുലർച്ചെ മൂന്നിന് മകളെ പുറത്തുനിർത്തുകയായിരുന്നെന്നും 15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോൾ അവൾ അപ്രത്യക്ഷയായെന്നുമാണ് പിതാവ് വെസ്‌ലി മാത്യൂസ് നൽകുന്ന വിശദീകരണം. എന്നാൽ, കുഞ്ഞിനെ കാണാതായതിനു ശേഷവും കാര്യമായ ആശങ്കയൊന്നുമില്ലാതെ പിതാവ് തുണികൾ അലക്കിയതായി പൊലീസ് സത്യവാങ്മൂലത്തിൽ പറയുന്നു. രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വെസ്‌ലി പൊലീസിനെ അറിയിക്കുന്നത്. വീട്ടിൽനിന്ന് 100 അടി അകലെയുള്ള വേലിക്കടുത്താണ് കുഞ്ഞിനെ നിർത്തിയത്.

പ്രദേശത്ത് ചെന്നായ്ക്കൾ ഉണ്ടാകാറുണ്ട്. കുട്ടിയെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനും അന്നുതന്നെ വെസ്‌ലി മാത്യൂസിനെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ അന്വേഷണസംഘവുമായി സഹകരിക്കുന്നില്ല. സംഭവസമയത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ മാതാവിനെതിരെ കേസെടുത്തിട്ടില്ല. എന്നാൽ, അവരും സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ഇരുവരും കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് കാര്യമായ തിരച്ചിൽ നടത്തിയിട്ടില്ല. സൂചനകളെത്തുടർന്ന് അന്വേഷണസംഘം സമീപത്തെ സെമിത്തേരിയിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷെറിൻ മാത്യൂസിന്റെ മൂത്ത സഹോദരിയെ വീട്ടിൽനിന്ന് മാറ്റിയിട്ടുണ്ട്. യഥാർഥ മാതാപിതാക്കൾ ഉപേക്ഷിച്ച ഷെറിൻ മാത്യൂസിനെ കഴിഞ്ഞ വർഷമാണ് വെസ്‌ലി ദത്തെടുത്തത്. കുഞ്ഞിന് ശാരീരികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP