Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലക്ഷ്മീവര തീർത്ഥ മരിക്കുന്നതിന് തലേദിവസം രാത്രിയിൽ കാറിൽ എത്തിയ രണ്ട് യുവാക്കൾ കിടപ്പ് മുറിയിൽ കടന്നുവെന്ന് പൊലീസിന്റെ സ്ഥിരീകരണം; ഡിജിറ്റൽ വീഡിയോ റിക്കാർഡർ സമീപത്തെ സ്വർണ്ണാ നദിയിൽ നിന്നും കണ്ടെത്തതും നിർണ്ണായക തെളിവ്; ഷിരൂർ മഠാധിപതിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കരുതലോടെ അന്വേഷണം

ലക്ഷ്മീവര തീർത്ഥ മരിക്കുന്നതിന് തലേദിവസം രാത്രിയിൽ കാറിൽ എത്തിയ രണ്ട് യുവാക്കൾ കിടപ്പ് മുറിയിൽ കടന്നുവെന്ന് പൊലീസിന്റെ സ്ഥിരീകരണം; ഡിജിറ്റൽ വീഡിയോ റിക്കാർഡർ സമീപത്തെ സ്വർണ്ണാ നദിയിൽ നിന്നും കണ്ടെത്തതും നിർണ്ണായക തെളിവ്; ഷിരൂർ മഠാധിപതിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കരുതലോടെ അന്വേഷണം

രഞ്ജിത്ത് ബാബു

മംഗലൂരു: ഷിരൂർ മഠാധിപതി ലക്ഷ്മീവര തീർത്ഥ സ്വാമി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഡിജിറ്റൽ വീഡിയോ റിക്കാർഡർ സമീപത്തെ സ്വർണ്ണാ നദിയിൽ നിന്നും കണ്ടെത്തു. മഠാധിപതിയുടെ ദുരൂഹ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം വെല്ലുവിളിയായി നില നിൽക്കവേയാണ് സി.സി.ടി.വി.യിലെ ഡി.വി.ആർ. നദിയിലെ ചെളിയിൽ നിന്നും കണ്ടെടുത്തത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പൊലീസ് സേനയിലെ വിദഗ്ദർ നടത്തിയ പരിശോധനയിലാണ് നദിയിൽ ഉപേക്ഷിച്ച ഡി.വി.ആർ കണ്ടെടുത്തത്. ലക്ഷ്മീവര തീർത്ഥ സ്വാമിയുടെ മരണത്തിന് ഉത്തരവാദികളായവർ മരണ കാരണം മറച്ച് വെക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസ് കരുതുന്നു.

സ്വാമിയുടെ മരണ ശേഷം ഡി.വി.ആർ കാണാതായ സംഭവത്തോടനുബന്ധിച്ച് മഠത്തിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ലക്ഷ്മീവര തീർത്ഥ മരിക്കുന്നതിന് തലേദിവസം രാത്രിയിൽ ഒരു കാറിൽ എത്തി രണ്ട് യുവാക്കൾ അദ്ദേഹത്തിന്റെ കിടപ്പ് മുറിയിൽ കടന്നതായും ഏതാനും സാധനങ്ങൾ കടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ടെടുത്ത ഡി.വി. ആറിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും അതിലെ ഉള്ളടക്കം ദിവസങ്ങൾക്കകം വീണ്ടെടുക്കാൻ കഴിയുമെന്നാണ് വിദഗ്ദാഭിപ്രായം. സ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം രംഗത്തിറങ്ങിയ കെമാരു മഠാധിപതി ഇഷാ വിറ്റലദാസ് സ്വാമിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി പ്രവഹിക്കുകയാണ്. ടെലിഫോൺ വഴിയും ഭീഷണി ഉയരുന്നതായി കെമാരു മഠാധിപതി പറയുന്നു.

കഴിഞ്ഞ ദിവസം വജ്രദേഹി മഠാധിപതിക്കൊപ്പം ഷിരൂർ സ്വാമിയുടെ ദുരൂഹ മരണത്തിലെ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന എസ്‌പി. ലക്ഷ്മൺ നിംബർഗിക്ക് പരാതി നൽകിയിരുന്നു. അതേ തുടർന്നാണ് വിറ്റലദാസ് സ്വാമിക്കെതിരെ ഭീഷണി ശക്തമായത്. ലക്ഷ്മീ തീർത്ഥയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്നും ഇക്കാര്യം സർക്കാർ ഗൗരവത്തിൽ അന്വേഷണം നടത്തണമെന്നും കെമാരു മഠാധിപതി ആവശ്യപ്പെടുന്നു. പൊലീസ് സംരക്ഷണത്തിലുള്ള ഷിരൂർ മഠത്തിൽ ഇപ്പോൾ രണ്ട് പൂജാരിമാർക്കും ഒരു ജീവനക്കാരനും ഒരു ശുചീകരണ തൊഴിലാളിക്കും മാത്രമേ പ്രവേശനാനുമതിയുള്ളൂ.

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമഠങ്ങളിൽപെട്ട ഷിരൂറിന്റെ അധിപതിയാണ് ലക്ഷ്മീവര തീർത്ഥ. 2200 ഏക്കർ ഭൂമിയുടേയും നിരവധി സ്ഥാപനങ്ങളുടേയും ചുമതല മഠാധിപതിക്കാണ്. തനിക്ക് കുടുംബമുണ്ടെന്നും മറ്റ് ചില മഠാധിപതിമാർക്കും മക്കളുണ്ടെന്നും പറഞ്ഞ് വിവാദം സൃഷ്ടിച്ച സ്വാമിക്ക് നിരവധി ശത്രുക്കളുണ്ടായിരുന്നു. ശരിയെന്ന് തോന്നുതെല്ലാം അദ്ദേഹം വിളിച്ച് പറഞ്ഞിരുന്നു. ഭൗതിക ജീവിതത്തിലെ സുഖ സൗകര്യങ്ങൾ അനുഭവിക്കുന്നതിൽ അസ്വാഭാവികമായി അദ്ദേഹം കണ്ടില്ല. അതുകൊണ്ടു തന്നെ യാഥാസ്ഥിതിക ബ്രാഹ്മണ്യത്തിൽ നിന്നും വ്യതിചലിച്ചാണ് സഞ്ചരിച്ചത്.

ഇക്കഴിഞ്ഞ 16 ാം തീയ്യതി വനമഹോത്സവത്തോടനുബന്ധിച്ച് നടന്ന സദ്യയിൽ കുട്ടികൾക്കൊപ്പം ഭക്ഷം കഴിച്ച ശേഷമാണ് സ്വാമി അസുഖ ബാധിതനായത്. ആശുപത്രിയിൽ ചികിത്സ തേടിയ സ്വാമി 19 ാം തീയ്യതി മരണമടയുകയും ചെയ്തു. വിഷാംശം അകത്ത് കടന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. സ്വാമിയുടെ സഹോദരൻ ലത്വാചാര്യ പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP