Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷുഹൈബ് വധത്തിൽ അഞ്ചുപേർ കൂടി കസ്റ്റഡിയിൽ; പിടിച്ചതുകൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും; കൃത്യം നടത്തി കർണാടകയിലെ വിരാജ് പേട്ടയിലേക്ക് മുങ്ങിയവരെ പൊക്കിയത് മട്ടന്നൂർ സിഐയും സംഘവും; എസ്‌പി ശിവവിക്രമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു; സിപിഎം ബന്ധം തെളിഞ്ഞ കേസിൽ പൊലീസിന്റേത് നിർണായക നടപടികൾ

ഷുഹൈബ് വധത്തിൽ അഞ്ചുപേർ കൂടി കസ്റ്റഡിയിൽ; പിടിച്ചതുകൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും; കൃത്യം നടത്തി കർണാടകയിലെ വിരാജ് പേട്ടയിലേക്ക് മുങ്ങിയവരെ പൊക്കിയത് മട്ടന്നൂർ സിഐയും സംഘവും; എസ്‌പി ശിവവിക്രമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു; സിപിഎം ബന്ധം തെളിഞ്ഞ കേസിൽ പൊലീസിന്റേത് നിർണായക നടപടികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. കർണാടകയിലെ വിരാജ് പേട്ടയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കണ്ണൂർ എസ്‌പി ശിവവിക്രമിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നാലഞ്ച് പേർ കസ്റ്റഡിയിൽ എടുത്തെന്നും മറ്റുള്ളവരെ ചോദ്യം ചെയ്തുവരികയാണെനന്നും ശിവവിക്രം അറിയിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്. കൊലയാളികൾ ഉപയോഗിച്ച് വാഹനങ്ങളെ കുറിച്ചും ആയുധങ്ങളെ പറ്റിയും സൂചന ലഭിച്ചിച്ചിട്ടുണ്ടെന്നാണ് വിവരം.

കുടകിലെ തോട്ടങ്ങളിൽ മുള ഉൾപ്പെടെയുള്ള കാടു വെട്ടി തെളിയിക്കുന്ന മൂർച്ചയേറിയ വാളാണ് അക്രമികൾ ഉപയോഗിച്ചതെന്നാണ് വിവരം. ഷുഹൈബിന്റെ ദേഹത്തേറ്റ വെട്ടിന്റെ സ്വഭാവം അത്തരമൊരു നിഗമനത്തിലെത്തുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും അക്രമം നടത്തിയവർ സാധാരണ ഗതിയിൽ കുടക് വന മേഖലകളിലാണ് ഒളിത്താവളം കണ്ടെത്തുന്നത്. നിരവധി രാഷ്ട്രീയ ക്രിമനൽ കേസുകളിലെ പ്രതികളുടെ ഒളിത്താവളം കുടകാണ്. വിവിധ തീവ്രവാദി വിഭാഗങ്ങളും കേരളാ -കർണ്ണാടക അതിർത്തി വനങ്ങളിലൂടെ കുടകിലെത്തി ഒളിവിൽ കഴിയാറുണ്ട്. ഇസ്ലാമിക തീവ്രവാദി തടിയന്റവിടെ നസീർ അതിർത്തി കടന്ന് കുടകിലെ ഇഞ്ചിപ്പാടങ്ങൾക്കരികിലുള്ള വനത്തിൽ പരിശീലനം നടത്തിയിരുന്നു. അടുത്ത കാലത്തായി മാവോയിസ്റ്റ് വിഭാഗക്കാരും കുടകിൽ ഒളിത്താവളം തേടിയിരുന്നു.

കേരളത്തിലും കർണ്ണാടകത്തിലും മാറി മാറി സഞ്ചരിക്കാമെന്നതാണ് കുടക് വനത്തിന്റെ പ്രത്യേകത. നിരവധി ഊട് വഴികളിലൂടെ രണ്ടു സംസ്ഥാനത്തും മാറി സഞ്ചരിക്കാം. രാത്രി കാലങ്ങളിൽ കേരളത്തിലേക്ക് കടക്കുകയും ചെയ്യാം. അതുകൊണ്ടു തന്നെ ക്രിമിനലുകളുടെ ഏറ്റവും അടുത്ത ഒളി കേന്ദ്രമാണ് കുടക്. ഷുഹൈബ് കൊലക്കേസിലെ പ്രതികളും ഈ വഴി തന്നെ തേടിയതായാണ് വിരാജ് പേട്ടയിൽ വെച്ച് അവർ പൊലീസ് പിടിയിലായതിൽ നിന്നും തെളിയുന്നത്.

യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്‌കൂൾപറമ്പത്ത് ഹൗസിൽ ഷുഹൈബ് (30) ഈമാസം പന്ത്രണ്ടിനു രാത്രിയാണു കൊല്ലപ്പെട്ടത്. പതിനൊന്നരയോടെ സുഹൃത്തിന്റെ തട്ടുകടയിൽ ചായകുടിച്ചിരിക്കെ, കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതിപരത്തിയശേഷം വെട്ടുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ രണ്ടു പേരെ കഴിഞ്ഞ ശനിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എം വിആകാശ്, രജിൻരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രാദേശിക നേതൃത്വത്തിന്റെ നിർദേശത്തിലാണ് കൊലപാതകമെന്ന് ആകാശ് മൊഴി നൽകിയിരുന്നു.

ഇന്നലെ പ്രതികളുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായിരുന്നു. പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരി, രജിൻ രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ സ്പെഷ്ൽ സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. ഇതിനായി മൂന്നു സാക്ഷികൾ ജയിലെത്തിയിരുന്നു.

ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരും കോൺഗ്രസ് പ്രവർത്തകരാണ്. ഇതിനകം വിവാദമായി മാറിയ ഷുഹൈബ് കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നിർണായകമായിരുന്നു. അറസ്റ്റിലായ ആകാശിന്റെ പങ്കിനെക്കുറിച്ച് നൗഷാദ് ആദ്യ ഘട്ടത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് പ്രതികളെ തിരിച്ചറിയുകയായിരുന്നു. നൗഷാദിനും റിയാസിനുമൊപ്പം മറ്റൊരു സാക്ഷി കൂടി വന്നിരുന്നുവെങ്കിലും സാക്ഷിയുടെ സ്വകാര്യത പരിഗണിച്ച് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

സാക്ഷികളുടെ സുരക്ഷ പരിഗണിച്ച് പൊലീസ് വാഹനം ജയിലിനുള്ളിലേക്ക് കയറ്റിയാണ് ഇവരെ പുറത്തേക്കിറിയത്. ഷുഹൈബ് വധക്കേസിൽ പ്രാദേശിക സിപിഎം നേതാക്കൾക്കെതിരെ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴിയും പുറത്ത് വന്നിരുന്നു. കേസിൽ ഡമ്മി പ്രതികളെ നൽകാമെന്ന് പാർട്ടി ഉറപ്പു നൽകിയിരുന്നുവെന്ന് ആകാശ് മൊഴി നൽകിയിരുന്നു. പ്രാദേശിക നേതൃത്വമാണ് ഇതുസംബന്ധിച്ച ഉറപ്പ് നൽകിയത്. ഭരണം ഉള്ളതിനാൽ അന്വേഷണത്തെ ഭയക്കേണ്ടെന്നും പ്രാദേശിക നേതാവ് പറഞ്ഞതായി ആകാശ് പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തില്ലെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു. അടിച്ചാൽ പോരേയെന്ന് ചോദിച്ചപ്പോൾ വെട്ടണമെന്ന് ശഠിച്ചുവെന്നും ആകാശ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആക്രമിച്ചതിനുശേഷം താനും റിജിലും നാട്ടിലേക്ക് പോയി. കൂട്ടത്തിലുള്ള ഒരാൾ ആയുധങ്ങൾ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഷുഹൈബിന്റെ മരണവാർത്ത അറിഞ്ഞശേഷമാണ് ഒളിവിൽ പോയതെന്നും ആകാശ് മൊഴി നൽകിയിട്ടുണ്ട്. ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശ്, റജിൻ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് വിവരങ്ങൾ ലഭിച്ചത്. പ്രതികൾ കുറ്റം സമ്മതിച്ചതായും ഇവർക്ക് മറ്റുപ്രതികളുടെ സഹായം ലഭിച്ചതായും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP