Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷെറിനെ അലക്ഷ്യമായി വീട്ടിലുപേക്ഷിച്ച് സിനി സ്വന്തം മകളുമായി ഭക്ഷണം കഴിക്കാൻ പോയെന്ന് തെളിയിക്കാൻ കഴിയാതെ പൊലീസ്; പിഞ്ച് കുഞ്ഞിനെ ക്രൂരമായി കൊന്ന കേസിൽ മലയാളി യുവതി കുറ്റക്കാരിയല്ലന്ന് കോടതി; പുറത്തിറങ്ങിയെങ്കിലും ബന്ധുക്കൾക്കൊപ്പമുള്ള സ്വന്തം കുഞ്ഞിനെ കാണാൻ ഇനിയും കാത്തിരിക്കണം; എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് പ്രതികരിച്ച് സിനി മാത്യൂസ്; നിർബന്ധിപ്പിച്ച് പാല് കുടിപ്പിച്ചപ്പോൾ മരിച്ചെന്ന് വിചിത്ര മൊഴി നൽകിയ ഭർത്താവ് വെസ്ലി അകത്ത് കിടക്കും

ഷെറിനെ അലക്ഷ്യമായി വീട്ടിലുപേക്ഷിച്ച് സിനി സ്വന്തം മകളുമായി ഭക്ഷണം കഴിക്കാൻ പോയെന്ന് തെളിയിക്കാൻ കഴിയാതെ പൊലീസ്; പിഞ്ച് കുഞ്ഞിനെ ക്രൂരമായി കൊന്ന കേസിൽ മലയാളി യുവതി കുറ്റക്കാരിയല്ലന്ന് കോടതി; പുറത്തിറങ്ങിയെങ്കിലും ബന്ധുക്കൾക്കൊപ്പമുള്ള സ്വന്തം കുഞ്ഞിനെ കാണാൻ ഇനിയും കാത്തിരിക്കണം; എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് പ്രതികരിച്ച് സിനി മാത്യൂസ്; നിർബന്ധിപ്പിച്ച് പാല് കുടിപ്പിച്ചപ്പോൾ മരിച്ചെന്ന് വിചിത്ര മൊഴി നൽകിയ ഭർത്താവ് വെസ്ലി അകത്ത് കിടക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡാലസ്: ഷെറിൻ മാത്യൂസ് വധക്കേസിൽ യുഎസിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസ് കുറ്റക്കാരിയല്ലെന്ന് വിധിച്ച് കോടതി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കോടതി നടപടി. കോടതി വിധിക്ക് പിന്നാലെ തടവിലായിരുന്ന സിനിയെ മോചിപ്പിച്ചെങ്കിലും ഭർത്താവ് വെസ്ലി മാത്യൂസ് വിചാരണ നേരിടണം. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.

കുറ്റവിമുക്തയായി പുറത്ത് വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്‌പോർട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോർണി ഹീത്ത് ഹാരിസ് പറഞ്ഞു. ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഭർത്താവിനെക്കുറിച്ച് പ്രതികരിക്കാൻ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്.

2017 ഒക്ടോബർ ഏഴിനായിരുന്നു ഡാലസിലെ വീട്ടിൽ നിന്നും മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബർ 22 ന് വീടിന് ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. 2016ൽ ഒഡീഷയിലെ ഒരു ഓർഫനേജിൽ നിന്നായിരുന്നു ഷെറിനെ ദമ്പതികൾ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികൾ റസ്റ്റോറന്റിൽ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏൽക്കേണ്ടി വന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം ഷെറിന്റെ മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ഒക്ടോബർ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഒക്ടോബർ എഴിനു രാവിലെ ഷെറിന്റെ മുറിയിൽ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചിൽ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു.

ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ വീട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. ഷെറിന്റെ കൈകാലുകളിലെ അസ്ഥികൾ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകൾ കരിഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു. ശിശുരോഗ വിദഗ്ധ ഡോ. സൂസൻ ദകിലാണ് കോടതിയിൽ മൊഴി നൽകിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടർ കഴിഞ്ഞ മാർച്ചിൽ തന്നെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിൽ അറിയിച്ചിരുന്നു.

നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‌ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്. വെസ്ലിയുടെ വിചാരണ അടുത്ത മാസം മുതൽ ആരംഭിക്കും എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP