Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രോഗിയായിരുന്ന കന്യാസ്ത്രീ പ്രതീക്ഷ നഷ്ടപ്പെട്ട് മരണം സ്വയം തെരഞ്ഞെടുത്തുവെന്ന് പ്രാഥമിക നിഗമനം; മുടിയും കൈത്തണ്ടയും മുറിച്ച ശേഷം നടന്നു പോയി കിണറ്റിൽ ചാടിയെന്ന വാദം സ്ഥിരീകരിക്കാമെന്നും പൊലീസ് വൃത്തങ്ങൾ; പതിവിലേറെ കന്യാസ്ത്രീകൾ മഠത്തിൽ സംഭവ ദിവസം ഇല്ലാതിരുന്നത് സംശയമായി കരുതി അന്വേഷണം തുടരും; പത്തനാപുരം കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം ദുരൂഹത ഒഴിയാതെ തുടരുന്നു

രോഗിയായിരുന്ന കന്യാസ്ത്രീ പ്രതീക്ഷ നഷ്ടപ്പെട്ട് മരണം സ്വയം തെരഞ്ഞെടുത്തുവെന്ന് പ്രാഥമിക നിഗമനം; മുടിയും കൈത്തണ്ടയും മുറിച്ച ശേഷം നടന്നു പോയി കിണറ്റിൽ ചാടിയെന്ന വാദം സ്ഥിരീകരിക്കാമെന്നും പൊലീസ് വൃത്തങ്ങൾ; പതിവിലേറെ കന്യാസ്ത്രീകൾ മഠത്തിൽ സംഭവ ദിവസം ഇല്ലാതിരുന്നത് സംശയമായി കരുതി അന്വേഷണം തുടരും; പത്തനാപുരം കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം ദുരൂഹത ഒഴിയാതെ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കിണറ്റിൽ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീയുടെ മരണം ആത്മഹത്യയെന്ന വാദമാണ് പൊലീസും മഠം അധികൃതരും ഉയർത്തുന്നത്. കന്യാസ്ത്രീ രോഗിയായിരുന്നുവെന്നും ഇതിന്റെ നിരാശയിലാണ് മരണമെന്നും വിലയിരുത്തലുകളെത്തുന്നു. കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയിലായിരുന്നു. സിസ്റ്റർ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ ഇന്നലെ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലീസ് കേസെടുത്തു.

കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങൾ ഇവരുടെ മുറിക്കുള്ളിൽനിന്നു പൊലീസ് കണ്ടെത്തി. ഇതിലൊന്നും ദുരൂഹത വേണ്ടെന്നാണ് മഠം അധികാരികൾ പറയുന്നത്. രോഗിയായതോടെ നിരാശയിലായിരുന്നു സൂസമ്മ. ഈ നിരാശയിൽ സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചുവെന്നാണ് പറയുന്നത്. എന്നാൽ സിസ്റ്ററിന്റെ മരണ ദിവസം മഠത്തിൽ കന്യാസ്ത്രീകൾ തീരെ കുറവായിരുന്നു. ഈ അസ്വാഭാവിക സാഹചര്യം പൊലീസിന് മുമ്പിലുണ്ട്. കൈത്തണ്ട മുറിച്ച ശേഷം കിണറ്റിൽ ചാടിയെന്ന വാദം അംഗീകരിക്കാൻ കൂട്ടാക്കാത്തവരും ഉണ്ട്. പുനലൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റിൽ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണ് പൊലീസ്. മൗണ്ട് താബോർ സ്‌കൂളിലെ അദ്ധ്യാപികയാണു സിസ്റ്റർ സൂസമ്മ.

സിസ്റ്റർ താമസിച്ച മുറിയിൽ രക്തംപറ്റിയ ബ്ലേഡും രക്തം ഒഴുകിയപാടും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി പരുമല ആശുപത്രിയിൽ ചികിൽസയിലായിരുന്നു സിസ്റ്റർ സൂസൻ. ഓഗസ്റ്റ് 14 -ാംതീയതിയാണ് വീട്ടിൽ പോയി വന്നത്. നാട്ടിൽ പോയപ്പോൾ മെഡിസിറ്റിയിലും ചികിൽസയിലായിരുന്നു. തുടർന്ന് 16-ാം തീയതി തിരികെ എത്തിയശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും ചികിൽസ തേടിയതായി സഹോദരങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി 9.30 ന് ഫോണിലൂടെ സഹോദരങ്ങളുമായി സംസാരിച്ചിരുന്നു. പനിയാണെന്നും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. നിരവധി ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായും ഇതിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നുമാണ് കോൺവെന്റ് അധികൃതരുടെ വിശദീകരണം.

കന്യാസ്ത്രീയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. പുനലൂർ ഡിവൈഎസ്‌പി ബി അനിൽകുമാറിന്റെയും പത്തനാപുരം സിഐ അൻവറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. മൗണ്ട് താബോർ ദയറയിലെ സിസ്റ്റർ സൂസമ്മയുടെ മരണത്തിൽ റൂറൽ എസ്‌പിയാണ് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയത്. കുടുംബാംഗങ്ങളിൽ നിന്നും കോൺവെന്റിലെ മറ്റ് കന്യാസ്ത്രീമാരിൽ നിന്നും സംഘം പ്രാഥമിക വിവരശേഖരണം നടത്തി. ശാസ്ത്രീയ പരിശോധന സംഘത്തിന്റെയും വിരലടയാള വിദഗ്ധരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം. സിസ്റ്റർ സൂസമ്മ താമസിച്ചിരുന്ന മുറി, മൃതദേഹം കണ്ടെത്തിയ കിണർ, അവിടേക്കുള്ള വഴി എന്നിവ അടച്ച് പൊലീസ് സീൽ പതിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മരണകാരണം കൃത്യമായി കണ്ടെത്തുമെന്നും റൂറൽ എസ്‌പി ബി അശോകൻ പറഞ്ഞു.

അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സിസ്റ്റർ ചികിൽസ തേടിയ ആശുപത്രി അധികൃതർ, കുടുംബാംഗങ്ങൾ, ദയറാ മാനേജ്മെന്റ്, കോൺവെന്റ് ചുമതലക്കാർ എന്നിവരുടെ വിശദമായ മൊഴി വരും ദിവസങ്ങളിൽ സംഘം ശേഖരിക്കും. മൃതദേഹത്തിലെ ഇരുകൈത്തണ്ടകളിലെയും മുറിവും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. അതിനിടെ സൂസമ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് അവരുടെ സഹോദരി പ്രതികരിച്ചിട്ടുണ്ട്. രോഗങ്ങൾ മൂലം കന്യാസ്ത്രീ മാനസികപ്രയാസം അനുഭവിച്ചിരുന്നതായി സഹോദരി വെളിപ്പെടുത്തി. സിസ്റ്റർ വലിയ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നുവെന്ന് മഠം അധികൃതർ പറഞ്ഞു. രണ്ടാഴ്ചയോളം കുടുംബവീട്ടിൽ താമസിച്ച് ഈയിടെ തിരികെ വന്നതാണ്. പരുമലയിലെയും തൊടുപുഴയിലെയും ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. കന്യാസ്ത്രീയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേശ്‌കുമാർ എംഎൽഎ. പ്രതികരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്ന് സിസ്റ്ററിന്റെ കുടുംബം പറയുന്നത് മഠത്തിനും പൊലീസിനും ആശ്വാസമാണ്.

പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്‌ക്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപികയായിരുന്നു ഇവർ. അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുർബാനയ്ക്കു കാണാതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണ് സ്‌കൂളും കോൺവെന്റും ചാപ്പലുമൊക്കെ സ്ഥിതി ചെയ്യുന്നത്. അൻപതോളം കന്യാസ്ത്രികളാണു മഠത്തിലുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സൂസമ്മ വിഷാദവതിയായിരുന്നുവെന്നു മഠത്തിലെ അന്തേവാസികൾ പൊലീസിനോടു സൂചിപ്പിച്ചു.

കോട്ടയം ക്‌നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി 26 വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും സിസ്റ്റർ അഭയയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മറ്റൊരു കന്യാസ്ത്രീയേയും സമാന സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 25 വർഷമായി പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്ത് വരികയാണ് 54 കാരിയായ സിസ്റ്റർ സൂസൻ മാത്യു. ഇവർ പത്തനാപുരം മൗണ്ട് താബോർ ദയേറ കോൺവെന്റിലായിരുന്നു താമസം. കന്യാസ്ത്രീകൾക്ക് നേരെ നിരന്തരമായി ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് ദുരൂഹതയേറ്റി മറ്റൊരു കന്യാസ്ത്രീയുടെ മരണവും നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നതും.

ബി.സി.എം കോളജ് രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോൺവന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് 1992 ഏപ്രിൽ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ 1993 ൽ കേസ് സിബിഐ ഏറ്റെടുത്തു.അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോർട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങൾ സിബിഐയെ ഏൽപ്പിക്കാതെ കത്തിച്ചുകളഞ്ഞതായി പിന്നീട് ആരോപണങ്ങൾ ഉയർന്നിരുന്നു.

സിബിഐ അന്വേഷണത്തിൽ 2008 ൽ വൈദികരായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി, എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.എന്നാൽ അടുത്തിടെ തിരുവനന്തപുരം സിബിഐ കോടതി ഫാ ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കിയെങ്കിലും മറ്റുള്ളവർ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP