Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ ഭാഗം ക്ലീനാണ്...സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാനെന്തിന് ഇടപെടണം? കൊച്ചിൻ കലാഭവനിൽ ജോലി ചെയ്തപ്പോൾ മുതൽ 20 വർഷമായി പരിചയമുള്ള ഫാ.ജെയിംസ് ഏർത്തയിൽ എന്നെ ബിഷപ്പിന്റെ ഇടനിലക്കാരനാക്കിയത് എന്തുകൊണ്ടെന്നറിയില്ല'; പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചത് താൻ വഴിയാണെന്ന ആരോപണം നിഷേധിച്ച് സോബി ജോർജ്; സോബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്‌പി മറുനാടനോട്

'എന്റെ ഭാഗം ക്ലീനാണ്...സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാനെന്തിന് ഇടപെടണം? കൊച്ചിൻ കലാഭവനിൽ ജോലി ചെയ്തപ്പോൾ മുതൽ 20 വർഷമായി പരിചയമുള്ള ഫാ.ജെയിംസ് ഏർത്തയിൽ എന്നെ ബിഷപ്പിന്റെ ഇടനിലക്കാരനാക്കിയത് എന്തുകൊണ്ടെന്നറിയില്ല'; പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചത് താൻ വഴിയാണെന്ന ആരോപണം നിഷേധിച്ച് സോബി ജോർജ്; സോബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്‌പി മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കന്യാസ്ത്രീയെ പീഡിപ്പിച്ചതായി ആരോപിക്കുന്ന കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം നീളുന്നു. കൊച്ചിൻ കലാഭവനിൽ പ്രവർത്തിച്ചിരുന്ന സോബി ജോർജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടതെന്ന് ഫാ.ജെയിംസ് ഏർത്തയിൽ അന്വഷണ സംഘത്തിന് മൊഴി നൽകി. പരാതിക്കാരിക്ക് 10 ഏക്കറും പണവും വാഗ്ദാനം ചെയ്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതിന് ആരോപണവിധേയനായ വ്യക്തിയാണ് ഫാ.ജെയിംസ് ഏർത്തയിൽ.

ബിഷപ്പിനെ നേരിട്ടുപരിചയമില്ലെന്നും തന്റെ പഴയ സുഹൃത്തായ സോബി ജോർജ് വഴിയാണ് ബിഷപ്പ് തന്നെ ബന്ധപ്പെട്ടതെന്നുമാണ് ഫാ.ജെയിംസ് ഏർത്തയിൽ പൊലീസിന് മൊഴി നൽകിയത്. കേസിൽ നിന്ന് പിൻവാങ്ങാൻ കന്യാസ്ത്രീക്ക് പണവും സ്ഥലവും ഇടനിലക്കാരൻ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചത്. ഇടനിലക്കാരനായ കലാഭവൻ സോബി ജോർജിനെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ പറഞ്ഞു. സോബി ജോർജിന്റെ പങ്കിനെ കുറിച്ച് ഫാ.ജെയിംസ് ഏർത്തയിൽ തുറന്നുസമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരുടെയും ഫോൺ കോൾ ഡീറ്റെയ്ൽസ് പരിശോധിച്ചതോടെയാണ് ബന്ധം സംശയത്തിലായത്. ഇതോടെ സോബി ജോർജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

എന്നാൽ, തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് സോബി ജോർജ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. താൻ ഇടനിലക്കാരനായെന്ന് ഫാ.ജെയിംസ് എർത്തയിൽ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല. 'എന്റെ ഭാഗം ക്ലീനാണ്. സഭയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപടേണ്ട കാര്യം എനിക്കില്ല. എനിക്കെതിരെ വിസയുമായി ബന്ധപ്പെട്ട കേസൊക്കെ വന്ന ശേഷം ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല.

ഫാ.ജെയിംസ് എർത്തയിലിനെ എങ്ങനെ അറിയാം?

'ഫാദറിനെ കഴിഞ്ഞ 20 വർഷമായി അറിയാം. കലാഭവന്റെ സാരഥിയായിരുന്ന ആബേലച്ചന്റെ കാലശഷം കാര്യങ്ങൾ നോക്കി നടത്തിയത് ഫാ.ജെയിംസ് ഏർത്തയിലാണ്. അടുത്തിടെയായി അദ്ദേഹത്തെ കാണാറില്ല. കലാഭവനുമായി ബന്ധപ്പെട്ട ചില കേസുകളിൽ ഞാനും മറ്റുചിലതിൽ ഏർത്തയിൽ അച്ചനുമാണ് വാദികൾ. ആബേലച്ചന്റെ കാലശേഷം ചിലർ അനധികൃതമായി കലാഭവൻ കൈയടക്കുകയായിരുന്നു. എനിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും കെട്ടിച്ചമച്ചതാണ്. നാൽപത് കേസുകൾ ഉണ്ടായിരുന്നതിൽ 12 കേസുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഏറെക്കുറെ ഒത്തുതീർപ്പായി കഴിഞ്ഞു. ഒരുകേസിലും ആൾക്കാരുടെ പണം പോവില്ല. ഈ കേസുകളിൽ കലാഭവൻ തന്നെ പണം കൊടുക്കേണ്ടി വരും. കേസിന്റെ അന്തിമ വിധി ഉടൻ വരും. 13ാം വയസിൽ തബലിസ്റ്റായി കലാഭവനിൽ വന്ന താൻ അവിടെ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1981 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ എനിക്കെതിരെ ഒരുപെറ്റിക്കേസുപോലുമില്ല. ആബേലച്ചൻ മരിക്കും വരെ ഒരുപെറ്റിക്കേസുപോലുമില്ല. 2004 ന് ശേഷമാണ് തനിക്കെതിരെ കേസുകൾ മുളച്ചുപൊന്തിയത്. ഇതുകൊണ്ടുതന്നെ അറിയാമല്ലോ..ഞാൻ ഇത്തരത്തിൽ തട്ടിപ്പുകാരനല്ലെന്ന്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ കേസുമായി ഒരുതരത്തിലും ബന്ധമില്ലാത്ത എന്നെ ഏർത്തയിൽ അച്ചൻ ഇങ്ങനെ ബന്ധപ്പെടുത്തിയത് എന്തെന്നറിയില്ല', സോബി ജോർജ് പറഞ്ഞു.

ഫാ.ജെയിംസ് ഏർത്തയിലുമായി തനിക്ക് മുൻപരിചയം മാത്രമാണുള്ളതെന്ന് സോബി ജോർജ് അവകാശപ്പെടുന്നുണ്ടെങ്കിലും പൊലീസ് അതുമുഖവിലയ്‌ക്കെടുത്തിട്ടില്ല.

കലാഭവനും സോബി ജോർജും

കലാഭവനിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ശേഷവും കലാഭവൻ എന്ന പേരിൽ സംഗീത ട്രൂപ്പ് നടത്തുന്നുണ്ട് സോബി ജോർജ്. ഇതിനൊപ്പം നെല്ലിമറ്റത്ത് കലാഗൃഹം എന്ന പേരിൽ സ്വന്തം സ്ഥാപനവുമുണ്ട്. കോടതി വിധി പ്രകാരം തർക്കത്തിലുള്ള രണ്ടുപക്ഷത്തിനും കലാഭവന്റെ പേരിൽ പരിപാടി നടത്താമെന്നാണ് സോബി ജോർജ് പറയുന്നത്. അതേസമയം സോബി ജോർജ് നിരവധി വിസ-സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ആരോപണവിധേയനാണെന്ന് മറുപക്ഷം പറയുന്നു.

കലാഭവൻ എന്ന വ്യാജപേരിൽ ഓസ്‌ട്രേലിയയിൽ പരിപാടി നടത്തുമെന്ന അറിയിപ്പിനെ തുടർന്ന് അവിടെ പല സ്ഥലത്തും പണപ്പിരിവ് നടത്തിയതായി ആരോപണമുയർന്നിരുന്നു. തുടർന്ന് തങ്ങൾക്ക് പരിപാടിയുമായി ബന്ധമില്ലെന്ന് കലാഭവൻ ഭാരവാഹികൾ ഈ വർഷം ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. അമേരിക്കയിൽ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 1.15 കോടിതട്ടിയെടുത്തതിന് അറസ്‌റ് ചെയ്യപ്പെട്ടയാളാണ് എന്നും ഒളിവിൽ കഴിഞ്ഞ സോബിയെ തേനിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും പറയപ്പെടുന്നു.
എർണാകുളം സെൻട്രൽ സ്റ്റേഷനിലെ പന്ത്രണ്ടോളം പരാതികളിലായിരുന്നു അറസ്റ്റ്.

കലാഭവന്റെ പേരിൽ വ്യാജമായി കേരളത്തിനകത്തും പുറത്തും സോബി പരിപാടികൾ നടത്തുന്നുവെന്ന പരാതി മുമ്പും ഉയർന്നിരുന്നു. അതിനോടാപ്പം അമെരിക്കയിലേക്കും മറ്റും കൊണ്ടുപോകാമെന്നു വ്യാജ വാഗ്ദാനം നല്കി വിസ തട്ടിപ്പ് നടത്തുന്നുവെന്നും ആറുവർഷം മുമ്പ് ആരോപണം ഉയർന്നിരുന്നു. 2013 മാർച്ച്, ഏപ്രിലിലാണ് തട്ടിപ്പിനിരയായവർ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. അതിനു രണ്ടുവർഷം മുമ്പാണ് സോബി ജോർജ് കലാഗൃഹം കലാസംഘടനയുടെ മറവിൽ അമേരിക്കയിലുള്ള സൂപ്പർമാർക്കറ്റുകളിൽ ജോലിക്ക് വിസ വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തത്.

.തന്റെ മാതൃസ്ഥാപനമായ കലാഭവന്റെ പേര് ഉപയോഗിച്ചാണ് സോബി ജോർജ് സാമ്പത്തിക തട്ടിപ്പുകളുൾപ്പെടെ നടത്തിയിരുന്നതെന്നാണ് ആരോപണം. ഹാർമോണിയം വാദകനായ സോബി കലാഭവൻ മാനേജിങ് കമ്മിറ്റി അംഗമായിരിക്കെ 12 വർഷം മുമ്പാണ് നെല്ലിമറ്റത്ത് കലാഗൃഹം സ്ഥാപിച്ചത്. എന്നാൽ, കലാഭവനിലെ ഗാനമേള നടത്തിപ്പിന്റെ ചുമതലയിലിരിക്കെ സാമ്പത്തിക ക്രമക്കേടിനെത്തുടർന്ന് ഭരണസമിതിയിൽനിന്ന് ഒഴിവാക്കി. ഫാ. ആബേൽസ് കൊച്ചിൻ കലാഭവൻ എന്ന പേരിൽ കലാഭവനുസമീപം സ്ഥാപനം തുടങ്ങിയെങ്കിലും പിന്നീട് കേസിനെ തുടർന്ന് സ്ഥാപനം കോതമംഗലത്തേക്ക് മാറ്റി. കലാഭവന്റെ ലൈസൻസിയായിരുന്ന സോബി ജോർജിനെ 2008 ൽ കലാഭവനിൽ നിന്ന് പുറത്താക്കിയെന്നാണ് ഭാരവാഹികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP