Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ പരീക്ഷണത്തിൽ പായസത്തിൽ അമിത അളവിൽ കലക്കി കൊടുത്തത് ഡോളോ മാത്രം; രണ്ടാം തവണ പനിക്കുള്ള ഗുളികയ്‌ക്കൊപ്പം ഉറക്ക ഗുളികയും ജ്യൂസിൽ കലക്കി; മകൾക്ക് ജ്യൂസ് ഉണ്ടാക്കി കൊടുത്ത അമ്മ മരുമകന്റെ പങ്ക് കൊണ്ടു വച്ചത് മുറിക്കുള്ളിൽ; കറുത്ത ബാഗിൽ കരിമുർഖനുമായെത്തിയ ഭർത്താവിന്റെ ജ്യൂസ് കുടിക്കാനുള്ള സ്‌നേഹ ലാളന കേട്ട് അമ്മയും സഹോദരനും സന്തോഷിച്ചത് വെറുതെയായി; രാസപരിശോധനാ റിപ്പോർട്ട് ഗൂഢാലോചന തെളിയിക്കും; സൂരജിന് ശിക്ഷ ഉറപ്പെന്ന് പൊലീസ്

ആദ്യ പരീക്ഷണത്തിൽ പായസത്തിൽ അമിത അളവിൽ കലക്കി കൊടുത്തത് ഡോളോ മാത്രം; രണ്ടാം തവണ പനിക്കുള്ള ഗുളികയ്‌ക്കൊപ്പം ഉറക്ക ഗുളികയും ജ്യൂസിൽ കലക്കി; മകൾക്ക് ജ്യൂസ് ഉണ്ടാക്കി കൊടുത്ത അമ്മ മരുമകന്റെ പങ്ക് കൊണ്ടു വച്ചത് മുറിക്കുള്ളിൽ; കറുത്ത ബാഗിൽ കരിമുർഖനുമായെത്തിയ ഭർത്താവിന്റെ ജ്യൂസ് കുടിക്കാനുള്ള സ്‌നേഹ ലാളന കേട്ട് അമ്മയും സഹോദരനും സന്തോഷിച്ചത് വെറുതെയായി; രാസപരിശോധനാ റിപ്പോർട്ട് ഗൂഢാലോചന തെളിയിക്കും; സൂരജിന് ശിക്ഷ ഉറപ്പെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പാമ്പിന്റെ കൊത്തേറ്റ് അഞ്ചൽ ഏറം സ്വദേശിനി ഉത്ര മരിക്കുംമുമ്പ് ഉറക്കഗുളിക നൽകി മയക്കിയിരുന്നുവെന്ന് അന്വേഷണ സംഘം. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം അടൂരിലെ ഭർതൃവീട്ടിൽ ഭർത്താവ് സൂരജിന്റെ മാതാവ് രേണുക പായസം ഉണ്ടാക്കി നൽകിയിരുന്നു. ഇതിലും ഉറക്കഗുളിക നൽകിയിരിക്കാമെന്നും മരുന്നുകൊടുത്തു മയക്കി പാമ്പിനെക്കാണ്ടു കടിപ്പിക്കാനുള്ള നീക്കത്തിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

അഞ്ചലിൽ ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി സൂരജിന് ശിക്ഷ കിട്ടാൻ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹൻദാസ് അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ ക്രിമിനൽ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാൻ കഴിയുന്ന വിധത്തിലാണ് എന്നും ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടുമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ടി.ജി മോഹൻദാസ് കുറിക്കുന്നു. ഇത് വലിയ ചർച്ചയായി. കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലിൽ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങൾക്ക് ശേഷം... ഞാൻ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാൽ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാൻ കയ്യിലൊന്നുമില്ല!-ഇതായിരുന്നു ടിജി മോഹൻദാസിന്റെ മുന്നറിയിപ്പ്. ഈ ആശങ്ക വേണ്ടെന്നാണ് പൊലീസിന്റെ പക്ഷം.

ഉത്രയുടെ മരണത്തിനു കാരണമായ രണ്ടാമത്തെ പാമ്പുകടിയേറ്റ ദിവസം അഞ്ചലിലെ വീട്ടിൽ തനിക്ക് വേണ്ടി ഉണ്ടാക്കിയ ജ്യൂസ് സൂരജ് ഭാര്യയെ കൊണ്ടു കുടുപ്പിച്ചിരുന്നു. ഇതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നു്. കുറ്റകൃത്യത്തിൽ സൂരജിന്റെ സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്നും അന്വേഷിക്കും. ഉത്ര പാമ്പുകടിയേറ്റാണ് മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും കരിമൂർഖനെ പാമ്പുപിടിത്തക്കാരൻ സൂരജിന് നൽകിയ വ്യക്തമായ തെളിവും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിൽ നിന്ന് സൂരജ് ഒരിക്കലും രക്ഷപ്പെടില്ലെന്ന് പൊലീസ് പറയുന്നു. ഉത്രയ്ക്ക് ആദ്യം പാമ്പു കടിയേറ്റത് സൂരജിന്റെ അടൂരിലെ വീട്ടിൽ വച്ചായിരുന്നു. അന്ന് സൂരജിന്റെ അമ്മയാണ് പായസം ഉണ്ടാക്കിയത്. ഇതിലും മയക്കുമരുന്ന് കലർത്തി കൊടുത്തിരുന്നുവെന്ന സൂചനയുണ്ട്.

കേസ് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിനായി ഉത്രയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാക്കുകയാണ് പൊലീസ്. ഉത്രയുടെ ശരീരത്തിൽ പ്രവഹിച്ച പാമ്പിൻ വിഷവും വീടിനുള്ളിൽ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാൻ രാസപരിശോധനാ ഫലം ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ഇതിനിടെ ഉത്രയുടെ കുഞ്ഞിന്റെ അവകാശത്തർക്കത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെട്ടതിനെച്ചൊല്ലിയുള്ള വിവാദവും പുകയുകയാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തിത്തീർത്ത് പൊലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാർക്ക് നൽകിയതെന്നും ഇതിന് പിന്നിൽ സിപിഎമ്മിന്റെ ഇടപെടലാണെന്നും കോൺഗ്രസ് ആരോപിച്ചതാണ് വിവാദമായത്. എന്നാൽ സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് നടത്തുന്ന നീചമായ നീക്കത്തെ തള്ളിക്കളയുന്നതായി സിപിഎം. കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ആരോപിച്ചു.

ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിന് മുൻപ് രണ്ടുതവണയും ഉറങ്ങാൻ ഗുളിക പൊടിച്ച് നൽകിയതായി സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആദ്യം കൊടുത്തത് ഡോളോ ഗുളികയായിരുന്നു. ആ ദൗത്യം പരാജയപ്പെട്ടതുകൊണ്ടാണ് രണ്ടാംവട്ടം മറ്റൊരു ഇനംകൂടി പൊടിച്ചുചേർത്ത് നൽകിയത്.സ്വന്തം വീട്ടിൽവച്ച് അണലിയെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പാണ് ഡോളോ പൊടിച്ച് നൽകിയത്. അന്ന് പായസം വയ്ക്കാൻ സൂരജ് പറഞ്ഞിരുന്നു. അതിൽ കലക്കിയാണ് കൊടുത്തത്. ഇത് കഴിച്ച് ഉറങ്ങിയപ്പോഴാണ് അണലിയെക്കൊണ്ട് കടിപ്പിച്ചത്. ഉത്ര ഉണർന്ന് വെപ്രാളം കാട്ടിയതോടെ ആശുപത്രിയിൽ എത്തിക്കേണ്ടിവന്നു.

മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊത്തിക്കാൻ പദ്ധതിയിട്ടപ്പോഴും ഡോളോ പൊടിച്ച് പൊതിയാക്കി സൂക്ഷിച്ചു. അടൂരിലെ അതേ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഉറങ്ങാനുള്ള മറ്റൊരു ഗുളികയും വാങ്ങി. ഇതും പൊടിയാക്കിയാണ് ഉത്രയുടെ വീട്ടിലെത്തിയത്. രണ്ടുതരം ഗുളികകളുടെ വീര്യത്തിൽ ഉത്ര ബോധംകെട്ടുറങ്ങുമ്പോഴാണ് മൂർഖൻ പാമ്പിനെകൊണ്ടു കടിപ്പിച്ചത്. സൂരജ് മാർച്ച് ആറിന് വൈകിട്ട് ആറരയോടെയാണ് ഉത്രയുടെ വീട്ടിലെത്തിയത്. ഉത്രയ്ക്കായി അമ്മയും സഹോദരനും ചേർന്ന് ജ്യൂസ് തയ്യാറാക്കിയിരുന്നു. ഉത്രയ്ക്ക് ഒരു ഗ്‌ളാസ് നൽകിയശേഷം സൂരജിന്റെ പങ്ക് കിടപ്പ് മുറിയിൽ വച്ചു. തന്റെ പങ്ക് ജ്യൂസ് കുടിക്കാൻ ഉത്രയെ നിർബന്ധിക്കുന്നത് രക്ഷിതാക്കൾ കേട്ടിരുന്നു. സ്‌നേഹക്കൂടുതൽ കൊണ്ടാണെന്ന് വീട്ടുകാർ കരുതി.

അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് ആദ്യം വാങ്ങിയതും ഉത്രയ്ക്ക് കൊടുത്തതും ഡോളോയാണ്. രണ്ടാമത്തേത് തുമ്മലിനും ഉറക്കമില്ലായ്മയ്ക്കുമെന്ന് പറഞ്ഞാണ് വാങ്ങിയത്. ഇതിന്റെ പേരുകൾ സൂരജ് മാറ്റിമാറ്റി പറയുന്നതിനാൽ രാസപരിശോധനാ ഫലം ലഭിച്ചാലേ ഏതെന്ന് വ്യക്തമാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP