Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതിന് പിന്നിൽ ദുരൂഹത; പത്തുകൊല്ലമായി തുടരുന്ന സൂപ്രണ്ടിനെ തൊടാൻ ശ്രീലേഖയ്ക്കും ഭയം; ആത്മഹത്യാക്കുറിപ്പും വ്യാജമെന്ന് സംശയം; കണ്ണൂർ വനിതാ ജയിലിലെ സൗമ്യയുടെ തൂങ്ങി മരണത്തിൽ അസ്വാഭാവികതകൾ ഏറെ; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും

ജയിൽ സൂപ്രണ്ടും ഡെപ്യൂട്ടി സുപ്രണ്ടും ഒരുമിച്ച് അവധിയെടുത്തതിന് പിന്നിൽ ദുരൂഹത; പത്തുകൊല്ലമായി തുടരുന്ന സൂപ്രണ്ടിനെ തൊടാൻ ശ്രീലേഖയ്ക്കും ഭയം; ആത്മഹത്യാക്കുറിപ്പും വ്യാജമെന്ന് സംശയം; കണ്ണൂർ വനിതാ ജയിലിലെ സൗമ്യയുടെ തൂങ്ങി മരണത്തിൽ അസ്വാഭാവികതകൾ ഏറെ; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യയുടെ ദുരൂഹ മരണത്തിന് സാഹചര്യമൊരുക്കിയത് ജയിലിനുള്ളിൽ ജീവനക്കാരുടെ തമ്മിലടിയെന്ന് അന്വേഷണ റിപ്പോർട്ട്. കണ്ണൂർ വനിതാ ജയിലിൽ സൂപ്രണ്ടും ജീവനക്കാരും തമ്മിലെ ഭിന്നതയും ഈ മരണം ചർച്ചയാക്കുന്നുണ്ട്. തടവുകാരെ ഉപയോഗിച്ച് തനിക്കിഷ്ടമില്ലാത്തവരെ ജയിലിൽ നിന്ന് പുറത്താക്കുന്ന സൂപ്രണ്ട് കെ ശകുന്തളയുടെ അവധിയിൽ പോക്കും സംശയങ്ങൾക്ക് ഇട നൽകുന്നു. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടും സൗമ്യ മരിക്കുന്ന ദിവസം അവധിയിലായിരുന്നു. സൗമ്യയുടെ മരണം ഗൂഢാലോചനയുടെ ഭാഗമായുള്ള കൊലപാതകമാണെന്ന വാദം സജീവമാകുന്നതിനിടെയാണ് കണ്ണൂർ വനിതാ ജയിലിലെ അസ്വാഭാവികതകളും പുറത്തുവരുന്നത്.

21 തടവുകാരും 29 ജീവനക്കാരുമാണ് വനിതാ ജയിലിലുള്ളത്. മൂന്ന് കൊലപാതകം നടത്തിയ പ്രതിയായിരുന്നു സൗമ്യ. ഈ പരിഗണനയോടെ സംരക്ഷണം ജയിലിനുള്ളിൽ ഒരുക്കിയില്ല. ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. ഇതാണ് സൗമ്യയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ജയിൽ വകുപ്പിലെ റീജിയണൽ വെൽഫയർ ഓഫീസറാണ് പ്രാഥമിക അന്വേഷണം നടത്തിയത്. റിപ്പോർട്ട് ജയിൽ ഡിജിപി ശ്രീലേഖയ്ക്ക് ഉടൻ കിട്ടുമെന്നാണ് സൂചന. ഇതോടെ തന്നെ കണ്ണൂർ വനിതാ ജയിലിൽ അഴിച്ചു പണിയുണ്ടാകും. പത്തുകൊല്ലമായി വനിതാ ജയിലിന്റെ സൂപ്രണ്ട് ശകുന്തളയാണ്. സ്ഥലം മാറ്റം കിട്ടിയിട്ടില്ല. ഇതുകാരണം തന്റേതായ സാമ്രാജ്യം അവരുണ്ടാക്കിയെന്നും ഇതാണ് വനിതാ ജയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്നും മറുനാടന്റെ അന്വേഷണത്തിലും തെളിഞ്ഞു.

പത്തുകൊല്ലമായി കണ്ണൂരിൽ ശകുന്തളയാണ് സൂപ്രണ്ട്. കണ്ണൂർ സ്വദേശിയായ വനിതാ സൂപ്രണ്ടുമാർ ജയിൽ വകുപ്പിൽ കുറവാണ്. തിരുവനന്തപുരത്ത് ഒരാളുണ്ടെങ്കിലും അവർക്ക് കണ്ണൂരിൽ വരാൻ താൽപ്പര്യക്കുറവുമുണ്ട്. ഈ സാഹചര്യത്തെ ഉപയോഗിച്ചാണ് പത്തുകൊല്ലമായി ശകുന്തള കണ്ണൂരിൽ തന്നെ തുടരുന്നത്. ജയിലിലെ ജീവനക്കാരും സൂപ്രണ്ടും രണ്ട് വഴിക്കാണ് പോകുന്നത്. ഇഷ്ടമില്ലാത്ത പല ജീവനക്കാരേയും തടവുകാരെ ഉപയോഗിച്ച് പരാതികളിൽ കുടുക്കി സ്ഥലം മാറ്റുന്നതാണ് ശകുന്തളയുടെ പതിവ്. ഇങ്ങനെ ഈ അടുത്ത കാലത്ത് പോലും രണ്ട് പേർക്ക് സ്ഥലം മാറ്റമുണ്ടായി. ഇതോടെ വനിതാ ജയിലിൽ കാര്യങ്ങൾ തോന്നിയ പടിയായി. വിചാരണ തടവുകാരെ കൊണ്ട് പണിയെടുപ്പിക്കാൻ പാടില്ലെന്നാണ് നിയമം. ഇതു പോലും കാറ്റിൽ പറത്തിയാണ് സൗമ്യയെ കൊണ്ട് ജോലിയെടുപ്പിച്ചത്. ഈ സാഹചര്യം ഉപയോഗിച്ചാണ് മരണത്തിനുള്ള അവസരം സൗമ്യ സൃഷ്ടിച്ചതെന്നാണ് ഉയരുന്ന വാദം.

അതിനിടെ സൗമ്യയുടേത് ആത്മഹത്യയല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ജയിൽ സൂപ്രണ്ടിന്റേയും ഡെപ്യൂട്ടി സൂപ്രണ്ടിന്റേയും അസ്വാഭാവിക അവധികളാണ് സംശയത്തിന് ഇട നൽകുന്നത്. സൂപ്രണ്ടിന്റെ ചുമതലുണ്ടായിരുന്ന അസിസ്റ്റന്റെ സൂപ്രണ്ടും മരണ വിവരം അറിഞ്ഞ് ഏറെ വൈകിയാണ് എത്തിയത്. അതിനിടെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരങ്ങൾ സൗമ്യയുടേതാണെന്ന സംശയവും ചർച്ചയാകുന്നുണ്ട്. എന്നാൽ ജയിൽ സൂപ്രണ്ടിനെ രക്ഷിക്കാൻ പൊലീസിലെ ചില ഉന്നതർ തന്നെ ഇടപെടൽ നടത്തുന്നുണ്ട്. അവരുടെ ആശയമായിരുന്നു ആത്മഹത്യാക്കുറിപ്പെന്നും പ്രളയകാലത്തെ വളരെ സൂക്ഷ്മതയോടെ സൗമ്യയെ ഇല്ലായ്മ ചെയ്യാൻ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും വാദം ശക്തമാണ്. പിണറായി കൊലക്കേസിലെ ദുരൂഹതകളിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്.

ജയിലിനുള്ളിൽ മൂന്ന് ഏക്കർ സ്ഥലമുണ്ട്. സൗമ്യ തൂങ്ങി മരിച്ചത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം സൗമ്യയെ കാണാതിരുന്നതോടെ തടവ് കാരി നടത്തിയ അന്വേഷണത്തിലാണ് മരണം അറിയുന്നത്. ഇതിന് ശേഷമാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഇതിൽ സൗമ്യയുടെ ഒപ്പില്ലെന്നും സൂചനയുണ്ട്. എന്നാൽ അതീവ രഹസ്യമായാണ് ഇക്കാര്യങ്ങൾ പൊലീസും സൂക്ഷിക്കുന്നത്. ജയിലിലുള്ളവർ ക്രിമിനൽ കേസിൽ പെടാതിരിക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് വിലയിരുത്തൽ. ഇതെല്ലാം ജയിലിലെ ഉന്നതർക്ക് അറിയാമെങ്കിലും സൂപ്രണ്ടിനെതിരെ ചെറു വിരൽ പോലും അനക്കാൻ ഡിജിപി ശ്രീലേഖയ്ക്ക് പോലും കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. പാർട്ടി ബന്ധങ്ങളാണ് ഇതിന് കാരണം.

സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റമോർട്ടം ചെയ്തെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ബന്ധുക്കൾ ആരും എത്തിയില്ല. ഇതോടെ അനാഥമായ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും. മൃതദേഹം ഏറ്റെടുക്കില്ലെന്ന് സൗമ്യയുടെ അടുത്ത ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നു. മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ ശനിയാഴ്ചയാണ് ജയിലിൽ തൂങ്ങിമരിച്ചത്. കണ്ണൂർ വനിതാ ജയിലിലാണ് സൗമ്യ ആത്മഹത്യ ചെയ്തത്. അവിഹിത ബന്ധങ്ങൾക്ക് സൗകര്യമൊരുക്കുന്നതിന് മാതാപിതാക്കളേയും മകളേയും ക്രൂരമായി കൊലപ്പെടുത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത സൗമ്യയെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കാമുകനുമായി ജീവിക്കുന്നതിന് വീട്ടുകാർ തടസ്സമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെയും വിഷം നൽകി സൗമ്യ കൊല്ലുകയായിരുന്നു. പിന്നീട് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതി ആത്മഹത്യ ചെയ്തത്. ജയിലിൽ സൗമ്യ വളരെ ശാന്ത സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും തടവുകാരുമായി പെട്ടെന്ന് തന്നെ ചങ്ങാത്തത്തിലായെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജയിലിനകത്ത് കുട നിർമ്മാണമായിരുന്നു ജോലി. കുടനിർമ്മിച്ച് ദിവസത്തിൽ 63 രൂപ സൗമ്യ സമ്പാദിച്ചിരുന്നു. കൊലപാതകങ്ങളിൽ തനിക്ക് മാത്രമേ പങ്കുള്ളൂ എന്നാണ് സൗമ്യ ആവർത്തിച്ച് മൊഴി നൽകിയത്. എന്നാൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോ പെൺവാണിഭ സംഘത്തിന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധന നടത്തിയിരുന്നു. ബന്ധുക്കളായി സഹോദരി അടക്കമുള്ളവർ ഉണ്ടെങ്കിലും ജയിലിൽ ഒരു അഭിഭാഷകൻ അല്ലാതെ ഇതുവരെ സൗമ്യയ്ക്ക് സന്ദർശകർ ആരുമില്ലായിരുന്നു.

സൗമ്യയുടെ തൂങ്ങിമരണം സംഭവിച്ച ദിവസം വനിതാജയിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ജയിലുകളിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും ഒരേസമയം അവധിയെടുക്കരുതെന്നു നേരത്തേ നിർദ്ദേശമുണ്ട്. ചുമതല അസി. സൂപ്രണ്ടിനായിരുന്നു. അവർ ജയിലിലെത്തിയതാകട്ടെ, തൂങ്ങിമരണം സഹപ്രവർത്തകർ റിപ്പോർട്ട് ചെയ്തതിനു ശേഷം മാത്രമാണ്. കൊലപാതകങ്ങളിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നു ബന്ധുക്കളും ചിലരുടെ നിർദ്ദേശങ്ങളുണ്ടായിരുന്നെന്നു സൗമ്യയും ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. സഹതടവുകാരിയുടെ സാരി കൈവശപ്പെടുത്തുക, മൂന്നേക്കറിലധികമുള്ള ജയിൽപറമ്പിന്റെ അറ്റത്തെത്തുക, ഉയരമുള്ള കശുമാവിൽ കയറുക, സാരി കൊണ്ടു കുരുക്കുണ്ടാക്കി തൂങ്ങുക ഇത്രയും കാര്യങ്ങൾക്കായി ഏറ്റവും കുറഞ്ഞത് അരമണിക്കൂറെങ്കിലുമെടുക്കുമെന്നാണു പൊലീസ് നിഗമനം. അതായത് ജയിലിൽ ഉദ്യോഗസ്ഥർ നിഷ്‌ക്രിയരായിരുന്നു.

അതേസമയം, സൗമ്യ വനിതാ ജയിൽ വളപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ അധികൃതർക്കെതിരെയാണു കേസ്. ജയിൽ ഡിജിപി അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പിണറായി കൊലക്കേസിൽ നിലവിൽ കേസിലെ ഏക പ്രതിയായ സൗമ്യയുടെ മരണം കേസ് തന്നെ ഇല്ലാതാക്കുകയും തുടരന്വേഷണം നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായിരുന്നത്. സൗമ്യയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ചൊവ്വാഴ്ച ജയിൽവകുപ്പ് അധികൃതർതന്നെ സംസ്‌കരിക്കും.

സൗമ്യയുടെ മരണത്തോടെ കേസ് അവസാനിച്ചുവെന്ന് പൊലീസ് വിശ്വസിക്കുേമ്പാഴും കൊലപാതകത്തിൽ പങ്കുള്ളവർ ഇപ്പോഴും പുറത്തുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യത്തിൽ അധികൃതർ ഉറപ്പുനൽകാത്തതാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കാത്തതിന് കാരണം. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഇനി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ലെന്നാണ് പൊലീസിെന്റ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP