Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തല്ലിക്കൊന്ന് കിണറ്റിൽ എറിഞ്ഞത് കല്ലട സ്വദേശിയായ സിസ്റ്ററെ; ഒരാഴ്ച അവധിയെടുത്ത് പോയ കന്യാസ്ത്രീ തിരിച്ചെത്തിയത് വെള്ളിയാഴ്ചയും; മുറിയിലേയും കിണറ്റിലേയും ചോരപ്പാടുകൾ വിരൽ ചൂണ്ടുന്നതും കൊലപാതകത്തിലേക്ക്; മഠം അന്തേവാസികളേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനുറച്ച് പൊലീസ്; സിസ്റ്റർ സൂസൻ മാത്യുവിന്റെ കിണറ്റിലെ മരണം ഓർമ്മിപ്പിക്കുന്നത് സിസ്റ്റർ അഭയയുടെ കൊലപാതകത്തെ; ദുരൂഹത തിരിച്ചറിഞ്ഞ് പൊലീസും

തല്ലിക്കൊന്ന് കിണറ്റിൽ എറിഞ്ഞത് കല്ലട സ്വദേശിയായ സിസ്റ്ററെ; ഒരാഴ്ച അവധിയെടുത്ത് പോയ കന്യാസ്ത്രീ തിരിച്ചെത്തിയത് വെള്ളിയാഴ്ചയും; മുറിയിലേയും കിണറ്റിലേയും ചോരപ്പാടുകൾ വിരൽ ചൂണ്ടുന്നതും കൊലപാതകത്തിലേക്ക്; മഠം അന്തേവാസികളേയും ബന്ധുക്കളേയും ചോദ്യം ചെയ്യാനുറച്ച് പൊലീസ്; സിസ്റ്റർ സൂസൻ മാത്യുവിന്റെ കിണറ്റിലെ മരണം ഓർമ്മിപ്പിക്കുന്നത് സിസ്റ്റർ അഭയയുടെ കൊലപാതകത്തെ; ദുരൂഹത തിരിച്ചറിഞ്ഞ് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ കന്യാസ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നലെ കാരണക്കാരെ കണ്ടെത്താൻ പൊലീസ് അതിവേഗ അന്വേഷണം തുടങ്ങി. സിസ്റ്റർ സൂസൻ മാത്യുവിന്റെ (54) മൃതദേഹമാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ രാവിലെ കണ്ടെത്തിയത്. സൂസൻ മാത്യു താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും രക്തക്കറകളും മുറിച്ച മുടിയുടെ ഭാഗങ്ങളും വലിച്ചിഴച്ച പാടുകളും പൊലീസ് പരിശോധനയിൽ കണ്ടെത്തി. എന്നാൽ കന്യാസ്ത്രീയുടേത് ആത്മഹത്യെന്ന വാദമാണ് ഓർത്തഡോക്‌സ് സഭ തുടരുന്നത്. പുനലൂർ ഡി.വൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

ഓർത്തഡോക്‌സ് സഭ മൗണ്ട് താബോർ ദയറാ കോൺവെന്റിലെ സിസ്റ്റർ സൂസൻ മാത്യു(54)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവർ കൊല്ലം കല്ലട സ്വദേശിയാണ്. 25 വർഷമായി ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസൻ. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടത്. കോൺവെന്റിനോട് ചേർന്ന കിണറിന് സമീപത്ത് രക്തപ്പാടുകൾ കണ്ട ജീവനക്കാർ കിണറ്റിൽ നോക്കിയപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും എത്തി പരിശോധിച്ചപ്പോളാണ് മൃതദേഹം സിസ്റ്റർ സൂസന്റേതാണെന്ന് മനസിലായത്. പിന്നീട് കിണറിന്റെ സമീപത്ത് നടത്തിയ പരിശോധനയിൽ കിണറിന്റെ തൂണിലും സമീപത്തും രക്തപ്പാടുകളും കണ്ടെത്തി.

സിസ്റ്ററിന്റെ മുറിയിൽ നിന്ന് കിണറ്റിലേക്കുള്ള വഴിയിലും രക്തപ്പാടുകളും വലിച്ചിഴച്ച പാടുകളുമുണ്ട്. സ്‌കൂളിൽ ഒരാഴ്ച അവധിയിലായിരുന്നു കന്യാസ്ത്രീ. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ഈ യാത്രയിലെ ദുരൂഹതയും പൊലീസ് അന്വേഷണ വിധേയമാക്കും. മഠത്തിലെ എല്ലാ അന്തേവാസികളേയും പൊലീസ് തനിച്ച് ചോദ്യം ചെയ്യും. സിസ്റ്ററിന്റെ ബന്ധുക്കളേയും വിശദമായി മൊഴിയെടുക്കാനാണ് തീരുമാനം. സിസ്റ്ററെ കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് തള്ളിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാലേ ഇത് സ്ഥിരീകരിക്കൂ. അതുവരെ അസ്വാഭാവിക മരണമായി കണ്ട് അന്വേഷണം നടത്തും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ കൊലപാതകത്തിന് കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കൂ.

ഇന്നലെ പള്ളിയിലെ പ്രാർത്ഥനയ്ക്ക് വിളിച്ചപ്പോൾ സിസ്റ്റർ സൂസൻ വരാൻ തയ്യാറിയില്ലെന്നും ഇന്ന് പ്രാർത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സി.സൂസനെ കോൺവെന്റിൽ കണ്ടില്ല. തുടർന്ന് അന്വേഷിച്ചപ്പോളാണ് കിണറ്റിന് സമീപം ചോരപ്പാടുകൾ കണ്ടെത്തുകയും കിണറ്റിൽ മൃതദേഹം കണ്ടതുമെന്നുമാണ് മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. പൊലീസ് കൂടുതൽ പരിശോധന നടത്തി വരികയാണ്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. 1992 മാർച്ച് 27ന് കോട്ടയം ക്‌നാനാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സമാന രീതിയിലാണ് ഇപ്പോൾ പത്തനാപുരത്തെ സംഭവവും. അഭയാ കേസിന് ഇനിയും അവസാനമായിട്ടില്ല. സിസ്റ്റർ സൂസൻ മാത്യുവിനെ സമാനരീതിയിൽ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കേരളയീ പൊതു സമൂഹത്തിൽ സിസ്റ്റർ അഭയയും ചർച്ചാ വിഷയമാകും.

കന്യാസ്ത്രീകൾക്കു നേരെ നിരന്തരം പീഡന വാർത്തകൾ പുറത്തു വരുമ്പോഴാണ് ഈ ദുരൂഹ മരണവും എത്തുന്നത്. കുമ്പസാര രഹസ്യം ചോർത്തിയുള്ള പീഡനത്തിൽ ഉഴലുന്ന ഓർത്തഡോക്‌സ് സഭയ്ക്ക് തീർത്തും തലവേദനയാണ് ഈ കേസ്. 25 വർഷമായി പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്‌കൂളിൽ അദ്ധ്യാപികയായി ജോലി നോക്കുകയാണ് സൂസൻ മാത്യൂ. പത്തനാപുരം മൗണ്ട് താബോർ ദയേറ കോൺവെന്റിലാണ് അവർ താമസിച്ചു വന്നത്. ഇന്നലെ രാത്രി പ്രാർത്ഥനയ്ക്കായി മറ്റ് കന്യാസ്ത്രീകൾ ഇവരെ വിളിച്ചിരുന്നു. എന്നാൽ താൻ പ്രാർത്ഥനയ്ക്ക് ഇല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും കന്യാസ്ത്രീ അവരോട് പറഞ്ഞു. പിന്നീട് കന്യാസ്ത്രീ ഉറങ്ങാൻ പോയി.

ഇന്ന് രാവിലെ പ്രാർത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് മുറിയിൽ നടത്തിയ അന്വേഷണത്തിലാണ് രക്തക്കറ കണ്ടെത്തിയത്. ഇതിനിടെ കിണറ്റിന് സമീപത്തേക്കുള്ള വഴിയിലും കിണറ്റിലെ തൂണുകളിലും രക്തക്കറ കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ മഠത്തിലെ ജീവനക്കാർ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മഠത്തിൽ നിന്നും 50 അടി ദൂരത്താണ് കിണർ സ്ഥിതി ചെയ്യുന്നത്. സൂസന്റെ തലമുടി മുറിച്ച നിലയിലാണ്. മുടി പരിസരത്ത് കണ്ടെത്തി. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്. ഉടൻ തന്നെ പൊലീസിനേയും ഫയർഫോഴ്‌സിനേയും വിവരം അറിയിച്ചു. ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കി. ഈ ദുരൂഹതകൾ ഉള്ളപ്പോഴും സിസ്റ്ററിന്റേത് ആത്മഹത്യെന്ന് പറയുകയാണ് മഠത്തിലുള്ളവർ.

സിസ്റ്റർ അഭയ കേസിന് സമാനായി ഇതും മാറുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ മതിയായ കരുതലുകൾ പൊലീസ് എടുക്കുന്നുണ്ട്. അഭസാ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ചതാണ്. തുടർന്ന് കേസ് സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം 1993 മാർച്ച് 29ന് സിബിഐ ഏറ്റെടുത്തു. സാഹചര്യത്തെളിവുകളുടെയും നാർക്കോ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ 2008 നവംബറിലാണ് വൈദികരായ തോമസ് കോട്ടൂർ, ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാൻഡിൽ കഴിഞ്ഞ ഇവർക്കു പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസം കഴിഞ്ഞു പ്രതികൾക്കെതിരെ കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.

2009 ജൂലായ് 17ന് കുറ്റപത്രം സമർപ്പിച്ചു. ഇതിനു പിന്നാലെയാണു കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു മൂവരും വിടുതൽ ഹർജി നൽകിയത്. തുടർന്ന്ഫാ.ജോസ് പുതൃക്കയിലിനെ തിരുവനന്തപുരം സിബിഐ അടുത്തിടെ കുറ്റവിമുക്തനാക്കി. അതേസമയം, മറ്റു പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നും കോടതി നിർദ്ദേശിച്ചു. ഇവർക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ, അപകീർത്തി കുറ്റങ്ങളാണ് സിബിഐ ആരോപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP