Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപകടത്തിൽ കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്; കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കുമില്ല; ഇത് എങ്ങനെ സംഭവിച്ചു? മദ്യപിച്ചല്ല താൻ കാറോടിച്ചതെന്നും ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ; മദ്യപിച്ചില്ലെങ്കിലും നരഹത്യാ വകുപ്പ് നിലനിൽക്കുമെന്ന് സർക്കാർ; ശ്രീറാം മദ്യപിച്ചിരുന്നെന്ന മൊഴിയിൽ ഉറച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ; ദേഹപരിശോധനാ റിപ്പോർട്ടും അന്വേഷണ സംഘത്തിന് കൈമാറി

അപകടത്തിൽ കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്; കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കുമില്ല; ഇത് എങ്ങനെ സംഭവിച്ചു? മദ്യപിച്ചല്ല താൻ കാറോടിച്ചതെന്നും ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ; മദ്യപിച്ചില്ലെങ്കിലും നരഹത്യാ വകുപ്പ് നിലനിൽക്കുമെന്ന് സർക്കാർ; ശ്രീറാം മദ്യപിച്ചിരുന്നെന്ന മൊഴിയിൽ ഉറച്ച് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ; ദേഹപരിശോധനാ റിപ്പോർട്ടും അന്വേഷണ സംഘത്തിന് കൈമാറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറാജ് യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ, മദ്യപിച്ചല്ല താൻ കാർ ഓടിച്ചതെന്നു മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ ആയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ട സാഹചര്യം നിലനിൽക്കുന്നില്ല. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. ജാമ്യം റദ്ദാക്കുന്നത് അത്യപൂർവ സാഹചര്യം ഉള്ളപ്പോൾ മാത്രമാണെന്ന് ശ്രീറാം ഹൈക്കോടതിയിൽ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും ശ്രീറാം കോടതിയിൽ പറഞ്ഞു. കാറിന്റെ ഇടത് ഭാഗമാണ് തകർന്നത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്കും ഇല്ല. ഇത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കണമെന്നും ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടു. വണ്ടി ഓടിച്ചത് ശ്രീറാം അല്ല എന്നാണോ പറയുന്നതെന്ന് ചോദിച്ച കോടതിയോട് അത് അന്വേഷണ സംഘം വ്യക്തമാക്കട്ടെ എന്ന് ശ്രീറാം മറുപടി നൽകി.
അതേസമയം ശ്രീറാം കാർ ഓടിച്ചത് അമിത വേഗത്തിലാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മദ്യപിച്ചില്ലെങ്കിലും നരഹത്യ വകുപ്പ് നിലനിൽക്കും എന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. അപകടം ഉണ്ടാകാൻ സാധ്യത ഉള്ള കാര്യം അയാൾക്ക് അറിയാമായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതിനിടെ പൊലീസ് ശ്രീറാമിന്റെ മൊഴിയെടുത്തു. ഏറെ വൈകിയെങ്കിലും, ശ്രീറാമിന്റെ വിരലടയാളവും പൊലീസ് എടുത്തു. നേരത്തെ വിരലടയാളം എടുക്കാൻ സ്വകാര്യ ആശുപത്രി ഡോക്ടർമാർ വിസ്സമ്മതിച്ചത് വിവാദമായിരുന്നു

ശ്രീറാം മെഡിക്കലി ഫിറ്റെന്നു തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ സ്്ഥിരീകരിച്ചതിന് പിന്നാലെ, അദ്ദേഹത്തെ ആദ്യം പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും പുറത്തുവന്നു. കാറപകടത്തിന് ശേഷം ശ്രീറാമിനെ ആദ്യം കൊണ്ടുവന്നത് ജനറൽ ആശുപത്രിയിലാണ്. ശ്രീറാം മദ്യപിച്ചിരുന്നതായാണ് അന്ന് ഡോക്ടർ രാകേഷ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയപ്പോഴും ഡോക്ടർ ഇതിൽ ഉറച്ചുനിന്നു. ദേഹപരിശോധനാറിപ്പോർട്ടും സംഘത്തിന് കൈമാറി.

ക്രൈംനമ്പർ ഇടാതെ എത്തിച്ചതുകൊണ്ട് രക്തസാമ്പിൾ എടുക്കണമെന്ന് ഡോക്ടർക്ക് അന്ന് നിർദ്ദേശിക്കാനായില്ല. അതുകൊണ്ട് പൊലീസ് ആവശ്യപ്പെട്ടപ്രകാരം ദേഹപരിശോധന മാത്രമാണ് നടത്തിയത്. കൈയ്ക്ക് മുറിവേറ്റതിനാൽ രക്തസാമ്പിൾ നൽകാൻ ശ്രീറാം വിസമ്മതിച്ചതായും ഡോക്ടറുടെ മൊഴിയിലുണ്ട്. രക്തപരിശോധന നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മ്യൂസിയം സിഐ ജെ.സുനിൽ, ഇപ്പോൾ സസ്പെൻഷനിലുള്ള എസ്‌ഐ ജയപ്രകാശ് എന്നിവരെയും നാർകോട്ടിക് അസി.കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

കെ.എം.ബഷീറിനെ മെഡിക്കൽ കോളേജിലെത്തിച്ചതുകൊണ്ടും, പരിക്കേറ്റ ശ്രീറാമിന് ചികിത്സ ചെയ്യേണ്ടി വന്നതുകൊണ്ടും നടപടിക്രമങ്ങൾ വൈകാൻ കാരണമായെന്നാണ എസ്ഐ തന്റെ മൊഴിയിൽ പറഞ്ഞത്. കാറോടിച്ചതാരാണെന്ന് ആശയക്കുഴപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് എഫ്.ഐ.ആറിൽ അക്കാര്യം ഉൾപ്പെടുത്താതിരുന്നത്. എന്നാൽ, രാത്രി നടന്ന അപകടത്തിന്റെ വിവരം പിറ്റേന്ന് രാവിലെ വരെ താൻ അറിഞ്ഞില്ലെന്നാണ് സിഐയുടെ മൊഴി.

അതേസമയം, സിറ്റി അഡീഷണൽ കമ്മീഷണർ സഞ്ജയ് കുമാർ ഗരുദിന്റെ മൊഴിയും എടുക്കുമെന്നറിയുന്നു. ക്രമസമാധാന ചുമതലയുള്ള അഡി.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തും. ശനിയാഴ്ച രാവിലെ തന്നെ രക്തമെടുത്തെന്നായിരുന്നു, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഡി.ജി.പി ലോക് നാഥ് ബെഹ്റ വിളിച്ചപ്പോൾ ഗുരുദിന്റെ മറുപടി. ഇക്കാര്യങ്ങൾ വിശദീകരിക്കാനാണ് ഗരുഡിന് അവസരം നൽകുന്നത്.

ശ്രീമാറിന് റിട്രോഗ്രേഡ് അംനീഷ്യയാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തുവെങ്കിലും, മെഡിക്കലി ഫിറ്റാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ ഇന്നലെ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്. ശ്രീറാമിന് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തത് കാരണം മെഡിക്കൽ ഐസിയുവിൽ നിന്നും സ്റ്റെപ്പ് ഡൗൺ യൂണിറ്റിലേക്ക് മാറ്റി. ഐസിയുവിൽ നിന്നും മാറ്റുന്ന രോഗികൾക്ക് ഉയർന്ന പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി മാറ്റുന്ന യൂനിറ്റ് ആണിത്. ശ്രീറാമിനിപ്പോൾ റിട്രൊഗ്രേഡ് അംനേഷ്യയാണെന്ന വാർത്തകളും മെഡിക്കൽ കോളെജ് അധികൃതർ തള്ളിക്കളഞ്ഞു. ക്ലിനിക്കൽ ടേംസിനെ വിശദീകരിച്ച് ശ്രീറാമിനെ രക്ഷിക്കാൻ നടത്തിയ ഒരു ശ്രമമായി തന്നെയാണ് ഇതും വ്യാഖ്യാനിക്കപ്പെടുന്നത്. മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വിവിധ ആശുപത്രികളിൽ സുഖസൗകര്യങ്ങൾ ലോഭമില്ലാതെ ലഭിക്കുന്നു എന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന പ്രതികരണം കൂടിയാണിത്.

മെഡിക്കൽ ബോർഡ് മീറ്റിംഗിൽ കടന്നുവന്ന ഒരു പദം മാത്രമാണിത്. ശ്രീറാമിന് റിട്രൊഗ്രേഡ് അംനേഷ്യയില്ല. അപകട സമയത്തോ അതിനു ശേഷമോ ആളുകൾക്ക് വരാൻ സാധ്യതയുള്ള ഒരു അവസ്ഥാ വിശേഷമാണിത്. ശ്രീറാമിനെ സംബന്ധിച്ചിടത്തോളം മെഡിക്കൽ ബോർഡ് മൈന്യൂട്ട് കാര്യങ്ങൾ പറയുമ്പോൾ പറഞ്ഞു പോയ കാര്യങ്ങൾ മാത്രമാണ്. ഒരു അപകടം സംഭവിക്കുമ്പോൾ വരുന്ന ഒരു മാനസിക നില മാത്രമാണത്. കുറച്ചു കഴിയുമ്പോൾ അത് മാറും. ഭീതിജനകമായ കാര്യങ്ങൾ വരുമ്പോൾ ചില മറന്നു പോകും. അത് താത്കാലികം മാത്രം. കുറച്ചു കഴിഞ്ഞാൽ എല്ലാം ഓർമ്മ വരും. ബ്രെയിനിന്റെ ഒരു മെക്കാനിസം മാത്രമാണിത്. ശ്രീറാമിനെ സംബന്ധിച്ചിടത്തും ഇതു മാത്രമാണ് നടന്നത്. അല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.

എല്ലാം മറന്നു പോകുന്ന അവസ്ഥയൊന്നും ശ്രീറാമിനില്ല. കുഴപ്പങ്ങൾ ഇല്ലാത്തതുകൊണ്ടാണ് മെഡിക്കൽ ഐസിയുവിൽ നിന്നെല്ലാം ശ്രീറാമിനെ മാറ്റിയത്. നിലവിൽ ശ്രീറാം സ്റ്റേബിൾ ആണ്. വേറെ ഒരു കുഴപ്പവും ശ്രീറാമിന് ഇല്ല. കഴുത്തിനു ചെറിയ പരുക്ക് ഉള്ളതുകൊണ്ടുള്ള പ്രശ്‌നങ്ങൾ മാത്രമാണ് ശ്രീറാം നേരിടുന്നത്. ഭക്ഷണം എല്ലാം സാധാരണപോലെ ശ്രീറാം കഴിക്കുന്നുണ്ട്. പക്ഷെ ശ്രീറാമിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന കാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല. അതിനാൽ രോഗങ്ങൾ ഒന്നുമില്ലെങ്കിലും ശ്രീറാം തത്ക്കാലം സ്റ്റെപ്പ് ഡൗൺ യൂണിറ്റിൽ തന്നെ തുടരും-മെഡിക്കൽ കോളെജ് വൃത്തങ്ങൾ പറയുന്നു. സാഹചര്യങ്ങൾക്ക് അനുസൃതമായി ശ്രീറാമിനെ രക്ഷിച്ചെടുക്കാനുള്ള ഒടുവിലത്തെ ശ്രമങ്ങളുടെ ഭാഗമായി കൊണ്ടുവന്ന റിട്രൊഗ്രേഡ് അംനേഷ്യയെന്ന നീക്കമാണ് ഇപ്പോൾ പാളിപ്പോകുന്നത്.

ശ്രീറാമിനെ സംബന്ധിച്ച് വന്ന പുതിയ നീക്കം കേസിൽ നിന്നു രക്ഷപെടാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കേസ് സംബന്ധിച്ച് ഇനി ശ്രീറാം നൽകുന്ന മൊഴിക്കൊന്നും നിയമപരമായി നിലനിൽപ് ഉണ്ടാകില്ലെന്നാണു ഈ വിലയിരുത്തൽ കാരണം വന്നു ഭവിക്കുക. പക്ഷെ മെഡിക്കൽ കോളെജ് അധികൃതർ തന്നെ ഈ സ്ഥിതിവിശേഷം നിഷേധിച്ചതിനാൽ അതിനുള്ള സാധ്യതകൾ കുറയുന്നു. റിട്രൊഗ്രേഡ് അംനേഷ്യവന്നാൽ മദ്യപിച്ചതും കാറോടിച്ചതുമായ കാര്യങ്ങളിൽ ശ്രീറാമിന്റെ മൊഴി നിലനിൽക്കാനിടയില്ല എന്ന അവസ്ഥ വരുമായിരുന്നു. ഇതോടെ കേസിൽ നിന്ന് രക്ഷപെടാൻ ശ്രീറാമിനാകും. പക്ഷെ മെഡിക്കൽ കോളെജ് അധികൃതർ തന്നെ ഈ രോഗാവസ്ഥ തള്ളിക്കളഞ്ഞതിനാൽ ഈ നീക്കവും വിജയിക്കാൻ സാധ്യത മങ്ങുന്നു.

മാധ്യമ പ്രവർത്തകനെ മദ്യപിച്ച് കാറോടിച്ച് കൊന്ന കേസിൽ പ്രതിയായ ശേഷം ശ്രീറാമിനെ രക്ഷിക്കാൻ വ്യാപകമായ ശ്രമങ്ങൾ ആണ് നടന്നത്. ഈ ശ്രമങ്ങളുടെ ഭാഗമായി തന്നെയാണ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ശ്രീറാമിന് റിട്രൊഗ്രേഡ് അംനേഷ്യയാണെന്ന രീതിയിൽ വാർത്തകൾ വന്നത്. ഈ വാർത്തകൾ ആണ് ഇപ്പോൾ അധികൃതർ നിഷേധിക്കുന്നത്. ഒരു അപകടത്തിൽ ആ സമയത്തുള്ള കാര്യങ്ങൾ ഒരു വ്യക്തിയിൽ നിന്നും മറന്നു പോകുന്നതിനെയാണ് ഈ രീതിയിൽ വിശേഷിപ്പിക്കുന്നത്. ഒരു സംഭവം നടക്കുന്നതിനു ശേഷം ആ വ്യക്തിയിൽ നിന്നും മുൻ സംഭവങ്ങൾ മറന്നുപോകും.

റോഡ് അപകടങ്ങളിൽ തലയ്ക്ക് പരുക്കേൽക്കുന്ന ആളുകളിൽ ചിലർക്ക് മാത്രം വരുന്ന സംഭവമാണിത്. ചില ആളുകൾക്ക് ഇങ്ങിനെ സംഭവങ്ങൾ മറന്നു പോകാം. പക്ഷെ പിന്നീട് ഓർമ്മ തിരിച്ചു വരുകയും ചെയ്യാം. തലച്ചോറിനു ഏൽക്കുന്ന കടുത്ത പരുക്കുകൾ ആണ് ഈ സ്ഥിതിവിശേഷം ചിലരിൽ ഉണ്ടാക്കുന്നത്. ഈ രോഗിയെ മോണിട്ടർ ചെയ്യുന്ന മെഡിക്കൽ ബോർഡിന് മാത്രമാണ് ഈ സ്ഥിതിവിശേഷം വേണ്ട രീതിയിൽ വിലയിരുത്താൻ കഴിയുക. ഇതുപോലുള്ള ഒരു മെഡിക്കൽ ബോർഡിൽ നിന്നും കടന്നുവന്ന മൈന്യൂട്ട് പരാമർശം മാത്രമാണ് അതെന്നു തന്നെയാണ് മെഡിക്കൽ കോളെജ് വൃത്തങ്ങളിൽ നിന്നും വരുന്ന സൂചനകൾ

അതേസമയം അപകടം നടന്ന ശേഷം ഒമ്പത് മണിക്കൂറിന് ശേഷം മാത്രം ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയത് തന്നെ വിവാദമായി തുടരുകയാണ്. ഇത്തരത്തിൽ ഒരു രക്ഷിക്കൽ ശ്രമം നടന്നതിനാലാണ് ശ്രീറാമിന് ജാമ്യം കിട്ടിയത്. ഹൈക്കോടതി അതിനിശിതമായ വിമർശനങ്ങൾ ആണ് ഈ കാര്യത്തിൽ പൊലീസിനെതിരെ നടത്തിയത്. എന്തുകൊണ്ട് ശ്രീറാമിന്റെ രക്ത പരിശോധന നടത്തിയില്ല എന്ന കാര്യത്തിൽ ഒരു വിശദീകരണവും പൊലീസ് നൽകിയതുമില്ല. രക്തപരിശോധന വൈകിച്ചതോടെ ശ്രീറാമിന്റെ രക്തത്തിൽ ആൽക്കഹോളിന്റെ അംശവും കണ്ടെത്താൻ കഴിഞ്ഞില്ല.

അതിനാൽ ശ്രീറാമിന് ജാമ്യം ലഭിക്കുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ നിന്ന് കിംസിൽ എത്തിച്ച ശേഷമാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നത്. ഐഎഎസ് തലത്തിൽ നടന്ന ഉന്നത ഇടപെടലുകൾക്ക് കിംസ് ആശുപത്രിയും വഴങ്ങി എന്നു തന്നെയാണ് നിലവിലെ സ്ഥിതിവിശേഷങ്ങൾ വിരൽ ചൂണ്ടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP