Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടുകാരിയുടെ തോളിൽ വച്ച് രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞത് വാർത്തകൾ വൈറലായി പടർന്നപ്പോൾ; ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും വണ്ടി എടുത്തപ്പോൾ ലഹരി തലയ്ക്ക് പിടിച്ച ശ്രീറാമിന് അമിത വേഗം പരീക്ഷിക്കാൻ തോന്നിയ മോഹം അവസാനിച്ചത് നിരപരാധിയുടെ ജീവൻ കവർന്നെടുത്തപ്പോൾ; അർദ്ധരാത്രിയിൽ ശ്രീറാമിന്റെ വാട്‌സാപ്പ് മെസേജ് കണ്ട് കുഞ്ഞിനെ ഒറ്റയ്ക്കാക്കി ലിഫ്റ്റ് കൊടുക്കാൻ വഫ എത്തിയത് ലോകം ശ്രദ്ധിക്കുന്ന നാണക്കേടിലേക്ക്; പൊലീസിന് പറ്റിയതും സർവ്വത്ര വീഴ്ച: ഉടഞ്ഞ് വീണത് മൂന്നാറിലെ വിഗ്രഹം

കൂട്ടുകാരിയുടെ തോളിൽ വച്ച് രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞത് വാർത്തകൾ വൈറലായി പടർന്നപ്പോൾ; ട്രിവാൻഡ്രം ക്ലബ്ബിൽ നിന്നും വണ്ടി എടുത്തപ്പോൾ ലഹരി തലയ്ക്ക് പിടിച്ച ശ്രീറാമിന് അമിത വേഗം പരീക്ഷിക്കാൻ തോന്നിയ മോഹം അവസാനിച്ചത് നിരപരാധിയുടെ ജീവൻ കവർന്നെടുത്തപ്പോൾ; അർദ്ധരാത്രിയിൽ ശ്രീറാമിന്റെ വാട്‌സാപ്പ് മെസേജ് കണ്ട് കുഞ്ഞിനെ ഒറ്റയ്ക്കാക്കി ലിഫ്റ്റ് കൊടുക്കാൻ വഫ എത്തിയത് ലോകം ശ്രദ്ധിക്കുന്ന നാണക്കേടിലേക്ക്; പൊലീസിന് പറ്റിയതും സർവ്വത്ര വീഴ്ച: ഉടഞ്ഞ് വീണത് മൂന്നാറിലെ വിഗ്രഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ വാട്സാപ്പ് സന്ദേശംവഴി തന്നെ വിളിച്ചുവരുത്തുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് പൊലീസിനു മൊഴി നൽകിയതാണ് മ്യൂസിയം അപകടത്തിൽ നിർണ്ണായകമായത്. കാറുമായി വരാൻ ശ്രീറാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിൽ എത്തിയത്. തന്റെ പേരിലുള്ള കെ.എൽ. 01-ബിഎം 360 എന്ന കാർ അപകടത്തിൽപ്പെടുമ്പോൾ ശ്രീറാം ആണ് ഓടിച്ചിരുന്നതെന്നും അവർ കന്റോൺമെന്റ് പൊലീസിന് മൊഴിനൽകി. ഇതോടെയാണ് ശ്രീറാം അറസ്റ്റിലാകുന്നത്. യുവതിയെ കേസിലെ നിർണായക സാക്ഷിയാക്കുന്നതിന്റെ ഭാഗമായി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽനടന്ന മൊഴിയെടുപ്പ് വൈകുന്നേരംവരെ നീണ്ടു. പിന്നീട് കോടതിയിൽ ഹാജരാക്കി മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തി. എട്ടുപേജുള്ള രഹസ്യമൊഴിയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് നൽകിയത്. ഇത് പൂർണ്ണമായും ശ്രീറാമിന് എതിരായിരുന്നു. അന്വേഷണത്തിൽ പൊലീസിനും തുടക്കം മുതൽ വീഴ്ച പറ്റി. ഇത് കേസിനെ സ്വാധീനിക്കാനും സാധ്യത ഏറെയാണ്.

അതിവേഗത്തിലെത്തിയ ഈ കാറിടിച്ചാണ് മാധ്യമപ്രവർത്തകനായ ബഷീർ മരിച്ചത്. കവടിയാർ എത്താനാണ് തന്നോട് ശ്രീറാം ആവശ്യപ്പെട്ടത്. അവിടെനിന്ന് വഴുതക്കാടുള്ള ഒരു ക്ലബ്ബിൽ കാറുമായി എത്തി. ട്രിവാൻട്രം ക്ലബ്ബിലാണ് എത്തിയത്. ശ്രീറാം നല്ലരീതിയിൽ മദ്യപിച്ചശേഷമാണ് അവിടെനിന്നു മടങ്ങിയത്. താൻ ഡ്രൈവ് ചെയ്യാമെന്നു പറഞ്ഞിട്ടും ശ്രീറാം കാർ ഓടിക്കുകയായിരുന്നു. പട്ടം മരപ്പാലത്തെ തന്റെ ഫ്‌ളാറ്റിലേക്കു മടങ്ങിപ്പോവുകയായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പൊലീസിനു മൊഴിനൽകിയത്. ഇത് ശരിയല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം പോയിരുന്നത് പാളയം ഭാഗത്തേക്കാണ്. കവടിയാർ ഭാഗത്തേക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ വഫയുടെ വീട്ടിലേക്ക് കാർ പോയി എന്ന് വേണം അനുമാനിക്കാൻ.

മൂന്നാർ സബ് കളക്ടറായിരിക്കെ ശ്രീറാമെടുത്ത നടപടികളുമായി ബന്ധപ്പെട്ട് ആരാധനതോന്നി ഫേസ്‌ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്ന് വഫ പറഞ്ഞു. ഒട്ടേറെ ഐ.എ.എസ്.-ഐ.പി.എസ്. ഉദ്യോഗസ്ഥരുമായി പരിചയമുണ്ട്. ഈയിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം നൽകിയിരുന്നു. വിവാഹിതയായ വഫ അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പമായിരുന്നു താമസം. ഈയിടെയാണ് നാട്ടിലെത്തിയത്. തിരുവനന്തപുരം-കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബവീട്. ഇവിടത്തെ വിലാസത്തിലാണ് അപകടത്തിൽപ്പട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്. അതിവേഗത്തിന് മോട്ടോർവാഹന വകുപ്പ് നേരത്തേയും ഈ കാറിന് പിഴചുമത്തിയിട്ടുണ്ട്.

പൊലീസ് വീഴ്ചകൾ ഇങ്ങനെ

അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനൊപ്പം മെഡിക്കൽ പരിശോധനയ്ക്കും രക്തപരിശോധനയ്ക്കും പൊലീസ് ആവശ്യപ്പെടണം. പ്രത്യേകിച്ച് മദ്യപിച്ച് എന്ന് സംശയം ഉണ്ടെങ്കിൽ എന്നതാണ് നിയമം. ശ്രീറാം മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ. തന്നെ പറയുന്നുണ്ടെങ്കിലും രക്തപരിശോധന ആവശ്യപ്പെട്ടില്ല. മദ്യത്തിന്റെ മണമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടും പൊലീസ് രക്തപരിശോധന നിർദ്ദേശിച്ചില്ല. ഇതും പ്രതിയെ രക്ഷിക്കാനായിരുന്നു. വഫയെ ഊബറിൽ വീട്ടിലേക്ക് അയച്ചതും പൊലീസായിരുന്നു. രക്തപരിശോധന ഒമ്പതു മണിക്കൂറോളം വൈകിപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചോ എന്നറിയാനുള്ള രക്തപരിശോധന നടന്നത് അപകടം കഴിഞ്ഞ് ഒമ്പതു മണിക്കൂർ കഴിഞ്ഞിട്ടാണ്. ഇതും ഐ എഎസുകാരനെ രക്ഷിക്കാനായിരുന്നു.

പൊലീസിന്റെ സഹായത്തോടെതന്നെ ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കുപോയി. ഇത് പ്രതിയുടെ രക്തപരിശോധന വൈകിപ്പിക്കുന്നതിനടക്കം സഹായകമായി. അപകടത്തിൽപ്പെട്ടയാൾ മരിച്ചു എന്നറിഞ്ഞിട്ടും വാഹനം ഓടിച്ച ആളെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടു. മെഡിക്കൽ കോളേജിലേക്കാണ് റഫർ ചെയ്തത്. പക്ഷേ, സ്വന്തം ഇഷ്ടപ്രകാരം പോകാൻ പൊലീസ് ഉദ്യോഗസ്ഥർ അനുവദിച്ചു. ഇതും നിയമവിരുദ്ധമാണ്. ദൃക്സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്താൻ തയ്യാറായില്ല. വാഹനം ഓടിച്ചയാളെ മാറ്റാൻ ശ്രമിച്ചു. ശ്രീറാമിന് പകരം ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് കാർ ഓടിച്ചതെന്നാണ് പൊലീസ് ആദ്യം സ്ഥാപിക്കാൻ ശ്രമിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പലരും തരിച്ചറിഞ്ഞതിനാലായിരുന്നു ഈ നീക്കം. എഫ്.ഐ.ആറിലും വാഹനം ഓടിച്ച ആളിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ല.

സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് വാഹനം ഓടിച്ചയാളെ സംബന്ധിച്ചുള്ള അവ്യക്തത അവസാനിപ്പിക്കാം. വാഹനം ഓടിച്ചതാരെന്ന് കണ്ടെത്താൻ സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കാൻ പൊലീസ് ആദ്യം തയ്യാറായില്ല. ക്യാമറകൾ എല്ലാം കേടാണെന്ന നിലപാടിലായിരുന്നു. വളരെ വൈകിയാണ് ക്യാമറകൾ പരിശോധിക്കാൻ തയ്യാറായത്.

സമാനതകൾ ഇല്ലാത്ത പതനം

ദേവികുളം സബ്കളക്ടറായിരിക്കെ കൈയേറ്റക്കാരെ നേരിട്ടാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുകാരൻ താരപദവിയോടെ യുവാക്കളുടെ മനസ്സ് കീഴടക്കിയത്. ഡ്രൈവിങ് ഹരമാക്കിയ ശ്രീറാം, ഒടുവിൽ മദ്യലഹരിയിൽ അതിവേഗത്തിൽ കാറോടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ചുകൊന്ന വില്ലനായിമാറിയത് ഒറ്റദിവസംകൊണ്ടും. ഇതോടെ സോഷ്യൽ മീഡിയയിലെ പുലി മുരുകൻ.. ഡാഡി ഗിരിജയായി. മദ്യപാനത്തിനെതിരേയും ട്രാഫിക് ബോധവത്കരണത്തിനും ഒക്കെയായി ശ്രീറാം നടത്തിയ ആഹ്വാനങ്ങൾ ഒന്നൊന്നായി ട്രോളുകളായും നെടുനീളൻ പോസ്റ്റുകളായും സാമൂഹികമാധ്യമങ്ങൾ ആഘോഷിച്ചു.

മെഡിക്കൽ പ്രവേശന പരീക്ഷയിൽ 770-ാം റാങ്കോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനെത്തിയത്. അതുകഴിഞ്ഞ് പ്രത്യേക പരിശീലനത്തിനൊന്നും പോകാതെ സിവിൽ സർവീസ് പരീക്ഷ നേരിട്ടു. 2013-ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കി. പത്തനംതിട്ടയിൽ അസിസ്റ്റന്റ് കളക്ടറായും തിരുവല്ല ആർ.ഡി.ഒ. ആയും ഡൽഹിയിൽ ഭക്ഷ്യമന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായും തിളങ്ങി. തിരിച്ചെത്തിയ യുവ ഐ.എ.എസുകാരനെ 2016 ജൂലായിൽ ദേവികുളം സബ്കളക്ടറായി നിയമിച്ചു. ഇതോടെ ശ്രീറാം താരമായി. രണ്ടുമാസം കഴിഞ്ഞതോടെ സർവേ രേഖകൾ ഒന്നൊന്നായി ഇഴകീറിയെടുത്ത് അധികാരകേന്ദ്രങ്ങളെ മുഴുവൻ വിറപ്പിച്ചു. ഒരാളെയും കൂസാതെ മൂന്നാറിലെ ഭൂമാഫിയകളെ തിരഞ്ഞുപിടിച്ച ശ്രീറാമിന് കേരളമെമ്പാടും ആരാധകരായി. ഇതോടെ മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വം തലസ്ഥാനത്തുവരെ പരാതിയുമായെത്തി. മന്ത്രി എം.എം. മണിയടക്കം ഇടുക്കിയിലെ രണ്ട് എംഎ‍ൽഎ.മാരും എംപി.യുമൊക്കെ ശ്രീറാമിനെതിരേ വാളെടുത്തു.

ഒടുവിൽ സർക്കാർ കൈവിട്ടു. പരസ്യശാസനയുമായി മുഖ്യമന്ത്രിപോലും തള്ളിപ്പറഞ്ഞു. ശ്രീറാമിന്റെ കസേര തെറിച്ചു. എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ് ഡയറക്ടാറായി തലസ്ഥാനത്ത് ഒതുക്കി. പക്ഷേ, ഇതിനിടെ ഉന്നതപഠനത്തിന് സ്‌കോളർഷിപ്പ് ലഭിച്ച് വിദേശത്തുപോയി. പഠനാവധികഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീറാമിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രിസഭ സർവേ ഡയറക്ടറായി നിയമനം നൽകിയത്. സ്ഥാനമേറ്റെടുക്കലിന് നിറംപകരാനുള്ള സത്കാരം കഴിഞ്ഞു മടങ്ങവേയാണ് ശ്രീറാം വെങ്കിട്ടരാമൻ പ്രശസ്തിയുടെ കൊടുമുടിയിൽനിന്ന് നിലംപൊത്തുന്നത്.

ശ്രീറാം തൽക്കാലം പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും

ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോർ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടർനടപടികളുമെടുക്കാൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. അപകടസമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യമുണ്ട്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഐജി സഞ്ജയ് കുമാർ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയും ഇതുതന്നെയാണ് പൊലീസിൽ അറിയിച്ചതെന്നും കമ്മിഷണർ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ തള്ളിയാണ് കമ്മിഷണർ വിശദീകരണം നൽകിയത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.

പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കാറിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന വഫയെ പൊലീസ് കസ്റ്റഡിയിൽ എടുക്കാതെ ആദ്യം വിട്ടയച്ചു. തുടർന്നു മാധ്യമപ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഇവരെ ഫോണിൽ വിളിച്ചു വീണ്ടും സ്റ്റേഷനിലെത്തിച്ചു മൊഴി രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP