Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വകാര്യ ബസ് ഡ്രൈവറായി തുടങ്ങി; മണൽ മാഫിയാ ബന്ധവും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും 'കമ്മീഷൻ' രാഷ്ട്രീയക്കാരനായി; ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത സമയത്തും പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി; വാമനപുരത്ത് സ്ഥാനാർത്ഥിയായപ്പോൾ ലക്ഷങ്ങൾ പിരിച്ച് പടിക്ക് പുറത്തായി! സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ 'തോറ്റ എംഎൽഎ' ശിവപ്രസാദിന്റെ ജീവിത കഥ

സ്വകാര്യ ബസ് ഡ്രൈവറായി തുടങ്ങി; മണൽ മാഫിയാ ബന്ധവും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും 'കമ്മീഷൻ' രാഷ്ട്രീയക്കാരനായി; ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത സമയത്തും പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയിച്ചു കയറി; വാമനപുരത്ത് സ്ഥാനാർത്ഥിയായപ്പോൾ ലക്ഷങ്ങൾ പിരിച്ച് പടിക്ക് പുറത്തായി! സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ 'തോറ്റ എംഎൽഎ' ശിവപ്രസാദിന്റെ ജീവിത കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് വ്യാജ രേഖയുണ്ടാക്കി ലക്ഷങ്ങൾ തട്ടിയ ബിജെപി നേതാവ് ശിവപ്രസാദിന്റേത് ആരേയും അമ്പരപ്പിക്കുന്ന ജീവിത കഥ. ഒരു ബസ് ഡ്രൈവറായി ജോലി തുടങ്ങിയ ബിജെപിയുടെ ഈ മുൻ സംസ്ഥാന സമിതി അംഗത്തിന് ഇന്ന് ലക്ഷങ്ങളുടെ ഭൂമിയും മറ്റ് സ്ഥാപനങ്ങളുമാണ് സ്വന്തമായ് കൈവശമുള്ളത്. ദുരൂഹതകൾ ഏറെയുണ്ട് ശിവപ്രസാദിന്റെ വളർച്ചയ്ക്ക് പിന്നിൽ. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ച ശിവപ്രസാദിനേയും സഹോദരങ്ങളേയും അമ്മ വളർത്തിയത് അണ്ടി കമ്പനിയിൽ ജോലിചെയ്ത് കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിൽ നിന്നുമാണ്. ഒരു ചെറ്റ കുടിലിൽ ജീവിച്ച ശിവപ്രസാദിന് ഇന്ന് ലക്ഷങ്ങളുടെ സ്വത്തുണ്ടായ കഥ നാട്ടുകാർക്കുൾപ്പടെ ഒരു അത്ഭുതമായിരുന്നു.

ചെറിയ ഇടവേളയ്ക്ക് ശേഷം ബിജെപി നേതാക്കളുടെ കോഴ ആരോപണങ്ങൾ വീണ്ടും സജീവമാവുകയാണ്. സംസ്ഥാന വ്യാപകമായി സർക്കാർ ഗവ ഹയർ സെക്കന്ററി സ്‌കൂളുകളിൽ ക്ലാർക്ക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നിർമ്മിച്ച് നൽകി പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലാണ് കിളിമാനൂർ സ്വദേശിയും മുൻ സംസ്ഥാന സമിതി അംഗവുമായ ശിവപ്രസാദ് അറസ്റ്റിലായത്. ബിജെപിയുടെ മുൻ സംസ്ഥാന സമിതി അംഗം, ബിജെപിക്ക് സംസ്ഥാനത്ത് ഒരു മുന്നേറ്റവും നടത്താനാകാത്ത കാലത്ത് പഞ്ചായത്തംഗം. നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന വ്യക്തി. ഇതൊക്കെയായിരുന്നു ഒരു കാലത്ത് ശിവപ്രസാദിന്റെ വിശേഷണങ്ങൾ. എന്നാൽ പദവിയും പണവും കുന്നുകൂടിയതോടെ ശിവപ്രസാദിന് ജനങ്ങളുടെ പിന്തുണ കുറയുകയായിരുന്നു.

കിളിമാനൂർ കാരേറ്റ് പ്രദേശത്തെ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു ശിവപ്രസാദ്. പിന്നീട് ടൂറിസ്റ്റ് ബസ് ഓടിക്കുകയായിരുന്നു. മണൽ മാഫിയയുമായും വയൽ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നവർക്കും ഒത്താശ ചെയ്തും കമ്മീഷൻ കൈപ്പറ്റിയുമാണ് ശിവപ്രസാദ് പണമുണ്ടാക്കി തുടങ്ങുന്നത്. പിന്നീട് സ്വന്തമായ് ഒരു പിക്കപ്പ് വാൻ വാങ്ങുകയായിരുന്നു. നാട്ടിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും ഓടിയെത്തുകയും അവിടെ ഇടപെടുന്നതും ആദ്യാവസാനം കാര്യക്കാരനായി നിൽക്കുന്നതും ശിവപ്രസാദിന്റെ പതിവായിരുന്നു.

കാരേറ്റിന് സമീപം തെങ്ങുംകോണം എന്ന സ്ഥലത്ത് ജനിച്ച് വളർന്ന ശിവപ്രസാദ് പൊതുരംഗത്ത് സജീവമായത് ബിജെപിയിലൂടെ തന്നെയാണ്. 2003ൽ കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിൽ താളിപ്പുഴ 11ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി ശിവപ്രസാദ് മത്സരിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് അക്കാലത്ത് ബിജെപിക്ക് യാതൊരു സ്വാധീനമോ മത്സരിക്കാൻ ആളോ ഇല്ലാത്ത സമയത്താണ് വ്യക്തി ബന്ധങ്ങളുടെ സ്വാധീനത്തിൽ ഏവരേയും അമ്പരപ്പിച്ച് ശിവപ്രസാദ് ജയിച്ച് കയറിയത്. പിന്നീട് 2005ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 12ാം വാർഡിൽ നിന്നും വീണ്ടും മത്സരിക്കുകയും വിജയിക്കുകയുമായിരുന്നു.

പാർട്ടിക്ക് സ്വാധീനമില്ലാതിരുന്ന കാലത്തെ തെരഞ്ഞെടുപ്പ് വിജയം ശിവപ്രസാദിനെ ബിജെപിയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയിലും പിന്നീട് ജോയിന്റ് സെക്രട്ടറി പദത്തിലെത്തുകയായിരുന്നു. ഈ സമയത്ത് മണൽ മാഫിയയുമായുള്ള ഇടപെടലുകൾ ലക്ഷങ്ങൾ ശിവപ്രസാദിന്റെ കീശയിലെത്തിച്ചു. ജില്ലാ നേതൃത്വത്തിലേക്കും പിന്നെ സാമ്പത്തികമായുള്ള വളർച്ചയും ഒരുമിച്ചപ്പോൾ 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ വാമനപുരം നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുന്നതിന് പാർട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

പാർട്ടി ജില്ലാ കമ്മിറ്റിയിലും അവിടെ നിന്നും സംസ്ഥാന സമിതിയിലുമെത്തുകയും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തുകയും ചെയ്തതോടെ ജനങ്ങളുമായുള്ള ബന്ധം കുറയുകയുമായിരുന്നു.ചെറ്റക്കുടിലിൽ നിന്നും ഇന്ന് കാരേറ്റിൽ ഇരുനില വീട് വരെ സ്വന്തമായി വെക്കുന്നതിലേക്ക് എത്തി. സാമ്പത്തികമായി ചില ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് സംസ്ഥാന സമിതിയിൽ നിന്നും പുറത്താക്കിയത്.ഇപ്പോൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽമാത്രമാണ് ശിവപ്രസാദുള്ളത്. 2011 നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരിക്കെ നടത്തിയ പണപ്പിരിവിലെ അപാകതയാണ് ശിവപ്രസാദിന് പുറത്തേക്കുള്ള വഴി തെളിച്ചത്.

2009ൽ ഉത്സവപറമ്പിൽ വെച്ച് നടന്ന അടിപിടിയിൽ ശിവപ്രസാദിന് കുത്തേറ്റിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ അച്ചടക്ക നടപടിക്ക് വിധേയനായ ശിവപ്രസാദ് 2015ൽ വീണ്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. ശിവപ്രസാദിന്റെ വീട്ടിൽ അമ്മ മാത്രമാണുള്ളത്. അവിവാഹിതനായ ശിവപ്രസാദിന് കാരേറ്റ് ബസ്സ് സ്റ്റാൻഡിനുള്ളിൽ ഒരു കമ്പ്യൂട്ടർ സെന്റർ സ്വന്തമായിട്ടുണ്ട്. ഇതിന് പുറമേ വിസ്മയ ഫുഡ് കോർണർ, ഡിജിറ്റൽ സ്റ്റുഡിയോ എന്നിവയും സ്വന്തമായിട്ടുണ്ട്. ഇതിന് പുറമേപുളിമാത്ത് പഞ്ചായത്തിന്റെ പരസ്യ നികുതി പിരിവും ശിവപ്രസാദ് ലേലത്തിൽ പിടിച്ചിരുന്നു.

ശിവപ്രസാദിന് പുറമേ ഡി ടി പി ജോലിക്കാരി പുളിമാത്ത് കാരേറ്റ് കരുവള്ളിയോട് അഞ്ചുഭവനിൽ രേഷ്മാവിജയൻ (21) എന്നിവരാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്. ഇവർ യഥാക്രമം നാലും മൂന്നും പ്രതികളാണ്. കേസിലെ ഒന്നാം പ്രതിയും വ്യാജരേഖകൾ ഉപയോഗിച്ച് പണം കൈപ്പറ്റുകയും ചെയ്ത പേടികുളം അഭയംവീട്ടിൽ അഭിജിത്ത് (22) നേരത്തെ കസ്റ്റഡിയിലായിരുന്നു. തട്ടിപ്പിന് ഇരയായ കല്ലറ പഴയചന്ത മാടൻനടക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ അരുണി(23)ന്റെ പരാതിയിലാണ് പ്രതികൾ കസ്റ്റഡിയിലായത്. കേരളത്തിലെ വിവിധ സർക്കാർ ഹയർ സെക്കന്ററി വിദ്യാലയങ്ങളിൽ ക്ലാർക്ക്, കംമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ പി എസ് സി യെ സ്വാധീനിച്ച് നിയമനം നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരുണിൽനിന്ന് 12000 രൂപ തട്ടിയെടുത്തയായുള്ള പരാതിയാണ് കേരളമാകെ വ്യാപിപ്പിച്ചു കിടക്കുന്ന വൻനിയമന തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP