Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രീവൽസം പിള്ളയെ ഹരിപ്പാട് സഹായിച്ചത് യുഡിഎഫ് നേതാവെന്ന് സിപിഐയുടെ നിർണ്ണായക വെളിപ്പെടുത്തൽ; വിരലുകൾ നീളുന്നത് രമേശ് ചെന്നിത്തലയ്ക്ക് നേരെയോ? ഭൂമി കച്ചവടത്തിൽ ഇടനിലക്കാരനായത് മുൻ മന്ത്രിയെന്ന് ആരോപണം; കള്ളക്കഥയെന്ന് കോൺഗ്രസും; നാഗാലാന്റിലെ കോൺസ്റ്റബിളിനെ ശതകോടീശ്വരനാക്കിയത് ആര്?

ശ്രീവൽസം പിള്ളയെ ഹരിപ്പാട് സഹായിച്ചത് യുഡിഎഫ് നേതാവെന്ന് സിപിഐയുടെ നിർണ്ണായക വെളിപ്പെടുത്തൽ; വിരലുകൾ നീളുന്നത് രമേശ് ചെന്നിത്തലയ്ക്ക് നേരെയോ? ഭൂമി കച്ചവടത്തിൽ ഇടനിലക്കാരനായത് മുൻ മന്ത്രിയെന്ന് ആരോപണം; കള്ളക്കഥയെന്ന് കോൺഗ്രസും; നാഗാലാന്റിലെ കോൺസ്റ്റബിളിനെ ശതകോടീശ്വരനാക്കിയത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: പന്തളത്ത് സോഡാക്കച്ചവടമായിരുന്നു കുടുംബത്തിന്. അച്ഛന്റേയും അമ്മാവന്റേയും കഷ്ടത കണ്ട് നാഗാലാണ്ടിലേക്ക് വണ്ടി കയറിയ പിള്ള ശതകോടീശ്വരനായി. ശ്രീവൽസം ഗ്രൂപ്പിന്റെ മുതലാളിയുമായി. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ മൂവായിരം കോടിയുടെ ഇടപാടാണ് അനധികൃതമായി കണ്ടെത്തിയത്. കോൺസ്റ്റബിളിൽ നിന്ന് നാഗാലാണ്ടിലെ എഎസ്‌പിയായുള്ള പിള്ളയുടെ വളർച്ചയിൽ കേരളത്തിലെ പ്രമുഖ യുഡിഎഫ് നേതാവിന്റെ കൈതാങ്ങുമുണ്ടെന്ന് മറുനാടൻ വാർത്തയാക്കി. ഇത് ശരിവയ്ക്കുന്ന ആരോപണവുമായി ആലപ്പുഴയിലെ സിപിഐ നേതൃത്വം രംഗത്തുവന്നു. ഹരിപ്പാട്ടെ പൊലീസ് റെയ്ഡിലാണ് സിപിഐ വിമർശനം ഉയർത്തുന്നു. യുഡിഎഫിലെ മുന്മന്ത്രിയാണ് ശ്രീവൽസം ഗ്രൂപ്പിന്റെ ഇടനിലക്കാരനെന്നാണ് സിപിഐ നേതാവ് ടിജെ ആഞ്ചലോസ് ആരോപിക്കുന്നത്. നേതാവിന്റെ പേരു വെളിപ്പെടുത്തുന്നില്ല. എന്നാൽ സൂചനകൾ നീളുന്നത് രമേശ് ചെന്നിത്തലയിലേക്കാണ്.

ഹരിപ്പാട്ടെ എംഎൽഎയാണ് രമേശ് ചെന്നിത്തല. മുൻ ആഭ്യന്തരമന്ത്രിയും. ഇതിനൊപ്പം കേരളത്തിന് പുറത്തും ബന്ധങ്ങളുള്ള ദേശീയ നേതാവാണെന്നും ആഞ്ചലോസ് ആരോപിക്കുന്നു. അതുകൊണ്ട് തന്നെ സംശയം നീളുന്നത് ചെന്നിത്തലയിലേക്കാണ്. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ അടുപ്പക്കാർ പറയുന്നത്. ഇത് വെറും രാഷ്ട്രീയ ആരോപണമാണ്. ഹരിപ്പാട് മണ്ഡലത്തിൽ വികസനം എത്തുമ്പോൾ സ്ഥലം എംഎൽഎ സഹകരിക്കാറുണ്ട്. അതിനപ്പുറം ഒന്നും ഇല്ല. ശ്രീവൽസം ഗ്രൂപ്പിന്റെ ഇടപാടുകളിലൊന്നും ചെന്നിത്തലയ്ക്ക് പങ്കില്ല. ഹരിപ്പാട് ചെന്നിത്തലയോട് സ്ഥിരമായി തോൽക്കുന്നത് സിപിഐക്കാരാണ്. അതിലുള്ള വൈരാഗ്യമാണ് സിപിഐ പുറത്തു കാണിക്കുന്നതെന്നും കോൺഗ്രസുകാർ പറയുന്നു. ഏതായാലും സിപിഐ ആരോപണത്തോടെ ശ്രീവൽസം ഗ്രൂപ്പിലെ ആദായ നികുതി റെയ്ഡ് രാഷ്ട്രീയ തർക്കം കൂടിയാവുകയാണ്.

ഒമ്പതു സ്റ്റാർ ഹോട്ടലുകളും മണിമുറ്റം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനവും ഉൾക്കൊള്ളുന്ന വമ്പൻ വ്യവസായ ഗ്രൂപ്പായിരുന്നു ശ്രീവൽസം. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാവിന്റെ ബിനാമിയാണെന്ന് മുമ്പ് ആരോപണമുയർന്ന സ്ഥാപനം. മണിമുറ്റം ഫിനാൻസിലൂടെ ചിട്ടി നടത്തി പടർന്ന് പന്തലിച്ച പ്രസ്ഥാനം. അപ്പോഴൊന്നും ശ്രീവത്സം ഗ്രൂപ്പ് ചെയർമാൻ എം.കെ. രാജേന്ദ്രൻ പിള്ളയുടെ സാമ്പത്തിക കരുത്ത് ഇത്രയേറെയുണ്ടെന്ന് ആരും കരുതിയില്ല. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകൾ ലഭിച്ചതായി സൂചന. ഇതോടെ രണ്ടായിരം കോടിയോളം രൂപയുടെ സ്വത്തിന് ഇയാൾ ഉടമായായിരുന്നുവെന്നാണ് ഉയരുന്ന വിലയിരുത്തൽ.

നാഗാലാൻഡ് പൊലീസിൽ അഡീഷണൽ എസ്‌പിയായി വിരമിച്ച ഇയാൾ കരാറടിസ്ഥാനത്തിൽ സർവീസിൽ തുടരുകയാണ്. പന്തളം സ്വദേശിയാണ്. വ്യാഴാഴ്ചയാണ് ഇയാളുടെ ഇരുപത്തിയേഞ്ചാളം സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തിയത്. പന്തളത്തെ വീട്ടിൽ നാഗാലാൻഡ് പൊലീസിന്റെ ഒരു ട്രക്കുണ്ടായിരുന്നു. ഇത് എന്തു കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ല. നാഗാലാന്റ് പൊലീസിനെ കൈവള്ളയിൽ ഇട്ടായിരുന്നു ഇയാളുടെ പ്രവർത്തനം. കടത്തിന് വേണ്ടിയാകാം നാഗാലാന്റ് പൊലീസിന്റെ ട്രക്ക് ഇവിടെ എത്തിയതെന്ന നിഗമനത്തിലാണ് ആദായ നികുതി വകുപ്പ്. നാഗാലാന്റിലെ ചില രാഷ്ട്രീയക്കാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനത്ത് സ്വാധീനമുള്ള കേരളത്തിലെ മുതിർന്ന നേതാവുമായും ശ്രീവൽസം ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ടെന്ന് സൂചനയെത്തി. ഇതോടെയാണ് ആരോപണം സിപിഐ രമേശ് ചെന്നിത്തലയ്ക്ക് നേരെ തിരിച്ചുവിട്ടത്.

പലയിടങ്ങളിൽ നിന്നായി കറൻസിയും സ്വർണവും വസ്ത്രവും പതിവായി കേരളത്തിലെത്തിച്ചിരുന്നത് പൊലീസ് ട്രക്കിലാണ്. നികുതി വെട്ടിക്കാനായിരുന്നു ഇതെന്നാണ് സൂചന. പത്ത് വർഷത്തിലധികമായി പൊലീസ് ട്രക്കിലാണ് നാഗാലൻഡിൽനിന്നും പന്തളത്തേക്ക് സാധനങ്ങൾ കടത്തിയിരുന്നത്. കറൻസിയും സ്വർണവുമുൾപ്പെടെ പൊലീസ് സുരക്ഷയോടെ എത്തിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം. വീട്ടുമുറ്റത്ത് നാഗാലൻഡ് പൊലീസിന്റെ ട്രക്ക് കണ്ടെത്തിയതോടെ പതിവായി സാധനങ്ങൾ കടത്തിയിരുന്നുവെന്ന് വ്യക്തമായി. ചെക് പോസ്റ്റിൽ പൊലീസ് വാഹനം ആരും തടയില്ല. അങ്ങനെ നികുതി വെട്ടിച്ചു കൊണ്ടു വരുന്ന സാധനങ്ങൾ കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്തു. ഇതിനൊപ്പമാണ്

നാഗാലാൻഡിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പിള്ളയുടെ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചതായി ആരോപണമുണ്ട്. ഇതിന്റെ ഭാഗമായി കൂടിയായിരുന്നു പരിശോധന. നാഗാലാൻഡിൽ പുറത്തുനിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ കഴിയില്ല. എന്നാൽ, അവിടത്തെ ആദിവാസികളെ ബിനാമി ഉടമകളാക്കിയാണ് ചില ബിസിനസുകൾ നടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോൺസ്റ്റബിളായി സർവീസിൽ കയറിയ ഒരാൾക്ക് ഊഹിക്കാൻപോലും കഴിയാത്തവിധത്തിൽ പിള്ള സമ്പാദിച്ചു കൂട്ടിയെന്നാണ് ആദായനികുതി വകുപ്പ് വിലയിരുത്തുന്നത്. ഇവിടെ നിന്നും കടത്തിയ പണം തന്ത്രപരമായി മണിമുറ്റം ഫിനാൻസിലൂടെ ഇരട്ടിപ്പിച്ചു. ജൂവലറി, വസ്ത്രശാലകൾ, ആറന്മുളയിലും നാഗാലാൻഡിലും സ്‌കൂൾ, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.

ശീ വൽസംപിള്ള യുടെ അച്ഛനും അമ്മാവനും ഒക്കെ കഴിഞ്ഞ മുപ്പതു വർഷം മുമ്പ് വരെ പന്തളത്തിനടുത്തു കുളനടയിലും പരിസര പ്രദേശങ്ങളിലും സോഡാ വിറ്റു നടക്കുന്ന പണി ആയിരുന്നു. അതായതു പണ്ടത്തെ വട്ടു സോഡാ. ഇയാളുടെ അമ്മാവനും അച്ഛനും ഒക്കെ സൈക്കിളിൽ കെട്ടി വെച്ചു നാട്ടിൽ ഉള്ള മാട കടകളിൽ ഒക്കെ കൊണ്ട് നടന്നു കൊടുക്കുന്ന പണിയായിരുന്നു. സോഡാ കൃഷ്ണ പിള്ളയുടെ കുടുംബക്കാരൻ എങ്ങനെ മൂവായിരം കോടിയുടെ ആസ്തിയുള്ള മുതലാളിയായെന്നത് പന്തളത്തുകാർക്ക് ഇന്നും അതിശയമാണ്. എല്ലാ രാഷ്ട്രീയക്കാരുമായി ഇയാൾക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഈ കേസും ഒതുക്കി തീർക്കുമെന്നാണ് പന്തളത്തുകാർ പറയുന്നത്. പത്രങ്ങളുടേയും ഇഷ്ടക്കാരൻ. അതുകൊണ്ട് തന്നെ ശ്രീവൽസം പിള്ള വിവാദങ്ങളിൽ നിന്ന് തടിയൂരുമെന്നാണ് പന്തളത്തുകാരുടെ അടക്കം പറച്ചിൽ. ഇതിനിടെയാണ് ശ്രീവൽസം പിള്ളയുടെ പിന്നിലുള്ള രാഷ്ട്രീയ നേതാവിനെ ചുറ്റിപ്പറ്റിയും ആരോപണം സജീവമാകുന്നത്.

സർവീസ് കാലത്തു രാജ്യാതിർത്തിയിൽനിന്നു പൊലീസ് വാഹനങ്ങളിൽ കള്ളക്കടത്തു നടത്തിയെന്ന ആരോപണത്തെ തുടർന്നു പിള്ള നടപടി നേരിട്ടിരുന്നു. എന്നാൽ കുറ്റം തെളിയിക്കാനായില്ല. നടപടി നേരിട്ടയാളെ വിരമിച്ചശേഷം പൊലീസ് വാഹനങ്ങളുടെ ചുമതലക്കാരനായി നിയമിച്ചു. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. 45 വർഷം മുൻപു കോൺസ്റ്റബിളായി നാഗാലാൻഡ് പൊലീസിൽ ചേർന്ന പിള്ള എഎസ്‌പിയായാണു വിരമിച്ചത്. രാഷ്ട്രീയ സ്വാധീനമായിരുന്നു വിവാദങ്ങളിലെല്ലാം നാഗാലാണ്ടിൽ പിള്ളയെ താങ്ങി നിർത്തിയത്. നാട്ടിലും പുറത്തും വാങ്ങിയ സ്വത്തുക്കൾ നാഗാലാൻഡ് സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും ഫണ്ടുകൾ അടിച്ചുമാറ്റി വാങ്ങിയതാണന്ന സംശയവും വ്യാപകമാണ്. ഇതും ചില രാഷ്ട്രീയക്കാരുടെ പിന്തുണയോടെ ആണെന്നാണ് ആരോപണം.

നോട്ട് അസാധുവാക്കിയ സമയത്ത് പിള്ളയും ബന്ധുക്കളുടെ സ്ഥാപനങ്ങളും ചേർന്ന് 50 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിനയായത്. ഇതോടെ ആദായനികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം റെയ്ഡ് നടന്നപ്പോൾ 100 കോടി വെളിപ്പെടുത്താമെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. മലേഷ്യയൽ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും പരിശോധകസംഘത്തിനു ലഭിച്ചിട്ടുണ്ട്.ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിൽ പന്തളം, മാവേലിക്കര ഭാഗങ്ങളിലും പന്തളത്തെ പിള്ളയുടെ വീട്ടിലുമാണ് വ്യാഴാഴ്ച രാവിലെ മുതൽ പരിശോധന നടന്നത്. ഡൽഹിയിൽ മൂന്നും ബെംഗളൂരുവിൽ രണ്ടും ഫ്‌ലാറ്റുകൾ ഉണ്ട്. ബെംഗളൂരുവിൽ വാണിജ്യസ്ഥാപനങ്ങളുമുണ്ട്. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്. 'പിള്ള സാർ' എന്നാണ് എല്ലായിടത്തും അറിയപ്പെടുന്നത്. പിള്ളയുടെ മക്കളായ അരുൺരാജ്, വരുൺരാജ് എന്നിവർക്കെതിരെ വകുപ്പ് കേസെടുത്തിട്ടുണ്ട്. ഇതിൽ വരുൺ രാജാണ് ഗ്രൂപ്പ് എംഡി.

പന്തളത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി പഞ്ചായത്ത് സഹായത്തോടെ നിലംനികത്തിയിരുന്നു. രണ്ട് വർഷത്തിനു ശേഷം പാർക്കിങ് അനുവദിക്കാനാകില്ലെന്ന് അറിയിച്ച് അവിടെ ഹോട്ടൽ നിർമ്മാണം തുടങ്ങി. കൂറ്റൻ ചുറ്റുമതിലുണ്ടാക്കി ഏക്കർക്കണക്കിന് ഭൂമി മണ്ണിട്ട് വീണ്ടും നികത്തി. നിയമലംഘനം കണ്ടെത്തിയതോടെ കുളനട പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകുകയായിരുന്നു. ഇവിടേയും രാഷ്ട്രീയ സ്വാധീനം സഹായത്തിന് എത്തി. കേരളത്തിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങൾക്കും പ്രിയങ്കരനായിരുന്നു പിള്ള. പല പത്രസ്ഥാപനങ്ങളുടേയും സ്‌കൂളുകളുമായി ബന്ധപ്പെട്ട പത്രപ്രചാരണത്തിന്റെ സ്‌പോൺസറായിരുന്നു പിള്ള. പ്രത്യേകിച്ചും പന്തളം മേഖലയിൽ.

സമാന രീതിയിൽ ചാനലുകളുടെ പരിപാടികളിലും സ്‌പോൺസറായിരുന്നു. ഇവരുടെ ആഭിമുഖ്യത്തിൽ നടന്ന സേവന പ്രവർത്തനങ്ങളിലും പണം ചെലവഴിച്ചതിലൂടെ ഇടയ്ക്കിടെ മാധ്യവാർത്തകളിലും നിറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP