Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഞ്ചാവ് വിൽപനയിൽ പിടിയിലായ എക്‌സൈസ് ഉദ്യോഗസ്ഥൻ നിരപരാധിയല്ലെന്ന നിലപാടിൽ ഉറച്ചു തന്നെ: വിട്ടയച്ചത് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം മൂലം: മൊബൈൽഫോൺ കാൾലിസ്റ്റ് ഉൾപ്പെടെ പരിശോധിക്കാൻ പൊലീസ്

കഞ്ചാവ് വിൽപനയിൽ പിടിയിലായ എക്‌സൈസ് ഉദ്യോഗസ്ഥൻ നിരപരാധിയല്ലെന്ന നിലപാടിൽ ഉറച്ചു തന്നെ: വിട്ടയച്ചത് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം മൂലം: മൊബൈൽഫോൺ കാൾലിസ്റ്റ് ഉൾപ്പെടെ പരിശോധിക്കാൻ പൊലീസ്

ശ്രീലാൽ വാസുദേവൻ

കോട്ടയം: ഇടുക്കി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ സ്‌പെഷൽ സ്‌ക്വാഡിലെ ഗാർഡ് പൊലീസ് പിടിയിലായത് കഞ്ചാവ് വിൽപനയ്ക്കിടെയെന്ന് തന്നെ സൂചന. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദം മൂലം ഇയാളെ പൊലീസിന് വിട്ടയയ്‌ക്കേണ്ടി വരികയായിരുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയായ എരുമേലിയിൽ നിന്ന് ഞായറാഴ്ച രാത്രിയിലാണ് എക്‌സൈസ് ഗാർഡ് വിനോജ് പൊലീസിന്റെ പിടിയിലായത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കോഴഞ്ചേരി സിഐ വിദ്യാധരൻ, ആറന്മുള എസ്.ഐ. അശ്വിത്ത് എസ്. കാരാണ്മയിൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ആറന്മുള സ്റ്റേഷൻ അതിർത്തിയിൽ പിടിയിലായ കഞ്ചാവ് വിൽപനക്കാരനിൽ നിന്നാണ് ഇയാളെപ്പറ്റിയുള്ള സൂചന ലഭിച്ചത്. ഇതനുസരിച്ച് ഇടപാടുകാരെന്ന മട്ടിലാണ് പൊലീസ് സംഘം ഇയാളെ വിളിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് സാധനം കൈമാറാമെന്നാണ് ഇയാൾ പറഞ്ഞത്. ഇതനുസരിച്ച് എരുമേലിയിൽ ചെന്ന പൊലീസ് ഉദ്യോഗസ്ഥരെ ഇയാൾ വട്ടം കറക്കി. കേന്ദ്രങ്ങൾ മാറിമാറിപ്പറഞ്ഞ് ഇയാൾ പൊലീസിനെ പറ്റിച്ചു.

അവസാനം കണ്ടുമുട്ടിയപ്പോൾ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ആറന്മുള സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒരു മാസം മുമ്പ് രണ്ടു കിലോ കഞ്ചാവുമായി പിടിയിലായ പ്രതി തനിക്ക് ഇതു തന്നത് കട്ടപ്പനയുള്ള എക്‌സൈസ് ഗാർഡ് ആണെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. ഇതേപ്പറ്റി തുടരന്വേഷണം വേണ്ടെന്ന ഉന്നതതല നിർദേശത്തെ തുടർന്ന് ഫയൽ അവിടെ മടക്കി. ഞായറാഴ്ച തങ്ങൾ ഡീൽ ഉറപ്പിച്ച കഞ്ചാവ് വിൽപനക്കാരൻ ഇതേ എക്‌സൈസ് ഗാർഡ് തന്നെയാണെന്ന് പിടികൂടിക്കഴിഞ്ഞാണ് പൊലീസിന് മനസിലായത്. താൻ കഞ്ചാവ് വിൽപനക്കാരനെ കുടുക്കാനുള്ള സ്‌പെഷൽ ഡ്യൂട്ടിയിലാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ മൊഴികളും യാഥാർഥ്യവും തമ്മിൽ വൈരുധ്യമുണ്ടെന്ന് മനസിലായി. രണ്ടുദിവസത്തെ അവധി എടുത്താണ് ഇയാൾ വിൽപനയ്ക്ക് ഇറങ്ങിയതത്രേ. മറ്റൊരു ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് എരുമേലിയിൽ എന്തു കഞ്ചാവ് വേട്ട? എന്ന ചോദ്യത്തിനും മറുപടിയില്ല.

ഇയാളെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് പൊലീസ് പുതിയ കഥ മെനഞ്ഞിട്ടുമുണ്ട്. പൊലീസ് പരിശോധനയ്ക്ക് എത്തിയ സ്ഥലത്ത് സിവിൽ വേഷത്തിൽ പരിശോധനയ്ക്ക് വന്നതാണത്രേ എക്‌സൈസ് ഗാർഡ്. രണ്ടുകൂട്ടരും പരസ്പരം മനസിലാക്കിയതു കൊണ്ട് എക്‌സൈസുകാരനെ പിന്നീട് വിട്ടയച്ചുവെന്നും ഇവർ പറയുന്നു. മുൻപ് പിടിയിലായ പ്രതികളിൽ നിന്നും പൊലീസിന് കിട്ടിയ വിവരം അനുസരിച്ച് കഞ്ചാവ് കടത്തു സംഘത്തിലെ പ്രധാന കണ്ണിയാണ് ഈ എക്‌സൈസ് ഗാർഡ്. വളരെ ആസൂത്രിതമായിട്ടാണ് കഞ്ചാവ് കടത്തുന്നത്. രണ്ടു കിലോയ്ക്ക് മുകളിൽ കഞ്ചാവ് ഒരു മാസം ആറു തവണ പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് കടത്തും. ഇതിൽ ഒരു തവണ ഒരു കിലോയിൽ താഴെ മാത്രം കഞ്ചാവ് ആകും കൊണ്ടുവരിക. ഇതുമായി വരുന്നയാൾ എക്‌സൈസ് സംഘത്തിന് പിടികൊടുക്കും.

പിടികൂടുന്ന കഞ്ചാവിന്റെ അളവ് ഒരു കിലോയിൽ താഴെയാണെങ്കിൽ സ്റ്റേഷൻ ജാമ്യം നൽകി വിടും. ഒരു കിലോയിൽ കൂടുതൽ ആണെങ്കിൽ മാത്രമേ റിമാൻഡ് ഉണ്ടാകൂ. നിയമത്തിലെ ഈ പഴുത് മുതലാക്കിയാണ് പിടികൊടുക്കുന്നത്. 900 ഗ്രാം ആണെങ്കിൽ റിമാൻഡ് ഉണ്ടാകില്ല, ജാമ്യത്തിൽ വിടും. ഇങ്ങനെ ഒരു കേസിൽപ്പെട്ടയാൾക്ക് പിന്നെ എത്ര കേസിൽ കുടുങ്ങിയാലും കുഴപ്പമുണ്ടാകില്ലല്ലോ. അതു കൊണ്ട് ഇത്തരക്കാരെയാണ് എക്‌സൈസിന് പിടിക്കാൻ കൊടുക്കുക. നിലവിൽ പിടിയിലായ എക്‌സൈസ് ഗാർഡിനെ രക്ഷിക്കാൻ വകുപ്പിൽ നിന്നു തന്നെ സമ്മർദം ഉണ്ട്. വകുപ്പ് ഒറ്റക്കെട്ടായി ഇയാളെ രക്ഷിക്കാനുള്ള കഥ മെനഞ്ഞു കൊണ്ടിരിക്കുകയാണ്.

നാണം കെട്ടു പോയ പൊലീസ് ഇയാളെ കുടുക്കാനുള്ള തെളിവുകൾ ശേഖരിച്ചു വരുന്നു. മൊബൈൽഫോൺ കോൾ ലിസ്റ്റ്, നേരത്തേ പിടിയിലായിട്ടുള്ള പ്രതികളുമായി തിരിച്ചറിയൽ പരേഡ് എന്നിവയാണ് ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP