Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദനിയുടെ അനുയായി ആയി തുടക്കം; നായനാരോട് പകരം ചോദിക്കാൻ മുന്നിട്ടിറങ്ങി; ജാമ്യം നൽകി തീവ്രവാദിയാക്കിയത് ഭരണകൂടം തന്നെ; തടിയന്റവിട നസീറിന്റെ ഇ-മെയിൽക്കേസ് പൊലീസിന് വെല്ലുവിളി

മദനിയുടെ അനുയായി ആയി തുടക്കം; നായനാരോട് പകരം ചോദിക്കാൻ മുന്നിട്ടിറങ്ങി; ജാമ്യം നൽകി തീവ്രവാദിയാക്കിയത് ഭരണകൂടം തന്നെ; തടിയന്റവിട നസീറിന്റെ ഇ-മെയിൽക്കേസ് പൊലീസിന് വെല്ലുവിളി

രഞ്ജിത് ബാബു

കണ്ണൂർ: തടിയന്റവിടെ നസീർ തീവ്രവാദപ്രവർത്തനത്തിനു ഫണ്ടു വേണമെന്നാവശ്യപ്പെട്ട് വിദേശത്തേക്കയച്ച ഇമെയിൽ സന്ദേശത്തിന്റെ ദുരൂഹതകളഴിക്കാനുള്ള ശ്രമത്തിലാണ് ഇന്റലിജൻസ്. ഇതുസംബന്ധിച്ച നസീറിനെയും കൂട്ടാളി ഷഹനാസിനെയും പ്രതിയാക്കി പൊലീസ് പുതിയ കേസെടുത്തിരിക്കുകയാണ്. 18 വർഷമായി തടിയന്റവിട നസീർ എന്ന തീവ്രവാദിയുണ്ടാക്കുന്ന അഴിയാക്കുരുക്കുകളിൽ ഒടുവിലത്തേതായി പുതിയ കേസ്. ഈ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി തലയൂരാനാണ് പൊലീസിന്റെ ശ്രമം. രാജ്യാന്തര ബന്ധങ്ങളുള്ള ഈ കേസിൽ അന്വേഷണത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞാണ് ഈ നീക്കം. ജയിലിനുള്ളിൽ കഴിയുമ്പോഴും തീവ്രവാദ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ തടിയന്റവിട നസീറിന് കഴിയുന്നു എന്നതും സർക്കാരിനെ വലയ്ക്കുന്നുണ്ട്.

തടിയന്റവിട നസീറുമായി ബന്ധപ്പെട്ട് കേരളത്തിൽ ഭീകരവാദം വേരൂന്നിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായത് 1997 ലാണ്. (അതിനു മുമ്പു 1995-ൽ മലപ്പുറത്തു കൂമൻകൊല്ലി പാലത്തിനടിയിൽ പൈപ്പ് ബോംബ് വച്ചതാണു കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കു തുടക്കം) 97 ജൂൺ 4 ന് കണ്ണൂർ കാക്കത്തോട് വയലിൽ ആസാദ് കൊല ചെയ്യപ്പെട്ടതോടെയാണ് ആസൂത്രിതമായി ഭീകരവാദപ്രസ്ഥാനം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നു സൂചന ലഭിച്ചത്. മതബോധത്തോടെ ജീവിക്കുന്നില്ലെന്ന പേര് പറഞ്ഞാണ് ആസാദിനെ കൊല ചെയ്തതെന്നാണ് കേസ്. ഈ കേസിലെ പ്രതിയാണ് തടിയന്റവിടെ നസീർ.

നസീർ അന്ന് അബ്ദുൾ നാസർ മഅദനിയുടെ അനുയായിയും പി.ഡി.പി. കണ്ണൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കടലിൽ മുക്കിക്കൊന്ന നിലയിലായിരുന്നു ആസാദിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവത്തെത്തുടർന്ന് പി.ഡി.പി.യുടെ കണ്ണൂർ മണ്ഡലം കമ്മിറ്റിയിൽ നിന്നും കുറേപേർ മാറി നിൽക്കുകയും ചെയ്തു. ആസാദ് വധത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിക്കുകയും ഭീകരവാദത്തിന്റെ സ്വാധീനം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളാ പൊലീസ് കടുത്ത ഉദാസീനതയായിരുന്നു ഈ കാലഘട്ടത്തിൽ കാട്ടിയിരുന്നത്.

കേരളാ പൊലീസിന്റെ ഗുരുതരമായ വീഴ്ച തീവ്രവാദികൾക്ക് ശക്തി പകരും വിധമായിരുന്നു. ആസാദ് വധത്തിന്റെ അന്വേഷണം ഒരു സാധാരണ കൊലപാതകത്തിന്റെ പരിഗണന പോലും നല്കാതെ കേരളാ പൊലീസ് ഒഴിഞ്ഞു മാറുകയായിരുന്നു. മതഭീകരവാദം ശക്തിപ്പെടുത്താൻ കേരളത്തിലും കഴിയുമെന്ന തിരിച്ചറിവാണ് ഇതോടെ തീവ്രവാദികൾക്ക്് ഉണ്ടായത്. 1999 ഓഗസ്റ്റ് 12 ന് കണ്ണൂർ ടൗൺ സിഐ പി.പി. ഉണ്ണികൃഷ്ണൻ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്്് കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ട്്് ഞെട്ടിക്കുന്നതായിരുന്നു. കണ്ണൂർ തീവ്രവാദത്തിന്റെ പിടിയിലമരുന്നതിന്റെ സൂചനകൾ ഈ റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.

കൊയമ്പത്തൂർ ബോംബ് സ്‌ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയെ മോചിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനു വേണ്ടി അട്ടിമറിയും വിധ്വംസക പ്രവർത്തനങ്ങളും നടത്തുന്നതിനു മന്ത്രിമാരേയും രാഷ്ട്രീയ നേതാക്കളേയും വധിക്കുന്നതിനും പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്്്. അബ്ദുൾ നാസർ മഅദനിയെ പിടിച്ചു കൊടുത്തത് താനാണെന്ന് പ്രസംഗിച്ചു നടന്ന മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരോട് പകരം ചോദിക്കുന്നതിനായിരുന്നു ഗൂഢാലോചന അരങ്ങേറിയത്. ജീവപര്യന്തം വരെ ലഭിക്കാവുന്ന വകുപ്പുകളുള്ള കുറ്റങ്ങളായിട്ടും ഭരണകൂടത്തിന്റെ കണ്ണ് തുറന്നില്ല എന്നതാണ് സത്യം.

1999 നവംബർ 11 ന് കണ്ണൂർ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ തടിയന്റവിടെ നസീർ റിമാൻഡ്് ചെയ്യപ്പെട്ടു. എന്നാൽ ഡിസംബർ രണ്ടിനു നസീർ നൽകിയ ജാമ്യ ഹരജിയെ സർക്കാർ എതിർത്തിരുന്നില്ല. അതുകൊണ്ടുതന്നെ നസീറിന് എളുപ്പം ജാമ്യം ലഭിക്കുകയും ചെയതു. ജാമ്യം നേടിയ നസീർ ഒടുവിൽ മുങ്ങുകയായിരുന്നു. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചകളിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്ഥയെ അട്ടിമറിച്ചാണ് നസീർ മുങ്ങിയത്. ഈ സമയങ്ങളിലും കണ്ണൂർ തയ്യിലെ ത്വരീക്കത്ത് ക്ലാസ് നടക്കുന്ന കെട്ടിടത്തിൽ നസീർ വന്ന് ക്ലാസ് എടുക്കാറുണ്ട്്്. അനുയായികളായ യുവാക്കളെ തീവ്രവാദത്തിലേക്ക് കൈപിടിച്ചുയർത്താനുള്ള ശ്രമം ജാമ്യം നേടി മുങ്ങിയപ്പോഴും അയാൾ കൈക്കൊണ്ടിരുന്നു. എന്നാൽ ഇതെല്ലാം അറിയാമായിരുന്ന അന്നത്തെ സിറ്റി പൊലീസ് കണ്ണടച്ചിരിപ്പായിരുന്നു.

നസീർ ഇന്ന് രാജ്യാന്തര ഭീകരവാദ പ്രസ്ഥാനത്തിന്റെ കണ്ണിയായി വളർന്നതിന്റെ പിന്നിൽ ഭരണകൂടങ്ങളുടേയും പൊലീസിന്റേയും ബന്ധുക്കളുടേയും പങ്ക് വളരെ വലുതാണ്. 2001 ൽ അധികാരത്തിലേറിയ യു.ഡി.എഫ് സർക്കാർ കേസ് അന്വേഷണം തുടർന്നെങ്കിലും 2005 നവംബറിൽ മാത്രമാണ് പ്രോസിക്യൂഷന് അന്തിമാനുമതി നൽകിയത്. തുടർന്നു വന്ന എൽ.ഡി.എഫ്. സർക്കാർ തലശ്ശേരി അതിവേഗ കോടതിയിൽ ആരംഭിക്കേണ്ടുന്ന വിചാരണ നിർത്തിവെക്കുകയായിരുന്നു. കേസ് ഭീകര വിരുദ്ധ സ്‌ക്വാഡിന് നൽകാതെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിടുകയായിരുന്നു ചെയ്തത്. സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ തലവൻ സഹായിക്കണമെന്ന നിലപാട് മാത്രമാണ് അവർ സ്വീകരിച്ചത്.

കളമശ്ശേരി ബസ്സ് കത്തിക്കൽ , വാഗമൺ സിമി ക്യാമ്പ് എന്നീ സംഭവങ്ങൾ അന്വേഷിക്കുന്ന സ്‌പെഷൽ സ്‌ക്വാഡിനെ നായനാർ വധ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കാൻ നിയോഗിക്കാത്തതും സംശയം ജനിപ്പിക്കുന്നതായിരുന്നു. ചുരുക്കത്തിൽ കേരളത്തിൽ ഭീകരവാദ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് അറിഞ്ഞോ അറിയാതേയോ ഇരുമുന്നണികളും കാരണക്കാരാണ്. നസീർ എന്ന സാധാരണ യുവാവ് തീവ്രവാദ പ്രസ്ഥാനത്തിലെത്തിയതിന് യഥാർഥ പ്രതി ഭരണകൂടവും പൊലീസുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP