Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപാതകിയായ രജനീകാന്തിനെ പൂട്ടിയത് 'സൂപ്പർ സ്റ്റാർ രജനീകാന്ത്'! നെല്ലൂരിലെ ബോണ്ടിലി നിർമ്മലാ ഭായ് എന്ന 45കാരിയുടെ സ്വർണമടക്കം കൊള്ളയടിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് ചുട്ടെരിച്ചു; പ്രതിയുടെ ഓട്ടോറിക്ഷയുടെ പിൻഭാഗം സിസിടിവിയിൽ ലഭിച്ചെങ്കിലും വ്യക്തമായി കാണാൻ സാധിച്ചത് 'സ്റ്റൈൽ മന്നന്റെ' ചിത്രം; രജനി ആരാധകൻ 'ഓട്ടോ രാമലിംഗം' അറസ്റ്റിലായത് രജനി പടത്തെ തോൽപ്പിക്കുന്ന ട്വിസ്റ്റോടെ

കൊലപാതകിയായ രജനീകാന്തിനെ പൂട്ടിയത് 'സൂപ്പർ സ്റ്റാർ രജനീകാന്ത്'! നെല്ലൂരിലെ ബോണ്ടിലി നിർമ്മലാ ഭായ് എന്ന 45കാരിയുടെ സ്വർണമടക്കം കൊള്ളയടിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് ചുട്ടെരിച്ചു; പ്രതിയുടെ ഓട്ടോറിക്ഷയുടെ പിൻഭാഗം സിസിടിവിയിൽ ലഭിച്ചെങ്കിലും വ്യക്തമായി കാണാൻ സാധിച്ചത് 'സ്റ്റൈൽ മന്നന്റെ' ചിത്രം; രജനി ആരാധകൻ 'ഓട്ടോ രാമലിംഗം' അറസ്റ്റിലായത് രജനി പടത്തെ തോൽപ്പിക്കുന്ന ട്വിസ്റ്റോടെ

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: സൂപ്പർ സ്റ്റാർ രജനീകാന്ത് സിനിമയിൽ മാത്രമല്ല അനീതിക്കെതിരെ പൊരുതുന്നത്. യഥാർത്ഥ ജീവിതത്തിലും കുറ്റവാളികൾക്ക് സ്റ്റൈൽ മന്നൻ പേടി സ്വപ്‌നമാണെന്ന് തെളിയിക്കുന്ന സംഭവമാണ് ആന്ധ്രാപ്രദേശിലെ നെല്ലൂരിലുണ്ടായത്. കൊലക്കേസ് പ്രതിയായ 'രജനീകാന്തിനെ' നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ തുമ്പായി മാറിയത് സാക്ഷാൽ രജനീകാന്ത്. പ്രതിയിലേക്കുള്ള തെളിവായി മാറിയതോ സ്റ്റൈൽ മന്നന്റെ ഒറ്റ ചിത്രം. മാത്രല്ല പിടിയിലായ രജനീ ആരാധകൻ രാമലിംഗത്തിന്റെ വിളിപ്പേരും രജനീകാന്തെന്നാണ്. പൊലീസുകാരെ പോലും ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റായിരുന്നു കേസന്വേഷണത്തിലുണ്ടായിരുന്നത്.

ഏതാനും ദിവസം മുൻപാണ് നെല്ലൂരിലെ ബോണ്ടിലി നിർമ്മലാഭായ് എന്ന 45കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരെ കുത്തി കൊലപ്പെടുത്തിയ ശേഷം ഗ്യാസ് സ്റ്റൗ തുറന്ന് വിട്ട് കത്തിക്കുകയായിരുന്നു. മരണം അപകടമാണെന്ന് വരുത്തി തീർക്കാനാണ് പ്രതി ഇങ്ങനെ ചെയ്തത്. എന്നാൽ ഇത് കരുതിക്കൂട്ടി ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ നടന്ന തുടരന്വേഷണത്തിലാണ് സിനിമയെ തോൽപ്പിക്കുന്ന ട്വിസ്റ്റുണ്ടായത്. നിർമ്മലാ ഭായി സ്വകാര്യ സ്‌കൂളിലെ ജീവനക്കാരിയായിരുന്നു. ഭർത്താവ് മരിച്ചിട്ട് ഏറെ നാളുകളായി.

ഇതോടെ നെല്ലൂരിലെ രാമലിംഗപുരത്തുള്ള വീട്ടിൽ ഇവർ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇവരുടെ മകൻ ബെംഗലൂരുവിൽ ജോലി ചെയ്യുകയും മകൾ തിരുപ്പതിയിലെ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയുമാണ്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയാവുന്ന ഒരാൾക്ക് മാത്രമേ കൊലപാതകം നടത്താൻ സാധിക്കൂ എന്ന് പൊലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു. എന്നിട്ടും കൊല നടന്ന വീട്ടിൽ നിന്നും ഒരു തുമ്പ് പോലും ലഭിച്ചിരുന്നില്ല.

എന്നാൽ വീടിരിക്കുന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർമ്മലയുടെ വീട്ടിലേക്ക് സംഭവത്തിന്റെ തലേ ദിവസം ഓട്ടോ റിക്ഷ വന്നിരുന്നുവെന്നും മനസിലായത് എന്നാൽ വാഹനത്തിന്റെ നമ്പറോ മറ്റോ ദൃശ്യങ്ങളിൽ വ്യക്തമായില്ല. എന്നാൽ ഓട്ടോയുടെ പിന്നിൽ പതിച്ചിരുന്ന രജനീകാന്തിന്റെ ചിത്രം കണ്ടെതാണ് അന്വേഷണത്തിൽ ട്വിസ്റ്റായി മാറിയത്. തുടർന്ന് ഈ ഓട്ടോറിക്ഷ കണ്ടെത്താനായി പൊലീസിന്റെ ശ്രമം.

നെല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും ഏകദേശം പതിനായിരത്തിലേറെ ഓട്ടോകളാണ് പൊലീസ് സംഘം പരിശോധിച്ചത്. ഒടുവിൽ കഴിഞ്ഞദിവസം മുഥുകൂറിലെ അപ്പോളോ ജംഗ്ഷനിൽനിന്ന് ആ രജനീകാന്ത് ഓട്ടോറിക്ഷ പൊലീസ് കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറെ കൈയോടെ പിടികൂടുകയും ചെയ്തു.

പ്രാഥമിക ചോദ്യംചെയ്യലിൽ തന്നെ താനാണ് കുറ്റം ചെയ്തതെന്ന് ഓട്ടോ ഡ്രൈവറായ രജനീകാന്ത് എന്ന് വിളിപ്പേരുള്ള രാമസ്വാമി പൊലീസിനോട് സമ്മതിച്ചു. നിർമ്മലാ ഭായിയുടെ വീട്ടിൽനിന്ന് സ്വർണമാലയും വളകളും രണ്ടായിരം രൂപയും മോഷ്ടിച്ചതായും പ്രതി വെളിപ്പെടുത്തി. എന്തായാലും രജനീകാന്തിന്റെ കടുത്ത ആരാധകനായ രാമസ്വാമിയെ കുടുക്കിയത് തന്റെ സൂപ്പർ ഹീറോയായ സിനിമാതാരം തന്നെയായിരുന്നു.

ഓട്ടോയിൽ രജനീകാന്ത് സ്റ്റിക്കർ പതിച്ചതാണ് അന്വേഷണത്തിൽ നിർണായകമായതെന്ന് പൊലീസും അറിയിച്ചു. നെല്ലൂർ സിറ്റി ഡി.എസ്‌പി. എൻ.ബി.എം. മുരളീകൃഷ്ണ, ബാലാജി നഗർ സിഐ, എസ്‌ഐ. എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ഇവർക്ക് ജില്ലാ പൊലീസ് സൂപ്രണ്ട് ഐശ്വര്യ റാസ്തോഗി പാരിതോഷികം നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP