Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഖമില്ലാത്തതിന് ലീവ് ചോദിച്ചാൽ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിച്ച് നെറ്റിയിൽ കയ്യമർത്തും; അശ്‌ളീല സംസാരത്തെ എതിർത്തപ്പോൾ സ്ഥലം മാറ്റം വാങ്ങി പോകാൻ ആജ്ഞ; സ്‌റ്റോക്ക് കുറച്ച് നൽകിയും വേണ്ടാത്ത സാധനം കൊണ്ടു വച്ചും കളക്ഷൻ കുറപ്പിക്കുന്ന കുബുദ്ധി; കുടുക്കാൻ സ്‌റ്റോക്ക് കുറവെന്ന കള്ളക്കഥയും; സ്‌പ്ലൈകോയിലെ മാവേലി സ്‌റ്റോറിലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജറോ? പരാതി ഞെട്ടിക്കുന്നത്: നിഷേധിച്ച് അയൂബും

സുഖമില്ലാത്തതിന് ലീവ് ചോദിച്ചാൽ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിച്ച് നെറ്റിയിൽ കയ്യമർത്തും; അശ്‌ളീല സംസാരത്തെ എതിർത്തപ്പോൾ സ്ഥലം മാറ്റം വാങ്ങി പോകാൻ ആജ്ഞ; സ്‌റ്റോക്ക് കുറച്ച് നൽകിയും വേണ്ടാത്ത സാധനം കൊണ്ടു വച്ചും കളക്ഷൻ കുറപ്പിക്കുന്ന കുബുദ്ധി; കുടുക്കാൻ സ്‌റ്റോക്ക് കുറവെന്ന കള്ളക്കഥയും; സ്‌പ്ലൈകോയിലെ മാവേലി സ്‌റ്റോറിലെ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നിൽ കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജറോ? പരാതി ഞെട്ടിക്കുന്നത്: നിഷേധിച്ച് അയൂബും

എം മനോജ് കുമാർ

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടർന്ന് സ്‌പ്ലൈക്കോ മാവേലി സ്റ്റോറിലെ ജൂനിയർ അസിസ്റ്റന്റ് ഇൻ ചാർജായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു. അമിതമായ സ്ലീപ്പിങ് പിൽസ് കഴിച്ച് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയത്. മേലുദ്യോഗസ്ഥന്റെ മാനസിക-ലൈംഗിക പീഡനവും സസ്‌പെൻഷനുമായി ബന്ധപ്പെട്ടു സപ്ലൈകോ ഡിപ്പോയിൽ നടന്ന ചതിയുമാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ. സപ്ലൈകോ കൊട്ടാരക്കര ഡിപ്പോ മാനേജർ അയൂബിന്റെ മാനസിക പീഡനങ്ങളും ഇതിന്റെ ഭാഗമായി തന്നെ സർവീസ് തലത്തിൽ വന്ന വന്ന പ്രതികാര നടപടികളാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നാണ് യുവതിയുടെ കുടുംബം മറുനാടനോട് പ്രതികരിച്ചത്.

ട്രാൻസ്ഫർ ലഭിച്ചിട്ടും യുവതി കൊച്ചി ഓഫീസിൽ പോയി ജോയിൻ ചെയ്തിരുന്നില്ല. ഇത് സംബന്ധമായി യുവതി സപ്ലൈകോ അധികൃതർക്ക് അപേക്ഷയും നൽകിയിരുന്നു. ട്രാൻസ്ഫർ ലഭിച്ചതിനാൽ പോസ്റ്റിലേക്ക് വേറെ ആൾ എത്തിയിരുന്നു. പക്ഷെ യുവതി പിന്നെയും പഴയ ഓഫീസിൽ തുടർന്നു. അപേക്ഷ നൽകിയതിനാലാണ് യുവതി ഓഫീസിൽ തുടർന്നത്. പക്ഷെ കൊട്ടാരക്കര സപ്ലൈകോ ഡിവിഷനിൽ ജൂനിയർ മാനേജർ ആയ റജി ഈ ഓഫീസിൽ തന്നെ തുടരണമെങ്കിൽ തനിക്ക് താൻ പറയുന്ന രീതിയിൽ അപേക്ഷ നൽകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ റെജി പറഞ്ഞ വാക്കുകൾ കടുത്തതായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോഴും തന്റെ നിർദ്ദേശപ്രകാരമല്ലേ എന്നാണ് റെജി ചൂണ്ടിക്കാട്ടിയത്. പക്ഷെ കടുത്ത വാക്കുകൾ ഉള്ള ഈ ലെറ്റർ സപ്ലൈകോ മുകൾ തട്ടിലേക്ക് കൈമാറപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് സസ്‌പെൻഷനും വന്നു.

സസ്‌പെൻഷൻ ലെറ്റർ യുവതിക്ക് നൽകാതെ സപ്ലൈകോ അധികൃതർ വീട്ടിലേക്ക് നേരിട്ട് വന്നു പതിക്കുകയാണ് ചെയ്തത്. ഇത് കാരണം വന്ന മാനക്കേടും സസ്‌പെൻഷന് പിന്നിലെ ചതിയും കാരണമാണ് അതേ ദിവസം രാത്രിയിൽ അമിതമായി സ്ലീപ്പിങ് പിൽസ് കഴിച്ചു യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് പരാതിയിൽ തന്നെ കുടുംബം വ്യക്തമാക്കുന്നുണ്ട്. ഈ ചതി തന്നെയാണ് യുവതിയുടെ കുടുംബവും മറുനാടനോട് പറഞ്ഞത്. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സുഖമില്ലാ ലീവ് വേണം എന്ന് പറയുമ്പോൾ കണ്ടിട്ട് കുഴപ്പമില്ലാ എന്ന് പറഞ്ഞു കയ്യിൽ പിടിക്കുക, നെറ്റിയിൽ കയ്യമർത്തുക, അശ്‌ളീല രീതിയിൽ സംസാരിക്കുക എന്നെ രീതികൾ ആണ് അയൂബിൽ നിന്നും വന്നത് എന്നാണ് കുടുംബം പറയുന്നത്. എന്റെ കൂടെ ടൂറിനു വന്നുകൂടെ, ഞാൻ മേലുദ്യോഗസ്ഥൻ അല്ലെ എന്നും ചോദിക്കും. പിന്നീട് വന്നത് നിരന്തരമായ പ്രതികാര നടപടികളും. ഇതാണ് യുവതിയുടെ ആത്മഹത്യാ ശ്രമത്തിൽ കലാശിച്ചത്-കുടുംബം പറയുന്നു. മാവേലി സ്റ്റോറിലെ പ്രശ്‌നങ്ങളും യുവതിയുടെ ആത്മഹത്യാ ശ്രമവും സപ്ലൈകോ അധികൃതർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

യുവതിയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്:

എന്റെ ഭർത്താവ് സർക്കാർ സർവീസിലായിരുന്നു. ഭർത്താവ് മരണമടഞ്ഞതിനെ തുടർന്നാണ് എന്റെ മകൾക്ക് സപ്ലൈകോയിൽ ജോലി ലഭിച്ചത്. മകൾ കൊട്ടാരക്കര ഡിപ്പോയുടെ ഭാഗമായ മാവേലി സ്റ്റോറിലാണ്. മകൾ പലപ്പോഴും വിഷാദവതിയായി കാണാൻ തുടങ്ങി. പലപ്പോഴും കരയുന്നതും കണ്ടു. കൊട്ടാരക്കര ഡിപ്പോയിലെ അസിസ്റ്റന്റ് മാനേജർ അയൂബ് ഖാൻ ആവശ്യത്തിനു സാധനങ്ങൾ സ്റ്റോറിലേക്ക് നൽകുന്നില്ല. മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറുന്നു. ഒരു പെൺകുട്ടിയോട് പെരുമാറാൻ കഴിയാത്ത രീതിയിൽ പല സന്ദർഭങ്ങളിലും പെരുമാറുന്നു, ആശ്രിത നിയമനമാണ് എന്ന് പറഞ്ഞു അവഹേളിക്കുന്നു. ഇതെല്ലാമാണ് മകൾ പറഞ്ഞത്. മകളുടെ ഭർത്താവ് ട്രെയിനിംഗിനായി പോയ സമയത്ത് അയൂബ്ഖാന്റെ പെരുമാറ്റം അതിരുകടന്നു. താൻ പറയുന്ന ഔദ്യോഗികമല്ലാത്ത കാര്യങ്ങൾ സ്വയം സ്ഥലംമാറ്റം വാങ്ങി പോയില്ലെങ്കിൽ, 30 വർഷം സർവീസ് ഉള്ള കാര്യം മറക്കരുതെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തി സർവീസിൽ റെഡ് മാർക്ക് നൽകുമെന്നും പറഞ്ഞു. സ്ഥലം മാറ്റം വാങ്ങിയാൽ എങ്ങിനെ ഭർത്താവിനൊപ്പം നിൽക്കുമെന്നും തന്റെയും ചെറുമകളുടെ കാര്യങ്ങളും എങ്ങിനെ നോക്കുമെന്നും ഭീഷണിപ്പെടുത്താനും തുടങ്ങി. ഇങ്ങിനെ വന്നപ്പോഴാണ് മകൾ സ്ഥലംമാറ്റത്തിനു ശ്രമിച്ചത്. പക്ഷെ മേലുദ്യോഗസ്ഥന്റെ സ്വഭാവദൂഷ്യം കാരണം സ്ഥലം മാറ്റത്തിനു ശ്രമിക്കേണ്ട കാര്യമില്ലെന്നാണ് ഭർത്താവ് പറഞ്ഞത്. അതിനാൽ ഇവിടെ തന്നെ തുടരാൻ മകൾ തീരുമാനിച്ചു.

എന്റെ മകളുടെ ഔട്ട്ലെറ്റിൽ ഓൺലൈൻ ബില്ലിങ് വന്നതിനു ശേഷം കളക്ഷൻ കുറവാണ്. മുൻവൈരാഗ്യം ഉള്ളതിനാൽ അയൂബ് കുറഞ്ഞ സാധനങ്ങളാണ് ഔട്ട്ലെറ്റിൽ എത്തിക്കുന്നത്. എന്നിട്ട് അവഹേളിക്കുകയും ചെയ്യും. ഗോഡൗൺ സൗകര്യം കുറവുള്ള ഇവിടെ കുട്ടികൾക്കുള്ള അരി കൂടുതൽ എത്തിക്കും. അതിനാൽ മറ്റു സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം കുറവുമാണ്. എന്റെ മകൾക്ക് ആസ്തമാ രോഗം ഉള്ള കാര്യം അറിഞ്ഞു അയൂബ് മനഃപൂർവം ദ്രോഹിക്കും. ഔട്ട്ലെറ്റിൽ ഫ്യൂറിഡേഷൻ ചെയ്യിപ്പിക്കും. അതിനാൽ മകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടപ്പോൾ അഞ്ച് ദിവസം വിശ്രമത്തിന് പറഞ്ഞു. ഈ ഘട്ടത്തിൽ ജൂനിയർ മാനേജർ റജിയും ഔട്ട്ലെറ്റ് മാനേജർ വിഷ്ണുപ്രസാദും ചേർന്ന് സ്റ്റോക്ക് നോക്കി. സ്റ്റോക്കിൽ കുറവുണ്ടായിരുന്നില്ല. തുടർന്ന് അസുഖം ഭേദമായപ്പോൾ ജനുവരി നാലിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എത്തിച്ചപ്പോൾ സ്റ്റോക്ക് കുറവാണ് അസിസ്റ്റന്റ് മാനേജർ അയൂബ്ഖാൻ പറഞ്ഞു. ഔട്ട്ലെറ്റ് മാനേജർ വിഷ്ണു പ്രസാദിനെ വിളിച്ചപ്പോൾ സ്റ്റോക്കുകൾ കുറവുള്ളതായി ഇല്ലാത്ത നുണകളും അസഭ്യവും പറഞ്ഞു. ഇതേ ദിവസം തന്നെ അയൂബ്ഖാൻ ഫ്യൂറിഡേഷൻ ചെയ്യണമെന്നു ആജ്ഞാപിക്കുകയും ചെയ്തു. അസുഖം ഭേദമായ മകളെ അറിഞ്ഞുകൊണ്ട് ദ്രോഹിക്കുകയാണ് ചെയ്തത്. ചാർജ് ഹാൻഡ് ഓവർ ചെയ്തില്ലെങ്കിൽ സസ്‌പെൻഷൻ നൽകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ആറാം തീയതി ജൂനിയർ മാനേജർ റെജിയും ഔട്ട്ലെറ്റ് മാനേജർ വിഷ്ണുവും ഔട്ട്ലെറ്റിൽ വന്നു ചാർജ് കൈമാറ്റം ചെയ്യാനുള്ള നടപടി ക്രമത്തിന്റെ പകർപ്പ് കൈപ്പറ്റിയതായി നിർബന്ധിച്ച് ഒപ്പിട്ട് മേടിച്ചു. വിശദീകരണം എഴുതി നല്കിയാൽ ഈ ഔട്ട്ലെറ്റിൽ തന്നെ തുടരാൻ കഴിയും വേറെ ഒരു നടപടിയും ഉണ്ടാവുകയുമില്ല എന്ന് പറഞ്ഞു. അവർ പറഞ്ഞ രീതിയിൽ ഉള്ള വിശദീകരണമാണ് മകൾ എഴുതി നൽകിയത്. അവരുടെ വാക്കുകൾ വിശ്വസിച്ചാണ് മകൾ അങ്ങിനെ ചെയ്തത്. ട്രാൻസഫർ ഓർഡർ റദ്ദ് ചെയ്യാനുള്ള അപേക്ഷ മകൾ സപ്ലൈകോ അധികൃതർക്ക് നൽകി. അന്ന് രാത്രി തന്നെ ജൂനിയർ മാനേജർ റജി വിളിച്ചു. ഒരു നടപടി ക്രമം സർവ് ചെയ്യാനുണ്ടെന്നും വാങ്ങിയില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് താൻ മനസിലാക്കുമെന്നും മകളോട് പറഞ്ഞു. കഴിഞ്ഞ ഒൻപതിന് റജി വീണ്ടും വിളിച്ച് ഒരു നടപടിക്രമം ഇപ്ലിമെന്റ്‌റ് ചെയ്യാനുണ്ടെന്നും മടത്തറ മാനേജർ വിഷ്ണു, ജൂനിയർ മാനേജർ റജി എന്നിവർ കുറച്ച് ആളുകളുടെ ഒപ്പം വീട്ടിൽ വന്നു സസ്‌പെൻഷൻ ഓർഡർ ഭിത്തിയിൽ പതിപ്പിക്കുകയും ഇതിന്റെ ഫോട്ടോ എടുക്കാൻ നാട്ടുകാരോടു അവശ്യപ്പെടുകയും ചെയ്തു. മകളുടെ കയ്യിൽ സസ്‌പെൻഷൻ ഓർഡർ ഇവർക്ക് നല്കാമായിരുന്നു. എന്നാൽ അവർ അത് ചെയ്യാതെ മകൾക്കും മരുമകനും മാനസിക വിഷമമുണ്ടാക്കുന്ന പ്രവർത്തിയാണ് ചെയ്തത്. അതിനു ശേഷം ജൂനിയർ മാനേജർ ആയ റെജി ഇവരെ വീണ്ടും ഔട്ട്ലെറ്റിലേക്ക് വിളിപ്പിച്ചു. എന്നിട്ട് റജിയും വിഷ്ണുപ്രസാദും മകളെ വളരെയധികം ആക്ഷേപിച്ചു. ഇതിലും വലിയ പണി മകൾക്ക് നൽകുമെന്ന് പറഞ്ഞ് മകളെ പരിഹസിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ ചെന്ന് അസിസ്റ്റന്റ് മാനേജരെ കാണാൻ ആവശ്യപ്പെട്ടു.

കൊട്ടാരക്കര ഡിപ്പോയിൽ എത്തിയ മകളോട് സർവീസിൽ റെഡ് മാർക്ക് വരുത്തുന്നത് എങ്ങിനെയെന്നു മനസിലായില്ലേ എന്നാണ് അയൂബ് ഖാൻ ചോദിച്ചത്. വളരെ മോശമായ രീതിയിൽ കളിയാക്കുകയും മാനസിക പീഡനം ഏൽപ്പിക്കുകയും ചെയ്തു. വിഷമം സഹിക്കാൻ കഴിയാതെ അവൾ ആ രാത്രി മുഴുവൻ കരച്ചിലായിരുന്നു. എന്നെക്കൊണ്ട് ആവുംവിധം അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പുലർച്ചെ ഞാൻ കേട്ടത് മകൾ അത്യുച്ചത്തിൽ ശർദ്ദിക്കുന്നതാണ്. അമിതമായ രീതിയിൽ സ്ലീപ്പിങ് പില്‌സ് കഴിച്ചു ജീവനോടുക്കനാണ് അവൾ ശ്രമിച്ചത്. എന്റെ മകളുടെ ഭർത്താവ് അവളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അവർ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനാണ് നിർദ്ദേശം നൽകിയത്. തലനാരിഴയ്ക്കാണ് മകൾ രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജിലെ മികച്ച ട്രീറ്റ്‌മെന്റ് കൊണ്ടാണ് അവൾ രക്ഷപ്പെട്ടത്. എന്റെ മകളെ സസ്‌പെൻഡ് ചെയ്യാനും റിപ്പോർട്ട് അയക്കാനുമുള്ള നടപടിക്രമങ്ങൾ നടന്നതിനു തികച്ച് ഒരു ദിവസം പോലും എടുത്തിട്ടില്ല. അതിനാൽ അയൂബിന്റെയും ജൂനിയർ മാനേജർ റജിയുടെയും താത്പര്യങ്ങൾ അങ്ങേയ്ക്ക് മനസിലാക്കാവുന്നതാണ്. സംരക്ഷിക്കേണ്ടവരിൽ നിന്ന് ഇത്തരത്തിലുള്ള പീഡനങ്ങളും മാനസിക സമ്മർദ്ദങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന എന്റെ മകൾക്ക് നീതി കിട്ടാനുള്ള നടപടികൾ സ്വീകരിക്കണം-യുവതിയുടെ അമ്മ പരാതിയിൽ ആവശ്യപ്പെടുന്നു.

കൊട്ടാരക്കര ഡിപ്പോ അസിസ്റ്റന്റ് മാനേജർ അയൂബിന്റെ പ്രതികരണം:

ജീവനക്കാരിയായ യുവതി സപ്ലൈകോ ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കിയില്ല. അതിനാണ് സസ്‌പെൻഷൻ വന്നത്. ഹെഡ് ഓഫീസിലേക്ക് റിക്വസ്റ്റ് കൊടുത്ത് ട്രാൻസ്ഫർ സംഘടിപ്പിച്ചത് ജീവനക്കാരി തന്നെയാണ്. അതിനു ഇവർക്ക് വിടുതൽ നൽകി. ഞങ്ങൾ ഒരു സ്റ്റോക്ക് കണക്കെടുപ്പ് നടത്തിയിരുന്നു. ഇത് ഇവർ ചെയ്യേണ്ട കാര്യമായിരുന്നു. ഇത് അവർ ചെയ്തില്ല. ഞങ്ങൾ അടുത്ത നടപടിക്രമം നോക്കി. ചാർജ് ഹാൻഡ് ഓവർ ചെയ്യണം. അതിനുള്ള നടപടികൾ ഞങ്ങൾ എടുത്തു. ഡിസംബർ 31നു വേറെ ആൾക്ക് ചാർജ് ഹാൻഡ് ഓവർ ചെയ്ത് നൽകി. ഇവർ അഞ്ച് ദിവസത്തെ ലീവിൽ പോയി. ഭർത്താവ് ആണ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ലീവിൽ പോകുമ്പോൾ എല്ലാ കാര്യങ്ങൾ ഹാൻഡ് ഓവർ ചെയ്യണം. അത് ഒന്നും ചെയ്യാതെയാണ് ലീവിൽ പോയത്. ലീവ് കഴിഞ്ഞു ഡിപ്പോ മാനേജർ മുൻപാകെ ഹാജരാകണം. ഹാജരായില്ല.

അവർ നേരിട്ട് സർക്കാരിന്റെ മുൻപിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തത്. എന്നിട്ട് ജനുവരി നാലിന് ഔട്ട്‌ലെറ്റിൽ കയറി. ഇവർക്ക് ഔട്ട്ലെറ്റിൽ കയറാൻ അനുവാദമില്ല. വേറെ ആൾക്ക് ചുമതലയുള്ള ഔട്ട്ലെറ്റ് ആണ്. അപ്പോൾ ചാർജുള്ള ആൾ പരാതി നൽകി. പക്ഷെ ഞങ്ങൾ എറണാകുളം റീജിയനിലേക്ക് ജീവനക്കാരിയെ റിലീവ് ചെയ്തു. ജൂനിയർ മാനേജർ ഉത്തരവ് നൽകിയെങ്കിലും ഇവർ അത് കൈപ്പറ്റിയില്ല. ഇവർ ഉത്തരവിന് വിരുദ്ധമായി പ്രവർത്തിച്ച കാര്യം ഞങ്ങൾ റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഏഴിന് ഇവരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. ഇവർ സസ്‌പെൻഷൻ ഓർഡർ കൈപ്പറ്റാൻ തയ്യാറല്ല. അതിനാണ് ഓർഡർ വീട്ടിൽ പതിച്ചത്. ഇത് നടപടിക്രമത്തിന്റെ ഭാഗമാണ്. ഉത്തരവ് ആണ് ഞങ്ങൾ നടപ്പിലാക്കിയത്. ഗുരുതരമായ പ്രശ്‌നങ്ങളും വേറെ പ്രശ്‌നങ്ങളും ഔട്ട്ലെറ്റിലുണ്ട്. ഇതെല്ലാം നടപടിക്ക് കാരണമാണ്. അവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കടയ്ക്കൽ പൊലീസ് എന്നെ വിളിപ്പിച്ചിരുന്നു. ഞാൻ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്-അയൂബ് പ്രതികരിക്കുന്നു. അതേസമയം അയൂബിനെ വിളിച്ച് മൊഴിയെടുത്ത കാര്യം കടക്കൽ പൊലീസും മറുനാടനോട് സ്ഥിരീകരിച്ചു. കുടുംബത്തിന്റെ പരാതി അന്വേഷണ അവസ്ഥയിലാണ്. അതിനാൽ കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറഞ്ഞത്. രണ്ട് തവണ മാത്രമേ ആത്മഹത്യാ ശ്രമം നടത്തിയ പെൺകുട്ടിയെ കണ്ടിട്ടുള്ളൂവെന്ന് ആയൂബും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP