Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസിന് വേണ്ടി 'ബ്രയിൻ വാഷ്' നടത്തിയത് റിസ്വാൻ; മെറിനെ മതം മാറ്റിയത് താൻ തന്നെയെന്ന് ഖുറേഷി സമ്മതിച്ചു; സക്കീർ നായിക്കിന്റെ അനുയായികൾക്ക് കേരളത്തിൽ ഉറച്ച ബന്ധങ്ങൾ; മുംബൈയിൽ അറസ്റ്റിലായ രണ്ടാമൻ മലയാളിയെന്ന് സൂചന; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ സംശയ നിഴലിൽ നിർത്തി അന്വേഷണം

ഐസിസിന് വേണ്ടി 'ബ്രയിൻ വാഷ്' നടത്തിയത് റിസ്വാൻ; മെറിനെ മതം മാറ്റിയത് താൻ തന്നെയെന്ന് ഖുറേഷി സമ്മതിച്ചു; സക്കീർ നായിക്കിന്റെ അനുയായികൾക്ക് കേരളത്തിൽ ഉറച്ച ബന്ധങ്ങൾ; മുംബൈയിൽ അറസ്റ്റിലായ രണ്ടാമൻ മലയാളിയെന്ന് സൂചന; ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ സംശയ നിഴലിൽ നിർത്തി അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഐസിസ് റിക്രൂട്ട്‌മെന്റ് കേസ് അന്വേഷണം സക്കീർ നായിക്കിലേക്ക് എത്താൻ സാധ്യത. സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് തീവ്രവാദ പ്രവർത്തനവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണ് മലയാളിയായ മെറിന്റെ മതം മാറ്റക്കേസ് എന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നിലപാട്. കേസിൽ അറസ്റ്റിലായ ആർഷി ഖുറേഷിക്ക് മതം മാറ്റത്തിൽ ബന്ധമുണ്ടെന്ന് കേരളാ പൊലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. അതിനിടെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ റിസ്വാൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. മതപരിവർത്തനത്തിനും ഐസിസ് റിക്രൂട്ട്‌മെന്റും നടത്തിയ പ്രധാനിയാണ് റിസ്വാൻ ഖാൻ എന്നാണ് സൂചന. ഇയാൾ മലയാളിയാണെന്നും റിപ്പോർട്ടുകളുണ്ട്. മുംബൈയിലെ കല്ല്യാണിൽ നിന്നാണ് റിസ്വാനെ പിടികൂടിയത്. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ മൂന്ന് പേർ കൂടി പൊലീസ് നിരീക്ഷണത്തിലാണ്.

ഖുറേഷിയെ ചോദ്യം ചെയ്തതിൽ നിന്നാണ് റിസ്വാൻ ഖാനെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. മെറിനേയും ഭർത്താവിനേയും മതം മാറ്റിയത് താനാണെന്ന് ഖുറേഷി സമ്മതിച്ചിട്ടുണ്ട്. മെറിന്റെ സഹോദരനെ മതം മാറ്റാൻ ശ്രമിച്ചതും പൊലീസിനോട് ശരിവച്ചു. ഇതിനിടെയാണ് തീവ്രവാദികളുമായി നേരിട്ട് ബന്ധമുള്ള റിസ്വാനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്. ആളുകളെ ആകർഷിക്കുന്ന തരത്തിൽ ബ്രയിൻവാഷ് ചെയ്തിരുന്നത് റിസ്വാനാണെന്നാണ് സൂചന. മലയാളികളെ ഐസിസിനോട്് അടുപ്പിക്കാൻ കരുക്കൾ നീക്കിയ റിസ്വാൻ മതം മാറ്റാൻ കൂടുതൽ യുവാക്കളെ ആകർഷിച്ച് ഖുറേഷിയുടെ അടുത്ത് എത്തിച്ചുവെന്നാണ് സൂചന. ഖുറേഷിക്കും റിസ്വാനും സമീർ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്നാണ് മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ വിലയിരുത്തൽ. അതിനിടെ ആരോപണങ്ങൾ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിഷേധിക്കുകയും ചെയ്തു.

ഖുറേഷിക്ക് ഇസ്ലാമിക് റിസർച്ച ഫൗണ്ടേഷനമായി യാതൊരു ബന്ധവുമില്ല. ഓഫീസിലെ ഫ്രണ്ട് ഓഫീസ് സ്റ്റാഫ് മാത്രമായിരുന്നു. ആളുകളെ സ്വീകരിക്കാൻ മാത്രമായിരുന്നു ഫൗണ്ടേഷൻ ചുമതല നൽകിയത്. ഇതിനപ്പുറം മതപരിവർത്തനത്തിന് ആരും ഖുറേഷിയെ ചുമതലപ്പെടുത്തിയില്ലെന്ന് സമീർ നായിക്കിന്റെ സ്ഥാപനം വിശദീകരിക്കുന്നത്. ഇതിനിടെയാണ് കൂടുതൽ ആളുകളെ പൊലീസും ദേശീയ അന്വേഷണ ഏജൻസിയും നിരീക്ഷണത്തിലേക്ക് കൊണ്ടു വരുന്നത്. റിസ്വാന്റെ അറസ്‌റ്റോടെ സമീർ നായിക്കിന്റെ സ്ഥാപനത്തിലെ തീവ്രവാദ പ്രവർത്തനത്തിന് തെളിവ് ലഭിച്ചതായും അഭിപ്രായം ഉയരുകയാണ്. സ്ഥാപനവുമായി സഹകരിച്ചിരുന്നതും നിലവിലുള്ളതുമായി എല്ലാ ജീവനക്കാരുടേയും വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നുണ്ട്. ഇവരിൽ പലർക്കും തീവ്രവാദ ബന്ധമുണ്ടെന്നാണ് സംശയം.

മതപരിവർത്തനത്തിൽ അർഷി ഖുറേഷിയുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെടാതെ കഴിഞ്ഞ ഇയാൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നും സംശയിക്കുന്നു. മതപഠനത്തിനും മത പരിവർത്തനത്തിനും നേതൃത്വം നൽകിയിട്ടുള്ള ഖുറേഷി ഇന്റലിജൻസ് വൃത്തങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതെങ്ങനെയെന്നും പരിശോധിക്കുന്നു. മുംബൈ കേന്ദ്രീ കരിച്ചു പ്രവർത്തിക്കുന്ന ഖുറേഷി ഇവിടം വിട്ടു പലയിടങ്ങളിലും സഞ്ചരിച്ചിരുന്നതായും തങ്ങിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഖുറേഷിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അനുയായികളും സഹായികളുമുണ്ട്.

കർണാടക വഴി മംഗലാപുരത്തും തുടർന്നു കാസർഗോട്ടും ഖുറേഷിയും അനുയായികളും എത്തിയിരിക്കാമെന്നു കരുതുന്നു. ഈ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചില മത പഠന കേന്ദ്രങ്ങളെയും എൻഐഎ നിരീക്ഷിക്കുന്നു. ഖുറേഷി എത്തിയതായി സംശയിക്കുന്നില്ലെങ്കിലും കൊച്ചിയിലും കോഴിക്കോടും ഖുറേഷിയുമായി ബന്ധമുള്ളവരുണ്ടെന്നുള്ളതിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റലിജൻസും എൻഐഎയും അന്വേഷണം തുടരുകയാണ്. ഈ ഗ്രൂപ്പിലെ പ്രധാനിയാണ് റിസ്വാൻ ഖാനെന്നാണ് സൂചന. ഇയാൾ മലയാളിയാണെന്ന സൂചനകൾ പൊലീസ് സ്ഥിരീകരിക്കുന്നില്ല.

ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനും നിർബന്ധിച്ച് മതംമാറ്റുന്നതിനും ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേരള പൊലീസ് ഇയാളെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത്. സാക്കീർ നായിക്കിന്റെ അടുത്ത അനുയായിയായി രഹസ്യപ്രവർത്തനങ്ങളായിരുന്നു ഖുറേഷിയുടെ ശൈലി. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ അദ്ധ്യാപകനും മുഖ്യ ചുമതലക്കാരനുമാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. ഇവിടത്തെ ലൈബ്രറിയിൽ വച്ചാണ് അന്യമതസ്ഥരെ ബോധവൽക്കരിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നത്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് ഖുറാനാണ് യഥാർത്ഥ ദൈവസൃഷ്ടിയെന്നും ഇയാൾ പ്രബോധനം നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഐഎസിൽ ചേർന്നുവെന്ന് സംശയിക്കുന്ന തമ്മനം സ്വദേശിനി മെറിൻ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ സഹോദരൻ എബിൻ ജേക്കബ് പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലക്കാട്ടുനിന്നു കാണാതായ മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭർത്താവ് പാലക്കാട് സ്വദേശി യഹിയ, മുംബൈയിലെ മതപണ്ഡിതൻ ഖുറേഷി എന്നിവർക്കെതിരെയാണ് എബിൻ ജേക്കബ് പരാതി നൽകിയത്.

ഖുറേഷി വിവാദ മതപ്രചാരകൻ ഡോ.സക്കീർ നായിക്കിന്റെ അരുമശിഷ്യനാണെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുകയാണ്. മുംബൈയ്ക്കടുത്ത് നവീമുംബയിലെ വസതിയിൽ നിന്ന് കൊച്ചി പൊലീസും മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ അറസ്റ്റു ചെയ്തത്. സക്കീറിന്റെ ഭീകരബന്ധം പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് അനുയായി അറസ്റ്റിലായത്. ഇത് സക്കീറിനെയും പ്രതിക്കൂട്ടിലാക്കി. 45 കാരനായ ഇയാളാണ് മറിയത്തെ മതംമാറ്റിയതും ഐഎസിൽ ചേർത്തതും. 2009ൽ സക്കീർ മുംബയിൽ വലിയ മതസമ്മേളനം വിളിച്ചിരുന്നു. അന്നും ആർഷിയായിരുന്നു പബഌക് റിലേഷൻസ് മാനേജർ. ഈ സാഹചര്യത്തിൽ കേസിൽ സക്കീർ നായിക്കിനെ പ്രതിചേർക്കാനുള്ള സാധ്യതയും കേരളാ പൊലീസ് തേടുന്നുണ്ട്. എന്നാൽ മതിയായ തെളിവുകൾ കണ്ടെത്തിയാലേ സക്കീർ നായിക്കിനെ പ്രതിചേർക്കൂവെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP