Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരിപ്പൂരിൽ ഉദ്യോഗസ്ഥർക്കൊപ്പം യാത്രക്കാരും പിടിച്ചുപറിക്കാരാകുന്നു; ഒന്നേകാൽ ലക്ഷത്തിന്റെ വാച്ച് മോഷണത്തിൽ പ്രതിയാകുന്ന പ്രവാസി

കരിപ്പൂരിൽ ഉദ്യോഗസ്ഥർക്കൊപ്പം യാത്രക്കാരും പിടിച്ചുപറിക്കാരാകുന്നു; ഒന്നേകാൽ ലക്ഷത്തിന്റെ വാച്ച് മോഷണത്തിൽ പ്രതിയാകുന്ന പ്രവാസി

എംപി റാഫി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുടെ പിടിച്ചു പറിക്കു പുറമെ യാത്രക്കാരുടെ മോഷണവും. എയർപോർട്ടിനുള്ളിൽ വച്ച് യാത്രക്കാരുടെ ലഗേജുകളും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെടുന്ന വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് 1.25 ലക്ഷം രൂപ വിലമതിക്കുന്ന വാച്ച് മോഷ്ടിച്ച യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. 

കണ്ണൂർ തളിപ്പറമ്പ് മയ്യിൽ പടിഞ്ഞാറെചാലിൽ പുതിയപുരയിൽ അബ്ദുൽ അസീസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. എയർപോർട്ടിനുള്ളിലെ പിടിച്ചു പറിയും മോഷണവും മറുനാടൻ മലയാളി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. പ്രവാസികളുടെ ലഗേജും വിലപിടിപ്പുള്ള വസ്തുക്കളും പ്രവാസികൾ തന്നെ മോഷ്ടിക്കുന്ന സംഭവങ്ങളാണ് ഈയിടെയായി കരിപ്പൂരിൽ നടക്കുന്നത്.

കഴിഞ്ഞ ദിവസം വിദേശത്തു നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ അസീസ് കസ്റ്റംസ് ഹാളിൽ നിന്നും ഒന്നേകാൽ ലക്ഷം വിലയുള്ള ഒമേഗ വാച്ച് മോഷ്ടിച്ച ശേഷം ഇയാൾ സ്ഥലംവിടുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാച്ച് ഒരുഭാഗത്തേക്ക് മാറ്റിവച്ചതായിരുന്നു. എന്നാൽ ലഗേജിന്റെ ഉടമസ്ഥർ എത്തി പരിശോധിച്ചപ്പോൾ വാച്ച് മോഷണം പോയവിവരം തിരിച്ചറിഞ്ഞു. കോഴിക്കോട് മീഞ്ചന്ത സ്വദേശി കെ.വി ഷാജിദിന്റെ വാച്ചാണ് നഷ്ടപ്പെട്ടത്. തുടർന്ന് ഷാജിദും ബന്ധുവും കരിപ്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് കസ്റ്റംസ് ഹാളിലെ സി.സി ടി.വി പൊലീസ് പരിശോധിച്ചപ്പോഴാണ് വാച്ച് മറ്റൊരു യാത്രക്കാരൻ മോഷ്ടിക്കുന്നത് കണ്ടുപിടിച്ചത്.

ശേഷം പൊലീസ് മോഷ്ടാവിന്റെ പേരുവിവരങ്ങൾ എമിഗ്രേഷൻ വിഭാഗത്തിൽ ബന്ധപ്പെട്ട് ശേഖരിച്ചു. കണ്ണൂർ മയ്യിൽ പൊലീസ് സ്‌റ്റേഷനിലേക്ക് പേരു വിവരങ്ങൾ കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ സ്വദേശിയായ പ്രവാസിയെ കരിപ്പൂർ പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും മോഷണം നടത്തിയില്ലെന്ന് ആവർത്തിച്ചു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇയാൾ കുറ്റം സമ്മദിക്കുകയും കണ്ണൂരിലെ വീട്ടിൽ നിന്നും വാച്ച് കണ്ടെടുക്കുകയും ചെയ്തു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മേൽ ഉയർന്നിരുന്ന പ്രധാന ആരോപണമായിരുന്നു കരിപ്പൂർ വിമാനത്താവളത്തിലെ തുടരെയുണ്ടാകുന്ന ലഗേജ് മോഷണം. എന്നാൽ മോഷണത്തിൽ യാത്രക്കാർക്കു കൂടി പങ്കുണ്ടെന്ന് ഈ സംഭവം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഗേജുകൾ കരിപ്പൂരിൽ നിന്നും മോഷണം പോയതായാണ് കണക്ക്. എന്നാൽ ഇതിന് യാതൊരു തുമ്പും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം എയർപോർട്ടിനുള്ളിൽ വച്ച് മോഷണം പോയ സാധനങ്ങൾ യാത്രക്കാർ തന്നെ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെയുള്ള ഇരുപതോളം പരാതിയിൽ എട്ട് പരാതികൾ യാത്രക്കാരുടെ മോഷണമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുനാടനോട് പറഞ്ഞു.

എന്നാൽ വിമാന കമ്പനികൾ ചുമതലപ്പെടുത്തുന്ന സ്വകാര്യ കമ്പനികളും ഉദ്യോഗസ്ഥരും നടത്തുന്ന മോഷണം ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. സിസി ടിവി ഇല്ലാത്ത ഭാഗങ്ങളിൽ നിന്നാണ് ജീവനക്കാരുടെ മോഷണമെന്നതും പൊലീസിന്റെ അന്വേഷണത്തെ ബാധിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP