Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരെയും മയക്കുന്ന വാക്ചാതുര്യം! സംശയമില്ലാത്ത പെരുമാറ്റം തെറ്റില്ലാത്ത സൗന്ദര്യവും; യുവതി വാചകമടിച്ച് തട്ടിച്ചത് 75 ലക്ഷം രൂപ; പറ്റിക്കൽ പരമ്പരയിൽ ഇരയായത് പ്രവാസി അടക്കം 15 യുവാക്കൾ; ജൂവലറിയും ധനകാര്യ ബിസിനസും മുതൽ വിവാഹം വരെ തട്ടിപ്പിന്റെ നമ്പറുകൾ; തട്ടിപ്പിൽ പിഎച്ച്ഡിയെടുത്ത വിരുതയെന്ന് പൊലീസ്

ആരെയും മയക്കുന്ന വാക്ചാതുര്യം! സംശയമില്ലാത്ത പെരുമാറ്റം തെറ്റില്ലാത്ത സൗന്ദര്യവും; യുവതി വാചകമടിച്ച് തട്ടിച്ചത് 75 ലക്ഷം രൂപ; പറ്റിക്കൽ പരമ്പരയിൽ ഇരയായത് പ്രവാസി അടക്കം 15 യുവാക്കൾ; ജൂവലറിയും ധനകാര്യ ബിസിനസും മുതൽ വിവാഹം വരെ തട്ടിപ്പിന്റെ നമ്പറുകൾ; തട്ടിപ്പിൽ പിഎച്ച്ഡിയെടുത്ത വിരുതയെന്ന് പൊലീസ്

പ്രകാശ് ചന്ദ്രശേഖരൻ

കുന്നംകുളം: ആരെയും കറക്കി വീഴ്‌ത്താൻ പോന്ന വാക്ചാതുര്യം, ആർക്കും സംശയത്തിന് നെല്ലിട നൽകാത്ത പെരുമാറ്റവും തെറ്റില്ലാത്ത സൗന്ദര്യവും. ജൂവലറിയും ധനകാര്യ ബിസിനസും വിവാഹം വരെ തട്ടിപ്പിന്റെ ആയുധമാക്കി 30കാരി പറ്റിക്കൽ പരമ്പര നടത്തി തട്ടിച്ചത് 75ലക്ഷം രൂപ. തിരുവനന്തപുരം പോത്തൻകോട് ആണ്ടൂർ കോണം വെള്ളാകൊള്ളി വീട്ടിൽ പ്രിയ(30)യെയാണ് പിടിയിലായത്. യുവതിയുടെ വാചകമടിയിൽ വീണ് തട്ടിപ്പിനിരയായത് ഒന്നുംരണ്ടുംപേരല്ല പ്രവാസി അടക്കം 15പേർ.ഫേസ്‌ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും ഫിനാൻസ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ച കേസിലാണ് നിലവിൽ യുവതി അറസ്റ്റിലായിരിക്കുന്നത്. ചൂണ്ടൽ പഞ്ചായത്തിലെ വെട്ടുകാട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന യുവതി ഇവിടെ തന്നെയാണ് തട്ടിപ്പിന് കേന്ദ്രമാക്കിയതും.

ഭർത്താവ് ഉപേക്ഷിച്ച പ്രിയ മൂന്നുമക്കളുമായി കുന്നംകുളത്ത് വാടകവീട്ടിലായിരുന്നു താമസം. അനാഥരായ മൂന്നു മക്കളെ ദത്തെടുത്തു വളർത്തുകയാണെന്നായിരുന്നു നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂടുകാരിയായ പ്രിയ അവിടെ, ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതോടെ അവിടെ നിന്നും മുങ്ങി ഗുരുവായൂർ വെട്ടുക്കാടിൽ എത്തുകയായിരുന്നു. ഇംഗ്ലിഷിലും ഹിന്ദിയിലും സംസാരിക്കാൻ കഴിവുള്ള പ്രിയയുടെ ആയുധം വാചകമടിച്ചു വീഴ്‌ത്താനുള്ള കഴിവാണ്. തട്ടിയെടുക്കുന്ന പണം ധൂർത്തടിക്കനാണ് ഉപയോഗിക്കുക. കാർ വാടകയ്‌ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം. ഇങ്ങനെ പണം ധൂർത്തടിച്ച് തീർക്കും.

ഗൾഫിൽ ബിസിനസ് നടത്തുന്ന തൃശൂർ മുണ്ടൂർ കിരാലൂർ സ്വദേശി അനിൽകുമാറുമായി ഫേസ്‌ബുക്ക് ചാറ്റിങ് വഴി പരിചയപ്പെട്ടശേഷമാണ് പ്രിയ തട്ടിപ്പ് ആരംഭിച്ചത്. ഒരുവർഷത്തെ ചാറ്റിങ് പരിചയം വഴി ഇരുവരും തമ്മിൽ ഉറച്ച ബന്ധമായി. വാചകമടിച്ച് പ്രവാസിയെ വീഴ്‌ത്തിയ പ്രിയ താൻ മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളർത്തുകയാണെന്നാണ് ധരിപ്പിച്ചിരുന്നത്. മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോൾ പ്രവാസിക്ക് പ്രിയയോടുള്ള ബഹുമാനം കൂടി. തുടർന്ന സന്നദ്ധ പ്രവർത്തനത്തിനായി ചെറിയ സഹായങ്ങൾ ഇയാളിൽ നിന്നും കൈപ്പറ്റി. പിന്നീട് ഇത് പതിവാക്കി.

ഫേസ്‌ബുക്കിൽ നിന്ന് വാട്‌സാപ്പിലേക്ക് സൗഹൃദം മാറിയതോടെ കുന്നംകുളത്ത് ഒരു ജൂവലറി തുടങ്ങണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്ന പ്രവാസി ഇതു സമ്മതിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കും ചൂണ്ടലിൽ ആരംഭിക്കുന്ന ജുവലറി ബിസിനസ് പങ്കാളിത്തത്തോടെ നടത്താനും യുവതിക്ക് അനിൽകുമാർ ആദ്യഘട്ടം 21 ലക്ഷം രൂപ നൽകി. കുന്നംകുളത്ത് മുറി വാടകയ്‌ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോൾ പ്രിയ ജൂവലറിയെന്ന ബോർഡും ഇന്റീരിയർ വർക്കുകളും നടക്കുന്നു.

പിന്നീട് അനിൽകുമാറിന്റെ മരുമകൻ പാലക്കാട് പെരിങ്ങോട് സ്വദേശി സന്തോഷിനെ ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് 18 ലക്ഷവും സന്തോഷിന്റെ ഭാര്യ സൗമ്യയിൽ നിന്നു 75000 രൂപയും യുവതി തട്ടിയെടുത്തു. അനിൽകുമാറിന്റെ ബന്ധുവായ വരന്തരപ്പിള്ളി സ്വദേശി ജഗനിൽനിന്ന് ജൂവലറി പാർട്ണർഷിപ്പിന്റെ പേരിൽ ഏഴ് ലക്ഷം രൂപയും സന്തോഷിന്റെ സഹോദരനും കെ.എസ്.ഇ.ബി. ജീവനക്കാരനായ പെരുമ്പിലാവ് സ്വദേശി സംഗീതിൽനിന്ന് അഞ്ചുലക്ഷം രൂപയും ജൂവലറിയിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് പെരുമ്പിലാവ് സ്വദേശിയായ ബന്ധുവിൽ നിന്ന് 75,000 രൂപയും യുവതി തട്ടിയെടുത്തു. ഇന്റീരിയർ ജോലികൾ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര.

ചൂണ്ടലിൽ ധനകാര്യ സ്ഥാപനം തുടങ്ങാൻ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു. പാറന്നൂരിൽ ആരംഭിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ ബിസിനസ് പങ്കാളികളാക്കാമെന്ന് പറഞ്ഞ് 12 ലക്ഷം രൂപയും യുവതി തട്ടി. യുവാക്കളെ വിശ്വസിപ്പിക്കാനായി പാറന്നൂരിലെ ഒരു സ്വകാര്യ വ്യവസായ സ്ഥാപന കെട്ടിടത്തിലെ മുറിയിൽ ഫിനാൻസ് സ്ഥാപനത്തിന്റെ ബോർഡും സ്ഥാപിച്ചിരുന്നു. ഇന്റീരിയർ പണിക്കു വന്ന അഞ്ചു യുവാക്കളോട് വാങ്ങിയത് ലക്ഷങ്ങളും. കെപ്പറമ്പ് പുത്തൂർ സ്വദേശിയായ ശ്യാമിൽ നിന്ന് ഏഴ് ലക്ഷം രൂപയും ജിഷ്ണു, ഡാനി എന്നിവരിൽനിന്ന് ഒന്നരലക്ഷം രൂപ വീതവും തോളൂർ സ്വദേശി റെനീഷ്, ചാവക്കാട് തിരുവത്ര സ്വദേശി ശരത്ത് എന്നിവരിൽനിന്നും ഒന്നര ലക്ഷം രൂപ വീതവും പുത്തൂർ സ്വദേശി വില്യംസിൽ നിന്ന് 25000 രൂപയും ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ തട്ടിയെടുത്തിരുന്നു.

പണമില്ലാതെ വന്നതോടെ ഒരാൾ ഒന്നേമുക്കാൽ ലക്ഷം നൽകിയത് അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തിയായിരുന്നു. ഇങ്ങനെ, പതിനഞ്ചു പേരിൽ നിന്നായപ്പോൾ പ്രിയയുടെ കയ്യിലെത്തിയത് 75 ലക്ഷം രൂപയാണ്. ധനകാര്യ സ്ഥാപനത്തിൽ സ്ഥിരം സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് 75,000 രൂപയാണ് വാങ്ങിയത്. രണ്ടു മാസത്തെ ശമ്പളം ആദ്യം തരുമെന്ന് പറഞ്ഞ് സെക്യൂരിറ്റിക്കാരൻ നൽകിയ 75,000 ൽ നിന്ന് 40,000 രൂപ ശമ്പളയിനത്തിൽ തിരിച്ചു നൽകി. സ്വന്തം കാശിൽ നിന്ന് തന്നെയാണ് ഈ പണം കിട്ടുന്നതെന്ന് സെക്യൂരിറ്റിക്കാരന് മനസിലായില്ല.

ഇതിനിടയിൽ ചൂണ്ടലിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന വിബീഷിന്റെ ഷോപ്പ് വാങ്ങാമെന്ന് പറഞ്ഞ് 1 ലക്ഷം രൂപ അഡ്വാൻസ് നൽകി എഗ്രിമെന്റും എഴുതി. 15 ലക്ഷത്തിന്റെ ചെക്കും നൽകി അതിന് ഒരു മാസത്തെ കാലാവധിയും നൽകിയിരുന്നു. പിന്നീട് ഷോപ്പിലുണ്ടായിരുന്ന 5ലക്ഷത്തിന്റെ സ്റ്റോക്ക് പ്രിയ മറിച്ചുവിറ്റു. തുടർന്ന് വിബീഷ് ചെക്ക് ബാങ്കിൽ പ്രൊഡ്യൂസ് ചെയ്‌തെങ്കിലും മടങ്ങുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവാവ് പൊലീസിനെ സമീപിച്ചത്.

മുമ്പ് തട്ടിപ്പു കേസിൽ തിരുവനന്തപുരത്ത് 30 ദിവസം ജയിലിൽ കിടന്നിട്ടുള്ളയാളാണ് പ്രിയ. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നൽകാനുണ്ടെന്ന ഒരു പരാതിയിൽ കുന്നംകുളം പൊലീസ് വിളിച്ചപ്പോൾ വന്നില്ല. മുങ്ങി. ഇതോടെയാണ് പൊലീസിന് സംശയമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് അറിഞ്ഞത്.

പണം തട്ടിയ പ്രവാസിയെ വിവാഹതട്ടിപ്പിനും പ്രിയ ഇരയാക്കി. തിരുവനന്തപുരത്ത് തനിക്ക് തർക്കത്തിൽ കിടക്കുന്ന കുറേ ഭൂമിയുണ്ടെന്നും ഈ ഭൂമി കിട്ടാൻ ഒരു വിവാഹ രേഖ വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. ഭൂമി കിട്ടിയാൽ അതു വിൽക്കാമെന്നും അതിൽ നിന്നും കിട്ടുന്ന വൻതുകയിൽ പകുതി തരാമെന്നും വാഗ്ദാനം ചെയ്തതോടെ പ്രവാസി അതിനും സമ്മതിച്ചു. മകനോട് ഇക്കാര്യം പറഞ്ഞ പ്രവാസി ക്ഷേത്രത്തിൽ വച്ച് പേരിനൊരു വിവാഹവും രജിസ്റ്റർ ചെയ്തു. ഈ വിവാഹ രേഖ ഭാവിയിൽ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നെന്നാണ് പൊലീസ് ചോദിച്ചപ്പോൾ പറഞ്ഞത്.

ചൂണ്ടലിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന ആർത്താറ്റ് കൂളിയാട്ടിൽ വിബീഷിന്റെ പരാതിയിൽ കുന്നംകുളം എ.സി.പി. സിനോജിന്റെ നിർദ്ദേശാനുസരണം സിഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിൽ എസ്‌ഐ. യു.കെ. ഷാജഹാൻ, എഎസ്ഐ. ഗോപി, സിവിൽ പൊലീസ് ഓഫീസർമാരായ ബാബുരാജ്, ജാൻസി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP