Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരൂരിലെ കുട്ടികളുടെ മരണത്തിന് കാരണം സിഡ്സ്? റഫീഖ്- സബ്ന ദമ്പതികളുടെ മക്കളുടെ ജീവൻ എടുത്തത് അപൂർവ്വ ജനിതക രോഗമെന്ന സംശയം ഉന്നയിച്ചു ശിശുരോഗ വിദഗധനായ ഡോക്ടർ; കുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും പരിശോധനയിൽ കണ്ടിരുന്നില്ല; സിഡ്സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാൽ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നെന്നും ഡോ. നൗഷാദ്; ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം

തിരൂരിലെ കുട്ടികളുടെ മരണത്തിന് കാരണം സിഡ്സ്? റഫീഖ്- സബ്ന ദമ്പതികളുടെ മക്കളുടെ ജീവൻ എടുത്തത് അപൂർവ്വ ജനിതക രോഗമെന്ന സംശയം ഉന്നയിച്ചു ശിശുരോഗ വിദഗധനായ ഡോക്ടർ; കുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും പരിശോധനയിൽ കണ്ടിരുന്നില്ല; സിഡ്സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാൽ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നെന്നും ഡോ. നൗഷാദ്; ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ ഫൊറൻസിക് പരിശോധനാഫലം കാത്ത് അന്വേഷണസംഘം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: തിരൂരിൽ ഒമ്പതുവർഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികൾ മരിച്ച സംഭവത്തിലെ ദൂരൂഹതകൾ നീങ്ങാൻ അവസരം ഒരുങ്ങുന്നു. കുട്ടികൾ മരിച്ചത് അപൂർവ്വ ജനിതക രോഗം മൂലമാണെന്ന സംശയമാണ് തിരൂരിലെ ശിശുരോഗ വിദഗ്ധൻ പ്രകടിപ്പിച്ചത്. കുട്ടികളെ ആദ്യം ചികിത്സിച്ചത് തിരൂരിലെ ഡോക്ടറായ നൗഷാദാണ്. സിഡ്‌സ് എന്ന പേരിലുള്ള ജനിതക രോഗമാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത് എന്ന സംശയമാണ് അദ്ദേഗം പ്രകടിപ്പിച്ചത്. തറമ്മൽ റഫീഖ്- സബ്ന ദമ്പതികളുടെ മക്കളാണ് ദുരൂഹരോഗം ബാധിച്ച് മരിച്ചത്. 93 ദിവസം പ്രായമുള്ള ആൺകുട്ടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് ഈ സംഭവം പൊതുശ്രദ്ധയിലേക്ക് വന്നത്. എന്നാൽ, കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന സൂചനയാണ് ഡോക്ടറുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്.

രണ്ടു കുട്ടികൾ സമാന സാഹചര്യത്തിൽ മരിച്ചതിനെത്തുടർന്നാണ് റഫീഖും സബ്നയും തന്നെ തേടിയെത്തുന്നത്. തുടർന്ന് മൂന്നാമത്തെ കുട്ടിയെ മുതൽ താൻ പരിശോധിച്ചിരുന്നു. സിഡ്സ് എന്ന രോഗമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നും പരിശോധനയിൽ കണ്ടിരുന്നില്ല. സിഡ്സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാൽ താൻ ഇവരെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

ആ കുട്ടിയും പിന്നീട് മരിച്ചു. ഈ കുട്ടിയെ പോസ്റ്റ് മോർട്ടം ചെയ്തിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ സ്പെസിമെൻ ഹൈദരാബാദിൽ അയച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട്ടികളുടെ മരണകാരണം കണ്ടെത്താൻ ഓരോ കുട്ടികളുടെയും രക്തപരിശോധന പ്രത്യേകം പ്രത്യേകം നടത്തേണ്ടതാണ് എന്നും ഡോക്ടർ പറഞ്ഞു. ഈ രോഗബാധയുള്ള കുട്ടികൾ ഒരു വർഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികൾക്ക് പെട്ടെന്ന് ഛർദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുട്ടി നാലര വയസ്സുവരെ ജീവിച്ചു എന്നത് അത്ഭുതകരമാണെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം എന്നതാണ് സിഡ്സ് എന്നതിന്റെ പൂർണരൂപം. ശിശുക്കളിൽ ഉറക്കത്തിൽ ഓക്സിജൻ ലഭ്യത കുറയുന്നതാണ് മരണ കാരണമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ഇതേത്തുടർന്ന് ശരീരത്തിൽ കാർബൺ ഡൈഓക്സൈഡ് നിറയുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇത്തരം രോഗബാധയുള്ള കുട്ടികൾക്ക് രണ്ടു മുതൽ മൂന്നുമാസം വരെയുള്ള പ്രായമാണ് ഏറെ അപകടം പിടിച്ചതെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങൾ ഫൊറൻസിക്-ശാസ്ത്രീയ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് നാലു ദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസ് അധികൃതർ സൂചിപ്പിക്കുന്നത്. ഈ റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കുട്ടികളുടെ മരണത്തിലെ ദുരൂഹത നീക്കാനാകുമെന്നും പൊലീസ് അധികൃതർ സൂചിപ്പിച്ചു. ചൊവ്വാഴ്ച 93 ദിവസം പ്രായമുള്ള കുട്ടിയുടെ മരണം സ്വാഭാവിക മരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാകുന്ന കാര്യം. ഒരു കുടുംബത്തിലെ ആറു കുട്ടികൾ ഒൻപത് വർഷത്തിനിടെ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരിച്ച ആറു കുട്ടികളിൽ അഞ്ചുപേരുടെയും പ്രായം ഒരു വയസിൽ താഴെയായിരുന്നു.

മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പടെ ആറുപേരാണ് ഒൻപത് വർഷത്തിനകം മരിച്ചത്. 2011ലാണ് ആദ്യ മരണം. എട്ട് മാസം മാത്രം പ്രായമായിരിക്കെയാണ് ആദ്യ കുട്ടി മരിക്കുന്നത്. പിന്നീട്, രണ്ടു മാസം പ്രായമുള്ള രണ്ടാമത്തെ കുട്ടിയും, 40 ദിവസം മാത്രം പ്രായമുള്ള മൂന്നാമത്തെ കുട്ടിയും മരിച്ചു. നാലര വയസ് പ്രായമുള്ളപ്പോഴാണ് നാലാമത്തെ കുട്ടി മരിക്കുന്നത്. അഞ്ചാമത്തെയും ചൊവ്വാഴ്ച മരിച്ച ആറാമത്തെ കുട്ടിയുടെയും പ്രായം മൂന്ന് മാസം. തുടർച്ചയായ മരണങ്ങളിൽ അസ്വാഭാവികതയുണ്ടെന്നും പോസ്റ്റുമോർട്ടം നടപടികൾക്ക് കാത്തുനിൽക്കാതെ മൃതദേഹം ഖബറടക്കിയതിൽ ദുരൂഹതയുണ്ടെന്നുമുള്ള പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം.

മൂന്നാമത്തെ കുട്ടി മരിച്ചപ്പോൾ പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ആരോപണം ഉയർന്ന സാഹചര്യത്തിൽ ഏത് വിധത്തിലുള്ള അന്വേഷണത്തിനും പരിശോധനയ്ക്കും തയാറാണെന്നും ബന്ധുക്കൾ പറഞ്ഞു. തിരൂർ കോരങ്ങത്ത് ജുമ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് തിരൂർ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP