Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു പ്രദേശത്ത് ഒരു ദിവസം തന്നെ നിരവധി മോഷണം; ക്യാമറയിൽ കുടുങ്ങാതിരിക്കാൻ ഹെൽമറ്റ് നിർബന്ധം; പൊലീസിനെ കണ്ടാൽ ഓടി രക്ഷപെടുന്നതിൽ അതി വിദഗ്ധൻ; ഒടുവിൽ പൊലീസിന്റെ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഒളിസങ്കേതത്തിൽ നിന്നും പൊലീസിന് ലഭിച്ചത് കോടി മുണ്ടു മുതൽ ലാപ്‌ടോപ്പ് വരെ

ഒരു പ്രദേശത്ത് ഒരു ദിവസം തന്നെ നിരവധി മോഷണം; ക്യാമറയിൽ കുടുങ്ങാതിരിക്കാൻ ഹെൽമറ്റ് നിർബന്ധം; പൊലീസിനെ കണ്ടാൽ ഓടി രക്ഷപെടുന്നതിൽ അതി വിദഗ്ധൻ; ഒടുവിൽ പൊലീസിന്റെ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഒളിസങ്കേതത്തിൽ നിന്നും പൊലീസിന് ലഭിച്ചത് കോടി മുണ്ടു മുതൽ ലാപ്‌ടോപ്പ് വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളത്തിൽ നിന്നും പൊലീസ് കണ്ടെടുത്തത് കോടി മുണ്ടു മുതൽ ലാപ്‌ടോപ്പ് വരെ. തിരുവല്ലം ഉണ്ണിയെന്ന തിരുവല്ലം മേനിലം കീഴേ പാലറക്കുന്ന് വീട്ടിൽ ഉണ്ണികൃഷ്ണൻ(49) വാഹന മോഷണത്തിലൂടെയാണ് മോഷണത്തിൽ ഹരിശ്രീ കുറിക്കുന്നത്. പിന്നീട് സ്‌പെയർപാർട്‌സുകൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കൾ ആക്രികടകളിൽ വിൽക്കുന്ന പ്രതി ആഡംബര ജീവിതമാണ് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ടാൽ പരമാവധി ഓടി രക്ഷപ്പെടാൻ നോക്കുന്നതാണ് പതിവെന്നും ഇപ്പോൾ പിടിയിലായതും ഏറെ നേരത്തെ ഓട്ടത്തിനൊടുവിലാണെന്നും പൊലീസ് പറഞ്ഞു.

ഉണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെഎസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തി കിട്ടിയ മോഷണ വസ്തുക്കളും പണവും കണ്ടെടുത്തത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മോഷ്ടിച്ച സിസിടിവി ഹാർഡ് ഡിസ്‌ക്കുകളും ഇവയിൽ ഉൾപ്പെടുന്നു. ക്യാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് ഹാർഡ് ഡിസ്‌ക്കുകളും മോഷ്ടിച്ചിരുന്നത്.

ഒതുങ്ങിയ സ്ഥലത്ത് അയൽവീടുകൾ അധികമില്ലാത്ത ഇടം നോക്കിയാണ് ഇയാൾ താമസത്തിനായി വീട് വാടകയ്ക്ക എടുത്തിരുന്നത്.  ആദ്യം വാടകക്കെടുത്തത് കോവളം കെഎസ് റോഡ് ചുനക്കരയിലെ വീടായിരുന്നു. തുടർന്ന് വണ്ടിത്തടത്തേക്ക് മാറി. ഇവിടെ വച്ച് പൊലീസ് പിടിക്കുമെന്നായപ്പോൾ കാറുപേക്ഷിച്ചു ഓടി. അന്നു കൂട്ടു പ്രതിയായ ഭാര്യ പിടിയിലായിരുന്നു. തുടർന്നാണ് കെഎസ് റോഡിലെ വീട്ടിൽ വാടകക്കെത്തുന്നത്.

ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം നടത്തുന്നതാണ് ഉണ്ണിയുടെ രീതി. അർധരാത്രിക്കു ശേഷം തന്റെ ഓട്ടോറിക്ഷയിൽ കവർച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് എത്തി ഓട്ടോ സുരക്ഷിതമായി പാർക്കു ചെയ്യും. ശേഷം കമ്പി പാരയുമായാണു മോഷണത്തിനിറങ്ങുന്നത്. സിസിടിവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് ഹെൽമറ്റ് ധരിച്ചാണ് ഇയാൾ മിക്ക മോഷണങ്ങളും നടത്തുന്നത്.

മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വൻ കവർച്ചകൾക്കു തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണിയെ ഷാഡോ പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP