Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കരച്ചിൽ കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ച് തല്ലും; മുഖത്തടിക്കുന്നതും തൊഴിക്കുന്നതും അരുണിന്റെ ക്രൂര വിനോദങ്ങൾ; കുഞ്ഞുങ്ങളെ വിളിച്ചിരുന്നത് 'റാസ്‌കൽ' എന്ന്; തടയാൻ ശ്രമിച്ച യുവതിയെ കരണത്തടിച്ച് അകറ്റും; ഏഴുവയസുകാരനെ ക്രൂരമായി ആക്രമിച്ച ദിവസം പ്രതി വൈകീട്ടു മുതൽ ബാറിൽ; ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞിന്റെ പേര് ചോദിച്ചപ്പോൾ ഓർമ്മയില്ലെന്ന് പറഞ്ഞതോടെ അരുൺ കുടുങ്ങി

കരച്ചിൽ കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ച് തല്ലും; മുഖത്തടിക്കുന്നതും തൊഴിക്കുന്നതും അരുണിന്റെ ക്രൂര വിനോദങ്ങൾ; കുഞ്ഞുങ്ങളെ വിളിച്ചിരുന്നത് 'റാസ്‌കൽ' എന്ന്; തടയാൻ ശ്രമിച്ച യുവതിയെ കരണത്തടിച്ച് അകറ്റും; ഏഴുവയസുകാരനെ ക്രൂരമായി ആക്രമിച്ച ദിവസം പ്രതി വൈകീട്ടു മുതൽ ബാറിൽ; ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞിന്റെ പേര് ചോദിച്ചപ്പോൾ ഓർമ്മയില്ലെന്ന് പറഞ്ഞതോടെ അരുൺ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദിച്ച മൃതപ്രായനാക്കിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദ് കുട്ടികളോട് അതിക്രൂരമായാണ് പെരുമാറിയിരുന്നത്. കുമരമംഗലത്തെ വീട്ടിൽ വെച്ച് കുഞ്ഞുങ്ങളെ ഇയാൾ മർദ്ദിച്ചിരുന്നു. കുഞ്ഞുങ്ങളെ മർദ്ദിച്ച വീട്ടിലെ ചുമരിൽ ചോരത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ്. ഇരുനില വീട്ടിൽ താഴത്തെ നിലയിലായിരുന്നു കുട്ടികളുമായി യുവതിയുടെയും അറസ്റ്റിലായ തിരുവനന്തപുരം നന്തൻകോട് സ്വദേശി അരുൺ ആനന്ദിനെയും താമസം. ഒരുമാസം മുൻപാണ് ഇവിടെ താമസത്തിനെത്തിയത്. മുകൾനിലയിൽ താമസിച്ചിരുന്ന ദമ്പതികളുമായും അയൽവീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല.

അതേസമയം രണ്ടു കുട്ടികളെയും തൊഴിക്കുന്നതും മുഖത്തിടിക്കുന്നതും അരുണിന്റെ വിനോദമായിരുന്നുവെന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുപിടിയുള്ള വടിയും അടിക്കാൻ ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. റാസ്‌കൽ എന്നാണു കുട്ടികളെ വിളിച്ചിരുന്നത്. മൂത്ത കുട്ടിക്കായിരുന്നു കൂടുതൽ മർദനം. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കുക്കയും പതിവായിരുന്നെന്നാണ് ഇളയകുഞ്ഞിന്റെ മൊഴിയിൽ നിന്നും വ്യകതമായിട്ടുണ്ട്.

മയക്കുരുന്നിന് അടിമയായ അരുൺ ആനന്ദൻ പെട്ടന്ന് പ്രകോപിതനായി കുഞ്ഞുങ്ങളെ മർദ്ദിക്കുന്നതായിരുന്നു ചെയ്യാറ്. യുവതി തടയാൻ ശ്രമിച്ചാൽ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാൽ പുലർച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാർ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുൻപു മങ്ങാട്ടുകവലയിലെ തട്ടുകടയിൽ യുവതിക്കും കുട്ടികൾക്കുമൊപ്പം ഇയാൾ എത്തിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ സ്ഥലം വിട്ടു.

ഒന്നര മാസം മുൻപു ഷോപ്പിങ് കോംപ്ലക്‌സിനു മുന്നിൽ മൂത്ത കുട്ടിയുമായി റോഡരികിൽ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറയവേ നാട്ടുകാർ ഇടപെട്ടു. ഒരു യുവതി കാറോടിച്ചെത്തി. ഡോറിൽ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളിൽ കയറിയ ഇയാൾ, യുവതിയുടെ കരണത്തടിച്ചു. തുടർന്ന് സ്റ്റിയറിങ്ങിൽ കാലെടുത്തു വച്ചു. ജനം കൂടിയപ്പോൾ യുവതി വേഗത്തിൽ കാറോടിച്ചു പോയി. യുവതിയെ വീട്ടിൽ വച്ചും വഴിയിൽ വച്ചും അരുൺ മർദിക്കുന്നതിനു പലരും സാക്ഷികളാണ്. കുട്ടികളെ അനാഥാലയത്തിലോ ബോർഡിങ്ങിലോ ആക്കണമെന്നു അരുൺ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞുങ്ങൾ തങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസമാകുമെന്ന് ഇയാൾ കരുതിയിരുന്നു. അതുകൊണ്ടാണ് കുഞ്ഞുങ്ങളോട് ക്രൂരമായി പെരുമാറിയിരുന്നതും.

ക്രൂര മർദനമേറ്റ് തല പൊട്ടിയ എഴുവയസ്സുകാരനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ പൊലീസിന്റെ ഒറ്റ ചോദ്യമാണു അരുൺ ആനന്ദിനെ കുടുക്കിയത്. 'കുട്ടിയുടെ പേരെന്ത് ?' അപ്പു എന്നാണു വീട്ടിൽ വിളിക്കുന്നതെന്നും യഥാർഥ പേര് ഓർമയില്ലെന്നും ചോദിച്ചു പറയാമെന്നും മറുപടി. മൂക്കറ്റം മദ്യപിച്ച നിലയിലുമായിരുന്നു അരുൺ. കുട്ടി കളിക്കുന്നതിനിടെ വീണു തല പൊട്ടിയതാണെന്നും പറഞ്ഞെങ്കിലും സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചു.

യുവതിയുടെ ചുണ്ടിലെ മുറിവും കരണത്തടിയേറ്റ പാടുകളും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വഴക്കിനിടെയാണ് മർദ്ദനമേറ്റതെന്ന് ഉറപ്പിച്ചു. കുട്ടിയുടെ പേര് ചോദിച്ചപ്പോഴുള്ള പ്രതികരണം കൂടി കണ്ടതോടെ സംശയം കൂടി. ഇയാൾ ആശുപത്രിക്കുള്ളിലേക്കു കയറാതെ കാറിൽ സിഗററ്റ് വലിച്ചിരിക്കുകയായിരുന്നുവെന്ന കാര്യവും സുരക്ഷാ ജീവനക്കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. കൂടുതൽ ചോദ്യങ്ങളുയർന്നപ്പോൾ യുവതി കയർത്തതും പൊലീസിന് അസ്വാഭാവികമായി തോന്നി. നില അതീവ ഗുതുരതമാണെന്നതിനാൽ കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. യുവതി ആംബുലൻസിൽ കയറിയെങ്കിലും ഒപ്പം കയറാതെ കാറിൽ വന്നോളാമെന്നായി അരുൺ. ഇതിന്റെ പേരിൽ പൊലീസും ഇയാളും തമ്മിൽ രൂക്ഷമായ വാക്കേറ്റമായി. പൊലീസുകാരിലൊരാൾ കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം അരുണിനെ ആംബുലൻസിന്റെ മുൻസീറ്റിലിരുത്തി ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഇതിനിടെ പൊലീസുകാർ കുമാരമംഗലത്തെ വീട്ടിലെത്തി. വാതിൽ തുറന്നു കിടക്കുകയായിരുന്നു. മുറിക്കുള്ളിൽ നിലത്തും ഭിത്തിയിലും രക്തത്തുള്ളികൾ. വീടു പൂട്ടി സീൽ ചെയ്ത ശേഷം കോലഞ്ചേരിയിലെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് അരുണിനെ നിരീക്ഷിക്കാൻ നിർദ്ദേശിച്ചു. പുത്തൻകുരിശ് സ്റ്റേഷനിലെ 2 പൊലീസുകാരെയും ആശുപത്രിയിലേക്കു വിട്ടു. തന്നെ മർദിച്ച വിവരം 4 വയസ്സുള്ള കുട്ടി ഇതിനിടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. തുടർന്നാണ് അരുണിനെ കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്നു കിട്ടിയത് 9 പാസ് ബുക്കുകളും മദ്യക്കുപ്പിയും മറ്റും. ആംബുലൻസിൽ കുട്ടികളെ കയറ്റിവിട്ട ശേഷം യുവതിയുമായി കാറിൽ മുങ്ങാനായിരുന്നു അരുണിന്റെ നീക്കം ഇതിനിടെയാണ് ഇയാളെ പൊലീസി സമർത്ഥമായി പൊക്കിയത്.

ഏഴുവയസ്സുകാരൻ ക്രൂരമർദനത്തിനിരയായ രാത്രി യുവതിയുടെയും അരുണിന്റെയും കാർ തൊടുപുഴയ്ക്കു സമീപം പൊലീസ് പട്രോൾ സംഘം കണ്ടിരുന്നു. മദ്യപിച്ചു ലക്കുകെട്ടുള്ള അരുണിന്റെ രാത്രി യാത്രകളിൽ മിക്കവാറും കാർ ഡ്രൈവ് ചെയ്തിരുന്നത് യുവതിയാണ്. അന്നു വൈകിട്ട് ഏഴു മുതൽ തൊടുപുഴയിലെ ഹോട്ടലിൽ അരുൺ രണ്ടു സുഹൃത്തുക്കളുമൊത്തു മദ്യപാനത്തിലായിരുന്നു. യുവതിയാണു കൗണ്ടറിൽനിന്ന് മദ്യം എടുത്തുകൊടുത്തത്. പത്തുമണിയോടെ അരുൺ യുവതിയോടു മടങ്ങാൻ പറഞ്ഞു. ഇത് ഓർമയില്ലാതെ അൽപസമയം കഴിഞ്ഞു തിരിച്ചുവന്ന് കൗണ്ടറിൽ അന്വേഷിച്ചു. പുറത്തിറങ്ങിയപ്പോൾ യുവതി കാറിലുണ്ടായിരുന്നു. ഗ്ലാസ് താഴ്‌ത്തി അവിടെവച്ചുതന്നെ യുവതിയുടെ മുഖത്തടിച്ചു. തുടർന്നു വീട്ടിലെത്തി. കുട്ടികളെ പൂട്ടിയിട്ട ശേഷം രാത്രി ഒന്നരയോടെ തിരികെ വെങ്ങല്ലൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു മൂന്നുമണിയോടെ മടങ്ങിവന്നു. അതിനുശേഷമായിരുന്നു കുട്ടിയെ അർധപ്രാണനാക്കിയ മർദനം.

ഇളയ കുട്ടിയെ മൂത്രമൊഴിപ്പിച്ചില്ല എന്ന പേരിലാണ് ഏഴുവയസ്സുകാരനെ ഉറക്കത്തിൽനിന്നുണർത്തി മർദനം തുടങ്ങിയത്. എന്നാൽ, പിന്നീട് സ്‌കൂൾ ടീച്ചറുടെ അടുത്ത് തന്നെക്കുറിച്ച് എന്തോ മോശമായി പറഞ്ഞു എന്നതിന്റെ പേരിലായി ചോദ്യം ചെയ്യൽ. ഇതു ചോദിച്ചപ്പോൾ കുട്ടി പരുങ്ങി. സ്‌കൂളിലെ കാര്യങ്ങളെല്ലാം അറിഞ്ഞെന്നും കള്ളം പറഞ്ഞാൽ കൊന്നുകളയുമെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു അരുണിന്റെ മർദനം.

'ഒന്നും പറഞ്ഞില്ല' എന്നു കുട്ടി കരഞ്ഞുപറഞ്ഞു. ചുവരിന്റെയും അലമാരിയുടെയും ഇടയ്ക്ക് വീണ കുട്ടിയെ അവിടെയിട്ടു പലതവണ ആഞ്ഞു തൊഴിച്ചു. കാലിൽ വലിച്ചെറിഞ്ഞു. കട്ടിലിന്റെ കാലിന്റെ താഴെ തലയിടിച്ചാണ് തലയോട്ടിക്കു നീളത്തിൽ പൊട്ടലുണ്ടായത്. മാർച്ച് ഒന്നിനാണ് കുട്ടിയെ കുമാരമംഗലത്തെ സ്‌കൂളിൽ രണ്ടാം ക്ലാസിൽ ചേർത്തത്. അരുണിന്റെ മർദനമേറ്റും പറയുന്നതു പോലെ അനുസരിച്ചുമാണു യുവതി കഴിഞ്ഞിരുന്നതെന്നാണു സൂചന. ഇവർ ബിടെക് ബിരുദധാരിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP