Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴീക്കൽ ബീച്ചിലെ സദാചാര ഗുണ്ടായിസത്തിൽ പ്രതികൾ പൊലീസ് പിടിയിൽ; വലന്റൈൻസ് ദിനത്തിൽ ബീച്ചിലെത്തിയ കമിതാക്കളെ ആക്രമിച്ചത് മൂന്നംഗ സംഘം; പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തി

അഴീക്കൽ ബീച്ചിലെ സദാചാര ഗുണ്ടായിസത്തിൽ പ്രതികൾ പൊലീസ് പിടിയിൽ; വലന്റൈൻസ് ദിനത്തിൽ ബീച്ചിലെത്തിയ കമിതാക്കളെ ആക്രമിച്ചത് മൂന്നംഗ സംഘം; പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തി

ആർ പിയൂഷ്

കരുനാഗപ്പള്ളി: അഴീക്കൽ ബീച്ചിലെ സദാചാര ഗുണ്ടായിസത്തിലെ പ്രതികൾ പൊലീസിന്റെ പിടിയിലായി. അഴീക്കൽ പുതുമണ്ണേൽ വീട്ടിൽ അഭിലാഷ് എന്ന സുഭാഷ് (33) കായംകുളം എരുവ മണലൂർ തറയിൽ ധനീഷ് (30), അഴീക്കൽ മീനത്ത് പുതുവൽ വീട്ടിൽ ബിജു (42) എന്നിവരാണ് പൊലീസ് പിടിയിലായത്. ഓച്ചിറ എസ്.ഐ.വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും പ്രത്യേകം വകുപ്പുകൾ ചുമത്തി കേസെടുത്തു.

മറുനാടൻ പുറത്തുവിട്ട വാർത്തയെ തുടർന്ന് ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കാരായ രണ്ട് പേരെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നായാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയായിരുന്നു മറുനാടൻ പുറത്തുവിട്ടത്. വാർത്ത ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സദാചാര ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് നിർദ്ദേശിച്ചത്. ഇത് കൂടാതെ ആക്രമണത്തിന് ഇരയായ രണ്ട് പേരും ഇന്ന് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.

അഴീക്കൽ സംഭവത്തിൽ ഇന്റർനെറ്റ് വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതരേയും നടപടിയുണ്ടാകുമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം പ്രതികൾക്കെതിരെ കർശന വകുപ്പുകൾ തന്നെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമികൾ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്‌കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്.ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് പിണറായി വ്യക്തമാക്കിയിരുന്നു.

വാലന്റയിൻ ദിനം ആഘോഷിക്കാൻ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ കൗമാരക്കായ കമിതാക്കളെ സദാചാര ഗുണ്ടകൾ മർദ്ധിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് വീഡിയോ ദൃശ്യങ്ങളായിരുന്നു നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവത്തിന് ഇരയായ പെൺകുട്ടിയും ആൺകുട്ടിയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സദാചാരക്കാരിൽ ഒരാൾ പെൺകുട്ടിയോട് നീ ആരു വിളിച്ചാലും കൂടെ പോകുമോ എന്ന് ചോദിച്ച് മുഖത്തടിക്കുന്നതു കാണാമായിരുന്നു. പാലക്കാട് സ്വദേശി അനീഷും കൊല്ലം സ്വദേശിനിയായ പെൺകുട്ടിയുമാണ് സദാചാര ഗുണ്ടകൾക്ക് ഇരയായത്. കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ആയുർവ്വേദ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അനീഷ്. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയാണ് അനീഷിനൊപ്പം സദാചാര പൊലീസിന്റെ പീഡനത്തിനിരയായത്. വാലന്റയിൻസ് ദിനത്തിൽ ബീച്ച് കാണാൻ പോയതാണ്. എന്നാൽ ഇവർ പ്രണയത്തിലല്ലെന്നും സഹോദരീ സഹോദരന്മാരെ പോലെയാണ് എന്നും അനീഷ് മറുനാടനോട് പറഞ്ഞു.

ബീച്ച് കാണാൻ എത്തിയതിന് ശേഷം പെൺകുട്ടിക്ക് പ്രാഥമിക കൃത്യം നിർവ്വഹിക്കണമെന്ന് അനീഷിനോട് ആവശ്യപ്പെട്ടു. നിരവധി സഞ്ചാരികളെത്തുന്ന ബീച്ചിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ലാത്തതിനാൽ ബീച്ചിന് പിൻഭാഗത്ത് കായലിനോട് ചേർന്ന കുറ്റിക്കാട്ടിലേക്ക് പെൺകുട്ടിയുമായി പോവുകയായിരുന്നു. അനീഷ് മാറി നിൽക്കുകയും പെൺകുട്ടി പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ കുറ്റിക്കാട്ടിലേക്ക് കയറി.

ഈ സമയം സമീപത്ത് മദ്യപിച്ചു കൊണ്ടിരുന്ന രണ്ട് പേർ പെൺകുട്ടി കുറ്റിക്കാട്ടിലേക്ക് കയറുന്നത് കണ്ട് പിറയെ ചെല്ലുകയും പെൺകുട്ടിയെ കടന്നു പിടിക്കുകയുമായിരുന്നു എന്ന് അനീഷ് പറയുന്നു. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അനീഷ് ഓടിയെത്തിയപ്പോൾ രണ്ട് പേർ ആക്രമിക്കുന്നതാണ് കണ്ടത്. അനീഷ് ചെറുത്തു നിൽക്കാൻ ശ്രമിച്ചെങ്കിലും സദാചാരക്കാർ ഫോൺ മുഖേന മറ്റു മൂന്ന് പേരെ കൂടി വിളിച്ചു വരുത്തി. ഇവരെത്തിയതോടെയാണ് തങ്ങളെ ദേഹോപദ്രവം ഏൽപ്പിച്ചതും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതും. കരഞ്ഞ് കാലു പിടിച്ചു പറഞ്ഞിട്ടും അവർ ഞങ്ങൾ അനാശാസ്യ പ്രവർത്തനങ്ങൾക്ക് വന്നവരാണ് എന്ന് പറഞ്ഞാണ് ഉപദ്രവിച്ചത് എന്നും അനീഷ് പറയുന്നു.

എല്ലാവരും പെൺകുട്ടിയോട് ലൈംഗിക ബന്ധത്തിന് വരെ നിർബന്ധിപ്പിച്ചു എന്നും ഇയാൾ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരുവരുടെയും സിം കാർഡുകൾ ഊരി വാങ്ങുകയും ചെയ്തു. മാനഭയം മൂലമാണ് പൊലീസിൽ പരാതിപെടാതിരുന്നത്. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ സഹോദരിയെ പോലെ കണ്ട പെൺകുട്ടിയുമായി അനാശാസ്യത്തിലേർപ്പെട്ടപ്പോൾ പിടിച്ചു എന്ന ദൃശ്യം പ്രചരിച്ച സ്ഥിതിക്ക് സത്യാവസ്ഥ ഏവരെയും ബോധ്യപ്പെടുത്തണമെന്നു കൊണ്ടാണ് ഇവർ പൊലീസിൽ പരാതി നല്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP