Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചരിത്രനേട്ടമായി വിലയിരുത്തപ്പെട്ട മയക്കുമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സിഐ സജി ലക്ഷ്മണന് സ്ഥലംമാറ്റം; നീക്കം കൊച്ചിയിലെ സിനിമാലോകത്തെ വമ്പന്മാർക്കു വരെ ബന്ധമുണ്ടെന്ന് സൂചനയുള്ള മയക്കുമരുന്നു കടത്ത് കേസ് അട്ടിമറിക്കാനെന്ന് സൂചന; അഫ്ഗാനിൽ നിന്നും കൊച്ചിയിലെത്തിച്ച് ഗൾഫിലേക്ക് ലഹരി ഒഴുക്കാൻ ഒത്താശ ചെയ്യുന്നത് ആരെന്നും ചോദ്യം; ഐഎൻഎയും കേന്ദ്ര ഇന്റലിജൻസും അന്വേഷണത്തിന് എത്തിയ കേസിൽ കേരളം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാകുന്നു

ചരിത്രനേട്ടമായി വിലയിരുത്തപ്പെട്ട മയക്കുമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സിഐ സജി ലക്ഷ്മണന് സ്ഥലംമാറ്റം; നീക്കം കൊച്ചിയിലെ സിനിമാലോകത്തെ വമ്പന്മാർക്കു വരെ ബന്ധമുണ്ടെന്ന് സൂചനയുള്ള മയക്കുമരുന്നു കടത്ത് കേസ് അട്ടിമറിക്കാനെന്ന് സൂചന; അഫ്ഗാനിൽ നിന്നും കൊച്ചിയിലെത്തിച്ച് ഗൾഫിലേക്ക് ലഹരി ഒഴുക്കാൻ ഒത്താശ ചെയ്യുന്നത് ആരെന്നും ചോദ്യം; ഐഎൻഎയും കേന്ദ്ര ഇന്റലിജൻസും അന്വേഷണത്തിന് എത്തിയ കേസിൽ കേരളം ഉദ്യോഗസ്ഥനെ മാറ്റിയത് വിവാദമാകുന്നു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ചരിത്രനേട്ടമായി മാറിയ നെടുമ്പാശേരി മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ എറണാകുളം സ്‌പെഷ്യൽ സ്വാഡ് സിഐ സജി ലക്ഷ്മണന് സ്ഥലംമാറ്റം. പകരം അന്വേഷണ സംഘത്തിലെത്തുന്നത് രണ്ട് മാസത്തിനുള്ളിൽ സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും കാത്തിരിക്കുന്ന ഉദ്യോഗസ്ഥൻ. അന്വേഷണം അട്ടിമറിക്കാൻ ഉന്നത തലത്തിൽ നീക്കമെന്ന് സൂചന.

കൊച്ചിയിലെ സിനിമാലോകത്തെ വമ്പന്മാർക്കും ഉന്നതരായ ചില രാഷ്ട്രീയക്കാർക്കുംവരെ ബന്ധമുണ്ടാകാം എന്ന് സംശയമുണർന്ന കേസായിരുന്നു ഇത്. അഫ്ഗാനിൽ നിന്നുംമറ്റും ഇന്ത്യയിലേക്ക് കടത്തി ട്രെയിന്മാർഗം കൊച്ചിയിലെത്തിച്ച് ഇവിടെനിന്ന് വിമാനമാർഗം ഗൾഫിലേക്കും മറ്റും വൻതോതിൽ മയക്കുമരുന്ന് കടത്തുന്നായി വ്യക്തമായിരുന്നു. ഇതിന് ശക്തമായ തെളിവുകളാണ് അടുത്തിടെ സജി ലക്ഷ്മണന്റെ നേതൃത്വത്തിൽ കണ്ടെത്തിയിരുന്നത്.

സജിയുടെ സ്ഥലംമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് എക്‌സൈസ് വകുപ്പ് ആസ്ഥാനത്തുനിന്ന് ഉത്തരവ് ഇറങ്ങിയത്. കേന്ദ്ര ഇന്റിലിജൻസ് ബ്യൂറോയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എൻ ഐ എ യുമെല്ലാം അതീവ ഗൗരവത്തോടെ വീക്ഷിക്കുന്ന ഈ കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ഏറെ ദുരൂഹതകൾക്ക് വഴി വച്ചിട്ടുണ്ട്. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്്‌പെക്ടർ കെ കെ അനിൽകുമാറിനെയാണ് സജി ലക്ഷ്മണന്റെ ഒഴിവിൽ സ്‌പെഷ്യൽ സ്‌ക്വാഡിൽ നിയമിച്ചിട്ടുള്ളത്. ഇയാൾക്ക് പകരം സജിയെ മൂവാറ്റുപുഴയിലും നിയമിച്ചു.

സജി ലക്ഷ്മണൻ അന്വേഷണസംഘത്തിലുണ്ടെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്ഥിരീകരണം. സാങ്കേതികമായി ഇത് ശരിയാണെങ്കിലും അന്വേഷണത്തിൽ ഈ ഉദ്യോഗസ്ഥന് ഇനി ഈ കേസന്വേഷണത്തിൽ കാര്യമായി ഇടപെടാനാവില്ലന്നതാണ് നിലവിലെ സ്ഥിതി.
പ്രത്യേക അന്വേഷണ സംഘത്തിൽ അംഗങ്ങളല്ലാത്തിനാൽ മൂവാറ്റുപുഴ ഓഫീസിലെ സഹജീവനക്കാരെ അന്വേഷണത്തിന് വിനയോഗിക്കാൻ കഴിയില്ല. സ്‌പെഷ്യൽ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇവിടെ നിന്നും കാര്യമായ സഹകരണം ഉണ്ടാവാനും ഇടയില്ല.

തനിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ ചുവട് പിടിച്ച് സജി ലക്ഷ്മണൻ ഏതാനും സഹപ്രവർത്തകർക്കൊപ്പം നടത്തിയ നീക്കത്തിലാണ്, ഗൾഫിലിരുന്ന് കൊച്ചി സ്വദേശികൾ നിയന്ത്രിക്കുന്ന, നിരവധി രാജ്യങ്ങളിൽ വേരുള്ള മയക്കുമരുന്ന് കടത്തൽ സംഘത്തിലെ രണ്ട് പേരെ നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയത്.

ഇന്ത്യയിൽ 30 കോടി രൂപവിലമതിക്കുന്ന എം ഡി എം എ എന്ന അതിമാരകമായ മയക്കുമരുന്നാണ് സജി ലക്ഷമണനും കൂട്ടരും ഇവരിൽ നിന്നും കണ്ടെടുത്തത്. കൂടുതൽ അന്വേഷണത്തിൽ ഒരാളെക്കുടി അറസ്റ്റുചചെയ്തിരുന്നു. മയക്ക് മരുന്ന് കടത്തൽ സംഘത്തെ നിയന്ത്രിക്കുന്ന കൊച്ചി സ്വദേശികളെ തിരിച്ചറിയുകയും ഇവരെ കുടുക്കുന്നതിന് നീക്കം ആരംഭിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് സജി ലക്ഷമണന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത് എന്നതാണ് എറെ ശ്രദ്ധേയം.

സജിക്ക് പകരം സ്‌ക്വാഡിൽ ഇടപിടിച്ചിട്ടുള്ള അനിൽകുമാർ രണ്ട് മാസത്തിനുള്ളിൽ അസിസ്റ്റന്റ് കമ്മീഷണർ തസ്ഥികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളവരിൽ ഒരാളാണ്. സ്ഥാനക്കയറ്റം കിട്ടുന്ന മുറയ്ക്ക് സ്ഥലം മാറ്റവും ഉണ്ടാവും. ഈ സാഹചര്യത്തിൽ അനിൽകുമാറിന് കാര്യമായി ഒന്നും ചെയ്യാനില്ലന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ സജി ലക്ഷ്മണനെയും സംഘത്തെയും കൊച്ചിയിൽ എത്തി എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിങ് അഭിനന്ദിക്കുകയും റിവാർഡ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന വകുപ്പ്തല നടപടി പുറത്തുവന്നിട്ടുള്ളത്. കേസിന്റെ തുടക്കം മുതൽ പ്രതികളെ പിടികൂടിയത് വരെ എക്‌സൈസ് സംഘത്തിന്റെ മുഴുവൻ നീക്കങ്ങളെക്കുറിച്ചും റോ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ പ്രതിനിധികൾ സജിയെ സന്ദർശിച്ച് ചോദിച്ചറിഞ്ഞിരുന്നു.

ഭീകരരുടെ ഇടപെടലോടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ വഴി വർഷങ്ങളായി നടന്നുവന്നിരുന്ന ശതകോടികളുടെ മയക്കുമരുന്ന് കടത്താണ് എക്‌സൈസ് സംഘം പുറത്തുകൊണ്ടുവന്നത്. അഫ്ഗാൻ-കശ്മീർ ഭീകരരുടെ പ്രധാന സാമ്പത്തിക സ്രോതസ് മയക്കുമരുന്ന് വിൽപ്പനയാണെന്നുള്ള വിവരം നേരത്തെ പുറത്തായിരുന്നു. എന്നാൽ ഇക്കൂട്ടർക്ക് കേരളത്തിൽ ഇടനിലക്കാരുണ്ടെന്നതിന്റെ ഒരു സൂചന പോലും ഈ കേസ് ഉണ്ടായതുവരെ പുറത്ത്് വന്നിരുന്നില്ല. കേസിൽ പിടിയിലായ മണ്ണാർക്കാട് സ്വദേശി ഇതുവരെ വിമാനത്താവളങ്ങൾ വഴി കടത്തിയ എംഡി എംഎയുടെ കൃത്യമായ കണക്കും ഇനിയും പുറത്ത് വന്നിട്ടില്ല.

പ്രതിമാസം ശരാശരി 50 കിലോ എംഡിഎംഎ വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിൽ എത്തിച്ചിട്ടുണ്ടെന്നാണ് ഇയാളിൽ എക്‌സൈസ് സംഘത്തിന് ലഭിച്ച പ്രാഥമിക വിവരം. ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ലന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ കണക്ക് വച്ച് കൂട്ടിയാൽ പോലും മാസം 500 കോടിരൂപയുടെ ഇടപാടുകൾ ഈ രംഗത്ത് നടന്നുവന്നിരുന്നതായിട്ടാണ് വ്യക്തമാവുന്നത്. 20 ഗ്രാം എംഡിഎംഎ ഗൾഫിൽ വിൽപ്പന നടത്തുന്നത് ഇരുപതിനായിരം രൂപയ്ക്കാണെന്നാണ് ഫൈസലിന്റെ മൊഴി.

5 കിലോ എംഡിഎംഎ വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നാണ് നെടുമ്പാശേരിയിൽ എക്‌സൈസ് സംഘം പിടികൂടിയത്. കൊച്ചിയിലെ മോഹവില അനുസരിച്ച് ഇതിന് 30 കോടിരൂപ വിലവരും. ഇത് ഗൾഫിലെത്തിച്ചാൽ വില 50 കോടിക്ക് മുകളിലെത്തുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അഞ്ച് കിലോ എംഡിഎംഎ പിടികൂടിയതായി വിവരം ലഭിച്ചപ്പോൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ ആദ്യം വിശ്വസിച്ചില്ല. ഇത്ര കൂടിയ അളവിൽ ഈ മയക്കു മരുന്ന് കൈകാര്യം ചെയ്യുന്നവർ രാജ്യത്ത് ഉണ്ടാവാൻ സാദ്ധ്യത ഇല്ലെന്നായിരുന്നു ഇക്കൂട്ടരുടെ നിലപാട്. പിടിച്ചെടുത്തത് എംഡിഎംഎ തന്നെയാണോ എന്ന് ഉറപ്പുവരുത്തണം എന്നായിരുന്നു അറിയിപ്പ് നൽകിയ എക്‌സൈസ് ഉദ്യോഗസ്ഥനോട് ഇവരുടെ പ്രതികരണം.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തൽ സംഘത്തെ നിയന്ത്രിക്കുന്നത് രണ്ട് മലയാളികൾ ആണെന്നവിവരം എക്‌സൈസ് സംഘം തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ എക്‌സൈസ് സംഘത്തിന്റെ സഹായികളിൽ ചിലരെ മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ചിലർ വിളിച്ച് ഭീഷണിപ്പെടുത്തിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.

ഇത് ശരിയാണെന്ന് കേന്ദ്ര ഏജൻസികൾ സ്ഥീരീകരിച്ചതായിട്ടാണ് അറിയുന്നത്. ഈ ഫോൺകോളുകളുടെ പിന്നാലെ കേന്ദ്ര ഏജൻസികൾ വിശദമായി അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. വകുപ്പിന്റെ അഭിമാനമായി മാറിയ കോതമംഗലം നെല്ലിമറ്റം സ്വദേശി സജി ലക്ഷ്മണനെ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ഉപഹാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP