Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാർ വടി കൊണ്ട് മർദ്ദിച്ചു.. കാന്താരി മുളക് പൊട്ടിച്ചു കണ്ണിൽ തേച്ചു; വിട്ടയപ്പോൾ വീണ്ടും പൊലീസ് വരുമെന്ന് ഭയന്ന് ഒളിവിൽ കഴിഞ്ഞത് വനത്തിൽ; അയൽവാസിയുമായുള്ള വഴിത്തർക്കം തീർക്കാൻ വിളിച്ചു വരുത്തിയ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആദിവാസി യുവാവ്; കോടതിക്ക് മുമ്പിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്

പൊലീസുകാർ വടി കൊണ്ട് മർദ്ദിച്ചു.. കാന്താരി മുളക് പൊട്ടിച്ചു കണ്ണിൽ തേച്ചു; വിട്ടയപ്പോൾ വീണ്ടും പൊലീസ് വരുമെന്ന് ഭയന്ന് ഒളിവിൽ കഴിഞ്ഞത് വനത്തിൽ; അയൽവാസിയുമായുള്ള വഴിത്തർക്കം തീർക്കാൻ വിളിച്ചു വരുത്തിയ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആദിവാസി യുവാവ്; കോടതിക്ക് മുമ്പിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പൊലീസ് പീഡനം ഭയന്ന് താൻ വനത്തിൽ ഒളിവിൽ കഴിയുകയായിരുന്നെന്ന് ആദിവാസി യുവാവ്. വടികൊണ്ടടിച്ചെന്നും കണ്ണിൽ കാന്താരി മുളക് പൊട്ടിച്ചെന്നെന്നും ഭീഷിണിപ്പെടുത്തിയെന്നും മറ്റും പൊലീസിനെതിരെയും വെളിപ്പെടുത്തൽ. കോടതി ഇടപെടലിൽ നിജസ്ഥിതി കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതം. കുട്ടംമ്പുഴ പിണവൂർകുടി ആനന്ദൻകുടി നിവാസി കൃഷ്ണൻ (35) കഴിഞ്ഞ ദിവസം കോതമംഗലം കോടതിയിൽ ഹാജരായി മൊഴിനൽകിയ മൊഴിയിലാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി കുട്ടമ്പുഴ പൊലീസിന് നിർദ്ദേശം നൽകിയതായിട്ടാണ് ലഭ്യമായ വിവരം.

കളമശേരി മെഡിക്കൽ കോളേജിൽ ചികത്സയിൽക്കഴിയുന്ന കൃഷ്ണനിൽ നിന്നും കുട്ടമ്പുഴ പൊലീസ് മൊഴിയെടുത്തു. മാസങ്ങൾക്ക് മുമ്പ് അയൽവാസി വിളിച്ചതനുസരിച്ച് എത്തിയ പൊലീസ് സംഘം തല്ലിയെന്നും കണ്ണിൽ കാന്താരിമുളക് പൊട്ടിച്ച് പുരട്ടിയെന്നും കൃഷ്ണൻ മൊഴിനൽകിയതായിട്ടാണ് സൂചന. പൊലീസ് തല്ലിയതായും കണ്ണിൽ മുളക് പൊട്ടിച്ചതായും കൃഷ്ണൻ മറുനാടനോടും ആവർത്തിച്ചു. പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് അയൽവാസി വേലായുധൻ ഭീഷണിപ്പെടുത്തിയതിനാലാണ് നാട്ടിൽ നിന്നും വീട്ടുനിന്നതെന്നും വല്ലപ്പോഴും രാത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം താമസിയാതെ കാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നെന്നും ഫോൺ സംഭാഷണത്തിൽ കൃഷ്ണൻ മറുനാടനോട് വ്യക്തമാക്കി.

വനത്തിലെ ഒളിയിടത്തിൽ കഴിഞ്ഞിരുന്ന കൃഷ്ണനെ കോതമംഗലം താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി പരാലീഗൽ വാളന്റിയർ വൽസ ബിനുവും ബന്ധുക്കളും ചേർന്ന് കഴിഞ്ഞ ബുധനാഴ്ച നാട്ടിലെത്തിക്കുകയായിരുന്നെന്നാണ് പുറത്തായ വിവരം. ഈയവസരത്തിലാണ് തനിക്ക് പൊലീസിന്റെ ഭാഗത്തുനിന്നും നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് കൃഷ്ണൻ ആദ്യം വെളിപ്പെടുത്തിയത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്നറിയിച്ചതിനെത്തുടർന്ന് കൃഷ്ണനെ ബന്ധുക്കൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇവിടെ നിന്നും വിദഗ്ധ ചികത്സയ്ക്കായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.കൈയ്ക്കും നെഞ്ചിനും വേദനയുണ്ടെന്നാണ് കൃഷ്ണൻ ഡോക്ടറെ അറിയിച്ചിട്ടുള്ളത്.പ്രത്യക്ഷത്തിൽ പരിക്കുകളില്ലന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.

അയൽവാസിയുമായി വഴിയെച്ചൊല്ലി തർക്കം നിലനിന്നിരുന്നെന്നും ഇതേത്തുടർന്ന് ഇയാൾ വിളിച്ചുവരുത്തിയ പൊലീസ് സംഘം തന്നേ വടികൊണ്ട് അടിച്ചെന്നും വീടിന്റെ മുറ്റത്ത് നിന്നിരുന്ന കാന്താരിയിൽ നിന്നും മുളകുപൊട്ടിച്ച് കണ്ണിൽ തേയ്‌ച്ചെന്നുമാണ് കൃഷ്ണൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഭർത്താവിനെ കാണാനില്ലന്നും വീട്ടിൽവന്നിട്ട് ഒരുമാസത്തോളമായെന്നും മറ്റും കൃഷ്ണന്റെ ഭാര്യ നിർമ്മല കുടുമ്പശ്രീ അംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കുടുമ്പശ്രീ നേതൃത്വം അറിയിച്ചതുപ്രകാരം കോതമംഗലം താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റിയുടെ വിഷയത്തിൽ ഇടപെടുകയും കാട്ടിൽ നിന്നും കൃഷ്ണനെ കണ്ടെത്തി വീട്ടിലെത്തിക്കുകയുമായിരുന്നു.ജില്ലാ നിയസേവന അഥോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജിയുമായ എ.എം.ബഷീർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ കൃഷ്ണനെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു.

കോതമംഗലം താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി ചെയർപേഴ്‌സൺ കൂടിയായ മജിസ്‌ട്രേറ്റ് റ്റി.ബി.ഫസീല, ലീഗൽ സർവ്വീസസ് കമ്മറ്റി സെക്രട്ടറി റ്റി.ഐ.സുലൈമാൻ, പാരാലീഗൽ വാളന്റിയർ വൽസ ബിനു എന്നിവരും സബ്ബ് ജഡ്ജിക്കൊപ്പം ആശുപത്രിയിലെത്തിയിരുന്നു. ഒരാൾ മദ്യപിച്ച് റോഡിൽ തുണിയില്ലാതെ നിൽക്കുന്നു എന്ന് സ്ത്രീയടക്കം രണ്ട് പേർ സ്റ്റേഷനിലേയ്ക്ക് ഫോൺചെയ്ത് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിണവുർ ആനന്ദൻകുടിയിൽ പൊലീസ് എത്തിയതെന്നാണ് അറിവായിട്ടുള്ളത്.

വൈകിട്ട് ആറുമണിയോടടുത്ത് തങ്ങൾ അനന്ദൻകുടിയിൽ എത്തുമ്പോൾ നഗ്നനായി റോഡിൽ നിന്ന് ബഹളം വയ്ക്കുന്ന കൃഷ്ണനെ കണ്ടെന്നും വസ്ത്രം ഉടുപ്പിച്ച് ഇയാളെ വീട്ടിലാക്കി തിരിച്ചുപോരുകയായിരുന്നെന്നും സംഭവത്തിൽ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതായി കാണിച്ച് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം.കഴിഞ്ഞ ഡിസംമ്പറിലായിരുന്നു സംഭവം.

ഈ കേസിൽ ഹാജരാവാൻ ആവശ്യപ്പെട്ട് കോടതി അയച്ച സമൻസ് ഈ വർഷം മാർച്ച് 5-ന് കുട്ടമ്പുഴ പൊലീസ് ആനന്ദൻകുടിയിലെ വീട്ടിലെത്തി കൃഷ്ണന്റെ ഭാര്യയ്ക്ക് കൈമാറിയിരുന്നു.രണ്ട് തവണ പൊലീസ് വീട്ടിലെത്തിയിട്ടും കൃഷ്ണനെ കാണാത്തതിനാലാണ് സമൻസ് ഭാര്യ നിർമ്മലയ്ക്ക് കൈമാറിയത്.ഇതിന് ഒരുമാസത്തിന് ശേഷമാണ് കൃഷ്ണനെ കാണാതായതെന്നാണ് ഭാര്യയുടെയും ബന്ധുക്കളുടെയും വെളിപ്പെടുത്തലുകളിൽ നിന്നും വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP