Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

25 കിലോ സ്വർണം കൊണ്ടുവന്നത് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ജുവല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമിന് വേണ്ടി; അഡ്വ. ബിജുവും സംഘവും ഇടനിലക്കാർ മാത്രം; വിനീതയും സെറീന ഷാജി അടങ്ങുന്ന നിരവധി സ്ത്രീകൾ സ്വർണ്ണക്കടത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചു; മുഖ്യ ഇടനിലക്കാരനിലേക്ക് അന്വേഷണം എത്തിയതോടെ മുഖ്യകണ്ണികൾ ഒളിവിൽ; തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിലെ ഡിആർഐ അന്വേഷണം നിർണായക വഴിത്തിരിവിൽ

25 കിലോ സ്വർണം കൊണ്ടുവന്നത് തിരുവനന്തപുരം കിഴക്കേകോട്ടയിലെ ജുവല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമിന് വേണ്ടി; അഡ്വ. ബിജുവും സംഘവും ഇടനിലക്കാർ മാത്രം; വിനീതയും സെറീന ഷാജി അടങ്ങുന്ന നിരവധി സ്ത്രീകൾ സ്വർണ്ണക്കടത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചു; മുഖ്യ ഇടനിലക്കാരനിലേക്ക് അന്വേഷണം എത്തിയതോടെ മുഖ്യകണ്ണികൾ ഒളിവിൽ; തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിലെ ഡിആർഐ അന്വേഷണം നിർണായക വഴിത്തിരിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും എട്ടുകോടി വിലമതിക്കുന്ന സ്വർണം പിടികൂടിയ സംഭവത്തിൽ ഡിആർഐ അന്വേഷണം വഴിത്തിരിവിൽ. വിമാനത്താവളത്തിൽ നിന്നും പിടികൂടിയ 25 കിലോ സ്വർണം കൊണ്ടുവന്നത് മലപ്പുറം സ്വദേശിയായ ഹക്കീമിന് വേണ്ടിയാണെന്ന് റവന്യൂ ഇന്റലിജൻസ് കണ്ടെത്തി. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഒരു ജുവല്ലറിയിലെ മാനേജറാണ് ഹക്കീം. ഇയാളാണ് സ്വർണ്ണക്കടത്തിലെ മുഖ്യ ഇടനിലക്കാരൻ എന്ന വിവരമാണ് പുറത്തുവരുന്നത്. മലപ്പുറം സ്വദേശിയായ ഹക്കീം അഡ്വ. ബിജു മോഹനന്റെ സംഘത്തെ ഉപയോഗിച്ച് പലതവണ സ്വർണം കടത്തിയതായി തെളിവ് ലഭിച്ചു.

അതേസമയം സ്വർണക്കടത്തിൽ പങ്കെന്ന സംശയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ രണ്ട് തവണ ചോദ്യം ചെയ്തിട്ടുണ്ട്. എട്ടേകാൽ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വർണമാണ് ദുബായിൽ നിന്ന് കടത്തുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത്. സ്വർണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനിൽകുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജു മോഹനനാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം ഇവർ കൊണ്ടുവന്ന സ്വർണം വാങ്ങിയത് ഹക്കീമാണെന്നാണ് ഡി.ആർ.ഐയുടെ പുതിയ കണ്ടെത്തൽ. ഹക്കീമിന് വേണ്ടി തിരുവനന്തപുരത്തും മലപ്പുറത്തും തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ഇയാളിലേക്ക് അന്വേഷണം നീങ്ങിയാൽ പ്രമുഖ ജുവല്ലറികളിലേക്ക് നീങ്ങുമോ എന്നാണ് അറിയേണ്ടത്.

ബിജു മോഹനനെ ഇടനിലക്കാരനാക്കി ഹക്കീം പലതവണ ദുബായിൽ നിന്ന് സ്വർണം കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ സ്വർണക്കടത്തിന്റെ മുഖ്യകണ്ണികളായ അഡ്വ. ബിജു, ജിത്തു, വിഷ്ണു എന്നിവർ ഇനിയും പിടിയിലായിട്ടില്ല. അതേസമയം സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന സംശയം ബലപ്പെടുകയാണ്. മൂന്ന് ഉദ്യോഗസ്ഥരെ ഡി.ആർ.ഐ ഇന്നലെ രാത്രിയും ചോദ്യം ചെയ്തു. കർശന നിരീക്ഷണത്തിൽ വയക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സ്വർണക്കടത്തിലെ മുഖ്യകണ്ണികൾക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കാൻ ഡി.ആർ.ഐ തീരുമാനിച്ചു. അഭിഭാഷകൻ ബിജു മോഹനന്റെ നേതൃത്വത്തിലെ സംഘം പത്തിലേറെ സ്ത്രീകളെ സ്വർണക്കടത്തിന് ഉപയോഗിച്ചെന്നും കണ്ടെത്തി. ഒരാഴ്ചയായിട്ടും ഇവരെ പിടികൂടാനാവാത്തതിനാലാണ് അഡ്വ. ബിജുവിനൊപ്പം വിഷ്ണു, ജിത്തു എന്നിവർക്കായും ലുക്കൗട്ട് സർക്കുലർ ഇറക്കാൻ തീരുമാനിച്ചത്. ദുബായിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിൽ തിരച്ചിൽ അവിടേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകളെ മറയാക്കിയാണ് ഇവരുടെ സംഘം കൂടുതലായും സ്വർണം കടത്തിയിരുന്നതെന്ന് തെളിവ് ലഭിച്ചു.

കുടുംബയാത്രക്കാരെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്വർണവുമായി വരുന്ന പുരുഷനൊപ്പം സ്ത്രീയെ അയക്കുന്നതാണ് രീതി. ബിജുവിന്റെ ഭാര്യയെ ഇങ്ങിനെ ഉപയോഗിച്ച് നാല് തവണ സ്വർണം കടത്തിയെന്ന് കണ്ടെത്തിയതോടെ അവരെ അറസ്റ്റ് ചെയ്തിരുന്നു. കഴക്കൂട്ടം സ്വദേശിയായ മറ്റൊരു സ്ത്രീയെ ഇന്നലെ ചോദ്യം ചെയ്തപ്പോളും ഇതേ കാര്യങ്ങൾ സമ്മതിച്ചു. അവരെ മാപ്പുസാക്ഷിയാക്കാനായി മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. 25 കിലോ സ്വർണവുമായി പിടിയിലായ സെറീന ഷാജിയുടെ സഹായത്തോടെ പത്തിലേറെ സ്ത്രീകളെ ഇങ്ങിനെ കാരിയറായി ഉപയോഗിച്ചെന്നാണ് ഡി.ആർ.ഐയുടെ നിഗമനം. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന സംശയത്തിൽ തിരുവനന്തപുരത്തെ മൂന്ന് ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. അതേസമയം ഒളിവിലുള്ള ബിജു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 24ന് പരിഗണിക്കും.

ദുബായിൽ നിന്നുള്ള സ്വർണക്കടത്തിന് സുഹൃത്തുക്കളെയാണ് ബിജു ഉപയോഗിച്ചിരുന്നത്. പിടിക്കപ്പെടില്ലെന്ന് വിശ്വസിപ്പിച്ച് വിസിറ്റിങ് വിസയിലായിരുന്നു കടത്ത്. വലിയൊരു സംഘം തന്നെ ബിജുവിന് വേണ്ടി സ്വർണം കടത്തിയതായി ഡി ആർ ഐക്ക് വ്യക്തമായി. സ്വർണക്കടത്തിന് പിടിയിലായ സെറീന വഴിയും ഈ സംഘം ആൾക്കാരെ സ്വാധീനിച്ചിരുന്നു. ഇത്തരത്തിൽ സ്വർണം കടത്തിയ 40 സ്ത്രീകളുടെ വിവരങ്ങളും ഡി ആർ ഐക്ക് ലഭിച്ചു. സംസ്ഥാനത്തെ ചില ജൂവലറികൾ കേന്ദ്രീകരിച്ചാണ് അഭിഭാഷകനായ ബിജു മനോഹരൻ സ്വർണ ഇടപാട് നടത്തിയിരുന്നതെന്നാണ് ഡി ആർ ഐയുടെ കണ്ടെത്തൽ.

ബിജുവും ഭാര്യയും തുടർച്ചയായി ദുബായ് യാത്ര നടത്തിയിരുന്നു. യാത്രയിലെല്ലാം സ്വർണം കൊണ്ടുവന്നിരുന്നതായി ഭാര്യ മൊഴി നൽകിയിട്ടുണ്ട്. അഭിഭാഷകനും ഭാര്യയും ഉൾപ്പെടുന്ന സംഘം എട്ട് കോടിയുടെ സ്വർണം കടത്തിയത് ആസൂത്രിതമായാണ്. ഉന്നതർ ഇതിനു പിന്നിൽ ഉണ്ടെന്നതും ഇത് വ്യക്തമാക്കുന്നു. ഇവർ അനധികൃതമായി സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് മാഫിയകളിൽ എത്തുന്നതായും അന്വേഷണ സംഘം മനസ്സിലാക്കിയിട്ടുണ്ട്. വർഷങ്ങളായി ഇവർ സ്വർണ്ണക്കടത്ത് നടത്തുന്നുണ്ട്. ബിജു മോഹനെ ചോദ്യം ചെയ്താൽ പ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ദുബായ് ഉൾപ്പെടെ രാജ്യങ്ങളിലേക്കാകും അന്വേഷണം നീളുക. അഭിഭാഷകൻ കീഴടങ്ങുമെന്ന സൂചനയനുസരിച്ചാകും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുക. സഹായികളായ ചില അഭിഭാഷകരും നിരീക്ഷണത്തിലാണ്. ഇയാളുടെ ഭാര്യ വിനീതയിൽ നിന്ന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സ്വർണകടത്തിൽ പിടിയിലായ സുനിൽ കുമാർ സഹായി സെറീന എന്നിവരിൽ നിന്നും സുപ്രധാന വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP