Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുകിലോ കഞ്ചാവ് പാക്കറ്റിന് വില 22000 രൂപ; ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് സാദിഖലി വിൽക്കുന്നത് ചില്ലറ വിൽപനക്കാർക്ക് മാത്രം; സഹായി അസം സ്വദേശിക്ക് നൽകുന്ന ദിവസക്കൂലി അയ്യായിരം രൂപയും; തിരൂരിൽ ആറ് കിലോ കഞ്ചാവുമായി അറസ്റ്റിലായ രണ്ടു പേരും മാഫിയയിലെ ചെറിയ കണ്ണികൾ മാത്രം

രണ്ടുകിലോ കഞ്ചാവ് പാക്കറ്റിന് വില 22000 രൂപ; ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് സാദിഖലി വിൽക്കുന്നത് ചില്ലറ വിൽപനക്കാർക്ക് മാത്രം; സഹായി അസം സ്വദേശിക്ക് നൽകുന്ന ദിവസക്കൂലി അയ്യായിരം രൂപയും; തിരൂരിൽ ആറ് കിലോ കഞ്ചാവുമായി അറസ്റ്റിലായ രണ്ടു പേരും മാഫിയയിലെ ചെറിയ കണ്ണികൾ മാത്രം

ജംഷാദ് മലപ്പുറം

മലപ്പുറം: തിരൂരിൽ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. പെരിന്തൽമണ്ണ ചട്ടിപ്പറമ്പ് കമ്പിവളപ്പ് സ്വദേശി കൊളമ്പിൽ സാദിഖ് അലി, ആസാമിലെ കൊക്രാജർ ജില്ലയിൽ സെർഫൻ ഗുരി പൊലീസ് സ്റ്റേഷൻ പരിധിയിലെ തപൻ റോയ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവു കൊണ്ടുവന്ന് രണ്ട് കിലോഗ്രാം വീതമുള്ള പായ്ക്കറ്റാക്കി 22000 രൂപ വച്ച് ചില്ലറ വിൽപ്പനക്കാർക്ക് നൽകുന്നയാളാണ് സാദിഖ് അലി. മലപ്പുറം ജില്ലയിലെ വിവിധ കഞ്ചാവു കേസുകളിൽ ഇയാൾ പ്രതിയാണ്. തപൻ റോയിയെ 5000 രൂപ കൂലി നൽകുമെന്നു പറഞ്ഞ് സാദിഖ് അലി ഒപ്പം കൂട്ടിയതാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

കോടതി റോഡിൽ കോട്ടക്കൽ ആര്യവൈദ്യശാലക്ക് സമീപം വച്ച് ഉച്ചക്ക് 12 നാണ് ഇവർ പിടിയിലായത്. കഴിഞ്ഞയാഴ്ച കഞ്ചാവു വിൽപ്പന നടത്തിയിരുന്ന ചിലരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മൊത്ത വിതരണക്കാരനായ സാദിഖ് അലിയെക്കുറിച്ച് വിവരം ലഭിച്ചത്. ചില്ലറയായി വിൽക്കുന്ന രണ്ടുകിലോ കഞ്ചാവ് പാക്കറ്റിന്റെ വില 22000രൂപ. ആന്ധ്രയിൽനിന്നും കൊണ്ടുവരുന്ന കഞ്ചാവ് സാദിഖലി വിൽക്കുന്നത് ചില്ലറ വിൽപനക്കാർക്ക് മാത്രമാണ്. കൂടെയുള്ള സഹായിയായ അസം സ്വദേശിക്ക് നൽകുന്ന ദിസക്കൂലി അയ്യായിരം രൂപയാണ്. എല്ലാ ആഴ്ചയും ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവെത്തിക്കുന്നതും ദിവസക്കൂലിക്കാരനായ അസംംസ്വദേശി തപൻ റോയിയുടെ സഹായത്തോടെയാണ്. തിരൂർ എക്സൈസ് പാർട്ടി നഗരത്തിന്റെ വിവിധയിടങ്ങളിൽ നടത്തിയ റെയിഡിലാണ് ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ തിരൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.എൽ.ബിനുകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

എല്ലാ ആഴ്ചയിലും ഇതര സംസ്ഥാനക്കാരനെ കൂടെ കൂട്ടി ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് എത്തിക്കാറാണു പതിവ്. ഇയാൾ കഞ്ചാവു വിൽപ്പന നടത്തുമ്പോൾ എക്സൈസ് മഫ്തി പാർട്ടിയെ ബൈക്കിൽ ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെട്ട കേസിലേയും പ്രതിയാണ്. പ്രിവന്റീവ് ഓഫീസർ കെ.എം.ബാബുരാജ്, സിവിൽ എക്‌സൈസ് ഓഫീസർ പി.മുഹമ്മദലി, പി. ധനേഷ്, കെ.പി.മനോജ് എന്നിവരും അറസ്റ്റിനും റെയിഡിനും നേതൃത്വം നൽകി.

അതേ സമയം കഞ്ചാവ് മാഫിയ സംസ്ഥാന വ്യാപകമായി പിടിമുറുക്കിയതായാണ് പൊലീസ് പറയുന്നത്. ചില്ലറ വിൽപ്പനക്കാർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികളായ മൂന്നുപേരെ നാലര കിലോ കഞ്ചാവുമായി കുറ്റിപ്പുറം എക്‌സൈസ് പിടികൂടിയതും ദിവസങ്ങൾക്ക് മുമ്പാണ്. കേസിൽ രണ്ടത്താണി സ്വദേശി അപ്പക്കാട്ടിൽ ഹംസയുടെ മകൻ ഫൈസൽ (24) ,ആതവനാട് പറമ്പൻ വീട്ടിൽ സെയ്തലവിയുടെ മകൻ റഷീദ് (47),അനന്താവൂർ ചിറ്റകത്ത് കുഞ്ഞിക്കോയയുടെ മകൻ മുസ്തഫ (42) എന്നിവരാണ് പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കിൽ കച്ചവടമുറപ്പിച്ച് കഞ്ചാവുമായെത്തിയ നാലംഗ സംഘം എക്സൈസുകാരെ കണ്ട് തിരിച്ചറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ ഓടിച്ചിട്ട് സാഹസികമായി പിടികൂടുകയായിരുന്നു .ഇവരിൽ നിന്നും നാലര കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട് . സംഘത്തിലെ പ്രധാനിയായ പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ സക്കീബ് (24) എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു .യുവാക്കളെ ഉപയോഗിച്ച് കോട്ടക്കൽ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കൾ സക്കീബിന് കീഴിലുണ്ട് . കഞ്ചാവ് വില്പനക്കാർക്കിടയിൽ ഡോൺ എന്ന് വിളിപ്പേരുള്ള ഈ ഇടനില ക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട് .ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ് .

പിടിയിലായവരിൽ സ്ത്രീ പീഡന കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പറമ്പൻ റഷീദ്. മാസങ്ങൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു .നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഫൈസൽ .ഓടിപ്പോയ പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു .പ്രതികളെ വടകര എൻ ഡി പി എസ് കോടതി മുൻപാകെ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ ജാഫർ, ലതീഷ് , രതീഷ്. സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ ഷിബു ശങ്കർ ,ഹംസ, വിഷ്ണു ദാസ്,രാജീവ് കുമാർ ,മിനു രാജ് ,കണ്ണൻ എ.വി,ദിവ്യ, രജിത ഡ്രൈവർ ശിവകുമാർ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ഇവർക്കുപുറമെ അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയെ മേലാറ്റൂർ പൊലീസും പിടികൂടിയിരുന്നു.. ഇയാളിൽ നിന്നും 1.180 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വളാഞ്ചേരി, കൊളത്തൂർ, മേലാറ്റൂർ, പാണ്ടിക്കാട് ഭാഗങ്ങളിലും എറണാംകുളം ടൗണിലും പരിസരങ്ങളിലും വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയായ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടിൽ മുഹമ്മദ് സൽമാൻ (25) എന്ന യുവാവിനെയാണ് മേലാറ്റൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിൽ അറസ്റ്റ് ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തെക്കുറിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പി.എ.ശിവദാസന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്‌ഐ, കെ.സി.ബൈജുവും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും നടത്തിയ നിരന്തരമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ മേലാറ്റൂർ ഭാഗത്ത് ചില്ലറ കച്ചവടക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ട് വന്ന കഞ്ചാവ് സഹിതം മേലാറ്റൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

കിലോഗ്രാമിന് 15000 രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും ഏജന്റുമാർ മുഖാന്തിരം എത്തിച്ച് 300, 500,1000 രൂപയുടെ പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. ആവശ്യക്കാർ ഫോണിൽ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്താൽ പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കുകയാണന്നും പൊലീസ് പറഞ്ഞു. എറണാകുളം കലൂർ,പനമ്പള്ളിനഗർ,അംഗമാലി ഭാഗങ്ങളിലെ പ്രൊഫഷണൽ കോളജ് വിദ്യാർത്ഥികളുൾപ്പടെയുള്ള ഏജന്റുമാരെയും ചെറുകിട വിൽപനക്കാരേയും കുറിച്ചുള്ള വിവരങ്ങൾ പ്രതിയിൽനിന്നും ലഭിച്ചിട്ടുണ്ടന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി, പി.എ.ശിവദാസൻ അറിയിച്ചു . പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. മേലാറ്റൂർ എസ്‌ഐ കെ.സി.ബൈജു, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡിലെ സി.പി. മുരളീധരൻ, അബ്ദുൾ സലാം, മുരളീധരൻ, മണികണ്ഠൻ, കൃഷ്ണകുമാർ,മനോജ്കുമാർ, രജീഷ്, ഷമീർ, ഷൈജു, കൈലാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP