Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രഷർ യൂണിറ്റിൽ 30ലക്ഷം രൂപയുടെ പങ്കുകച്ചവടത്തിനു ധാരണയുണ്ടാക്കി; നജീബും മുഹമ്മദും എല്ലാം വിറ്റുപെറുക്കി ഒമാനിൽ എത്തിയപ്പോൾ കരിം തനിനിറം കാട്ടി; ഒമാനി വ്യവസായി രക്ഷകനായപ്പോൾ സ്വപ്നം യാഥാർത്ഥ്യമായി; ജീവനെടുത്തതു പാറമടയിൽ നിന്ന് ഒഴിവാക്കിയ വൈരാഗ്യം; മൂവാറ്റുപുഴക്കാരുടെ സലാലയിലെ കൊലയിൽ ബന്ധുക്കളുടെ സംശയം ഇങ്ങനെ

ക്രഷർ യൂണിറ്റിൽ 30ലക്ഷം രൂപയുടെ പങ്കുകച്ചവടത്തിനു ധാരണയുണ്ടാക്കി; നജീബും മുഹമ്മദും എല്ലാം വിറ്റുപെറുക്കി ഒമാനിൽ എത്തിയപ്പോൾ കരിം തനിനിറം കാട്ടി; ഒമാനി വ്യവസായി രക്ഷകനായപ്പോൾ സ്വപ്നം യാഥാർത്ഥ്യമായി; ജീവനെടുത്തതു പാറമടയിൽ നിന്ന് ഒഴിവാക്കിയ വൈരാഗ്യം; മൂവാറ്റുപുഴക്കാരുടെ സലാലയിലെ കൊലയിൽ ബന്ധുക്കളുടെ സംശയം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശികളും അയൽവാസികളുമായ ബിസിനസ് പങ്കാളികൾ സലാലയിൽ മരിച്ച സംഭവത്തിൽ ബിസിനസ് പങ്കാളിയായി ഒപ്പം കൂടിയ കോഴിക്കോട് സ്വദേശി കരീമിന്റെ ഇടപെടലുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇതു സംബന്ധിച്ച് സൂചനകൾ വ്യക്തമാക്കുന്ന വാട്‌സാപ് സന്ദേശം മരണമടഞ്ഞവരിൽ ഒരാളുടെ ബന്ധുവിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ഇത് പൊലീസിന് കൈമാറുന്നതിനാണ് ഇവരുടെ നീക്കം.

മൂവാറ്റുപുഴ ആട്ടായം മുടവനാശ്ശേരി വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് (52), സമീപവാസിയായ ഉറവക്കുഴി പുറ്റമറ്റത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ നജീബ് (ബേബി-49) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവിടുമെന്നാണ് ഒമാൻ പൊലീസ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുള്ളത്.

നോർക്ക വഴി ഒമാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാമും സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തുകൊണ്ടുവരാൻ ശക്തമായ ഇടപെടൽ ആരംഭിച്ചിട്ടുണ്ട്. മരണകാരണത്തെക്കുറിച്ചു കൃത്യമായ ഒരുവിവരവും ഇനിയും നാട്ടിൽ ലഭിച്ചിട്ടില്ല. നജീബ് കുത്തേറ്റതിനെതിനെതുടർന്ന് രക്തം വാർന്നു മരിച്ചുവെന്നാണ് അറിയുന്നതെന്നും മുഹമ്മദ് മരണപ്പെട്ടത് എങ്ങനെയാണെന്ന കാര്യത്തിൽ തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നുമാണ് ബന്ധുക്കൾ നൽകുന്ന വിവരം.

ഇതിനിടെ സലാലയിൽ ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കരീമും മരണമടഞ്ഞവരും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. 30 ലക്ഷം രൂപ വീതം മുതൽമുടക്കാമെന്ന ധാരണയിലാണ് കരീമും മരണമടഞ്ഞവരും ഒമാൻ സ്വദേശിയും ബിസിനസ്സ് പങ്കാളികളായി ക്രഷർ യൂണിറ്റ് നിർമ്മാണം ആരംഭിച്ചതെന്നും എന്നാൽ കരീം പണം ഇറക്കിയില്ലെന്നും ഈ വിഷയത്തിൽ നജീബും മുഹമ്മദും രേഖാമൂലം പരാതിപ്പെട്ടപ്പോൾ സമ്പന്നനായ ഒമാനി, കരീമിന്റെ വിഹിതം കൂടി മുതലിറക്കി നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നെന്നും മരണമടഞ്ഞ മുഹമ്മദിന്റെ ബന്ധു വെളിപ്പെടുത്തി.

വൻതുക ലാഭം കിട്ടുന്ന ക്രഷർ യൂണിറ്റ് നിർമ്മാണത്തിൽനിന്നു തന്നെ ഒഴിവാക്കിയതിൽ വൈരാഗ്യം സൂക്ഷിച്ചിരുന്ന ഇയാൾ നിർമ്മാണം പൂർത്തിയായി മുഹമ്മദിനും നജീബിനും പണം കൈയിലെത്തുമെന്ന സാഹചര്യം വന്നപ്പോൾ ആസൂത്രിതമായി ഇവരെ വകവരുത്തിയതായിരിക്കാമെന്നാണ് മരണമടഞ്ഞവരുടെ ബന്ധുക്കളുടെ പ്രധാന സംശയം. വർഷങ്ങളായി സലാലയിൽ ഹോളോബ്രിക്‌സ് യൂണിറ്റ് നടത്തിവന്നിരുന്ന കരീമാണ് ക്രഷർ യൂണിറ്റ് നിർമ്മാണ കരാറിന്റെ സൂത്രധാരൻ എന്നാണ് നാട്ടിൽ ലഭിച്ചിട്ടുള്ള വിവരം.

പരിചയക്കാരനായ ഒമാനി ക്രഷർ നിർമ്മാണത്തിൽ മുതലിറക്കാമെന്നറിയിച്ചപ്പോൾ ഇതേക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്ന കരീം സ്വന്തമായി ക്രഷർ നടത്തിയിരുന്ന മുഹമ്മദിനെ ഒപ്പം കൂട്ടാൻ സുഹൃത്തായ നജീബുവഴി സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതേത്തുടർന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടംവാങ്ങിയും ഇവർ ഇരുവരും കരീമിനൊപ്പം ചേരുകയായിരുന്നെന്നുമാണ് ഇരുവരുടെയും ബന്ധുക്കൾ പങ്കുവയ്ക്കുന്ന വിവരം. ക്രഷർ യൂണിറ്റുനിർമ്മാണത്തിൽ മുതലിറക്കിയ ഇരുവരുടെയും കുടുംബങ്ങൾ ഇന്നു വൻ സാമ്പത്തിക ബാദ്ധ്യതയിലാണെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.

ഞായറാഴ്ച രാവിലെ ഒരാളെ സലാലയിൽ ദാരീസിലെ താമസസ്ഥലത്തും മറ്റൊരാളെ സമീപത്തുള്ള കെട്ടിടത്തിന് താഴെയുമാണ് മരിച്ച നിലയിൽ കണ്ടത്. ഇരുവരും ഒന്നരവർഷം മുമ്പ് വിസിറ്റിങ് വിസയിലാണ് സലാലയിൽ എത്തിയത്. ഇവിടെ തുംറൈത്ത് എന്ന സ്ഥലത്ത് ക്രഷർ യൂണിറ്റ് സ്ഥാപിക്കുന്നതിനായിരുന്നു യാത്ര. ക്രഷറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയിരുന്നു. ശനിയാഴ്ച ട്രയൽ റണ്ണും നടന്നിരുന്നു. 26 ന് മുഹമ്മദ് നാട്ടിലേക്ക് മടങ്ങുന്നതിനും പദ്ധതിയിട്ടിരുന്നു. ടിക്കറ്റ് ശരിയായിട്ടുള്ള വിവരം ശനിയാഴ്ച രാത്രി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നു. പിന്നീട് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മരണവിവരമാണ് എത്തുന്നത്.

തുംറൈത്തിൽ ക്രഷർ യൂനിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി സന്ദർശക വിസയിലാണ് ഇരുവരും സലാലയിൽ എത്തിയത്. സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ച് കേസിന് തുമ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഒമാൻ പൊലീസ്. ദാരീസിലെ സ്വദേശി വീടിന്റെ താഴെനിലയിലായിരുന്നു താമസം. മുറിക്കുപുറത്ത് ഞായറാഴ്ച രാവിലെയാണ് ആദ്യം മുഹമ്മദിന്റെ മൃതദേഹം കണ്ടത്. റോഡിലൂടെ പോയ ആൾ വിവരമറിയിച്ചതിനെ തുടർന്നത്തെിയ പൊലീസ് പൂട്ടിക്കിടന്ന മുറി തുറന്ന് നടത്തിയ പരിശോധനയിൽ നജീബിന്റെ മൃതദേഹവും കണ്ടത്തെി. മോഷണ ശ്രമമൊന്നും പൊലീസ് കണ്ടെത്തിയതുമില്ല.

അതുകൊണ്ട് കൂടിയാണ് ബോധപൂർവ്വമായ കൊലയായിരിക്കും ഇതെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹത്തിന്റെ മുഖത്ത് രക്തം പറ്റിയിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മുറിക്കകത്തും രക്തമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP