Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മയക്ക് മരുന്നുകടത്തിന്റെ ഉസ്താദ് 'സ്‌നിപ്പർ ഷെയ്ഖ്' അറസ്റ്റിലായതിന് പിന്നാലെ അരുമ ശിഷ്യരും വലയിൽ; പിടിയിലായത് പാണ്ടി രാജുവും അന്ധകാരം ബാബുവും; പ്രതികളിൽ നിന്നും കണ്ടെടുത്തത് 102 നൈട്രോസെപാം ഗുളികകൾ; ഡ്രഗ്‌സ് കൈമാറാനായി പ്രത്യേക കോഡ് നെയിം വെച്ചുള്ള ഓപ്പറേഷൻ; ഡീൽ ഉറപ്പിക്കാൻ സമൂഹ മാധ്യമത്തിന്റെ സഹായവും; പ്രതികൾ പിടിയിലായത് ആലുവയിലെ രഹസ്യ സങ്കേതമായ 'അന്തറിൽ' നടന്ന മിന്നൽ പരിശോധനയിൽ

മയക്ക് മരുന്നുകടത്തിന്റെ ഉസ്താദ് 'സ്‌നിപ്പർ ഷെയ്ഖ്' അറസ്റ്റിലായതിന് പിന്നാലെ അരുമ ശിഷ്യരും വലയിൽ; പിടിയിലായത് പാണ്ടി രാജുവും അന്ധകാരം ബാബുവും; പ്രതികളിൽ നിന്നും കണ്ടെടുത്തത് 102 നൈട്രോസെപാം ഗുളികകൾ; ഡ്രഗ്‌സ് കൈമാറാനായി പ്രത്യേക കോഡ് നെയിം വെച്ചുള്ള ഓപ്പറേഷൻ; ഡീൽ ഉറപ്പിക്കാൻ സമൂഹ മാധ്യമത്തിന്റെ സഹായവും; പ്രതികൾ പിടിയിലായത് ആലുവയിലെ രഹസ്യ സങ്കേതമായ 'അന്തറിൽ' നടന്ന മിന്നൽ പരിശോധനയിൽ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: മരുന്ന് മാഫിയക്കെതിരെ ആലുവ റേഞ്ച് എക്‌സൈസ് പിടിമുറുക്കുന്നു. ആലുവ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തി വരുന്ന വൻ മാഫിയ സംഘത്തിലെ രണ്ട് പ്രധാന കണ്ണികളും കൂടി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. അറക്കപ്പടി വലിയകുളം കരയിൽ പാണ്ടി രാജു എന്ന് വിളിക്കുന്ന നവനീത് (22) അറക്കപ്പടി വലിയകുളത്ത് തന്നെ താമസിക്കുന്ന അന്തകാരം ബാബു എന്ന് വിളിക്കുന്ന രാഹുൽ (21) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽ നിന്ന് 102 നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ഇവരുടെ തലവനായ സ്‌നിപ്പർ ഷേക്ക് എന്ന മുഹമ്മദ് സിദ്ദിഖ് എന്നയാളെ 120 എണ്ണം നൈട്രോസെഫാം മയക്ക് മരുന്ന് ഗുളികകളുമായി കസ്റ്റഡിയിലെടുത്തിരുന്നു.

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ ഇരുവരും ഏറെ നാളുകളായി സ്‌നിപ്പർ ഷേക്കിന്റെ കീഴിൽ മയക്ക് മരുന്ന് വിപണനത്തിൽ പങ്കാളികളാണ്. എന്നാൽ മയക്കുമരുന്നുകളുമായി ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. സ്‌നിപ്പർ ഷേക്കിന്റെ നിർദ്ദേശ പ്രകാരം മയക്ക് മരുന്നുകൾ സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് എടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏജന്റ്മാർക്ക് കൈമാറിയിരുന്നത് ഇവർ ഇരുവരുമാണ്.

ഇവരുടെ പ്രവർത്തനം പ്രധാനമായും കോളേജുകളും, ഹോസ്റ്റലുകളുമാണ്. അവധി കാലത്ത് വീടുകളിൽ പോകാതെ ഹോസ്റ്റലുകളിൽ തന്നെ തങ്ങുന്ന വിദ്യാർത്ഥി , വിദ്യാർത്ഥിനികളാണ് ഇവർ വിരിക്കുന്ന ലഹരി വലയിൽ കൂടുതലും അകപ്പെട്ട് പോകുന്നത്. മയക്ക് മരുന്നിന്റെ ടെസ്റ്റ് ഡോസ് ഉപയോഗിക്കാൻ വിസമ്മതിക്കുന്ന യുവതി , യുവാക്കളെ ചതി പ്രയോഗത്തിലൂടെ ഇവർ വലയിലാക്കിയ ഭീകരമായ കഥകളും ഇവർ വിവരിക്കുന്നു. അത് ഇപ്രകാരമാണ്. കറുത്ത നിറത്തിലുള്ള കോളയിലേയ്ക്ക് ഈ മയക്ക് മരുന്ന് ഗുളിക ഇട്ട് കഴിഞ്ഞാൽ ഗുളിക കോളയിൽ കിടന്ന് അതിവേഗം കറങ്ങുമെന്നും പെട്ടെന്ന് അലിഞ്ഞ് ഇല്ലാതാകുമെന്നും ഇവർ പറയുന്നു.

ഇത്തരം പാനീയങ്ങൾ ഇവരുടെ ലഹരിക്ക് അടിമയായ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ വഴി നിരപരാധികളായ ആളുകളിലേയ്ക്ക് എത്തിക്കുകയും അവരും അതിലൂടെ ഇവരുടെ ലഹരിക്ക് അടിമകളാകുകയും, അങ്ങനെ ഇവരുടെ സാമ്രാജ്യം വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ പ്രവർത്തന രീതി. ഇവരുടെ ഭീഷണി ഭയന്ന് ഇക്കാര്യങ്ങൾ ഒന്നും പുറത്ത് പറയാനാവാതെ യുവതി, യുവാക്കൾ ഇവരുടെ ലഹരിക്കെണിയിൽ പെട്ടു പോവുകയാണ്.

സോഷ്യൽ മീഡിയ വഴി മയക്ക് മരുന്നുകൾ കൈമാറുന്ന ഇവർ യഥാർത്ഥ പേര് വെളിപ്പെടുത്താതെ കോഡ് നൈമിലാണ് പരക്കെ അറിയപ്പെടുന്നത്. സേലം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്ന് ദിനം പ്രതി നിരവധി യുവാക്കൾ മയക്ക് മരുന്ന് ഗുളികകൾ വാങ്ങാൻ എത്താറുള്ളതായും ഇവർ പറയുന്നു. ഈ മാസം ഇതുവരെ നാലു പേരെയാണ് ലഹരി മരുന്ന് ഗുളികകകളുമായി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം കസ്റ്റഡിയിലെടുക്കുന്നത്. 312 എണ്ണം നൈട്രോസഫാം ഗുളികകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സേലം ബസ് സ്റ്റാന്റിന് സമീപം ഇറ്റാലിയൻ നിർമ്മിത ആഡംബര വാഹനത്തിൽ എത്താറുള്ള ചിന്നദുരൈ എന്ന് പരിചയപെടുത്തിയ ആളിൽ നിന്നാണ് മയക്ക് മരുന്ന് ഗുളികകൾ വാങ്ങുന്നതെന്നും സ്‌നിപർ ഷേക്കാണ് ഇയാളെ വിളിച്ച് മയക്ക് മരുന്ന് അറേഞ്ച് ചെയ്യുന്നതെന്നും ഇവർക്ക് ചിന്ന ദുരൈയുമായി നേരിട്ട് ബന്ധമില്ലെന്നും പറയുന്നു.

എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ സാദ്ധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. സ്‌നിപ്പർ ഷേക്ക് പിടിയിലായതിനെ തുടർന്ന് മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. ആലുവ റെയിൽവേ സ്റ്റേഷന് സമീപം കാട് പിടിച്ച് കിടക്കുന്ന ഇവരുടെ രഹസ്യ സങ്കേതമായ 'അന്തർ' എന്ന് ഇവർ പറയുന്ന ഇവരുടെ താവളത്തിലേയ്ക്ക് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം ഇടിച്ച് കയറുകയായിരുന്നു.

തൽസമയം അവിടെയുണ്ടായിരുന്ന ഇവർ ഇരുവരും കൈവശമുണ്ടായിരുന്ന മയക്ക് മരുന്ന് ഗുളികകൾ വലിച്ചെറിഞ്ഞ ശേഷം 'പിൻ' എന്ന് ഇവർ പറയുന്ന ചെറിയ കത്തി ഷാഡോ സംഘത്തിന് നേരെ ചൂണ്ടി ന്യൂ ജനറേഷൻ ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും അതിസാഹസികമായി ഷാഡോ സംഘം ഇവരെ കീഴ്‌പെടുത്തുകയായിരുന്നു. പിടിക്കപ്പെട്ടു എങ്കിലും അമിതമായി ലഹരി ഗുളികകൾ കഴിച്ചതു മൂലം കൂടുതൽ അക്രമങ്ങൾ അഴിച്ചു വിട്ട അന്തകാരം ബാബു എന്ന രാഹുലിനെ പ്രാഥമിക ചികിത്സക്കായി ആലുവ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിൽസ നൽകി. തുടർന്ന് ഇരുവരേയും ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും റിമാന്റിൽ പാർപ്പിക്കുകയും ചെയ്തു.

ഇവരുടെ കെണിയിൽ അകപ്പെട്ട് പോയ യുവതി, യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പ്രവർത്തിച്ച് വരുന്ന എക്‌സൈസിന്റെ സൗജന്യ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ ഗോപി പറഞ്ഞു. ആലുവയിലെ ലഹരി മാഫിയക്കെതിരെയുള്ള ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും എക്‌സൈസ് ഉന്നതർ അറിയിച്ചു. ഇസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ വാസുദേവൻ, എ ബി സജീവ് കുമാർ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി ടോമി, എൻ.ജി. അജിത് കുമാർ, സിഇഒമാരായ അഭിലാഷ്, സിയാദ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP