Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനെ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീർ ഇപ്പോഴും തോരുന്നില്ല; കാക്കിയിട്ട ക്രിമിനലുകൾക്ക് സർവീസിൽ പരമസുഖം; പതിനൊന്ന് വർഷം പിന്നിട്ടിട്ടും ഉരുട്ടിക്കൊല കേസ് പ്രതികൾക്ക് ശിക്ഷ ലഭിച്ചില്ല; കുറ്റാരോപിതനായ സിഐക്ക് ഷാഡോ പൊലീസിന്റെ ചുമതലയും നൽകിയതിൽ വിവാദം

മകനെ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീർ ഇപ്പോഴും തോരുന്നില്ല; കാക്കിയിട്ട ക്രിമിനലുകൾക്ക് സർവീസിൽ പരമസുഖം; പതിനൊന്ന് വർഷം പിന്നിട്ടിട്ടും ഉരുട്ടിക്കൊല കേസ് പ്രതികൾക്ക് ശിക്ഷ ലഭിച്ചില്ല; കുറ്റാരോപിതനായ സിഐക്ക് ഷാഡോ പൊലീസിന്റെ ചുമതലയും നൽകിയതിൽ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഫോർട്ട് സ്‌റ്റേഷനിൽ 2005 സെപ്റ്റംബർ 27ന് പൊലീസുകാർ ഉരുട്ടികൊന്ന ഉദയകുമാർ എന്ന വ്യക്തിയെ മലയാളികൾ മറക്കാനിടയില്ല. അന്ന് പ്രതികളായ പൊലീസുകാർക്ക് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ശിക്ഷ ലഭിച്ചിട്ടില്ല. അന്ന് കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാരിൽ പ്രധാനിയായിരുന്നു സിഐ അജിത് കുമാർ. കേസിൽ പ്രതികളായിരുന്ന പലരും വീണ്ടും സർവ്വീസിൽ പ്രവേശിച്ചിട്ടുണ്ട്. പൊലീസുകാർ പ്രതികളായാൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന അവസ്ഥ ഈ കേസിലും സംഭവിക്കുമോ എന്ന ആശങ്കയാണ് ഏവരെയും അലട്ടുന്നത്. എന്നാൽ ഇത്തരം കേസുകളിൽ പ്രതികളായവരെ ലോ ആൻഡ് ഓർഡറിൽ നിയമിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ അന്നത്തെ സിഐ ആയിരുന്ന അജിത് കുമാറിനെ ആറ്റിങ്ങൽ ഡിവൈഎസ്‌പി ആയി നിയമിക്കുകയായിരുന്നു ഇപ്പോൾ അജിത് കുമാറിന് റൂറൽ വിഭാഗത്തിലെ ഷാഡോ പൊലീസിന്റ ചുമതലയും നൽകിയിട്ടുണ്ട്.

അജിത് കുമാറിനൊപ്പം തന്നെ ഷാഡോ പൊലീസിന്റെ ചുമതല നൽകിയിരിക്കുന്ന മറ്റൊരു എസ്‌ഐയും ഒരു കേസിൽപ്പെട്ടയാളാണ്. തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്താതെ പോയ ഓട്ടോ ഡ്രൈവറെ പിടികൂടാനായി വണ്ടിയിൽ ചാടിക്കയറി ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ട കേസിൽപ്പെട്ട എസ്‌ഐ സിജു കെ നായർ എന്നയാളെയാളാണ് ഷാഡോ പൊലീസിന്റെ ചുമതല നൽകിയിട്ടുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ. ഇത്തരം കേസുകളിൽ പെട്ടവരെ അധികാരികൾ തന്നെ സംരക്ഷിക്കുന്നുവെന്നതിന്റെ തെളിവായിവേണം ഷാഡോ പൊലീസ് തലപ്പത്തെ നിയമനങ്ങളെ കാണുവാൻ

ഉദയകുമാറിനെ പൊലീസ് ഊരുട്ടിക്കൊലപ്പെടുത്തിയ കേസിൽ അമ്മ പ്രഭാവതിയമ്മയ്ക്ക് സർക്കാർ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണ പൂർത്തിയായി പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ അവരുടെ സർവീസ് ആനുകൂല്യങ്ങളിൽ നിന്ന് സർക്കാരിന് ഈ തുക ഈടാക്കാമെന്നും ജസ്റ്റീസ് പി.ഡി. രാജൻ നിർദേശിച്ചിരുന്നു.കേസിന്റെ രേഖകൾ തിരുത്തിയെന്ന ആരോപണത്തെ തുടർന്ന് സിബിഐ പ്രതികളാക്കിയ ഇ.കെ. സാബു, ടി. അജിത് കുമാർ എന്നിവർ തങ്ങളെ കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.

കേസിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന ഒന്നുമുതൽ മൂന്നുവരെ പ്രതികളും പൊലീസ് ഓഫിസർമാരുമായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരുടെ സർവീസ് ആനുകൂല്യങ്ങളിൽ നിന്നാണ് സർക്കാർ തുകതിരിച്ചു പിടിക്കേണ്ടത്. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കൊടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ മനഃപൂർവം വൈകിക്കുകയാണെന്നായിരുന്നു പ്രഭാവതിയമ്മയുടെ ആരോപണം. വിചാരണ വൈകിച്ചതിന് പിന്നാലെ ഇപ്പോൾ തന്റെ മകന്റെ മരണത്തിന് കാരണക്കാരായവർ ഇപ്പോൾ പൊലീസിൽ ഉന്നത സ്ഥാനത്തേക്ക് എത്തുകയും ചെയ്തു.

കൊലപാതകക്കേസുകളിലെ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ അതിന് ഇരകളാകുന്നവരുടെ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സമാനമായ കേസാണ് ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് എന്ന് കണ്ടെത്തിയാണ് അമ്മ പ്രഭാവതിയമ്മയ്ക്ക് 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.പ്രായമായ തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും കേസ് വേഗം തീർപ്പാക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കോടതി പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.പ്രതികളായ പൊലീസുകാർ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവരുടെ ശമ്പളത്തിൽ നിന്ന് ഈ തുക ഈടാക്കാമെന്നും കോടതി അറിയിച്ചിരുന്നു. ഉദയകുമാറിനെ മോഷണക്കുറ്റം ആരോപിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.

ഉരുട്ടിക്കൊല നടന്നിട്ട് പത്ത് വർഷം തികയുമ്പോഴും പ്രതികളായ പൊലീസുകാർ ശിക്ഷിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, സർവീസിൽ തിരിച്ച് കയറുകയും ചെയ്തു. പ്രതികൾ ഹൈക്കോടതിയിൽ ഹരജി നൽകിയതിനാൽ വിചാരണയും സ്റ്റേ ചെയ്തിരിക്കുകയാണ്. നീതി തേടി പോരാട്ടം തുടരുകാണ് ഉദയകുമാറിന്റെ അമ്മ പ്രഭാവതി. 2005 സെപ്റ്റംബർ 27 നാണ് തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ഉദയകുമാർ കൊല്ലപ്പെടുന്നത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത നെടുങ്കാട് സ്വദേശി ഉദയകുമാറിന്റെ കൈയിൽ നിന്നും 4000 രൂപ പിടിച്ചെടുത്ത ശേഷമായിരുന്നു ക്രൂര മർദനം. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായിരുന്ന ജിതൻ, ശ്രീകുമാർ, സോമൻ, ഡി.വൈ.എസ്‌പിമാരായ ഇ.കെ ഹരിദാസ്, ടി.കെ സാബു, സി.ഐ അജിത് കുമാർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. വ്യാജ എഫ്.ഐ.ആർ ചമക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു.

2005 സെപ്തബർ 29 നാണ് ഒരു മോഷണ കുറ്റം ആരോപിച്ച് 28 കാരനായിരുന്ന ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉരുട്ടൽ അടക്കം ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായ ഉദയകുമാർ പിന്നീട് ജനറലാശുപത്രിയിൽ മരണമടഞ്ഞു. കേസ് തേച്ചുമായ്ച്ചു കളയാൻ പൊലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടർന്ന് നടന്ന സിബിഐ അന്വേഷണത്തിൽ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകൾ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴുപേരെകൂടി സിബിഐ പ്രതികളാക്കി പിന്നീട് കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് വിചാരണ നീട്ടിക്കൊണ്ടു പോകാൻ ശ്രമങ്ങൾ നടന്നു. ഒരവസരത്തിൽ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു.

സിബിഐ വീണ്ടും പുനരന്വേഷണം നടത്തണമെന്ന പ്രതികളുടെ ഹർജിയിലായിരുന്നു ഇടക്കാല സ്റ്റേ. അന്തിമ വിധിയിൽ ഹൈക്കോടതി ഈ ആവശ്യം തള്ളി. ഒന്നിനു പുറകെ ഒന്നായി ഫയൽ ചെയ്യുന്ന പ്രതികളുടെ ഹർജികൾ വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്ന് ഈ ഹർജിയിൽ കക്ഷി ചേർന്ന പ്രഭാവതിയമ്മ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ഹർജി തള്ളിയത്. ഇരുവരേയും കുറ്റവിമുക്തരാക്കണമെന്ന ആവശ്യം വിചാരണ സമയത്ത് പ്രതികൾക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി.നേരത്തെ കോടതിയിൽ സാക്ഷികളുടെ വിചാരണ ആരംഭിച്ചപ്പോൾ ഹൈക്കോടതി വിചാരണ നടപടികൾ ഉൾപ്പെടെ സ്റ്റേ ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP