Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൊക്കേഷൻ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാക്കുന്ന തർക്കം തീർക്കാൻ ആദ്യം എത്തി; നടന്മാരും നടിമാരും റിയൽ എസ്‌റ്റേറ്റുകാരായപ്പോൾ അത്യാവശ്യക്കാരായി; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവരിൽ പ്രധാനികൾ സിനിമാക്കാർ തന്നെ

ലൊക്കേഷൻ തെരഞ്ഞെടുക്കുമ്പോൾ ഉണ്ടാക്കുന്ന തർക്കം തീർക്കാൻ ആദ്യം എത്തി; നടന്മാരും നടിമാരും റിയൽ എസ്‌റ്റേറ്റുകാരായപ്പോൾ അത്യാവശ്യക്കാരായി; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ തീറ്റിപോറ്റുന്നവരിൽ പ്രധാനികൾ സിനിമാക്കാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ നടിയുടെ നേർക്ക് കഴിഞ്ഞ ദിവസമുണ്ടായ അക്രമം സിനിമാ മേഖലയിൽ വളർന്നുവരുന്ന ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന വിലിയിരുത്തൽ സജീവമാകുന്നു. മുംബൈ അധോലോകമാണ് ഹിന്ദി സിനിമയെ നിയന്ത്രിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിമിന്റെ പാർട്ടികളിൽ പങ്കെടുക്കുന്ന നടന്മാർ പോലും ഉണ്ടായിരുന്നു. ഈ മാതൃക എത്രത്തോളം ദോഷം ചെയ്യുമെന്ന് പഠിപ്പിക്കാൻ സുനിൽ ദത്ത് പോലുള്ളവരുടെ ജയിൽ വാസ കഥകളുണ്ട്. ഇതെല്ലാം അറിയാമായിരുന്നിട്ടും മോളിവുഡും ഗുണ്ടകൾക്ക് പിറകെയാണ്. മദ്യവും മയക്കുമരുന്നും സിനിമയിലേക്ക് ഒഴുകുന്നതും ഇതിന് കാരണമാണ്.

സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്ന് ക്വട്ടേഷൻ മാഫിയകളുടെ വലയിലാണെന്ന് മുന്മന്ത്രിയും പത്തനാപുരം എംഎൽഎയുമായി കെബി ഗണേശ് കുമാർ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അവർ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിനും ഉത്തരവാദിത്തമുണ്ടെന്നും ഗണേശ് പറഞ്ഞു. ക്രിമിനൽ പശ്ചാത്തലമുള്ളവർ പോലും അമ്മയിൽ അംഗത്വമെടുക്കാൻ ശ്രമിക്കുന്നു. സംഘടനയിൽ അംഗത്വമെടുക്കുന്നതിന് കൾശനമായ സ്‌ക്രീനിങ് സംവിധാനം ഏർപ്പെടുത്തണമെന്നും ഗണേശ് കൂട്ടിച്ചേർത്തു. ഈ വാക്കുകളിൽ നിന്ന് തന്നെ സിനിമയിലെ ക്രിമിനൽവത്കരണത്തിന്റെ സ്ഥിതി വ്യക്തമാണ്. ക്വട്ടേഷൻ മാഫിയയെ സിനിമയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ആവശ്യം. കൊച്ചി കേന്ദ്രീകരിച്ചാണ് ഇടപടൽ സജീവം.

നഗരത്തിൽ സിനിമാ ചിത്രീകരണത്തിന് തടസ്സമുണ്ടാക്കുന്ന ആളുകളെ തങ്ങളുടെ വരുതിക്കു കൊണ്ടുവരാനാണ് ആദ്യം സിനിമാക്കാർ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ചത്. ചിത്രീകരണം സുഗമമായി നടക്കുക എന്നു മാത്രമായിരുന്നു ഉദ്ദേശ്യം. പിന്നീട് റിയൽ എസ്റ്റേറ്റിന്റെ കച്ചവടം കൊഴുത്തപ്പോൾ സിനിമാക്കാരും അങ്ങോട്ട് കണ്ണെറിഞ്ഞ. അപ്പോൾ ഗുണ്ടാസംഗങ്ങൾ എല്ലാവരുടേയും ഇഷ്ടതോഴന്മാരായി. ക്വട്ടേഷൻകാർക്കും ഈ 'ജോലി മാറ്റം' സന്തോഷമായിരുന്നു. അധികം പണിയെടുക്കേണ്ട. മിക്കവാറും വിരട്ടൽ കൊണ്ടുതന്നെ കാര്യം സാധിക്കും. വ്യക്തിഗത ആവശ്യങ്ങൾക്കായി സിനിമയുമായി ബന്ധപ്പെട്ടവർ ഇവരെ ഉപയോഗിച്ചു തുടങ്ങിയത് പ്രശ്‌നങ്ങൾ സങ്കീർണ്ണമാക്കി. കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ സിനിമാ സെറ്റിലെ ആവശ്യക്കാർക്ക് അതെത്തിച്ചുകൊടുക്കാനുള്ള ഇടനിലക്കാരായി പ്രവർത്തിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന പൾസർ സുനി ക്രിമിനലാണെന്നും പല കേസുകളിൽ പ്രതിയാണെന്നും അറിയാമായിരുന്നിട്ടും സിനിമാ മേഖലയിൽ ഒഴിവാക്കാൻ സാധിക്കാത്തത് അപകടകരമായ സൂചനയാണ്. മുകേഷും ദിലീപും അടക്കമുള്ളവരുമായി ഇയാൾ സഹകരിച്ചു. ഒടുവിൽ ലാലിന്റെ സഹായിയായി. സിനിമ വേറിട്ടൊരു ലോകമായതിനാൽ പൊലീസിന്റെ അന്വേഷണമോ പരിശോധനയോ ഒന്നും ഇവിടം താവളമാക്കിയ അക്രമികൾക്ക് ഭയക്കേണ്ടതില്ല. ഇത് തന്നെയാണ് പൾസർ സുനിയും സമർത്ഥമായി ഉപയോഗിച്ചത്. പല സിനിമകളിലും ഗുണ്ടകളുടേയും ക്വട്ടേഷൻ സംഘങ്ങളുടേയും ആസ്ഥാനമായി പറയുന്നതുകൊച്ചിയാണ്. മറ്റിടങ്ങളിലാണ് സിനിമ നടക്കുന്നതെങ്കിലും 'ആക്ഷൻ' നടത്തുന്നതുകൊച്ചിയിലെ സംഘമാണെന്നാണ് പറയുക. അത് സിനിമാ മേഖലയിൽ തന്നെ സത്യമായി വരികയാണിപ്പോൾ.

ഈ സാഹചര്യത്തിൽ ഹിന്ദി സിനിമയെ മുംബൈ അധോലോകം അടക്കി ഭരിച്ചതുപോലെ മലയാള സിനിമാ വ്യവസായത്തിൽ ഗുണ്ടകൾ പിടി മുറുക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. കൊച്ചി നഗരത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വളരുന്നതോടൊപ്പം തന്നെ ക്രിമിനലുകളും വളർന്നു വരികയാണ്. രണ്ട് വർഷം മുമ്പ് ഇവർ ബ്‌ളാക്ക് മെയിലിംഗിന് വിധേയയാക്കിയ ഒരു നടി പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പരാതി നൽകട്ടെ എന്ന് ചിലരോട് ചോദിച്ചു. ഇത് അറിഞ്ഞ് പുതിയ സാഹചര്യത്തിൽ പരാതി നൽകുന്നത് ഒഴിവാക്കാൻ ആ നടിയിൽ നിന്ന് വാങ്ങിയ തുക പലിശ സഹിതം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാലുപിടിച്ചതായാണ് അറിയുന്നത്

ഈ നടി സിനിമയിൽ ഇപ്പോഴും സജീവമാണ്. രണ്ടു വർഷം മുമ്പ് കൊച്ചിയിൽ രാത്രി 11ന് ഈ നടി ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് താമസ സ്ഥലത്തേക്ക് പോകുമ്പോൾ ഒപ്പം സഞ്ചരിച്ച സിനിമയിൽ തന്നെയുള്ള നാലുപേർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാഹനത്തിനുള്ളിൽ വച്ച് നഗ്‌നചിത്രങ്ങൾ പകർത്തുകയായിരുന്നു. ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് ലക്ഷങ്ങൾ തട്ടിയെടുത്തു. ഒരു പ്രൊഡകഷൻ മാനേജർക്കും സംഭവവുമായി ബന്ധമുണ്ട്. പരാതി നൽകാൻ ഇപ്പോഴും ധൈര്യമില്ലെന്ന് നടിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. പാലക്കാട്ടു വച്ച് മറ്റൊരു ഇടത്തരം നടിയും ഇതുപോലെ ചതിക്കപ്പെട്ടു. ട്രെയിനിൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് വന്ന പ്രമുഖയല്ലാത്ത നടിയാണ് ഒരു വർഷം മുമ്പ് പാലക്കാട്ട് അക്രമത്തിന് ഇരയായത്. സ്റ്റേഷനിൽനിന്ന് കാറിൽ പോകുന്നതിനിടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരാൾ മാനഭംഗപ്പെടുത്തി. മറ്റൊരാൾ ഇത് ചിത്രീകരിച്ചു. ഇക്കാര്യം പറഞ്ഞ് നിരവധി തവണ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.

വാട്ട്‌സ് ആപ്പ് കാലത്തിനു മുമ്പ് ഒരു പ്രമുഖ ഹാസ്യ നടൻ ബ്‌ളാക്ക് മെയിലിംഗിനു വിധേയനായി. ഒരു പെൺകുട്ടിയെ കാറിൽ ചുംബിക്കുന്ന പടമാണ് ചിലർ പകർത്തി പണം തട്ടിയത്. ഇത് പലരും കണ്ടിട്ടുള്ളതാണ്. തിരക്കഥാകൃത്തായി വന്ന് സൂപ്പർഹിറ്റ് കൂട്ട് സംവിധായകനായ മറ്റൊരാളും ബ്‌ളാക്ക് മെയിലിംഗിനു വിധേയനായി. ഇയാളും മറ്റൊരു യുവതിയും തമ്മിലുള്ള ചില രംഗങ്ങൾ രഹസ്യമായി പകർത്തിയാണ് ബ്ലാക് മെയിൽ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP