Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തമ്മനം ഷാജിയും കുണ്ടന്നൂർ തമ്പിയും വെട്ടിൽ സുരേഷും മകിടി കുട്ടനും ഒക്കെ അപ്രത്യക്ഷർ; ഇപ്പോൾ കൊച്ചി ഭരിക്കുന്നത് ഭായി നസീറും മരട് അനീഷും മാത്രം; കോൺഗ്രസിന് വേണ്ടി ഭായിയെ ഒപ്പം നിർത്തി ക്വട്ടേഷൻ എടുത്ത ആന്റണി നഗരസഭാ വൈസ് ചെയർമാൻ വരെയായി; ഐഎൻടിയുസി നേതാവിന്റെ കൈ വിരൽ മുറിച്ച് അധീശത്വം ഉറപ്പിച്ചു; കൊച്ചിയിലെ അധോലോക-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പൊരുൾ തേടി പോയപ്പോൾ

തമ്മനം ഷാജിയും കുണ്ടന്നൂർ തമ്പിയും വെട്ടിൽ സുരേഷും മകിടി കുട്ടനും ഒക്കെ അപ്രത്യക്ഷർ; ഇപ്പോൾ കൊച്ചി ഭരിക്കുന്നത് ഭായി നസീറും മരട് അനീഷും മാത്രം; കോൺഗ്രസിന് വേണ്ടി ഭായിയെ ഒപ്പം നിർത്തി ക്വട്ടേഷൻ എടുത്ത ആന്റണി നഗരസഭാ വൈസ് ചെയർമാൻ വരെയായി; ഐഎൻടിയുസി നേതാവിന്റെ കൈ വിരൽ മുറിച്ച് അധീശത്വം ഉറപ്പിച്ചു; കൊച്ചിയിലെ അധോലോക-രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പൊരുൾ തേടി പോയപ്പോൾ

അർജുൻ സി വനജ്‌

കൊച്ചി: നമ്മുടെ കൊച്ചു കേരളത്തിലും ഗുണ്ടകളോ? പലരും ചോദിക്കുന്ന സംശയമാണിത്. എന്നാൽ കേരളം മുഴുവൻ പ്രധാന നഗരങ്ങളിൽ എല്ലാം അതിശക്തമായ ഗുണ്ടാ സംഘങ്ങൾ വാഴുന്നു എന്നതാണ് സത്യം. മുംബൈയിലെ പോലെ കോടികളുടെ കച്ചവടം ഉള്ള സിനിമാ ലോകത്തെ പോലും നിയന്ത്രിക്കുന്ന മാഫിയ അല്ലെങ്കിലും വെട്ടും കൊലയും പ്രതികാരം ചോദിക്കലും ഒക്കെയായി സജീവമായി തന്നെ കൊച്ചിയിലും ഗുണ്ടാ സംഘം ഉണ്ട്.

സർക്കാർ എത്ര ഗുണ്ടാ സ്‌ക്വാഡുകൾ ഉണ്ടാക്കിയാലും ഇവരെ പിടികൂടുക അത്ര എളുപ്പമല്ല. ആരൊക്കെയാണ് പ്രധാന ഗുണ്ടകൾ എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും ഗുണ്ടകളും ഗുണ്ടാ സംഘങ്ങളും കൊച്ചിയിൽ സജീവമായി വാഴുകയാണ്. വനിതാ വ്യവസായിയെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട അറസ്റ്റും മറ്റുമാണ് ഗുണ്ടകളെ ഇപ്പോഴെത്തെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തു കൊണ്ടു വന്നത്. കൊച്ചിയിലെ ഗുണ്ടകളെ കുറിച്ച് മറുനാടൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഞെട്ടിക്കുന്ന കാഴ്ചകളാണ് വെളിവായത്.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഓരോ പ്രദേശവും ഓരോ ഗുണ്ടാസംഘവും നിയന്ത്രിച്ചിരുന്ന ഒരു കാലം എറണാകുളത്തിനുണ്ടായിരുന്നു. കുണ്ടന്നൂരിൽ തമ്പിയും വൈറ്റിലയിൽ വെട്ടിൽ സുരേഷും തമ്മനത്ത് ഷാജിയും തേവരയിൽ മകിടി കുട്ടനും ഏലൂരിൽ ചൗക്ക സാജുവും അടക്കിവാണിരുന്ന കാലം. അക്കാലത്ത് ഗുണ്ടാപ്പടകളും ധാരാളമായിരുന്നു. ഇതിലൊരു ഗുണ്ടാപ്പടയായിരുന്നു പതിനെട്ടര കമ്പനി. 19 ഗുണ്ടകൾ ഉണ്ടെങ്കിലും അവരിൽ ഒരാൾക്ക് പൊക്കം കുറഞ്ഞതിനാലാണ് ഈ പേര് വന്നത്. ചമ്പക്കര ചന്ത നിയന്ത്രണവും കപ്പം പിരിക്കലും പാർട്ടിക്ക് വേണ്ടിയുള്ള പണം വാങ്ങാതെയുള്ള കണ്ണൂർ മോഡൽ ക്വട്ടേഷനുമായിരുന്നു ഇവരുടെ പണി. ഗുണ്ടാപ്പടയുടെ നേതാവ് സുനിയുടെ കൊലപാതകം കഴിഞ്ഞതോടെ ചമ്പക്കര സതീശൻ ലീഡറായി. മറ്റൊരു കൊലക്കേസിൽ സതീശൻ ജയിലിൽ ആയതോടെ പതിനെട്ടര കൂട്ടം പൊളിഞ്ഞു.

തമ്മനം ഷാജി ഉൾപ്പെടെയുള്ള ഗുണ്ടകൾ ക്വട്ടേഷൻവർക്കിനൊപ്പം വലതുപക്ഷ രാഷ്ട്രീയത്തിലെ നേതാക്കൾക്കു വേണ്ടി ഇടയ്ക്കു പ്രവർത്തിക്കും എന്നല്ലാതെ ഒരു നേതാവിനും വേണ്ടിയുള്ള ഓപ്പറേഷനുകളിൽ പങ്കാളി ആയിരുന്നില്ല. കുണ്ടന്നൂർ തമ്പിയുടെ കാലം വരെ ഈ നീക്കുപോക്കു തുടർന്നു. പരസ്പര സഹായം എന്നല്ലാതെ ഗുണ്ടകൾ ഒഴുക്കുന്ന രക്തത്തിന് രാഷ്ട്രീയക്കാർ ഒരുപരിധിവരെ കാരണക്കാർ ആയിരുന്നുമില്ല. ഇക്കാലത്താണ് ഭായ് നസീർ കളത്തിലിറങ്ങി തുടങ്ങുന്നത്. കുണ്ടന്നൂർ തമ്പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ ഭായ് നസീർ സ്വന്തമായി ഗാങ് ആരംഭിച്ചു.

പിന്നീട് 2004 വരെ ഭായിയുടെ സന്തതസഹചാരിയായിരുന്ന മരട് അനീഷും സ്വന്തമായി ഗാംഗിനെ ഇറക്കി. വളരെപ്പെട്ടെന്ന് തന്നെ മരട് അനീഷും ഭായ് നസീറും ശത്രുക്കളായി. 2007 ജനവരി 10 ന് രാത്രിയിൽ ഭായ് നസീറിനു നേരെ അനീഷും സംഘവും ആക്രമണം നടത്തി. ബൈക്കിൽ വരികയായിരുന്ന നസീറിനെ വൈറ്റില തൈക്കൂടത്തുവച്ച് അനീഷും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. തോക്കും വടിവാളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ നസീറിന്റെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിന്റെ പകരംവീട്ടലും മണിക്കൂറുകൾക്കുള്ളിൽ നടന്നു.

കെ കരുണാകരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോൾ എറണാകുളം ഡിസിസി പ്രസിഡന്റ് ആയിരുന്ന കെബി മുഹമ്മദ് കുട്ടിയും കോൺഗ്രസ് വിട്ടു. നെട്ടൂർ ഐഎൻടിയുസിയുടെ അനിഷേധ്യ നേതാവായിരുന്നു മുഹമ്മദ് കുട്ടി. അതുകൊണ്ടു തന്നെ നെട്ടൂർ ഐഎൻടിയുസി, ഡിഐസിയുടെ ഭാഗമായി. അക്കാലത്ത് കേരളത്തിലെ ഏറ്റവും ശക്തമായ ചുമട്ടു തൊഴിലാളി യൂണിയനായിരുന്നു നെട്ടൂർ ഐഎൻടിയുസി. കാൽച്ചുവട്ടിൽ നിന്നും ഒഴുകിപ്പോകുന്ന മണ്ണ് തടുത്തു നിർത്താനായിരുന്നു, ഭരണത്തിലിരുന്ന കോൺഗ്രസിന്റെ ശ്രമം. വിഷയം സ്ഥലം എംഎൽഎ യും മന്ത്രിയുമായിരുന്ന ഡൊമിനിക് പ്രസന്റേഷന് അഭിമാനപ്രശ്‌നമായി. ഐഎൻടിയുസി അപ്പാടെ അപ്പുറത്തേക്ക് പോകാതിരിക്കാൻ മുന്നിൽ നിർത്തിയത് അന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ചെറുപ്പക്കാരനുമായ ആന്റണി ആശാൻപറമ്പിലിനെ ആയിരുന്നു.

ആന്റണി പിന്നിൽ നിർത്തിയത് ഗുണ്ടാ തലവൻ ഭായ് നസീറിനെയും. ഐഎൻടിയുസിക്കാരനെ നിലക്ക് നിർത്താൻ അദ്ദേഹത്തിന്റെ വിരൽ മുറിച്ചെടുക്കുകയാണ് ഭായ് നസീർ ചെയ്തത്. ഈ കൂട്ടുകെട്ട് വിജയം കണ്ടു. പൊഴിഞ്ഞു പോകാതെ കാൽഭാഗത്തെ സൂക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞു. ഡിഐസി ജന്മോദ്ദേശ്യം പോലും പൂർത്തിയാക്കാതെ തകർന്നതോടെ ആന്റണി പ്രാദേശികമായി ശക്തനായി. അങ്ങനെ ആന്റണിയുടെ തണലിൽ ഭായ് നസീറും അജയ്യനായി വളർന്നു. ആന്റണിയും നസീറും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം തുടങ്ങി. മരട് നഗരസഭാ വൈസ് ചെയർമാനായ ആന്റണിക്ക് വേണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ഭീഷണിപ്പെടുത്തിയ കേസിലാണ് ഭായ് നസീറിനെ ഇപ്പോൾ ഗുണ്ടാവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

മറ്റ് പാർട്ടി നേതാക്കന്മാരെയും രഹസ്യമായി സഹായിക്കുമെങ്കിലും ഭായിയുമായുള്ള ബന്ധം തുറന്നു പറയാനോ, നേരിട്ട് ഇടപെടാനോ ഒരു നേതാവും തയാറായില്ല. കുഴൽപ്പണ സംഘത്തെ ആക്രമിച്ചു പണം തട്ടുകയാണ് ഇവരുടെ പ്രധാന വരുമാന മാർഗം. രാഷ്ട്രീയക്കാർ മാത്രമല്ല ചില പൊലീസ് ഉദ്യോഗസ്ഥരും ഇവരിൽ പങ്കാളിയായി. വാഹനത്തിന്റെ ബോഡിയിൽ പ്രത്യേക അറ സൃഷ്ടിച്ചു കുഴൽപ്പണം കടത്തിയ വാഹനം വരെ ഗുണ്ടകൾ തട്ടിയെടുത്തു. കള്ളപ്പണം ആയതിനാൽ പരാതി ഉണ്ടാകില്ല എന്നതാണ് ഗുണം. മറ്റു ചിലപ്പോൾ കുഴൽപ്പണ വാഹനങ്ങൾക്ക് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ചുമതലയും ഏറ്റെടുത്തു.

വലിയ ബിസിനസ് ടീമുകൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കൽ, ഭൂമി നികത്തികൊടുക്കുക, ബിസിനസകാർക്ക് സെക്യൂരിറ്റി നൽകുക തുടങ്ങിയ ജോലികളാണ് ഈ ഗാങുകൾ ചെയ്ത് പോന്നത്. റിയൽ എസ്റ്റേറ്റ് കച്ചവടം ശക്തമായതോടെ ഗുണ്ടകൾ രാഷ്ട്രീയ നേതാക്കളാകാൻ ശ്രമിച്ചു. കുണ്ടന്നൂർ തമ്പി കോൺഗ്രസിലെ കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ പ്രവർത്തകനായും തമ്മനം ഷാജി ആർജെഡി നേതാവായും മാറിയെങ്കിലും ക്ലച്ച് പിടിച്ചില്ല.

2010 ഓടെയാണ് കറുകപ്പള്ളി സിദ്ദീഖും ഭായിയും തമ്മിൽ അടുക്കുന്നത്. സിദ്ദീഖ് വഴിയാണ് ഭായ് നസീർ സിപിഎമ്മുമായും അടുക്കുന്നത്. പിന്നീട് സിദ്ദീക് ഭായിയുടെ സാമ്പത്തിക കാര്യങ്ങൾ നോക്കിനടത്തുന്ന ജോലി ഏറ്റെടുത്തു. കറുകപ്പള്ളി സിദ്ദീഖും ഭായ് നസീറിന്റെ ഗാങും ചേർന്നാണ് വനിത വ്യവസായിയിൽ നിന്ന് മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചത്. കേസിൽ സിദ്ദീഖും സംഘവും ഇപ്പോൾ റിമാന്റിലാണ്. എങ്കിലും സിപിഐ(എം) നേതാക്കൾക്ക് വേണ്ടി ക്വട്ടേഷൻ ജോലികൾ ചെയ്ത കേസുകൾ എവിടേയും ഇല്ല.

' കൂടെ നിൽക്കുന്നവനെ ജീവൻ കൊടുത്തും ഭായ് സംരക്ഷിക്കും. ജന്മം കൊണ്ടു ഭായ് എന്റെ ആരുമല്ല. പക്ഷെ ഭായ് ഞങ്ങടെ എല്ലാമെല്ലാമാണ്. ഭായിക്കിട്ട് പണി കൊടുത്തവന്മാരെ ഒന്നിനെപ്പോലും ഞങ്ങ വെറുതെ വിട്ടിട്ടില്ല. ഇപ്പോ എല്ലാ കേസും ഒഴിവാക്കി വരുവായിരുന്നു. അതിനെടേലാാ, മരട് ആശാന്റെ കേസില് പേട്ടേക്കണത്. ' ഭായ് നസീറിനെക്കുറിച്ചുള്ള അന്വേഷണത്തിൽ, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിൽ നിന്ന് ലഭിച്ച വാക്കുളാണിത്. ഇതുവരെ ഭായ് നസീർ 50 ഓളം ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഓരോ കേസുകളിലും ഭായിക്ക് വേണ്ടി ഹാജരാകുന്നത് ഓരോ സിറ്റിംഗിനും ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ്.

ഭായ് നസീറിനെതിരെ പൊലീസ് പലപ്പോഴും നടപടി എടുക്കാൻ മടിച്ചിരുന്നു. കാപ്പ നിയമപ്രകാരം ഭായ് നസീറിനെ കരുതൽ തടങ്കലിൽ വെക്കാനുള്ള ഉത്തരവ് ഒരു ഉയർന്ന പൊലീസ്സ ഉദ്യോഗസ്ഥൻ തന്നെ ഏഴു മാസത്തോളം പൂഴ്‌ത്തിവച്ചതായും ആക്ഷേപമുണ്ടായി. 2013 ഡിസംബർ 20ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നിൽ ഭായ് നസീറിന്റെ സംഘവും മരട് അനീഷിന്റെ ഗാങും തമ്മിൽ ഏറ്റുമുട്ടി. നസീറിന്റെ കൂട്ടാളിയായ ഇംതിയാസ് ഖാനെ കൊലപ്പെടുത്തിയ കേസിൽ അനീഷിനെതിരായി മൊഴി നൽകാൻ നസീറിന്റെ സംഘാംഗമായ പ്രവീണിനെ കോടതിയിൽ ഹാജരാക്കുന്ന ദിവസമാണ് രണ്ടു സംഘങ്ങളും ഏറ്റുമുട്ടിയത്.

തുടർന്ന് ഡിസംബർ 30 ന് മൈസൂരിൽ വച്ച് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ഭായ് ഏതാണ്ടു രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങുന്നത്. എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽ നിന്നാണ് നസീർ ഡിഗ്രി കഴിഞ്ഞത്. പഠനകാലത്താണ് ക്വട്ടേഷൻ സംഘങ്ങളുമായി നസീർ അടുപ്പം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP