Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഐ(എം)-ലീഗ് സംഘട്ടനത്തിൽ സമാധാനം നഷ്ടമായി ഉണ്ണിയാൽ ഗ്രാമം; ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ ഡിവൈഎസ്‌പിയും എസ്‌ഐയും ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്ക്; വാഹനങ്ങളും വീട്ട് സാമഗ്രികളും കത്തിച്ചു; രാഷ്ട്രീയ വൈരത്തിൽ ആണുങ്ങൾ ആയുധമെടുക്കുമ്പോൾ കണ്ണീരുമായി സ്ത്രീകളും കുഞ്ഞുങ്ങളും

സിപിഐ(എം)-ലീഗ് സംഘട്ടനത്തിൽ സമാധാനം നഷ്ടമായി ഉണ്ണിയാൽ ഗ്രാമം; ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ ഡിവൈഎസ്‌പിയും എസ്‌ഐയും ഉൾപ്പെടെ അഞ്ച് പൊലീസുകാർക്ക് പരിക്ക്; വാഹനങ്ങളും വീട്ട് സാമഗ്രികളും കത്തിച്ചു; രാഷ്ട്രീയ വൈരത്തിൽ ആണുങ്ങൾ ആയുധമെടുക്കുമ്പോൾ കണ്ണീരുമായി സ്ത്രീകളും കുഞ്ഞുങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഉണ്ണിയാലിലെ സിപിഐഎം-മുസ്ലിംലീഗ് രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇനിയും അയവു വന്നില്ല. തിരൂർ, താനൂർ മണ്ഡലങ്ങളുടെ അതിർത്തി പ്രദേശമായ ഉണ്ണിയാൽ, പറവണ്ണ, ആലിൻചുവട് തുടങ്ങിയ പ്രദേശങ്ങളിൽ വീണ്ടും നിരവധി വീടുകളും വാഹനങ്ങളും തകർക്കപ്പെടുകയും അഗ്നിക്കിരയാവുകയും ചെയ്തു. ഇന്നലെയുണ്ടായ സംഘട്ടനത്തിൽ ഡി.വൈ.എസ്‌പി, എസ്.ഐ ഉൾപ്പടെ അഞ്ച് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട പൊലീസുകാർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്. പൊലീസിനെ അക്രമിച്ച സംഭവത്തിൽ അഞ്ച് മുസ്ലിംലീ്ഗ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് നൂറുകണക്കിന് പൊലീസുകാർ ക്യാമ്പ് ചെയ്യുകയും പ്രതികൾക്കായി വീടുകളിൽ തിരച്ചിൽ തുടരുകയും ചെയ്യുന്നു.

1990കൾക്കു ശേഷം രാഷ്ട്രീയ സംഘർഷങ്ങളാൽ കലുഷിതമായ ഉണ്ണിയാൽ പ്രദേശത്ത് വീണ്ടും അശാന്തി പരന്നിരിക്കുകയാണ്. രണ്ടര പതിറ്റാണ്ടു കാലമായി ഒരു ഗ്രാമം സമാധാനത്തിനായി കൊതിക്കുന്നുണ്ടെങ്കിലും ഒന്നിനു പിറകെ മറ്റൊന്നായി ഇവിടെ സംഘർഷം തുടരുന്ന കാഴ്ചയാണ്. വളർന്നു വരുന്ന തലമുറയും മത്സ്യബന്ധനത്തിലൂടെയും ഗൾഫ് അദ്ധ്വാനത്തിലൂടെയും സമ്പാദിക്കുന്ന സ്വത്തുക്കളും സംഘർഷങ്ങൾക്ക് ഇരയാവുകയാണ് ചെയ്യുന്നത്.

ഏറെ നാളത്തെ ശാന്തതക്കു ശേഷം സമാധാനത്തിലേക്ക് തിരിച്ചു വരുന്നതിനിടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടനുബന്ധിച്ചായിരുന്നു ഇവിടെ സംഘർഷം വീണ്ടു പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ നിരവധി വീടുകളും കടകളും വാഹനങ്ങളുമെല്ലാം നശിക്കുകയുണ്ടായി. തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന താനൂരിന്റെ ഭാഗമായ ഉണ്ണിയാലിലും ഇത് പ്രകടമാകുകയായിരുന്നു. ചരിത്രത്തിലാദ്യമായി താനൂർ മണ്ഡലം മുസ്ലിംലീഗിൽ നിന്നും നഷ്ടമാവുകയും അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി വി അബ്ദുറഹിമാൻ വിജയിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിനു ശേഷവും ഇവിടത്തെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് അഴവു വന്നില്ല. വീടും വാഹനങ്ങളും തകർക്കപ്പെടുന്നത് സംഭവങ്ങൾ പതിവായതോടെ മാദ്ധ്യമങ്ങളും വേണ്ട പ്രാധ്യാന്യം നൽകിയില്ല. നിസാര പ്രശ്‌നങ്ങൾ വലുതാവുകയും പിന്നീട് രാഷ്ട്രീയ സംഘട്ടനമാവുകയുമാണ് ഇവിടത്തെ പതിവ്. കഴിഞ്ഞ ആഴ്ചകളിലുണ്ടായ ചില പ്രശ്‌നങ്ങളുടെ പിന്നാലെയായിരുന്നു ശനിയാഴ്ച അർദ്ധരാത്രി ഓട്ടോറിക്ഷ അഗ്നിക്കിരയാക്കിയത്. കമ്മുട്ടകത്ത് മുഹമ്മദ്കുട്ടിയുടെ മകൻ മുബാറക്ക് ഉപയോഗിക്കുന്ന ഓട്ടോറിക്ഷയാണ് തീയിട്ട് നശിപ്പിച്ചത്. മബാറക്ക് മുസ്ലിംലീഗ് പ്രവർത്തകനാണെന്ന് പറയപ്പെടുന്നു. എന്നാൽ ഓട്ടോറിക്ഷ ലീഗ് പ്രവർത്തകന്റേതല്ലെന്നും രാഷ്ട്രീയമല്ല സംഭവത്തിനു പിന്നിലെന്നും പൊലീസ് പറയുന്നു.\

ഈ സംഭവത്തിന്റെ തുടർച്ചയെന്നോണം ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സിപിഐ(എം) പ്രവർത്തകരുടെ വീടും കടകളും തർക്കുന്ന വിവരം ലഭിച്ചതോടെ സ്ഥലത്തെത്തിയ പൊലീസുകാർക്കായിരുന്നു അക്രമി സംഘത്തിൽ നിന്നും കല്ലേറും ആക്രമണവും ഉണ്ടായത്. ആലിൻചുവട് കടപ്പുറത്ത് പൊലീസ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ തിരൂർ ഡിവൈ.എസ്‌പി കെ.വി സന്തോഷിനെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും താനൂർ എസ്.ഐ സുമേഷ്സുധാകർ, തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അലോഷ്യസ്, എ.ആർ.ക്യാമ്പിലെ പൊലീസുകാരായ ഡി.കെ. മനു , എ. മനോജ് പ്രകാശം എന്നിവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആയുധങ്ങളും വടികളുമായെത്തിയ സംഘം കല്ലുപയോഗിച്ച് പൊലീസിനു നേരെ എറിയുകയായിരുന്നെന്നും തങ്ങളെ ആക്രമിച്ചതിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്നും തിരൂർ സി.ഐ ഷാജി, താനൂർ എസ്.ഐ സുമേഷ് സുധാകർ എന്നിവർ പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്നും ആറ് കിലോമീറ്റർ അകലെ നിറമരുതൂർ മങ്ങാട്ട് ഞായറാഴ്ച വൈകീട്ട് ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇവിടെ നിൽക്കുന്നതിനിടെയാണ് ഉണ്ണിയാൽ, ആലിൻചുവട് ഭാഗത്ത് സംഘർഷം നടക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് മങ്ങാടുണ്ടായിരുന്ന പെട്രോളിങ് സംഘം ആദ്യം ഉണ്യാലിലേക്ക് പുറപ്പെട്ടു. മങ്ങാട്ടെ അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ തിരൂർ, താനൂർ മേഖലകളിലെ പൊലീസ് സംഘങ്ങൾ എത്തിയിരുന്നു. വൈകാതെ ഇവരും ഉണ്യാലിലേക്ക് പോയി. നാലു വാഹനങ്ങളിലായി പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നു.

വീടും കടകളും ആക്രമിച്ച സംഘം പൊലീസിനെ കണ്ടതോടെ പൊലീസിനു നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. പൊലീസ് വാഹനങ്ങൾക്ക് നേരെ തുടർച്ചയായി കല്ലേറുകളുണ്ടായി. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ തിരൂർ ഡിവൈഎസ്‌പി കെ.വി സന്തോഷിന് നേരെയും കല്ലേറുണ്ടായി. ഡിവൈ.എസ്‌പിയുടെ മുഖത്തും കൈക്കും കല്ലേറിൽ ഗുരുതര പരിക്കേറ്റു. എസ്.ഐ സുമേഷ് സുധാകറിന് വലത്തെ കാലിനും അലോഷ്യസിന് മുഖത്തുമാണ് പരിക്ക്. ഡിവൈഎസ്‌പിയെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലേക്ക് മാറ്റി സ്‌കാനിംങിനു വിധേയമാക്കിയിട്ടുണ്ട്്. സംഘർഷ സ്ഥലത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

പത്തോളം സിപിഐ(എം) പ്രവർത്തകരുടെ വീടുകളും കടകളും ഈ സമയം അക്രമിക്കപ്പെട്ടിരുന്നു. രാത്രി ഒമ്പതര വരെ നീണ്ട സംഘർഷത്തിൽ നിരവധി ലീഗ് പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്. പൊലീസുകാരെ അക്രമിച്ച കേസിൽ നൂറിലധികം വരുന്ന ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇതിൽ 15 പേരെ കണ്ടാലറിയുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 5 ലീഗ് പ്രവർത്തകരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലത്ത് കൂടുതൽ പൊലീസുകാരെത്തി പ്രതികൾക്കായി വീടുകളിൽ തെരച്ചിൽ നടത്തുകയാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP