Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിയില്ലാത്ത അച്ഛന് മൂന്ന് ലക്ഷത്തിന്റെ പിക്ക് അപ്പ് ഓട്ടോ; വിവാഹ മോചനത്തിന് നിർബന്ധം പിടിച്ചാൽ 96 പവനും അഞ്ച് ലക്ഷവും കാറും മടക്കി കൊടുക്കേണ്ടി വരുമെന്ന ചിന്ത അലട്ടി; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി കൊടുക്കില്ലെന്ന് അമ്മായി അച്ഛൻ തറപ്പിച്ച് പറഞ്ഞപ്പോൾ സ്വത്തും പണവും നഷ്ടമാകുമെന്ന ഭീതി തുടങ്ങി; അനുനയത്തിന്റെ പാതയിൽ ഒളിച്ചിരുന്ന് പാമ്പുകളുടെ തോഴനായി ഭാര്യയെ വകവരുത്തി; ഉത്രയുടെ ജീവനെടുത്തത് സൂരജിന്റെ പണക്കൊതി; ഗൂഢാലോചന സമ്മതിച്ച് അഞ്ചലിലെ വില്ലൻ

ജോലിയില്ലാത്ത അച്ഛന് മൂന്ന് ലക്ഷത്തിന്റെ പിക്ക് അപ്പ് ഓട്ടോ; വിവാഹ മോചനത്തിന് നിർബന്ധം പിടിച്ചാൽ 96 പവനും അഞ്ച് ലക്ഷവും കാറും മടക്കി കൊടുക്കേണ്ടി വരുമെന്ന ചിന്ത അലട്ടി; സഹോദരിക്ക് സ്‌കൂട്ടർ വാങ്ങി കൊടുക്കില്ലെന്ന് അമ്മായി അച്ഛൻ തറപ്പിച്ച് പറഞ്ഞപ്പോൾ സ്വത്തും പണവും നഷ്ടമാകുമെന്ന ഭീതി തുടങ്ങി; അനുനയത്തിന്റെ പാതയിൽ ഒളിച്ചിരുന്ന് പാമ്പുകളുടെ തോഴനായി ഭാര്യയെ വകവരുത്തി; ഉത്രയുടെ ജീവനെടുത്തത് സൂരജിന്റെ പണക്കൊതി; ഗൂഢാലോചന സമ്മതിച്ച് അഞ്ചലിലെ വില്ലൻ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്രയുമായുള്ള വിവാഹം സൂരജിന് നൽകിയത് സുഖസൗകര്യങ്ങളായിരുന്നു. കുടുംബത്തിന് താങ്ങും തണലുമായി ഈ സഹായങ്ങൾ മാറി. എന്നാൽ ഭർതൃ വീട്ടിലെ ബുദ്ധിമുട്ടുകൾ ഉത്ര തന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെ എല്ലാം ചെയ്തിട്ടും മകൾ നേരിടുന്ന ക്രൂരതകളെ കുറിച്ച് അച്ഛനും അമ്മയും തീർത്തും ബോധവന്മാരായി. ഇത് വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തിക്കുമോ എന്ന് സൂരജ് ഭയന്നു. അങ്ങനെ വന്നാൽ എല്ലാം നഷ്ടമാകും. രണ്ടാം കെട്ടിൽ വലിയ സ്ത്രീധനം കിട്ടുകയുമില്ല. ഇതോടെയാണ് ഉത്രയെ വകവരുത്താനും അതിന് ശേഷം മറ്റൊരു വിവാഹം കഴിക്കാനും സൂരജ് തീരുമാനിച്ചത്.

ജോലി സ്ഥലത്തു കാണിച്ച തട്ടിപ്പ് ഒതുക്കിത്തീർക്കാൻ സൂരജിനു പണം നൽകി സഹായിച്ചതും ഉത്രയുടെ കുടുംബമായിരുന്നു. ആദ്യം സൂരജ് ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽ പണം തിരിമറി നടത്തിയതോടെ സ്ഥാപന ഉടമകൾ പൊലീസിനെ സമീപിക്കാനൊരുങ്ങി. ഇതോടെ ഉത്രയുടെ പിതാവു നൽകിയ അരലക്ഷത്തോളം രൂപ കൊടുത്താണു നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ ഗൃഹോപകരണങ്ങൾ തവണ വ്യവസ്ഥയിൽ നൽകുന്ന സ്ഥാപനത്തിന്റെ വ്യക്തിഗത വായ്പ വിഭാഗത്തിലാണു സൂരജ് പ്രവർത്തിച്ചിരുന്നത്. ശമ്പളം ജീവിക്കാൻ തികയുന്നില്ലെന്നു സ്ഥിരമായി സൂരജ് പരാതിപ്പെടുമായിരുന്നു. ഇതോടെ ഉത്രയുടെ കുടുംബം പ്രതിമാസം 8,000 രൂപ വീതം മകളുടെ അക്കൗണ്ടിൽ ഇടുമായിരുന്നു. ഇതും സൂരജ് തന്നെയാണ് കൈയാളിയിരുന്നത്. ഇതിന് പുറമേയാണ് വൻതുകകളുടെ മറ്റ് സഹായങ്ങൾ. കുഞ്ഞു ജനിക്കുന്നതോടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയും വെറുതയായി.

വിവാഹത്തിന് ഉത്രയ്ക്കു മാതാപിതാക്കൾ സമ്മാനമായ നൽകിയ നല്ലൊരു തുകയും കാറും, 100 പവനോളം വരുന്ന സ്വർണാഭരണങ്ങളും സ്വന്തമാക്കാൻ ആവുന്നതെല്ലാം ചെയ്തു. പിതാവിനു ജോലിയില്ലാത്തതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകണമെന്നു സൂരജ് നിർബന്ധം പിടിച്ചു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കൾ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നൽകി. വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം . അതും ചെയ്തു. ഭർതൃസഹോദരുടെ ഉപരിപഠനത്തിനു പണം വേണമെന്നു പറഞ്ഞു. ആ കാശും നൽകി. ഇതിനിടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ നല്ലൊരു പങ്ക് ഉത്ര അറിയാതെ സൂരജ് കൈക്കലാക്കിയെന്നു വ്യക്തമായി. ആദ്യം ഉത്രയ്ക്ക് പാമ്പു കടിയേറ്റ മാർച്ച് 2നു ലോക്കർ തുറന്നതായും പൊലീസ് കണ്ടെത്തി.

ഉത്ര ആ വീട്ടിൽ സന്തോഷമായി കഴിയണം എന്ന ആഗ്രഹത്താലാണ് അവർ ആവശ്യപ്പെട്ട പണമെല്ലാം നൽകിയത്. പണമായി മാത്രം 15 ലക്ഷത്തോളം രൂപ നൽകി. വാഹനങ്ങളും വീട്ടിലേക്കുള്ള മറ്റു വസ്തുക്കളും വേറെയും. എല്ലാ മാസവും 8000 രൂപ വീതം വേറെയും നൽകിയിരുന്നു. അവിടെ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പലതവണ ഞങ്ങൾ ചെന്നു മധ്യസ്ഥത പറഞ്ഞു പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീടു കുറച്ചു നാളുകൾക്കു മുൻപാണ് സൂരജിനും കുടുംബത്തിനും പണം മാത്രമാണു ലക്ഷ്യം എന്നു മനസ്സിലായത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഭർത്താവിന്റെ വീട്ടുകാർ ഉത്രയോടു വീണ്ടും വഴക്കിട്ടു. അതോടെ ഉത്രയെ വീട്ടിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി അച്ഛനും അമ്മയും ബന്ധുവും അടൂരിലെ വീട്ടിലേക്കു പോയി. അവളോടു ബാഗ് പാക്ക് ചെയ്ത്, വീട്ടിലേക്കു വരുന്നതിനു തയാറായി ഇരിക്കണമെന്നു പറഞ്ഞിരുന്നു. അന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം അവളും കുഞ്ഞും പോരാൻ ഇറങ്ങിയതുമാണ്. എന്നാൽ, ഉത്രയെ കൊണ്ടുപോകരുതെന്നു സൂരജ് നിർബന്ധം പിടിച്ചു. അവൾക്കിനി ഒരു പ്രശ്‌നവും ഇല്ലാതെ നോക്കാമെന്നു വാക്കു നൽകിയാണ് അവളെ ആ വീട്ടിൽ തന്നെ നിർത്തിയത്. പിന്നീടാകണം സൂരജ് എല്ലാ ആസൂത്രണവും നടപ്പാക്കിയത്-ഇതാണ് ഉത്രയുടെ സഹോദരൻ സൂജിന്റെ വാക്കുകൾ.

ഇത് പൊലീസും ഗൗരവത്തോടെ എടുക്കുന്നുണ്ട്. ഇനിയൊരു പ്രശ്‌നമുണ്ടായാൽ ഉത്രയുമായി വീട്ടുകാർ പോകുമെന്ന് സൂരജ് കരുതി. ഇത് സംഭവിച്ചാൽ ഉത്രയുടെ സ്വത്തുക്കളും സ്വർണ്ണവും എല്ലാം നഷ്ടമാകും. ഇത് മനസ്സിലാക്കിയാണ് ഉത്രയെ വകവരുത്തി സ്വത്ത് തട്ടാൻ സൂരജ് പദ്ധതികൾ തയ്യാറാക്കിയത്. ഉത്രയ്ക്ക് ആദ്യം പാമ്പു കടിയേറ്റപ്പോൾ നടത്തിയ ചികിത്സയ്ക്ക് ആദ്യം ചെലവായത് 10 ലക്ഷത്തോളം രൂപ. ഇതു പൂർണമായും നൽകിയത് ഉത്രയുടെ കുടുംബമായിരുന്നു. ആകെ 52 ദിവസം നീണ്ട ആശുപത്രി വാസത്തിൽ 15 ദിവസത്തോളം ഉത്ര തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആശുപത്രി ബിൽ മാത്രം 6 ലക്ഷം രൂപയോളം ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു. മറ്റു ചെലവുകൾക്കായാണ് 4 ലക്ഷം രൂപ ഉപയോഗിച്ചത്. ഇത് സൂരജ് അടിച്ചു പൊളിക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതിനു പിന്നിൽ വിവാഹമോചനക്കേസ് ഒഴിവാക്കി സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമെന്ന് ചോദ്യം ചെയ്യലിൽ സൂരജ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. 2018 മാർച്ച് 26 നായിരുന്നു വിവാഹം. മൂന്നര മാസത്തിനു ശേഷം കലഹം തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ സൂരജും ഉത്രയും തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരം അറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദര പുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞു. സ്ത്രീധനത്തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്നതിനാൽ സൂരജ് വിവാഹമോചനത്തിനു തയാറായില്ല. 96 പവൻ, 5 ലക്ഷം രൂപ, കാർ, പിതാവിനു നൽകിയ 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോ എന്നിവയും തിരികെ നൽകേണ്ടി വരുമെന്നതായിരുന്നു കാരണം. ഇതോടെ അനുനയത്തിന്റെ പാതയിലായി. തുടർന്നാണ് ഉത്രയെ കൊലപ്പെടുത്തുന്നതിനു സൂരജ് ശ്രമം തുടങ്ങിയതെന്നു പൊലീസ് പറയുന്നു.

സാധാരണ കുടുംബത്തിൽപ്പെട്ട സൂരജിന് ഉത്രയുമായുള്ള വിവാഹാലോചന സങ്കല്പിക്കാവുന്നതിനും അപ്പുറമായിരുന്നു. വിവാഹത്തിന് 96 പവൻ സ്വർണവും പണവും വേറെ. നാലേക്കറോളം സ്ഥലം നൽകാമെന്നും പറഞ്ഞിരുന്നു. സൂരജ് മോഹിച്ച കാർ തന്നെ ഉത്രയുടെ വീട്ടുകാർ വാങ്ങിനൽകി. ഇടയ്ക്ക് ഉത്ര വീട്ടുകാരെ വിളിച്ച് ഫ്രിഡ്ജും വാഷിങ് മെഷീനും മറ്റും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മകൻ ധ്രുവിന് നൂലുകെട്ട് ചടങ്ങിൽ 12 പവനോളം ആഭരണങ്ങളും കിട്ടി. മാസംതോറും പണവും വാങ്ങിയിരുന്നു. സൂരജിന്റെ സഹോദരിക്ക് കോളേജിൽ പോകാൻ സ്‌കൂട്ടർ വാങ്ങിനൽകണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ഉത്രയെ കൊലപ്പെടുത്തി സ്വത്ത് സ്വന്തമാക്കാനുള്ള ആലോചന തുടങ്ങിയതെന്നും വ്യക്തമായി കഴിഞ്ഞു.

ദ്യക്‌സാക്ഷികൾ ഇല്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഇതിന്റെ ഭാഗമായാണ് ഉത്രയുടെ മുറിയിൽ നിന്നു കണ്ടെത്തിയ പാമ്പിന്റെ ജഡം പുറത്തെടുത്തത്. പൊലീസ്, ഫോറൻസിക്, മൃഗ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തു. നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സൂരജിന്റെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുകൾക്കോ കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇയാളുടെ സഹോദരി ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്യും.

പ്രതികളെ ഉത്രയക്ക് ആദ്യം പാമ്പ് കടിയേറ്റ സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിലും, സുരേഷ് സൂരജിന് പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലുമെത്തിച്ച് അടുത്ത ദിവസം തെളിവെടുക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP