Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാൾ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകൾ നിരത്തിയതോടെ മരുമകളുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയിൽ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രൻ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസിൽ കുടുംബം മുഴുവൻ കുടുങ്ങാൻ സാധ്യത

വീട്ടിലെ പല സംഭവങ്ങളും അറിയാറില്ലെന്ന് സൂര്യ; സഹപാഠിയും സുഹൃത്തുമായ ഒരാൾ സഹോദരന്റെ കുട്ടുകാരനാണെന്നും സമ്മതിച്ച് സഹോദരി; ഒന്നും അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞ അമ്മയും തെളിവുകൾ നിരത്തിയതോടെ മരുമകളുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു; ഉത്രയെ ആദ്യം കടിച്ച അണലിയെ വിറകുപുരയിൽ ഒളിപ്പിച്ചതും അമ്മ അറിഞ്ഞു; സുരേന്ദ്രൻ രണ്ടാം പ്രതിയാകും; അമ്മയേയും മകളേയും വീണ്ടും ചോദ്യം ചെയ്യും; ഉത്ര കേസിൽ കുടുംബം മുഴുവൻ കുടുങ്ങാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഉത്ര വധക്കേസിൽ അറസ്റ്റിലായ സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ രണ്ടാം പ്രതിയാക്കിയേക്കും. ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ പുനലൂർ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കസ്റ്റഡിയിൽ വിട്ടു.താമസിയാതെ സുരേന്ദ്രൻ, ഭാര്യ, മകൾ, മകൻ എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇത് ഇന്നുണ്ടാകുമെന്നാണ് സൂചന.

അതിനിടെ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാൻ ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങൾ പൊലീസ് പൊളിച്ചടുക്കി. തിങ്കളാഴ്ച പകലും രാത്രിയും പൊലീസ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വീട്ടിൽ എത്ര മൊബൈൽ ഫോൺ ഉണ്ടെന്ന ചോദ്യത്തിന് മൂന്ന് ഫോൺ എന്നായിരുന്നു മറുപടി. അവ പൊലീസിന് കൈമാറി. എന്നാൽ രാത്രി വീണ്ടും എത്തിയ പൊലീസ് സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തപ്പോൾ മറ്റൊരു ഫോൺ ബെല്ലടിച്ചു. ഇതോടെ കൂടുതൽ ഫോൺ ഉണ്ടെന്നും വ്യക്തമായി.

സ്വർണം കണ്ടെത്താനായി റബർ തോട്ടത്തിൽ പരിശോധന നടത്തിയപ്പോഴും പറ്റിക്കാൻ സുരേന്ദ്രൻ ശ്രമിച്ചു. കുഴിച്ചിട്ട സ്ഥലം ബോധപൂർവം മാറ്റി മാറ്റി കാണിക്കുകയായിരുന്നു. സ്വർണം അച്ഛനെ ഏൽപ്പിച്ചുവെന്ന് സൂരജ് മെഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോൾ അവൻ അങ്ങനെ പറയാൻ സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി. പിന്നാലെ ആഭരണങ്ങൾ കാട്ടികൊടുക്കാൻ സൂരജ് സുരേന്ദ്രനോട് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മൊബൈൽ ഫോണിൽ പറയുകയും ചെയ്തു. ഇതാണ് നിർണ്ണായകമായത്. 38 പവനാണ് രണ്ട് കവറുകളിലായി കുഴിച്ചിട്ടിരുന്നത്.

സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈം ബ്രാഞ്ച് കൊട്ടാരക്കര ഓഫീസിൽ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ഇവരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ഉച്ചയോടെ പിങ്ക് പൊലീസ് അടൂർ പറക്കോട്ടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രിയോടെയാണ് വിട്ടയച്ചത്.ആദ്യ ചോദ്യംചെയ്യലിൽ രേണുക പൊട്ടിക്കരഞ്ഞുകൊണ്ട് ഒന്നുമറിയില്ലെന്ന് പറഞ്ഞെങ്കിലും തെളിവുകൾ നിരത്തിയതോടെ തന്ത്രപരമായി കുറ്റ സമ്മതം തുടങ്ങി. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് അറിഞ്ഞിരുന്നതായി സമ്മതിച്ചു. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിനുപിന്നിലെ വിറകുപുരയിൽ ഒളിപ്പിച്ചതും രേണുക അറിഞ്ഞിരുന്നു.

വീട്ടിൽ നടക്കുന്ന പല സംഭവങ്ങളും അറിയാറില്ലെന്നായിരുന്നു സൂര്യയുടെ മൊഴി. സഹപാഠിയും സുഹൃത്തുമായ ഒരാൾ സൂരജിന്റെ കുട്ടുകാരനാണെന്ന് സൂര്യ സമ്മതിച്ചു. രേണുകയെയും സൂര്യയെയും പ്രത്യേകമായും പിന്നീട് ഒരുമിച്ചും അതിനുശേഷം സൂരജിന്റെ സാന്നിദ്ധ്യത്തിലും ചോദ്യം ചെയ്തു. രണ്ട് ദിവസത്തിനകം വീണ്ടും എത്തണമെന്ന് പറഞ്ഞാണ് വിട്ടയച്ചത്. ഇന്നു തന്നെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് എത്തിച്ചേരാനായി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടർന്ന് പുനലൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അണലി കടിച്ച സംഭവം പിന്നീടാണ് അറിയുന്നതെന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ വാദം. എന്നാൽ സൂരജിന്റെ നിർദ്ദേശപ്രകാരം പലതും മാതാപിതാക്കൾ ഒളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. അണലി കടിയേൽക്കുന്ന സമയത്ത് ഉത്ര ചുരിദാറായിരുന്നു ധരിച്ചിരുന്നത്. കണങ്കാലിലെ ആഴമേറിയ മുറിവ് സൂരജിന്റെ അച്ഛനും അമ്മയും കണ്ടില്ലെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. അണലി കടിച്ച വിവരം പിന്നീട് അറിഞ്ഞെന്ന് പറയുന്ന ഇരുവരും വീട്ടിൽ പരിശോധന നടത്തിയില്ല. വീടിന്റെ നടുത്തളത്തിലൂടെ എത്തിയ പാമ്പ് ടൈൽ പാകിയ 15 പടികളിലൂടെ മുറിയിൽ കയറി കടിച്ചെന്നു വിശ്വസിച്ചുവെന്നു വീട്ടുകാർ പറയുന്നതു പൊലീസ് ആദ്യം തള്ളിയിരുന്നു. അണലിയെ ഉപയോഗിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നതിനു വ്യക്തമായ തെളിവുകൾ വീട്ടുകാർക്ക് ലഭിച്ചിട്ടുണ്ട്. കൊലപാതകശ്രമം മറയ്ക്കാൻ അവരും സൂരജിനൊപ്പം നിന്നതായാണു പൊലീസ് സംശയം.

അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടുപരിസരത്തു കുഴിച്ചിട്ടിരുന്ന സ്വർണാഭരണങ്ങൾ ഉത്രയുടെയും കുഞ്ഞിന്റെയുമാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഉത്രയുടെ മാതാവ് മണിമേഖലയും സഹോദരൻ വിഷുവും ഉത്രയുടെ മകൻ ധ്രുവിനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് ആഭരണങ്ങൾ തിരിച്ചറിഞ്ഞത്. ഉത്രയുടെ താലിമാലയും കുഞ്ഞിന്റെ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. തെളിവായി വിവാഹ ആൽബവും ഹാജരാക്കി. ഉത്രയ്ക്കു വിവാഹവേളയിൽ നൽകിയ മുഴുവൻ ആഭരണങ്ങളും കണ്ടെത്തിയിട്ടില്ല. ഉത്ര കൊല്ലപ്പെട്ട ദിവസമാണു ബാങ്ക് ലോക്കറിൽനിന്നു സ്വർണമെടുത്തതെന്നാണു സൂചന. ഉത്ര മരിച്ചശേഷം, ഉത്രയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരേ സൂരജിന്റെ സഹോദരി സൂര്യ നൽകിയ പരാതി കളവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

സൂരജിന്റെ കൂട്ടുകാരനുമായി സൂര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നതായും സൂചനയുണ്ട്. ഈ സുഹൃത്താണു സൂരജിനെ ഒളിവിൽ താമസിപ്പിച്ചത്. ഇയാളെയും പൊലീസ് ചോദ്യംചെയ്തു. കൊലപാതകത്തിൽ കൂടുതൽപ്പേർക്കു പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP