Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനും മകനും മാത്രമല്ല അമ്മയും മകളും കൂടി കുടുങ്ങുമെന്ന് ഉറപ്പാക്കി കൂടത്തായി ഹീറോയുടെ അന്വേഷണ റിപ്പോർട്ട്; നാലു പേർക്കുമെതിരെ ഗാർഹിക-സ്ത്രീധന പീഡന വകുപ്പുകൾ നിലനിൽക്കുമെന്ന് പത്തനംതിട്ട എസ് പി കെജി സൈമൺ; സൂരജിന്റെ പാമ്പുകളുമായുള്ള കളി അറിയാമെന്ന അമ്മയുടെ സമ്മതവും നിർണ്ണായകം; രാഷ്ട്രീയ സമ്മർദ്ദം ഫലിച്ചില്ലെങ്കിൽ സൂര്യയുടെ ആൺ സുഹൃത്തും കേസിൽ പ്രതിയാകും; അഞ്ചലിലെ ക്രൂരതയിൽ പൊലീസ് നീങ്ങുന്നത് പഴുതുകൾ ഓരോന്നായി അടച്ച്; വനിതാ കമ്മീഷനും കേസെടുക്കും

അച്ഛനും മകനും മാത്രമല്ല അമ്മയും മകളും കൂടി കുടുങ്ങുമെന്ന് ഉറപ്പാക്കി കൂടത്തായി ഹീറോയുടെ അന്വേഷണ റിപ്പോർട്ട്; നാലു പേർക്കുമെതിരെ ഗാർഹിക-സ്ത്രീധന പീഡന വകുപ്പുകൾ നിലനിൽക്കുമെന്ന് പത്തനംതിട്ട എസ് പി കെജി സൈമൺ; സൂരജിന്റെ പാമ്പുകളുമായുള്ള കളി അറിയാമെന്ന അമ്മയുടെ സമ്മതവും നിർണ്ണായകം; രാഷ്ട്രീയ സമ്മർദ്ദം ഫലിച്ചില്ലെങ്കിൽ സൂര്യയുടെ ആൺ സുഹൃത്തും കേസിൽ പ്രതിയാകും; അഞ്ചലിലെ ക്രൂരതയിൽ പൊലീസ് നീങ്ങുന്നത് പഴുതുകൾ ഓരോന്നായി അടച്ച്; വനിതാ കമ്മീഷനും കേസെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം : അഞ്ചലിൽ ഉത്ര പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് സൂരജും അച്ഛനും അറസ്റ്റിലായതിനു പിന്നാലെ അമ്മയും മകളും കൂടി അറസ്റ്റിലാകുമെന്ന് സൂചന. സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല.

സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛൻ സുരേന്ദ്രന്റേയും അമ്മ രേണുകയുടെയും സഹോദരിയുടെയും മൊഴി. എന്നാൽ പലതവണ സൂരജ് വീട്ടിൽ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്ന് മൂവരം സമ്മതിച്ചു. സ്വർണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം സുരേന്ദ്രൻ കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ സൂരജിനെ ഒളിവിൽ കഴിയാൻ സഹായിച്ചതായി സഹോദരിയും പറഞ്ഞു. സൂരജിന്റേയും ഇയാളുടെ അമ്മ, അച്ഛൻ, സഹോദരി എന്നിവരുടെയും മൊഴികളിൽ വൈരുധ്യമുണ്ട്. സഹോദരി സൂര്യയുടെ ആൺ സുഹൃത്തും കുടുങ്ങും. ഇയാളേയും കേസിൽ പ്രതിയാക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലവും പരിശോധിക്കും.

സൂരജിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളും പിന്നാലെ അച്ഛൻ സുരേന്ദ്രനെ ചോദ്യം ചെയ്തപ്പോഴും ലഭിച്ച വ്യത്യസ്ത മൊഴികളാണ് കുടുംബത്തെ ഒന്നടങ്കം കുടുക്കുക. ഉത്രയുടെ കൊലപാതകം കുടുംബാംഗങ്ങൾ കൂടി അറിഞ്ഞ സംഭവമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്. തെളിവ് നശിപ്പിക്കൽ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മീഷന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറി. ഉത്രയുടെ കുടുംബാംഗങ്ങൾക്ക് എതിരെ ഗാർഹിക, സ്ത്രീധന പീഡന കേസുകൾ നിലനിൽക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടത്തായിയിൽ ജോളിയുടെ ക്രൂരത കണ്ടെത്തിയ കെജി സൈമണാണ് വനിതാ കമ്മീഷന് റിപ്പോർട്ട് നൽകിയത്. ഇത് കേസിൽ നിർണ്ണായകമാകും.

ഉത്രയുടെ കൊലപാതകം നടന്നത് അഞ്ചലിലാണ്. ഇതുകൊല്ലം റൂറൽ പൊലീസിന്റെ പരിധിയിലാണ്. എന്നാൽ അടൂരിലാണ് സൂരജിന്റെ വീട്. ഇവിടെയാണ് ഉത്രയെ പീഡിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് പത്തനംതിട്ട എസ് പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ റിപ്പോർട്ടിൽ കൊല്ലം റൂറൽ പൊലീസ് കേസെടുക്കാനാണ് സാധ്യത. അങ്ങനെ വന്നാൽ അടുത്ത ചോദ്യം ചെയ്യലിന് സൂരജിന്റെ അമ്മയും സഹോദരിയും എത്തുമ്പോൾ അറസ്റ്റു രേഖപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇതിനുള്ള സാഹചര്യമാണ് കെ ജി സൈമണിന്റെ വിശദ റിപ്പോർട്ട് സാഹചര്യം ഒരുക്കുന്നത്. ഇതോടെ കുടുംബത്തിലെ നാലു പേരും കുടുങ്ങുമെന്ന് ഉറപ്പായി.

നേരത്തെ തന്നെ ഇതേ വകുപ്പുകൾ ചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ അറസ്റ്റു ചെയ്തിരുന്നു. എസ്‌പിയുടെ റിപ്പോർട്ട് പ്രകാരം സൂരജിന്റെ അമ്മ രേണുകയുടെയും സഹോദരി സൂര്യയുടെയും അറസ്റ്റും വൈകാതെ ഉണ്ടായേക്കും. സുരേന്ദ്രൻ സ്വർണം കുഴിച്ചിട്ടതിൽ രേണുകയ്ക്കും പങ്കുള്ള കാര്യം ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ വീട്ടുകൾക്ക് പങ്കുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാലിനാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് കൊല്ലം ജില്ലാ റൂറൽ എസ്‌പി.ക്ക് കൈമാറാനാണ് തീരുമാനം. റൂറൽ എസ് പിയാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സമയ ബന്ധിതമായി റിപ്പോർട്ട് നൽകിയ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ കമ്മീഷൻ അഭിനന്ദിച്ചു.

കൊലപാതകവും സ്ത്രീധന ഗാർഹിക പീഡനവും ഒരു അന്വേഷണ ഏജൻസി തന്നെ അന്വേഷിക്കുന്നതായിരിക്കും കേസിന് പിൻബലവും ഗുണകരവുമാവുകയെന്നുള്ളതു കൊണ്ടാണ് അന്വേഷണ റിപ്പോർട്ട് കൊല്ലം റൂറൽ എസ്‌പിക്ക് കൈമാറുന്നതെന്ന് കമ്മീഷൻ അംഗം ഡോ. ഷാഹിദാ കമാൽ പറഞ്ഞു. ഉത്രയെ സുരേന്ദ്രൻ മദ്യപിച്ച് അസഭ്യം പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ സുരേന്ദ്രനോട് പൊലീസ് ചോദ്യം ചെയ്യലിൽ ആവർത്തിച്ചെങ്കിലും സഹകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഉത്രയയുടെ സ്വർണാഭരണങ്ങൾ കുഴിച്ചിട്ടതടക്കം സുരേന്ദ്രൻ പൊലീസിന് കാണിച്ച് കൊടുത്തു. ഇതാണ് കേസിൽ നിർണ്ണായകമായത്.

ചോദ്യം ചെയ്തപ്പോൾ അമ്മ രേണുക കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തങ്ങൾക്ക് ഒന്നും അറിയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. എന്നാൽ തെളിവുകൾ നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെയാണ് സത്യങ്ങൾ വെളിപ്പെടുത്താൻ രേണുക നിർബന്ധിതയായത്. സൂരജ് പാമ്പിനെ കൊണ്ടുവന്ന വിവരം അറിയാമായിരുന്നുവെന്ന് രേണുക പൊലീസിന് മൊഴി നൽകി. സൂരജ് പാമ്പുകളുമായി അടുത്ത് ഇടപഴകിയിരുന്നുവെന്നും അക്കാര്യങ്ങൾ പഠിക്കാൻ അതീവ ശ്രദ്ധപുലർത്തിയിരുന്നുവെന്നും നേരത്തേ സൂരജിന്റെ അച്ഛൻ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നത് താൻ അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. അതേസമയം തനിക്കും മകൾക്കും ഇക്കാര്യം അറിയാം എന്നാണ് ഇപ്പോൾ രേണുകയുടെ വെളിപ്പെടുത്തൽ. എന്നാൽ കൊലപാതകത്തെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് രേണുകയും മകൾ സൂര്യയും പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ഇതിനിടെയാണ് സൂര്യയുടെ ആൺ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്. ഇയാൾ സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ഗാർഡായിരുന്നുവെന്നതും ഗൗരവത്തോടെയാണ് പൊലീസ് എടുത്തിട്ടുള്ളത്. സച്ചൻ തെണ്ടുൽക്കറെ തൊടാൻ ശ്രമിച്ച ആരാധകനെ മർദ്ദിച്ച വീഡിയോയും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP