Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഷുറൻസ് എടുത്തിരുന്നുവെന്ന വിവരം പൊലീസിന് നൽകിയത് എല്ലാം അറിയാവുന്ന സ്ത്രീ; ചോദ്യങ്ങളോട് പൂർണ്ണമായും സഹകരിക്കാത്ത സൂരജിന്റെ മൗനം തെളിവ് കണ്ടെടുക്കാൻ വെല്ലുവിളി; ഭാര്യയുടെ മരണ ശേഷം കൂട്ടുകാരന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതെന്ന് കൂട്ടുകാരുടെ മൊഴി; സൂരജിനേയും സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും; ഉത്രാ കൊലപാതകം തെളിയിച്ച ശേഷം മാത്രം ഗാർഹിക പീഡന കേസിൽ അന്വേഷണം; അഞ്ചലിലെ ക്രൂരതയിൽ പ്രതി നിസ്സഹകരണം തുടരുമ്പോൾ

ഇൻഷുറൻസ് എടുത്തിരുന്നുവെന്ന വിവരം പൊലീസിന് നൽകിയത് എല്ലാം അറിയാവുന്ന സ്ത്രീ; ചോദ്യങ്ങളോട് പൂർണ്ണമായും സഹകരിക്കാത്ത സൂരജിന്റെ മൗനം തെളിവ് കണ്ടെടുക്കാൻ വെല്ലുവിളി; ഭാര്യയുടെ മരണ ശേഷം കൂട്ടുകാരന്റെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായതെന്ന് കൂട്ടുകാരുടെ മൊഴി; സൂരജിനേയും സുരേഷിനേയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും; ഉത്രാ കൊലപാതകം തെളിയിച്ച ശേഷം മാത്രം ഗാർഹിക പീഡന കേസിൽ അന്വേഷണം; അഞ്ചലിലെ ക്രൂരതയിൽ പ്രതി നിസ്സഹകരണം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പാമ്പിനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിലെ പ്രതി സൂരജ് സംഭവത്തിനുമുമ്പ് ഉത്രയുടെ പേരിൽ വൻതുകയ്ക്കുള്ള ഇൻഷുറൻസ് പോളിസിയെടുത്തിരുന്നതായുള്ള സൂചനയിൽ അന്വേഷണം. ഉത്രയുടെ മരണത്തിനുശേഷം ഒരു സ്ത്രീ ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറിയിരുന്നു. തുടരന്വേഷണത്തിനുള്ള തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച്. തെളിവ് കിട്ടിയാൽ സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്ന കൊലയെന്ന് വ്യക്തമാകും. സൂരജിന്റെ അമ്മയേയും സഹോദരിയേയും ഇനിയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനം എടുക്കും.

ഉത്രയെ കൊലപ്പെടുത്തിയത് സാമ്പത്തികം ലക്ഷ്യംവച്ചാണെന്ന് വ്യക്തമായ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനും അത് കുറ്റപത്രത്തിൽ ഉൾപ്പെടുത്താനും അന്വേഷണസംഘം നീക്കം തുടങ്ങി. രണ്ടുവർഷം മുമ്പ് ഉത്രയുമായുള്ള വിവാഹ സമയത്ത് ലഭിച്ച സ്വർണാഭരണങ്ങളും കുടുംബത്തിൽ നിന്ന് പണമായും അല്ലാതെയും വാങ്ങിയ സ്വത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന അടൂരിലെ സ്വകാര്യ ബാങ്ക് ലോക്കർ പൊലീസ് പരിശോധിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി പല ഘട്ടത്തിലും സഹകരിക്കുന്നില്ല. ഇൻഷുറൻസ് അടക്കമുള്ള വിഷയങ്ങളിൽ പൊലീസിന് നിഗമനത്തിൽ എത്താൻ കഴിയാത്തത് ഇതുകൊണ്ടാണ്.

സൂരജ് സ്വർണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തതിന്റെ കണക്കെടുത്ത ശേഷം ബാക്കി സ്വർണം വീണ്ടെടുത്ത് തൊണ്ടിമുതലായി കോടതിയിൽ സമർപ്പിക്കും. സൂരജ് നടത്തിയ എല്ലാ സാമ്പത്തിക കൈമാറ്റങ്ങളും തെളിയിച്ചാൽ പരമാവധി ശിക്ഷ ഉറപ്പാക്കാനാകുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. സൂരജിന്റെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ കൊലപാതകവുമായി ബന്ധമുള്ളതായി ചോദ്യം ചെയ്യലിൽ കണ്ടെത്താനായില്ലെങ്കിലും ഉത്രയുടെ മരണശേഷം സൂരജിന്റെ സ്വഭാവത്തിൽ വ്യത്യാസം തോന്നിയതായി ചില സുഹൃത്തുക്കൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇൻഷുറൻസ് എടുത്തിരുന്നോ എന്ന് കൂട്ടുകാർക്കും അറിയില്ല. ഈ സാഹചര്യത്തിലാണ് തെളിവുകൾ തേടിയുള്ള അന്വേഷണം.

സൂരജിന്റെ പതിനഞ്ചോളം സുഹൃത്തുക്കളെ ചോദ്യംചെയ്യുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. എ. അശോക് അറിയിച്ചു. ഉത്രയുടെ സ്വർണാഭരണങ്ങൾ കണ്ടെത്താൻ സൂരജുമായി തെളിവെടുക്കേണ്ടതുണ്ട്. ഒരുലക്ഷം രൂപയ്ക്ക് ആഭരണങ്ങൾ പണയംവെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. കൊലപാതകത്തിനുശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലിൽ വെളിപ്പെട്ടിരുന്നു. ഉത്രയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചു. ഇതിന് സുഹൃത്തുക്കളുടെ പിന്തുണയുമുണ്ടായിരുന്നു. സൂരജിന് ഒളിവിൽക്കഴിയാനുള്ള സഹായവും സുഹൃത്തുക്കൾ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

സൂരജിന്റെ കുടുംബാംഗങ്ങൾ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഉത്രയുടെ വീട്ടുകാർ നൽകാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കർ സ്ഥലം എഴുതിനൽകാത്തതിനെച്ചൊല്ലി, സൂരജിന്റെ അമ്മയും സഹോദരിയും ഉത്രയുമായി വഴക്കിടുമായിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ സൂരജിന്റെ അമ്മയെയും സഹോദരിയെയും അച്ഛനെയും അടുത്ത ദിവസംതന്നെ വിളിച്ചുവരുത്തും.

പൊലീസ് കസ്റ്റഡികാലാവധി കഴിഞ്ഞാലുടൻ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും കോടതിയിൽ അപേക്ഷ നൽകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരിൽ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലിൽനിന്നാണെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സൂരജിന്റെ കുടുംബത്തിന്റെ ഗാർഹിക പീഡനത്തിൽ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊലപാതകം തെളിയിച്ച ശേഷം ഈ നടപടികളിലേക്ക് പൊലീസ് കടക്കും. ഈ ഘട്ടത്തിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP