Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി സൂര്യയുടെ ആൺ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യും; അതിന് ശേഷം അമ്മയേയും മകളേയും വീണ്ടും വിളിച്ചു വരുത്തും; എല്ലാം അച്ഛൻ അറിഞ്ഞെന്ന് കണ്ടെത്തി പൊലീസ്; അണലിയുടെ പിഴച്ച കടിയും സുരേന്ദ്ര പണിക്കർക്ക് അറിയാമായിരുന്നു; മൂർഖനെ കൊണ്ട് കൊത്തിക്കും മുമ്പെടുത്ത സ്വർണം ആദ്യം ഒളിപ്പിച്ചത് സൂരജ്; പിടിവീഴുമെന്ന് ഉറപ്പാക്കിയപ്പോൾ 38 പവൻ അച്ഛനും കാട്ടിക്കൊടുത്തു; ഉത്രാ കൊലക്കേസിൽ ഇനിയുള്ള ഓരോ നീക്കവും നിർണ്ണായകം; അന്തിമ പ്രതിപട്ടിക അറിയാനുള്ള കാത്തിരിപ്പ് നീളുമ്പോൾ

ഇനി സൂര്യയുടെ ആൺ സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യും; അതിന് ശേഷം അമ്മയേയും മകളേയും വീണ്ടും വിളിച്ചു വരുത്തും; എല്ലാം അച്ഛൻ അറിഞ്ഞെന്ന് കണ്ടെത്തി പൊലീസ്; അണലിയുടെ പിഴച്ച കടിയും സുരേന്ദ്ര പണിക്കർക്ക് അറിയാമായിരുന്നു; മൂർഖനെ കൊണ്ട് കൊത്തിക്കും മുമ്പെടുത്ത സ്വർണം ആദ്യം ഒളിപ്പിച്ചത് സൂരജ്; പിടിവീഴുമെന്ന് ഉറപ്പാക്കിയപ്പോൾ 38 പവൻ അച്ഛനും കാട്ടിക്കൊടുത്തു; ഉത്രാ കൊലക്കേസിൽ ഇനിയുള്ള ഓരോ നീക്കവും നിർണ്ണായകം; അന്തിമ പ്രതിപട്ടിക അറിയാനുള്ള കാത്തിരിപ്പ് നീളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയ്‌ക്കെും സഹോദരി സൂര്യയ്ക്കും ഇനി മൂന്നാം ഊഴം. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ പത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം ഇവരെ ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യും. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുത്ത ശേഷം അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിൽ സൂര്യയുടെ ആൺ സുഹൃത്തും ഉൾപ്പെടും. ഇതിന് ശേഷം കൊലപാതക കേസിൽ ഇവരെ പ്രതിയാക്കണമോ എന്ന് പൊലീസ് തീരുമാനിക്കും. ഈ സാഹചര്യത്തിലാണ് ഇവരെ വിട്ടയച്ചത്.

വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണു വിവരം. തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചനയിൽ പങ്ക് എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. അന്വേഷണ സംഘത്തിന്റെ ആവർത്തിച്ചുള്ള പല ചോദ്യങ്ങൾക്കും പൊട്ടികരച്ചിലായിരുന്നു അമ്മയുടെയും മകളുടെയും മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരു പങ്കുമില്ലെന്ന് ഇരുവരും ആവർത്തിക്കുന്നു. പൊട്ടിക്കരച്ചിലും തന്ത്രമായി പൊലീസ് കരുതുന്നുണ്ട്. ഉത്രയെ അണലിയെ ഉപയോഗിച്ച് അപായപ്പെടുത്താനുള്ള സൂരജിന്റെ ആദ്യശ്രമവും സൂരജിന്റെ അച്ഛൻ സുരേന്ദ്രന് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തൽ.

കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ വെള്ളിയാഴ്ച രാത്രിവരെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരും ഇക്കാര്യം സമ്മതിച്ചത്. ഫെബ്രുവരി 29ന് അടൂർ പറക്കോട് കാരയ്ക്കൽ വീടിന്റെ സ്റ്റെയർക്കെയിസിൽ കണ്ടത് ചേര അല്ലെന്നും അണലി തന്നെയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. സൂരജ്, അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തു. കഴിഞ്ഞ ദിവസം വരെ സ്റ്റെയർക്കെയിസിൽ കണ്ടത് ചേരയാണെന്നായിരുന്നു സൂരജും അച്ഛനും ആവർത്തിച്ചിരുന്നത്. സൂരജ് ആവശ്യപ്പെട്ട പ്രകാരം ഉത്ര സ്റ്റെയർകെയ്‌സ് കയറി മുകളിലത്തെ മുറിയിൽ ഫോണെടുക്കാൻ പോകവേയാണ് അണലിയെക്കണ്ട് നിലവിളിച്ചത്. ശ്രമം പാളിയതോടെ സൂരജ് പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോകുകയായിരുന്നു. ചേരയാണെന്നാണ് ഉത്രയെ ധരിപ്പിച്ചത്.

സൂരജിനെയും കുടുംബാംഗങ്ങളെയും കഴിഞ്ഞദിവസം വെവ്വേറെ പൊലീസ് ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പൊരുത്തക്കേട് കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എല്ലാവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. രാത്രിയിൽ ഇരുവരെയും വിട്ടയച്ചു. സുരേന്ദ്രപ്പണിക്കരെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൂരജിനെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. പറക്കോട്ടെ വീടിനു സമീപത്തെ പുരയിടത്തിൽ നിന്ന് കണ്ടെടുത്ത ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സുരേന്ദ്രപ്പണിക്കർ തന്നെയാണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ബാങ്ക് ലോക്കറിൽ നിന്നെടുത്ത സ്വർണം സൂരജ് വീട്ടിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ, ഉത്രയുടെ മരണത്തിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ സ്വർണം അച്ഛന് കൈമാറുകയായിരുന്നു.

ഉത്രയുടെ മുഴുവൻ സ്വർണവും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ. 37 പവനാണ് ഇനി കണ്ടെത്താനുള്ളത്.ഉത്രയ്ക്ക് വിവാഹ വേളയിൽ കൊടുത്ത 96 പവനും കുഞ്ഞിന്റെ ഇരുപത്തിയെട്ടുകെട്ടിന് നൽകിയ 12 പവനും വിവാഹത്തിന് മുമ്പ് ഉത്ര ധരിച്ചിരുന്ന 4 പവനും ഉൾപ്പെടെ 112 പവൻ സ്വർണം നൽകിയതായാണ് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞത്. ബാങ്കിന്റെ അടൂർ ശാഖയിലെ ലോക്കറിൽ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പത്തുപവനേ ഉണ്ടായിരുന്നുള്ളു. 38 പവൻ സൂരജന്റെ വീട്ടുകാർ പറമ്പിൽ കുഴിച്ചിട്ടത് നേരത്തെ കണ്ടെത്തിയിരുന്നു.

വായ്പയെടുക്കാൻ ആറുപവൻ സൂരജ് ഇവിടെ പണയം വച്ചിട്ടുണ്ട്.സുരേന്ദ്രന് ഓട്ടോ ടാക്‌സി വാങ്ങാൻ 21 പവൻ ഈടായി വാങ്ങി ഉത്രയുടെ മാതാപിതാക്കൾ പണം നൽകിയിരുന്നു. ഇതെല്ലാം കൂടി 75 പവൻ വരും. ഇത് കണ്ടെടുത്ത ശേഷം മാത്രമേ അന്തിമ പ്രതിപട്ടിക എങ്ങനെ ആവണമെന്ന കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കൂ. സൂരജിനെ ഒളിച്ചു താമസിക്കാൻ സഹായിച്ചത് സൂര്യയുടെ ആൺ സുഹൃത്താണ്. സ്വകാര്യ സെക്യൂരിറ്റി ഏജൻസിയിലെ ജീവനക്കാരനാണ് ഇയാൾ. ഇയാൾ സൂരജിന്റേയും അടുത്ത സുഹൃത്താണ്. കൊലപാതകത്തെ പറ്റി ഇയാൾക്കും അറിയാമെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തിലാണ് സൂര്യയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നത്. ഇതിൽ നിന്നും വീട്ടുകാരുടെ പങ്കിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

പാമ്പിനെ കൈവശം വച്ചത് ചോദ്യം ചെയ്യാൻ ഫോറസ്റ്റ് വകുപ്പും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച തുടർച്ചയായി 5 മണിക്കൂറോളം സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെയാണ് ഇവരെ വീണ്ടും വിളിച്ചുവരുത്തിയത്. ഇവർ രാവിലെ അഭിഭാഷകനൊപ്പം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയതിനു പിന്നാലെ സൂരജിനെയും സുരേന്ദ്രനെയും ഇവിടേക്ക് കൊണ്ടുവന്നു. ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമായിരുന്നു ചോദ്യം ചെയ്യൽ.

കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും വീട്ടുകാർക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഗാർഹിക പീഡനവുമാണ് പിതാവ് സുരേന്ദ്രനെതിരായ കുറ്റം. സ്വർണം ഒളിപ്പിച്ചത് രേണുകക്കും സൂര്യക്കും അറിയാമായിരുന്നുവെന്നാണ് സുരേന്ദ്രന്റെ മൊഴി. ഇത് കണ്ടെത്താനായാൽ ഈ കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റ് ചെയ്തേക്കും. സൂരജിനും കുടുംബത്തിനുമെതിരായ ഗാർഹിക പീഡന പരാതിയും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

അതേസമയം വനംവകുപ്പ് സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങും.വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP