Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുമ്പിൽ അഭിനയിച്ചു കാണിച്ച് സൂരജ്; അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ നിറയുന്നത് അവ്യക്തത മാത്രം; സ്ത്രീധനമായി നൽകിയ ബൊലേനാ കാറിനൊപ്പം അച്ഛന്റെ പിക്ക് അപ്പ് ഓട്ടോയും കേസിൽ തൊണ്ടി മുതൽ; സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുത്തത് അവ്യക്തതകൾ നീക്കാൻ; ഉത്രാ കൊലക്കേസിൽ ഇനി സൂര്യയുടെ ആൺ സുഹൃത്തിന്റെ മൊഴി എടുക്കൽ

പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുമ്പിൽ അഭിനയിച്ചു കാണിച്ച് സൂരജ്; അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ നിറയുന്നത് അവ്യക്തത മാത്രം; സ്ത്രീധനമായി നൽകിയ ബൊലേനാ കാറിനൊപ്പം അച്ഛന്റെ പിക്ക് അപ്പ് ഓട്ടോയും കേസിൽ തൊണ്ടി മുതൽ; സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുത്തത് അവ്യക്തതകൾ നീക്കാൻ; ഉത്രാ കൊലക്കേസിൽ ഇനി സൂര്യയുടെ ആൺ സുഹൃത്തിന്റെ മൊഴി എടുക്കൽ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ് സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളിൽ നിറയുന്നത് വൈരുദ്ധ്യം. ഇന്നലെ സൂരജിനെ അടൂരിനു സമീപം പറക്കോട്ടെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തി. ഇയാളുടെ സാന്നിധ്യത്തിൽ സംഭവം പുനഃചിത്രീകരിച്ചു.

പതിനേഴര മണിക്കൂർ സൂരജിന്റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്തിരുന്നു. ഉത്രയെ ആദ്യം അണലിയെക്കൊണ്ടു കടിപ്പിച്ച സംഭവത്തിൽ മൊഴികളിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. രണ്ടാം നിലയിലെ കിടപ്പുമുറിയിൽ വച്ചാണ് ഉത്രയ്ക്ക് അന്നു പാമ്പുകടിയേറ്റത്. തുടർച്ചയായ ചോദ്യം ചെയ്യലിനു ശേഷവും സംശയങ്ങൾ അവശേഷിച്ചതോടെയാണ് അടൂരിലെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തിയത്.

കഴിഞ്ഞ ദിവസം സൂരജിനെ കുടുംബാംഗങ്ങൾക്കൊപ്പമാണു പൊലീസ് ചോദ്യം ചെയ്തത്. പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയ രീതി സൂരജ് കുടുംബാംഗങ്ങൾക്കു മുന്നിൽ വിശദീകരിച്ചു. സൂരജിന്റെ മാതാപിതാക്കൾക്കു പുറമെ പിതൃസഹോദരി അടക്കം നാല് അടുത്ത ബന്ധുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. നിലവിൽ സൂരജും പിതാവ് സുരേന്ദ്രനും പാമ്പിനെ നൽകിയ ചാവർകോട് സുരേഷും മാത്രമാണു പ്രതികൾ. തെളിവുനശിപ്പിക്കൽ, ഗൂഢാലോചന എന്നിവയിലാണ് അന്വേഷണം. മൊഴികളിലെ അവ്യക്തത പരിഹരിക്കാതെ വന്നാൽ സൂരജിന്റെ കുടുംബാംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും. അമ്മ രേണുകയും സഹോദരി സൂര്യയും പ്രതികളാകാനുള്ള സാധ്യതയാണ് തെളിയുന്നത്. സൂര്യയുടെ ആൺ സുഹൃത്തിന്റെ മൊഴി വീണ്ടും എടുക്കും. ഇതിൽ നിർണ്ണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ശനിയാഴ്ച നടന്ന തെളിവെടുപ്പിൽ സൂരജ് പാമ്പിനെ സൂക്ഷിച്ചിരുന്ന ചാക്കുകൾ കണ്ടെത്തിയിരുന്നു. ഉത്രയുടെ സ്വർണം വിറ്റ അടൂരിലെ ജൂവലറിയും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം സൂരജിന്റെ അമ്മയെയും സഹോദരിയെയും അന്വേഷണ സംഘം പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഉത്രയെ വധിക്കുന്നതിൽ ഇവർക്കുള്ള പങ്ക് കണ്ടെത്തിയിരുന്നു. സുരേന്ദ്രനെയും സൂരജിനെയും ഇവർക്കൊപ്പമിരുത്തി ചോദ്യംചെയ്തു. എല്ലാവരും മുൻപുനൽകിയ മൊഴികളിൽ ഉറച്ചുനിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വിവാഹത്തിന് ഉത്രയുടെ വീട്ടുക്കാർ സൂരജിന് നൽകിയിരുന്ന സ്വർണ്ണ മാല തിരികെ നൽകാൻ പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് സൂരജിന്റെ വീട്ടുകാർ മാല തിരികെ പൊലീസിനെ ഏൽപ്പിച്ചിരുന്നു. ഇതു കൂടിയായപ്പോൾ ഉത്രയുടെ 90 പവൻ സ്വർണ്ണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പൊലീസ് പറയുന്നു. കൊലപാതക ഗൂഢാലോചനയിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാൽ ഇരുവരെയും തത്കാലം വിട്ടയച്ചിരുന്നു. കേസ് സംബന്ധമായ ചില നിർണായക നടപടികൾ പൂർത്തിയാക്കി ഇവരെ വീണ്ടും ചോദ്യംചെയ്യാനാണ് സംഘത്തിന്റെ തീരുമാനം.

ഫെബ്രുവരി 29ന് സൂരജിന്റെ വീടിനുള്ളിലെ കോണിപ്പടിയിൽ കണ്ടതും അണലി തന്നെയെന്നു സൂരജ് സമ്മതിച്ചിരുന്നു ചേരയാണെന്നായിരുന്നു സൂരജ് ആദ്യം പറഞ്ഞിരുന്നത്. കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അണലിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കോണിപ്പടിയിൽ കിടന്ന പാമ്പിനെ കണ്ട് ഉത്ര പേടിച്ചു കരഞ്ഞപ്പോൾ സൂരജ് എത്തി അതിനെ എടുത്ത് ചാക്കിലാക്കി വിറകുപുരയിൽ തന്നെ ഒളിപ്പിച്ചു. ഈ പാമ്പിനെ തന്നെയാണ് മാർച്ച് 2ന് ഉത്രയുടെ ദേഹത്തേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചതെന്നും വ്യക്തമായി. പിന്നീട് പാമ്പിനെ സൂരജ് തന്നെ ചാക്കിലാക്കി വീടിനു തെക്കു വശത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞെന്നാണ് തെളിവെടുപ്പു സമയത്ത് സൂരജ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അതിനിടെ സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ പണിക്കരുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരേന്ദ്രന്റെ പിക്കപ്പ് വാനാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഉത്രയുടെ കുടുംബത്തിന്റെ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് സുരേന്ദ്രൻ ഈ വാഹനം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. പിതാവിനു ജോലിയില്ലാത്തതിനാൽ ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകണമെന്നു സൂരജ് നിർബന്ധം പിടിച്ചിരുന്നു. മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കൾ സൂരജിന്റെ പിതാവിന് പിക്കപ്പ് ഓട്ടോറിക്ഷ വാങ്ങി നൽകുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ വിലയുള്ള വാഹനമാണ് ഇത്.

കേസിൽ ഈ വാഹനവും തൊണ്ടിമുതലാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഉത്രയെ വധിക്കാൻ പാമ്പിനെ സൂരജ് വീട്ടിൽക്കൊണ്ടുവന്നത് ഉത്രയുടെ കുടുംബം നൽകിയ ബൊലേനോ കാറിലായിരുന്നു. ഈ കാർ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിവാഹ സമ്മാനമായി ഉത്രയുടെ വീട്ടുകാർ നൽകിയ കാറായിരുന്നു ഇത്. ഉത്രയുടെ മരണശേഷം ഏറത്തെ വീട്ടിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന ഈ കാർ വിരലടയാള വിദഗ്ദ്ധർ പരിശോധിച്ചതിനു പിന്നാലെ അന്വേഷക സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൂരജിന്റെ ഡ്രൈവിങ് ലൈസൻസ്, കാറിന്റെ ആർസി ബുക്ക്, ഇൻഷുറൻസ് പേപ്പർ എന്നിവയും കണ്ടെടുത്തിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞയുടൻ അൾട്ടോ കാർ വാങ്ങി നൽകാമെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. എന്നാൽ ബൊലേനോ തന്നെ വേണമെന്ന് സൂരജ് വാശിപിടിക്കുകയായിരുന്നു. അങ്ങനെയാണ് ഉത്രയുടെ പേരിൽ ബലേനോ കാർ വാങ്ങിക്കൊടുക്കുന്നത്. കഴിഞ്ഞ ആറിനു രാത്രിയാണ് ഈ ചുവന്ന ബൊലേനോയിൽ പാമ്പിനെ പ്ലാസ്റ്റിക് ജാറിലാക്കി സൂരജ് ഉത്രയുടെ വീട്ടിൽ കൊണ്ടുവന്നത്. ഏഴാം തീയ്യതി രാവിലെ ഇതേ കാറിൽ തന്നെയാണ് ഉത്രയെ ആശുപത്രിയിൽ കൊണ്ടുപോയതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP