Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്രയുടെ മരണശേഷം ഒരു വയസുള്ള മകനെ തനിക്കൊപ്പം വിട്ടില്ലെങ്കിൽ അഞ്ചൽ സിഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തുമ്പോൾ കൂടെയുണ്ടായിരുന്നത് കോൺഗ്രസ് നേതാവെന്ന് സിപിഎം; സൂരജിന്റെ സിപിഎം ബന്ധം അന്വേഷണത്തിന് തടസമാകുമെന്ന് പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം; അടൂർ ഇൻസ്പെക്ടർക്കെതിരേ നാളെ മുതൽ സമരമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എംജി കണ്ണൻ; ഉത്രയുടെ മരണത്തിൽ രാഷ്ട്രീയ വിവാദം കത്തികയറുമ്പോൾ

ഉത്രയുടെ മരണശേഷം ഒരു വയസുള്ള മകനെ തനിക്കൊപ്പം വിട്ടില്ലെങ്കിൽ അഞ്ചൽ സിഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തുമ്പോൾ കൂടെയുണ്ടായിരുന്നത് കോൺഗ്രസ് നേതാവെന്ന് സിപിഎം; സൂരജിന്റെ സിപിഎം ബന്ധം അന്വേഷണത്തിന് തടസമാകുമെന്ന് പത്തനംതിട്ടയിലെ കോൺഗ്രസ് നേതൃത്വം; അടൂർ ഇൻസ്പെക്ടർക്കെതിരേ നാളെ മുതൽ സമരമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ എംജി കണ്ണൻ; ഉത്രയുടെ മരണത്തിൽ രാഷ്ട്രീയ വിവാദം കത്തികയറുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഉത്ര കൊലക്കേസ് പ്രതി സൂരജിന്റെ സിപിഎം ബന്ധം ചർച്ചയായതോടെ മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈനുകൾക്കെതിരേ ലോക്കൽ സെക്രട്ടറിയുടെ പരാതി. സൂരജ് സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണെന്നും പറക്കോട് ലോക്കൽ സെക്രട്ടറി വി. വേണുവാണ് ഇയാൾക്ക് പൊലീസ് സ്റ്റേഷനിൽ വേണ്ട സഹായം ചെയ്തു നൽകിയതെന്നുമുള്ള ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസിന്റെ ആരോപണം പുറത്തു വിട്ടതിനാണ് വേണു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്.

അതേ സമയം വേണുവിനെതിരായ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് അറിയിച്ചു. താനല്ല, കോൺഗ്രസ് നേതാക്കളാണ് ഉത്ര കൊലക്കേസിലെ പ്രതി സൂരജിനെ സഹായിച്ചതെന്നും തനിക്കെതിരേ ഇപ്പോൾ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും സിപിഎം ലോക്കൽ സെക്രട്ടറി വേണു ആരോപിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ വാർഡ് കൗൺസിലറുമായ ശാമുവൽ കുട്ടി തോമസാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഇയാളും ചില കോൺഗ്രസ് ഭാരവാഹികളും പൊലീസിനെ സ്വാധീനിച്ചാണ് ഉത്രയുടെ കുട്ടിയെ സൂരജിന് വാങ്ങി നൽകിയതെന്നാണ് സിപിഎം പറയുന്നത്. ഇതോടെ വിവാദത്തിന് പുതിയ മാനങ്ങൾ വന്നു.

അഞ്ചൽ സ്റ്റേഷനിൽ നിന്ന് വന്ന പൊലീസുകാരോട് ശാമുവൽ കുട്ടി കയർക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറച്ചു വച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ വഴി കോൺഗ്രസ് നേതാക്കൾ തനിക്കെതിരേ വ്യാജപ്രചാരണം നടത്തുകയാണ് എന്നാണ് വേണുവിന്റെ പരാതിയിലുള്ളത്. പരാതി സിപിഎമ്മിന്റെ പ്രതിരോധം മാത്രമാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ എന്നിവർ പറഞ്ഞു. സിപിഎമ്മിന്റെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. സൂരജ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണെന്നുള്ള വിവരം പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചു വച്ചു. ഉത്രയുടെ മരണത്തിന് ശേഷം കുഞ്ഞിനെ കൈക്കലാക്കാൻ സിപിഎം നേതാക്കൾ തന്നെയാണ് സൂരജിനെ സഹായിച്ചത് എന്നുള്ളത് വ്യക്തമാണ്. സത്യം ഇതായിരിക്കേ പരാതി നൽകി ഭയപ്പെടുത്താൻ നോക്കേണ്ടെന്നും യൂത്ത് കോൺഗ്രസ് നാളെ മുതൽ സമര മുഖത്തായിരിക്കുമെന്നും എംജി കണ്ണൻ പറഞ്ഞു. സംഭവത്തിൽ അടൂർ ഇൻസ്പെക്ടർക്കെതിരേയാണ് നാളെ സമരം തുടങ്ങൂന്നത്.

ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സൂരജ് അറസ്റ്റിലായെങ്കിലും ഇയാൾക്കുള്ള സിപിഎം ബന്ധം അന്വേഷണത്തിനു തടസമാകരുതെന്ന് കോൺഗ്രസ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ ഞെട്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായപ്പോഴും അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ടെ നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിനു കഴിയില്ലെന്നതരത്തിൽ നാട്ടിൽ പ്രചാരണം വ്യാപകമാണ്. സൂരജിനെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ സിപിഎം തയാറാകണമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.

്അഞ്ചലിലെ വീട്ടിൽ ഉത്രയുടെ മരണത്തിനുശേഷം സ്ത്രീധനമായി ലഭിച്ച 98 പവനും അഞ്ചു ലക്ഷം രൂപയും കാറും നൽകാതിരിക്കുവാനും കൂടുതൽ തുക തട്ടിയെടുക്കാനുമായി ഒന്നര വയസുകാരനായ മകനെ പിടിച്ചെടുക്കാൻ സിപിഎം കാരക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ചിരണിക്കൽ യൂണിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂർ പൊലീസ് സ്റ്റേഷനിൽ പറക്കോട്ടെ സിപിഎം നേതാവ് വേണുവിനൊപ്പമെത്തിയിരുന്നതായി കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് അടൂരിലെയും ജില്ലയിലെയും പല സിപിഎം നേതാക്കളുടെയും പ്രിയങ്കരനാണ്. ജില്ലാ ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടിലേക്കു കൈമാറിയതും ദുരൂഹതയുള്ളതാണ്. പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിക്ക് ഇക്കാര്യത്തിൽ ഇടപെടലുണ്ട്. അധികാരപരിധിയിലെ തർക്കം കാരണം തിരുവനന്തപുരത്തെ ചില ഉന്നതർ ഇടപെട്ട് കൊല്ലം ശിശുക്ഷേമസമിതിയെ ഇടപെടുവിച്ച് കുഞ്ഞിനെ സൂരജിനു നൽകുകയായിരുന്നു. രണ്ട് ശിശുക്ഷേമസമിതികളുടെയും തലപ്പത്ത് സിപിഎം നേതാക്കളാണ്.

20 ന് കൊടുത്ത പരാതിയുടെ പറഞ്ഞ് 22 ലെ കൊല്ലം ശിശുക്ഷേമ സമിതിയുടെ വാക്കാൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പിടിച്ചെടുക്കുന്ന ദൗത്യം സിപിഎം ഭരണസഹായത്താൽ പ്രതി സൂരജ് പൂർത്തിയാക്കിയത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സിപിഎം നേതാക്കളെ കുത്തിനിറച്ച ശിശുക്ഷേമ സമിതികളും വനിതാ കമ്മീഷനും ഇപ്പോൾ ശ്രമിക്കുന്നതെന്നും ഡിസിസി ഭാരവാഹികൾ പറഞ്ഞു.

വൈസ് പ്രസിഡന്റുമാരായ അനിൽ തോമസ്, എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു
ഉത്ര കൊലപാതക കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി കെപിസിസി ജനറൽ സെക്രെട്ടറി പഴകുളം മധു പറഞ്ഞു. മുഖ്യ പ്രതിയായ സൂരജ് ഡി വൈ എഫ് ഐ ബ്രാഞ്ച് സെക്രെട്ടറിയും മേഖലാ കമ്മിറ്റി അംഗവുമാണെന്ന വിവരം പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചുവെച്ചു. പൊലീസിന് മേൽ സി പി എം നേതൃത്വത്തിന്റെ ശക്തമായ സമ്മർദ്ദമുണ്ട് എന്നതിന്റെ തെളിവാണിത്.

ആസൂത്രിത കൊലപാതക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഉത്ര സംഭവത്തിലെ പ്രതികളെ രക്ഷപ്പെടുത്താൻ പത്തനംതിട്ടയിലെ സി പി എം നേതൃത്വം ശ്രമിച്ചത് ഹീനമാണ്. ലോക്കൽ കമ്മിറ്റി സെക്രെട്ടറിയെ പൊലീസ് സ്റ്റേഷനിൽ അയച്ചു കുട്ടിയെ പ്രതിക്ക് വിട്ടുകൊടുക്കാൻ സ്വാധീനം ചെലുത്തിയത് അടൂരിലെ സി പി എം നേതാക്കളിടപെട്ടാണ്. പത്തനംതിട്ടയിലെയും കൊല്ലത്തെയും ശിശു ക്ഷേമ സമിതികൾ പ്രതിക്കുവേണ്ടി ഒത്തുകളിച്ചത് പാർട്ടി ഇടപെടലിന്റെ തെളിവാണ്.

കൊലപാതകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച സി പി എം നേതാക്കൾ അടക്കമുള്ളവരെ കണ്ടെത്തണമെങ്കിൽ കോടതി നിരീക്ഷണത്തിൽ ഉന്നത പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.

രാഷ്ട്രീയ വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിൽ വന്ന വാർത്ത ഇങ്ങനെ

ഉത്രയുടെ കൊലപാതകം; രാഷ്ട്രീയ നേട്ടത്തിന് കോൺഗ്രസ്

അടൂർ: ഉത്രയുടെ കൊലപാതകത്തിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് കോൺഗ്രസ്. കോൺഗ്രസുകാരുടെ ശ്രമം സ്വയം രക്ഷക്കെന്ന് നാട്ടുകാർ. ആരോപണം കോൺഗ്രസിന് തന്നെ തിരിച്ചടിയുമായി. കൊലപാതകിയായ സൂരജിനെ രക്ഷപ്പെടുത്താൻ സജീവമായി സൂരജിനൊപ്പം ഇറങ്ങിയത് കോൺഗ്രസ് നേതാവായ നഗരസഭ കൗൺസിലറുടെ ഭർത്താവാണ്. ഉത്രയ്ക്ക് സൂരജിന്റെ വീട്ടിൽ വെച്ച് മാർച്ച് 2ന് പാമ്പുകടിയേറ്റപ്പോഴും ഉത്ര അഞ്ചലിലെ വീട്ടിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ചപ്പോഴും സഹായിയായി പൊലീസ് സ്റ്റേഷനിൽ പോകാനും മറ്റും ഒപ്പം ഉണ്ടായിരുന്നത് ഈ നേതാവാണെന്ന് എല്ലാവർക്കുമറിയാം.

ഉത്രയുടെ മരണശേഷം സൂരജിന്റെ ഒരു വയസുള്ള മകനെ സൂരജിനൊപ്പം വിട്ടില്ലെങ്കിൽ അഞ്ചൽ സിഐയുടെ തൊപ്പി തെറിപ്പിക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തുമ്പോൾ ഈ നേതാവിന്റെ സാന്നിധ്യമുണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സൂരജിന്റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ അഞ്ചൽ സ്റ്റേഷനിലെത്തി ഇവരെ സ്റ്റേഷനിൽ നിന്നിറക്കിയത് ഈ നേതാവാണ്. ഇതൊക്കെ നാട്ടിൽ പാട്ടായതോടെ സൂരജിനെ രക്ഷപ്പെടുത്താൻ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ഇടപെട്ടെന്ന രീതിയിൽ സോഷ്യൽ മീഡിയിൽ പ്രചാരണം അഴിച്ചുവിട്ടു.

ചില സോഷ്യൽ മീഡിയ ചാനലുകൾ ഏറ്റെടുക്കുകയും ചെയ്തു. കോൺഗ്രസിന്റെ രണ്ട് ജില്ലാ ജനറൽ സെക്രട്ടറിമാർ പറക്കോട് കേന്ദ്രീകരിച്ച് ഉണ്ടെങ്കിലും ഇവരൊന്നും ഉന്നയിക്കാത്ത ആരോപണമാണ് സൂരജിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച നേതാവ് സോഷ്യൽ മീഡിയയിൽ പടച്ചുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP