Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അബുദാബിയിൽ നിന്ന് എത്തിഹാദ് വിമാനത്തിൽ പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തി; എമിഗ്രേഷൻകാർക്ക് സംശയം തോന്നിയത് വിനയായി; മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയ സിബിഐ പിടികിട്ടാപ്പുള്ളിയെ പൊക്കി; നഴ്‌സുമാരെ പറ്റിച്ച് 300 കോടി തട്ടിയ ഉതുപ്പ് വർഗ്ഗീസ് കൊച്ചിയിൽ അറസ്റ്റിൽ; പിടിയിലായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ

അബുദാബിയിൽ നിന്ന് എത്തിഹാദ് വിമാനത്തിൽ പുലർച്ചെ നെടുമ്പാശ്ശേരിയിൽ എത്തി; എമിഗ്രേഷൻകാർക്ക് സംശയം തോന്നിയത് വിനയായി; മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയ സിബിഐ പിടികിട്ടാപ്പുള്ളിയെ പൊക്കി; നഴ്‌സുമാരെ പറ്റിച്ച് 300 കോടി തട്ടിയ ഉതുപ്പ് വർഗ്ഗീസ് കൊച്ചിയിൽ അറസ്റ്റിൽ; പിടിയിലായത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ ഒന്നാം പ്രതി ഉതുപ്പ് വർഗീസിനെ കൊച്ചിയിൽ സിബിഐ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഉതുപ്പിനെ എമിഗ്രേഷൻ അധികൃതരാണ് തിരിച്ചറിഞ്ഞത്. തുടർന്ന് സിബിഐയ്ക്ക് കൈമാറി. പുലർച്ച 3.15നുള്ള എത്തിഹാദ് എയർലൈൻസിലാണ് നെടുമ്പാശ്ശേരിയിൽ ഉതുപ്പ് എത്തിയത്.

നഴ്സുമാരെ റിക്രൂട്ട് ചെയ്ത് കോടികളുടെ തട്ടിപ്പുനടത്തിയ കേസിലാണ് ഉതുപ്പ് വർഗീസിനെ അറസ്റ്റ് ചെയ്തത്. ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള അൽസറാഫ എന്ന കൊച്ചിയിലെ സ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 300 കോടി രൂപയാണ് തട്ടിപ്പു വഴി ഉതുപ്പ് വർഗീസ് നേടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. തട്ടിപ്പുനടത്തി രാജ്യം വിട്ട ഉതുപ്പ് വർഗീസിനെ പിടികൂടാൻ അന്വേഷിക്കാൻ വേണ്ടി സിബിഐ ഇന്റർപോളിനോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങൾ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജൻസിയുടെ വാണ്ടഡ് ലിസ്റ്റിൽ ഉതുപ്പിനെ ഉൾപ്പെടുത്തിയത്. വാണ്ടഡ് ലിസ്റ്റിൽ ഉതുപ്പ് വർഗീസിന്റെ ചിത്രങ്ങളും പൂർണ മേൽവിലാസവും ചേർത്തിരുന്നു. മാസങ്ങൾക്ക് മുമ്പ് അബുദാബിയിൽ വച്ച് ഉതുപ്പിനെ ഇന്റർപോൾ കസ്റ്റഡിയിൽ എടുത്തു. എന്നാൽ ഉന്നത ബന്ധങ്ങളുപയോഗിച്ച് അവിടെ ജാമ്യം നേടി പുറത്തുവന്നു. അപ്പോഴും സിബിഐ ഉതുപ്പിന് പിറകെയായിരുന്നു.

വിദേശതൊഴിൽ നിയമനത്തിന്റെ മറവിൽ ഗൂഢാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയിൽ അന്വേഷണ ഏജൻസികൾ ഇയാളെ തേടി വരികയാണെന്നു ഇന്റർപോൾ രേഖകളിലുണ്ടായിരുന്നു. എല്ലാ വിമാനത്താവളത്തിലും ലുക്ക് ഔട്ട് നോട്ടീസും ഒട്ടിച്ചിരുന്നു. മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വിദേശത്തുള്ള ഉതുപ്പ് വർഗീസിനെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഇയാൾ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായിൽ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന്റെ മറവിൽ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്. സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടാനുള്ള ശ്രമവും വിഫലമായി. ഇതോടെ പുറത്തിറങ്ങിയാൽ ഉതുപ്പ് പിടിയിലാകുമെന്ന സ്ഥിതി വന്നു. ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കീഴടങ്ങാനെത്തിയതാണെന്നും സൂചനയുണ്ട്. ഇത് മനസ്സിലാക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിൽ പ്രതിചേർക്കപ്പെട്ട ഉതുപ്പ് വർഗീസിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇതുൾപ്പെടെ സംസ്ഥാനത്തെ ഉന്നത കോൺഗ്രസ് ബന്ധങ്ങളാണ് ഇതുവരെ ഉതുപ്പിനെ സംരക്ഷിച്ചു നിർത്തിയിരുന്നത്.

മുൻ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ഇയാൾക്ക് എല്ലാ രാഷ്്രടീയ പാർട്ടികളിലും ഇഷ്ടക്കാരുണ്ട്. 2015 മാർച്ച് 27നാണ് അൽസറഫയുടെ കൊച്ചി ഓഫീസ് എൻഫോഴ്സ്മെന്റ് റെയ്ഡ് ചെയ്യുന്നതും കള്ളക്കളി പുറത്തുകൊണ്ടു വരുന്നതും. റെയ്ഡ് നടക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി യു.എ.ഇയിലായിരുന്നു. ഇവിടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉതുപ്പുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതായും സൂചനയെത്തി. അത്തരത്തിലൊരു വ്യക്തിയാണ് അറസ്റ്റിലാകുന്നത്. കേരളത്തിലെ ബിജെപി നേതാക്കളുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് പലപ്പോഴും ലുക്ക് ഔട്ട് നോട്ടീസ് എത്തിച്ചിട്ടും ഉതുപ്പിനെ രക്ഷിച്ചു.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്. ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈറ്റിലെത്തിച്ചു.

കുവൈറ്റുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. സാമ്പത്തിക കുറ്റകൃത്യമാണ് ഉതുപ്പ് നടത്തിയിട്ടുള്ളത്. ഇയാൾ റിക്രൂട്ട് ചെയ്തവർക്ക് കുവൈത്തിൽ ജോലി ചെയ്യുന്നതിൽ യാതൊരു തടസ്സവുമില്ല. എന്നാൽ, ഓരോരുത്തരിൽനിന്നും 19 ലക്ഷത്തിലേറെ തുക തട്ടിച്ചുവെന്ന ഗുരുതരമായ കുറ്റം ഉതുപ്പിനെതിരെ ഉയരുന്നുണ്ട്. ഈ തട്ടിപ്പിൽ കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സിനും പങ്കുണ്ടെന്നാണ് സിബിഐ. അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ഓരോ ഏജൻസിയും എല്ലാ മാസവും എത്രപേരേ വിദേശത്തേക്ക് അയക്കുന്നു, എത്രരൂപ വാങ്ങുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചുറപ്പിക്കേണ്ടത് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ ഓഫീസാണ്.

ഇതേത്തുടർന്ന് സി.ബി.എ ചാർജ് ചെയ്ത കേസ്സിൽ പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സ് മേധാവി അഡോൾഫ്സ് ലോറൻസാണ് ഒന്നാം പ്രതി. കേസിലെ രണ്ടാം പ്രതിയാണ് അൽ സറാഫ് എന്ന സ്വകാര്യ റിക്രൂട്ടിങ് ഏജൻസിവഴി കോടികൾ തട്ടിച്ച ഉതുപ്പ് വർഗീസ്. കോട്ടയം മണർകാട് സേദേശിയായ ഉതുപ്പ് വർഗീസ് ഗൾഫിലാണ് താമസം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഉതുപ്പ് വർഗീസിന്റെ സ്ഥാപനത്തിൽ പരിശോധനയ്ക്കായി ആദായ നികുതി വകുപ്പ് തിരഞ്ഞെടുത്ത സമയവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ സമയം നോക്കിയാണ് റെയ്ഡ് നടത്തിയത്. കൊച്ചിയിലെ പൊലീസിനെ പോലും അവസാനനിമിഷമാണ് പരിശോധന നടത്തുന്ന വിവരം ആദായ നികുതി വകുപ്പ് അറിയിച്ചത്.

കേരളത്തിൽ രണ്ടിടത്തായി ശാഖകളുള്ള ബെസ്റ്റ് ബേക്കേഴ്സിന്റെ പാർട്ണർമാരിൽ ഒരാൾ കൂടിയാണ് ഉതുപ്പ്. ഇയാളുടെ പേരിൽ കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. 2009ൽ ബന്ധുവായ യുവാവിനെ വെടിവച്ചുകൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP