Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊല്ലാൻ സൂരജ് രണ്ടുതവണ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷികളില്ല; രണ്ടുപാമ്പുകളെയും വിറ്റ സുരേഷിന്റെ മൊഴി നിർണായകം; കൂടുതൽ തെളിവുകൾ കണ്ടെടുക്കാൻ സൂരജിന്റെ വീട്ടിൽ പരിശോധന; ദമ്പതിമാരുടെ കിടപ്പുമുറിയിലും ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകേസിലും പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറകുവശത്തും മൂന്നുമണിക്കൂറോളം തെളിവെടുപ്പ്; ഗാർഹിക പീഡന പരാതിയിലും അന്വേഷണം

ഉത്രയെ പാമ്പ് കടിപ്പിച്ച് കൊല്ലാൻ സൂരജ് രണ്ടുതവണ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷികളില്ല; രണ്ടുപാമ്പുകളെയും വിറ്റ സുരേഷിന്റെ മൊഴി നിർണായകം; കൂടുതൽ തെളിവുകൾ കണ്ടെടുക്കാൻ സൂരജിന്റെ വീട്ടിൽ പരിശോധന; ദമ്പതിമാരുടെ കിടപ്പുമുറിയിലും ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകേസിലും പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറകുവശത്തും മൂന്നുമണിക്കൂറോളം തെളിവെടുപ്പ്; ഗാർഹിക പീഡന പരാതിയിലും അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: അഞ്ചലിലെ ഉത്രകൊലക്കേസിൽ മുഖ്യപ്രതി സൂരജിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ചുമാണ് വീട്ടിൽ എത്തിയത്. ക്രൈംബ്രാഞ്ചിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടിൽ പരിശോധനയ്ക്കായി എത്തി.

ഉത്രയുടെ കുടുംബം നൽകിയ ഗാർഹിക പീഡനക്കേസ് സംബന്ധിച്ച അന്വേഷണത്തിനാണ് സ്‌പെഷ്യൽ ബ്രാഞ്ച് വീട്ടിലെത്തിയത്. ഫോറൻസിക് സംഘവും സൂരജിന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. അതേസമയം കേസിൽ സൂരജിനൊപ്പം കൂട്ടുപ്രതിയായ കല്ലുവാതുക്കൽ സുരേഷ് എന്ന സുരേഷ് കുമാറിനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും എന്നാണ് സൂചന.

സൂരജ് രണ്ടു തവണ പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ഈ രണ്ടു സംഭവത്തിനും നേരിട്ട് ദൃക്‌സാക്ഷികളാരുമില്ല. അതിനാൽ തന്നെ രണ്ട് പാമ്പുകളേയും സൂരജിനെ വിറ്റ സുരേഷിന്റെ മൊഴി കേസിൽ നിർണായകമാണ്. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ ബലത്തിൽ സൂരജിനെ ശിക്ഷ ഉറപ്പാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്ന കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു സംഘങ്ങളും ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ടായിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അശോകിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പ് മൂന്ന് മണിക്കൂറിലധികം നീണ്ടു നിന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്‌സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം സംഘം പരിശോധന നടത്തി.

തഹസിൽദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാർ വീടിന്റെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി.സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ, അമ്മ രേണുക,സഹോദരി സൂര്യ എന്നിവരിൽ നിന്നും വിശദാംശങ്ങൾ തേടി. മറ്റാർക്ക് എങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നത് സംബന്ധിച്ച് പരിശോധിച്ച് വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.പിന്നീട് അടൂരിൽ എത്തി സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും തുറന്ന് പരിശോധിച്ചു. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. അതിനിടെ ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട്, സ്‌പെഷ്യൽ ബ്രാഞ്ച് പത്തനംതിട്ട ഡിവൈഎസ്‌പി. എസ് ആർ. ജോസ് സൂരജിന്റെ കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ തേടി.

ആസൂത്രണം അമ്മയ്ക്കും സഹോദരിക്കും അറിയാമായിരുന്നു

ഉത്രയെ കൊലപ്പെടുത്താനുള്ള സൂരജിന്റെ തീരുമാനവും അതിനായുള്ള ആസൂത്രണവും അമ്മയ്ക്കും സഹോദരിക്കും അറിയാമായിരുന്നതായി വിവരം ലഭിച്ചതിനാൽ അവരേയും അടുത്തദിവസം തന്നെ ചോദ്യംചെയ്യും. . പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യം ഒരുക്കിയ സഹോദരിയുടെ സുഹൃത്തിനെയും കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉത്രയുടെ അച്ഛനമ്മമാരുടെ പരാതി ഉയർന്നപ്പോൾ സൂരജിന് ഒളിവിൽ പോകാൻ സൗകര്യം ഒരുക്കിയത് സഹോദരി സൂര്യയാണെന്നതിനുള്ള തെളിവും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഇതും എംബിഎക്കാരിയെ കുടുക്കാൻ പോന്ന തെളിവാണ്. ഗാർഹിക പീഡനത്തിലും അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ കൊലപാതക കേസിൽ അന്വേഷണം പൂർത്തി ആയ ശേഷം ഇക്കാര്യത്തിൽ തെളിവ് ശേഖരണം നടത്തൂ. ഉത്രയുടെ അച്ഛനമ്മമാരിൽനിന്നും അയൽവാസികളിൽനിന്നും അന്വേഷകസംഘം ഞായറാഴ്ച വിശദമായ മൊഴിയെടുത്തു.

സുരേന്ദ്ര പണിക്കരെ ചോദ്യം ചെയ്തു

കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തിയാണ് സുരേന്ദ്രപ്പണിക്കരെ ചോദ്യംചെയ്തത്. മകന്റെ പാമ്പ് പരിചരണത്തെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് സൂചന. സൂരജിന്റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും ചോദ്യംചെയ്യുന്നതോടെ കുടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷകസംഘം കരുതുന്നത്. മെയ് ആറിന് രാത്രിയാണ് ഏറത്ത് വെള്ളശേരിൽ വീട്ടിൽ ഉത്ര (25)യെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. ആദ്യം മരണത്തിൽ സംശയം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ഉത്രയുടെ അച്ഛനമ്മമാർ പരാതി നൽകി. അന്വേഷണം നടത്തുന്നതിനിടെ കുടുങ്ങുമെന്ന് മനസ്സിലാക്കിയ സൂരജ് അഭിഭാഷകനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് സഹോദരിയുടെ ഫോണാണ് ഉപയോഗിച്ചത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. മെയ് 23ന് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ ചാവരുകാവ് സുരേഷിനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളാണ് സൂരജിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. ക്രൈംബ്രാഞ്ച് എസ്ഐ മുരുകൻ, രമേശൻ, മനോജ്, സിപിഒ സജീന എന്നിവരും സംഘത്തിലുണ്ട്.

സൂരജിന്റെ് അമ്മയ്ക്കും സഹോദരിക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. നേരത്തേ അണലിയെ വാങ്ങിയതിന് ഇരുവരും സാക്ഷികളാണെന്നു സൂരജ് പൊലീസിനോടു സമ്മതിച്ചു. കൊലപാതക വിവരം സൂരജിന്റെ സഹോദരി ഇന്റർനെറ്റ് കോളിലൂടെ പുരുഷ സുഹൃത്തിനെ അറിയിച്ചെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കും. ശാസ്ത്രീയ തെളിവുകൾ ഇതിനായി ശേഖരിക്കും. അണലിയെ ഫെബ്രുവരി 26-ന് പാമ്പുപിടിത്തക്കാരൻ സുരേഷ് എത്തിക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഉത്ര ഈ വിവരം അറിഞ്ഞിരുന്നില്ല. എലിയെ പിടിക്കാൻ പാമ്പിനെ കൊണ്ടുവന്നുവെന്നാണ് സൂരജ് അച്ഛൻ സുരേന്ദ്രനോടു പറഞ്ഞത്. പാമ്പിന് പറഞ്ഞുറപ്പിച്ച തുക സുരേഷിനു കൈമാറി. പാമ്പിനെ അന്നുതന്നെ ചാക്കിൽനിന്നു പുറത്തെടുത്ത് വീടിനുള്ളിലെ ചവിട്ടുപടിയിലിട്ടു. ഈ സമയം അമ്മയും സഹോദരിയും വീടിനു പുറത്തിറങ്ങി. കൊലപാതക ശ്രമത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.

തുടർന്ന് ഉത്രയോടു മുകളിലത്തെ നിലയിൽനിന്ന് ഫോൺ എടുത്തു കൊണ്ടുവരാൻ ആവശ്യപ്പെട്ടു. മുകൾനിലയിലേക്കു പോയ ഉത്ര പാമ്പിനെ കണ്ടതിനാൽ പദ്ധതി നടന്നില്ല. ഇതേ പാമ്പിനെ ചാക്കിലാക്കി സൂക്ഷിച്ചാണ് മാർച്ച് രണ്ടിന് ഉത്രയെ ആദ്യം കടിപ്പിച്ചത്. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്കു സൂരജിന്റെ അമ്മയെയും സഹോദരിയെയും കൊലപാതകക്കേസിൽ പ്രതി ചേർക്കുമെന്നാണു സൂചന. പാമ്പുകളുമായുള്ള ഇയാളുടെ ബന്ധം സൂചിപ്പിക്കുന്ന അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തൽ കേസിൽ നിർണായകമാകുകയാണ്. ഉത്ര പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് അറിഞ്ഞപ്പോൾ സൂരജിന്റെ അടുത്ത ബന്ധുവായ സ്ത്രീ ഇക്കാര്യം ഉത്രയുടെ വീട്ടുകാരോടും അടുപ്പക്കാരോടും വെളിപ്പെടുത്തിയതായാണ് മൊഴി. അടൂരിലെ വീട്ടിൽ സൂരജ് പാമ്പുമായി എത്തിയത് കണ്ടിരുന്നുവെന്നും ആ പാമ്പാണോ കടിച്ചതെന്ന സംശയവും സ്ത്രീ ഉന്നയിക്കുകയുണ്ടായി.

അതേസമയം ഉത്രയ്ക്ക് പാമ്പ് കടിയേറ്റതിന് ശേഷം സൂരജിൽ പരിഭ്രമ ലക്ഷണങ്ങൾ കണ്ടതായി ഉത്രയുടെ സഹോദരൻ വിഷുവും മൊഴി നൽകിയിരുന്നു. ഉത്രയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും സൂരജ് കൈവശപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്വർണത്തിൽ ഒരു ഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയതായാണ് സൂരജിന്റെ മൊഴി. ആഡംബര ജീവിതത്തിനായാണ് സൂരജ് ഉത്രയിൽ നിന്ന് കൈക്കലാക്കിയ സ്വർണം ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൈവശമാക്കിയ സ്വർണത്തിൽ ഒരുഭാഗം സ്വന്തം വീട്ടുകാർക്ക് നൽകിയതായി സൂരജ് നേരത്തെ സമ്മതിച്ചിരുന്നു.

സുഹൃത്തുക്കളേയും ചോദ്യം ചെയ്യും

സൂരജിന്റെ 15 സുഹൃത്തുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോക് അറിയിച്ചു.

സൂരജിന് പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. യുട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായി വിശ്വസിക്കുന്നില്ല. കൊലപാതകത്തിനുശേഷം സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഉത്രയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചത്. സൂരജിന് ഒളിവിൽക്കഴിയാനുള്ള സഹായവും സുഹൃത്തുക്കൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും കോടതിയിൽ അപേക്ഷ നൽകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരിൽ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലിൽ നിന്നാണെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

തന്റെ സ്വർണാഭരണങ്ങൾ ഒരുലക്ഷം രൂപയ്ക്ക് പണയം വെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു. ഈ സ്വർണം കണ്ടെത്താൻ സൂരജുമായി തെളിവെടുപ്പ് നടത്തും. വീട്ടുകാർ നൽകാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കർ സ്ഥലം എഴുതി നൽകാത്തതിനെച്ചൊല്ലി സൂരജിന്റെ കുടുംബാംഗങ്ങൾ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ ശേഖരിക്കാൻ സൂരജിന്റെ കുടുംബത്തെ ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP