Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചോദ്യം ചെയ്യലിന് ഉച്ചയ്ക്ക് എത്തിയപ്പോൾ ചാനൽ ക്യാമറകൾ കണ്ട് മടങ്ങി പോയി; തിരിച്ചറിയാതിരിക്കാൻ വൈകുന്നേരം സ്വകാര്യ വാഹനത്തിൽ എത്തി കാത്ത് നിന്നു; ഇരുട്ടിനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ച കഹാർ ചെന്ന് പെട്ടത് ചാനൽ ക്യാമറകൾക്ക് മുന്നിൽ തന്നെ; എംഎൽഎ ആയിരിക്കെ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വർക്കല കഹാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യലിന് ഉച്ചയ്ക്ക് എത്തിയപ്പോൾ ചാനൽ ക്യാമറകൾ കണ്ട് മടങ്ങി പോയി; തിരിച്ചറിയാതിരിക്കാൻ വൈകുന്നേരം സ്വകാര്യ വാഹനത്തിൽ എത്തി കാത്ത് നിന്നു; ഇരുട്ടിനെ മറയാക്കി രക്ഷപ്പെടാൻ ശ്രമിച്ച കഹാർ ചെന്ന് പെട്ടത് ചാനൽ ക്യാമറകൾക്ക് മുന്നിൽ തന്നെ; എംഎൽഎ ആയിരിക്കെ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ വർക്കല കഹാറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ഏഴ് വർഷങ്ങൾക്ക് മുൻപ് എംഎൽഎ ആയിരിക്കെ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് വർക്കല കഹാർ കുരുക്കിലേക്ക്. സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ മുന്നിൽ മുൻ എംഎൽഎ ഹാജരായതാകട്ടെ ഇരുട്ടിന്റെ മറവിലും. ചാനൽ ക്യാമറകളുടെ മുന്നിൽപ്പെടാതിരിക്കാൻ ശ്രമിച്ച കഹാർ ഒടുവിൽ ചെന്ന് പെട്ടതും ചാനൽപടകളുടെ മുന്നിൽ തന്നെയായിരുന്നു.

കേസ് വീണ്ടും അന്വേഷമം ആരംഭിച്ചതിനെ കഹാർ ഭയക്കുന്നു എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. അതേസമയം ഇപ്പോൾ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഇന്നു മൊഴി നൽകാൻ എത്തണമെന്നു വർക്കല കഹാറിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ കഹാർ മൊഴി നൽകാൻ എത്തിയില്ല. ചാനലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു കഹാർ വരാതെയിരിക്കുകയായിരുന്നു. നാളെയോ മറ്റന്നാളോ കഹാറിന്റെ മൊഴി എടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഇന്ന് തന്നെ എത്തണമെന്ന നിർദ്ദേശം നൽകുകയായിരുന്നു.

ഉച്ചയ്ക്ക് വന്ന് മടങ്ങിയ നേതാവ് വൈകുന്നേരം തിരിച്ചറിയാതിരിക്കാനായി എത്തിയതാകട്ടെ സ്വകാര്യ വാഹനത്തിലും. എന്നാൽ ചെന്നുപെട്ടത് ചാനൽപടകൾക്ക് മുന്നിൽ തന്നെയാണ്. 18 ചോദ്യങ്ങളാണ് രണ്ട് ഡിവൈഎസ്‌പിമാർ ഉൾപ്പെടുന്ന സംഘം കഹാറിനോട് ചോദിക്കുക. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

കോൺഗ്രസ് നേതാവും മുൻ എംഎൽയുമായ വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പരാതി നൽകിയിരുന്നു. ഏഴു വർഷം മുൻപ് നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട സത്യം തങ്ങൾക്ക് അറിയണമെന്നാണ് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം തെളിയുമെന്നു മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും അതേസമയം സംശയാസ്പദമായ കാര്യങ്ങൾ വന്നാൽ അന്വേഷണത്തിലേക്ക് തന്നെ നീങ്ങുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. അതേസമയം അന്വേഷണത്തിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് സാജിദിന്റെ ഉറ്റബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു.

അന്നേ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ സാജിദ് മരിക്കുമ്പോൾ കഹാർ എംഎൽഎയാണ്. അതുകൊണ്ട് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. സാജിദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് പറയുന്നത്. പക്ഷെ ശ്വാസകോശത്തിലും വയറിലും ഒന്നും വെള്ളമില്ല. അപ്പോൾ പിന്നെങ്ങിനെ കിണറിൽ വീണതിനെ തുടർന്നുള്ള മരണം എന്ന് പറയുക-കുടുംബം ചോദിക്കുന്നു. അസ്വാഭാവികമായ ചില ഗന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അപ്പോൾ മൂത്രം എടുത്ത് പരിശോധിക്കണം. മൂത്ര സഞ്ചി ഒഴിഞ്ഞ നിലയിലായിരുന്നു എന്ന് പറയുന്നു. അപ്പോൾ ആ രീതിയിലുള്ള അന്വേഷണവും നിലച്ചു. ഇപ്പോഴും ഈ മരണവുമായി ബന്ധപ്പെട്ടു ഞങ്ങളെ സ്വാധീനിക്കാനുള്ള ചില ശ്രമങ്ങൾ കഹാർ നടത്തി. പക്ഷെ കുടുംബം ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് സത്യം അറിയണം-കുടുംബം പ്രതികരിക്കുന്നു. സാജിദ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സുഹൃത്തുക്കൾ ഇത് അപകടമരണമല്ലാ കൊലപാതകമാണെന്ന് പറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ ആ ഘട്ടത്തിൽ നിസ്സഹായരായിരുന്നു. അന്വേഷണം മുന്നോട്ടു പോകാനുള്ള ലക്ഷണങ്ങൾ ഒന്നും വന്നില്ല.

ഇപ്പോൾ വർക്കല കഹാറിന്റെ അളിയൻ മൂസ ഹാഫിസുമായുള്ള സംഭാഷണത്തിൽ ഇതുകൊലപാതകമാണെന്ന് വെളിപ്പെടുത്തിയതോടെ ഞങ്ങൾക്കുള്ള സംശയങ്ങളും അവസാനിക്കുകയാണ്. ഇനി ഞങ്ങൾക്ക് നീതി വേണം-സാജിദിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഹാഫിസിന്റെ വെളിപ്പെടുത്തൽ ആധാരമാക്കി മറുനാടൻ മലയാളി ൽകിയ നിരന്തര വാർത്തകൾ ആണ് സാജിദിന്റെ മരണം കൊലപാതകം എന്ന സൂചനയിലേക്ക് വിരൽ ചൂണ്ടിയത്. ഹാഫിസിന്റെ വെളിപ്പെടുത്തലും മറുനാടൻ മലയാളി നൽകിയ വാർത്തകളും ഈ മരണവുമായി ബന്ധപ്പെട്ട് സാജിദിന്റെ കുടുംബത്തിനു കച്ചിത്തുരുമ്പാകുകയാണ്. ഇതോടെയാണ് ഗൾഫിലുള്ള സാജിദിന്റെ മൂത്ത സഹോദരൻ വർക്കലയിൽ എത്തുകയും തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയും ചെയ്തത്.

ഏഴുവർഷം മുൻപാണ് സാജിദ് മരിക്കുന്നത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങിനെയാണ് വിവരം ലഭിച്ചത്. ഏഴുവർഷം മുൻപുള്ള ഒരു വെള്ളിയാഴ്ച ദിവസമാണ് സാജിദ് മരിച്ചത്. കഹാറിനെ അന്ന് ഉച്ചയ്ക്ക് വർക്കലയിലെ ഓഫീസിൽ സാജിദ് തന്നെയാണ് എത്തിച്ചത്. പിന്നീട് സാജിദിനെകുറിച്ച് വിവരമില്ല. ഇതേ ഓഫീസിന് അകത്തുള്ള കിണറ്റിലാണ് സാജിദിന്റെ ശരീരം കാണപെട്ടത്. ഉച്ചയ്ക്ക് തിരഞ്ഞപ്പോൾ ആ പരിസരത്ത് സാജിദ് ഉണ്ടായിരുന്നു എന്ന സൂചന പോലും ലഭിച്ചിരുന്നില്ല.

പക്ഷെ അവിടുത്തെ കിണറ്റിൽ രാത്രി വൈകീട്ട് സാജിന്റെ ശരീരം കാണപ്പെടുകയായിരുന്നു. വാഹിദിനെ ഓഫീസിൽ എത്തിച്ച ശേഷം പിന്നീട് പുറത്തു പോവാൻ വിളിച്ചപ്പോൾ സാജിദ് ഫോൺ എടുത്തിരുന്നില്ലാ എന്നാണ് കഹാർ പറഞ്ഞത്. പക്ഷെ രാത്രി എട്ടുമണിക്ക് സാജിദിന്റെ മൃതദേഹം അവിടത്തെ കിണറിൽ നിന്നും കണ്ടുകിട്ടി. മൂന്നു സെന്റ് പുരയിടത്തിൽ നിന്നും ഒരാളിനെ കാണുന്നില്ല എന്ന് പറയുമ്പോൾ അത് ആദ്യം അവിടെ അന്വേഷിക്കേണ്ടേ? ഉച്ചയ്ക്ക് കാണാത്ത ചെരിപ്പ് രാത്രിയാണ് കിണറിന്റെ കരയിൽ നിന്നും കാണുന്നത്. അതിൽ തന്നെ ദുരൂഹതകൾ പതിയിരിക്കുന്നുണ്ട്. ഒറ്റയ്ക്ക് ഒരാൾക്ക് കീഴടക്കാൻ കഴിയുന്നതിലും വലിയ തടിമിടുക്ക് സാജിദിനുണ്ട്. അതുകൊണ്ട് ഒരാൾക്കൊന്നും സാജിദിനെ അപായപ്പെടുത്താൻ കഴിയില്ല. ഒരു സംഘത്തിന് മാത്രമേ കഴിയൂ.

കിണറിൽ ആണ് വീണതെങ്കിലും തലയുടെ പിന്നിലാണ് വലിയ മുറിവ് ഉള്ളത്. ഈ മുറിവാണ് മരണ കാരണമെന്നു പറഞ്ഞത്. പക്ഷെ പരാതി കൊടുത്തെങ്കിലും വലിയ അന്വേഷണം ഈ കാര്യത്തിൽ നടന്നില്ല. പക്ഷെ ഞങ്ങൾ അന്നേ കൊലപാതകം ആണെന്ന സംശയങ്ങൾ നിലനിന്നിരുന്നു. പക്ഷെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല- പക്ഷെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു- സാജിദിന്റെ ബന്ധു നിസാം മറുനാടനോട് പ്രതികരിച്ചു. ഏഴുവർഷം മുൻപ് നടന്ന ഈ മരണം ഈ കഴിഞ്ഞ ദിവസമാണ് വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നത്

കേരളാ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനായ ഹഫീസിന്റെ ഫോണിലേക്ക് വഴിതെറ്റിയെത്തിയ ഒരു ഫോൺ കോൾ ആണ് സാജിദിന്റെ മരണം കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കുന്നത്. മറ്റൊരാൾക്ക് നേരെ വർക്കല കഹാറിന്റെ അളിയൻ മൂസ നടത്തിയ കൊലപാതക മുന്നറിയിപ്പാണ് ഹഫീസിന്റെ ഫോണിലേക്ക് വഴിമാറി എത്തിയത്. കേശവദാസപുരം ജമാ അത്ത് സെക്രട്ടറിയാണോ എന്നാണു ചോദിച്ചത്. അല്ലാ എന്ന് പറഞ്ഞപ്പോൾ തെറിവിളിയോടെ ഇയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിന്നെ വണ്ടിയിടിപ്പിച്ച് കൊല്ലും. അത് വർക്കല കഹാറിന്റെ തീരുമാനമാണെന്നും കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്നും ഫോൺ സംഭാഷണത്തിൽ കഹാറിന്റെ അളിയൻ ഭീഷണി മുഴക്കി.

ഒരു കൊലപാതകത്തിന്റെ വിവരവും ഒരു കൊലപാതക ഭീഷണിയുമാണ് ഒരേ സമയം കഹാറിന്റെ അളിയന്റെ ഫോണിൽ നിന്നും വന്നത്. വർക്കല കഹാറിന്റെ ഡ്രൈവർ സാജിദ് കൊല്ലപ്പെട്ട കാര്യം ഹഫീസിനു അറിയാവുന്നതുമാണ്. ഈ ഭീഷണിയിലും കൊലപാതകത്തിലും കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഹഫീസ് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒരാൾ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരാൾ കൊല്ലപ്പെടും എന്ന സന്ദേശം വരുകയും ചെയ്തു. മറുതലയ്ക്കൽ ആരോപണ വിധേയനായ ആൾ കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായ വർക്കല കഹാറുമാണ്. ഡ്രൈവറുടെ മരണം കൊലപാതകമെന്ന് കൊലചെയ്ത ആളുകൾ തന്നെ പറഞ്ഞത് ഗൗരവകരമായ കാര്യമാണ്-ഹഫീസ് മറുനാടനോട് വ്യക്തമാക്കി.

ഓരോ കൊലപാതകത്തിലും ഒരു തെളിവ് ബാക്കിയാക്കപ്പെടും. ആ തെളിവാണ് ഒരു സംഭാഷണത്തിന്റെ രൂപത്തിൽ കഹാറിന്റെ അളിയന്റെ ഫോണിൽ നിന്ന് ഹഫീസിന്റെ ഫോണിൽ എത്തിയത്. ഇപ്പോൾ ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകാൻ കഹാർ അവസരം കാക്കുകയാണ്. ചാനൽ ക്യാമറകളെ വെട്ടിച്ചിട്ട് വേണം കഹാറിനു മൊഴി നൽകാൻ. ഇന്ന് തന്നെ കഹാർ ഈ കാര്യത്തിൽ മൊഴി നൽകിയേക്കും എന്നാണ് മറുനാടൻ മലയാളിക്ക് ലഭിക്കുന്ന സൂചനകൾ. എന്തായാലും സാജിദിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സത്യം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയുമോ എന്നാണ് സാജിദിന്റെ കുടുംബം ഉറ്റുനോക്കുന്നത്. ഇപ്പോൾ സാജിദിന്റെ കുടുംബം മാത്രമല്ല വർക്കലക്കാർ മുഴുവൻ ഈ അന്വേഷണത്തിലേക്ക് ഉറ്റുനോക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP