Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതി കേസിൽ കെ ചന്ദ്രശേഖരന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; യുഡിഎഫ് സർക്കാറിനെതിരെ സിപിഎം ആയുധമാക്കിയ കേസിലെ ആരോപണ വിധേയൻ തെറ്റുകാരനല്ലെന്ന് ഇടതു സർക്കാർ ഭരിക്കുമ്പോൾ പുറത്തുവന്നത് കോൺഗ്രസിന് പിടിവള്ളിയായി; ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കവേ ഇളക്കി മറിച്ച് അന്വേഷിച്ച മറ്റൊരു കേസിനു കൂടി അകാല ചരമം

23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതി കേസിൽ കെ ചന്ദ്രശേഖരന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്; യുഡിഎഫ് സർക്കാറിനെതിരെ സിപിഎം ആയുധമാക്കിയ കേസിലെ ആരോപണ വിധേയൻ തെറ്റുകാരനല്ലെന്ന് ഇടതു സർക്കാർ ഭരിക്കുമ്പോൾ പുറത്തുവന്നത് കോൺഗ്രസിന് പിടിവള്ളിയായി; ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരിക്കവേ ഇളക്കി മറിച്ച് അന്വേഷിച്ച മറ്റൊരു കേസിനു കൂടി അകാല ചരമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 23.4 കോടി രൂപയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസിലെ റഫർ റിപ്പോർട്ടിന് വിജിലൻസ് കോടതിയുടെ അംഗീകാരം. ഇതോടെ മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം കണ്ടെത്തിയ വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസിൽ സംശയം ജനിപ്പിച്ച അഴിമതിയിലെ നിയമപോരാട്ടം പ്രതികൾക്ക് അനുകൂലമായി മാറുകയാണ്. യുഡിഎഫ് സർക്കാരിനെ പിടിച്ചുലച്ച വിവാദമാണ് തോട്ടണ്ടി അഴിമതികേസ്. തന്റെ മകളുടെ വിവാഹ തീയ്യതിക്ക് മുമ്പായി റഫർ റിപ്പോർട്ട് വിജിലൻസ് അംഗീകരിച്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐഎന്റ്റിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ നടത്തിയ നിയമപോരാട്ടമാണ് കേസിനെ അപ്രസക്തമാക്കുന്നത്. കൊല്ലം കടപ്പാക്കടയിലുള്ള കേരള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ചന്ദ്രശേഖരൻ , കോർപ്പറേഷൻ മുൻ എം.ഡി. കെ.എ. രതീഷ് , കുത്തക കമ്പനിയായ ജെ.എം.ജെ. കമ്പനി ഉടമ ജെയ്‌മോൻ ജോസഫ്, കൊല്ലം കാപ്പക്‌സിലെ ഗുണനിലവാര പരിശോധകൻ ഭുവനചന്ദ്രൻ എന്നിവരാണ് അഴിമതിക്കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.

ഈ ഹർജിയിൽ ജനുവരി 31 നകം റഫർ റിപ്പോർട്ട് സ്വീകരിക്കണമോ തള്ളണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി വിജിലൻസ് കോടതിയോട് നിർദ്ദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തിങ്കളാഴ്ച വാദം കേട്ട കോടതി ഇന്ന് വിധി പറഞ്ഞത്. റഫർ റിപ്പോർട്ട് പരിഗണനാ വേളയിൽ പ്രതിക്ക് തന്റെ ഭാഗം പറയാൻ അവകാശമില്ലെന്നും അതിനാൽ പ്രതിഭാഗം വാദം കേൾക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി വിധിയുള്ളതിനാൽ ഹർജിക്കാരന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങൾ ആണ് കോടതി കേട്ടത്. ഇതിന് ശേഷമാണ് തീരുമാനം എടുത്തത്. 2015 ഓണക്കാലത്ത് 2,000 ടൺ നിലവാരമില്ലാത്ത തോട്ടണ്ടി നിയമവിരുദ്ധമായി ടെണ്ടർ നടപടിക്രമം ലംഘിച്ച് കുത്തക കമ്പനിയായ ജെ.എം.ജെ കമ്പനി മുഖേന ഇറക്കുമതി ചെയ്തതിൽ 2.86 കോടി രൂപയുടെ നഷ്ടം കശുവണ്ടി വികസന കോർപ്പറേഷന് വരുത്തിയെന്നാണ് കേസ്. സംസ്ഥാനത്തുള്ള നിലവാരമില്ലാത്ത തോട്ടണ്ടി വിദേശത്ത് നിന്ന് തൂത്തുക്കുടി തുറമുഖത്ത് ഇറക്കി കണ്ടെയിനറിലും ലോറിയിലുമായി എത്തിച്ചുവെന്നായിരുന്നു എഫ്.ഐ.ആർ.

എന്നാൽ കപ്പലിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തതായുള്ള യാതൊരു രേഖയും വിജിലൻസ് പിടിച്ചെടുക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആറിന് ശേഷം സ്വാധീനത്താൽ വിജിലൻസ് പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്തു. അതുകൊണ്ടാണ് തൊണ്ടി സാമ്പിളുകൾ കോടതിയിൽ ഹാജരാക്കാത്തതും കോടതി മുഖേന ലബോറട്ടറിയിൽ പരിശോധനയ്ക്കയക്കാത്തതും. തെളിവുകൾ ശേഖരിക്കാതെയാണ് ഇപ്പോൾ തെളിവില്ലെന്ന് കാട്ടി എഴുതി്ത്തള്ളാൻ കോടതിയുടെ അനുമതി തേടിയിരിക്കുന്നതെന്നും വാദിച്ചു. എന്നാൽ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല. എന്നാൽ തുടരന്വേഷണം നടത്താനോ കുറ്റപത്രം നൽകാനോ തെളിവുകൾ ലഭ്യമല്ലെന്ന് അഡീ.ലീഗൽ അഡൈ്വസർ ബിജു മനോഹറും വാദിച്ചു. ഈർപ്പത്താൽ കശുവണ്ടി ശുഷ്‌കിച്ചു പോയതിനാലാണ് സാമ്പിൾ പരിശോധനയ്ക്കയക്കാൻ സാധിക്കാത്തതെന്നും വാദിച്ചു. ഇതെല്ലാം കോടതി അംഗീകിച്ചു.

സഹാറ ഗ്രൂപ്പ് തലവൻ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങളാണ് തൊട്ടണ്ടി അഴിമതി പുറത്തു കൊണ്ടു വന്നത്. തൊഴിൽ പരമായ സത്യസന്ധതയ്ക്ക് പേര് കേട്ടയാളാണ് കെഎം എബ്രഹാം എന്ന മുൻ ചീഫ് സെക്രട്ടറി. അഴിമതി കാര്യത്തിൽ കേരളത്തിലെ നേതാക്കൾ കൂട്ടിക്കൊടുപ്പുകാരെക്കാൾ മോശമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടതും വലതും ചേർന്ന് അധികാരം പങ്കുവെക്കുകയും ഖജനാവ് കൊള്ളടിക്കുകയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി പറാട്ടു സമരം നടത്തുകയും ചെയ്യുന്നത് പതിവാണ്. കശുവണ്ടി കോർപറേഷൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ചന്ദ്രശേഖരൻ നടത്തിയ നിരാഹാരവും അതിന് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ചേർന്ന് ഉണ്ടാക്കിയ ഒത്തുതീർപ്പും ഈ കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിലെ അവസാന കാഴ്ചയായിരുന്നു. എന്നിട്ടും ഒന്നും നടന്നില്ല. കോടികളുടെ അഴിമതി നടത്തിയ കശുവണ്ടി കോർപറേഷനെ നേരെയാക്കാൻ ഒരു ഐഎഎസ് ഓഫീസർ നടത്തിയ ധീരമായ ഇടപെടലിനെ ഹൈക്കോടതി അംഗീകരിച്ചു. അങ്ങനെ വ ആടിനെ പട്ടിയാക്കാൻ ചന്ദ്രശേഖരൻ കശുവണ്ടി കോർപ്പറേഷനിലെ ചെയർമാൻ സ്ഥാനം രാജിവച്ചു.

കശുവണ്ടി വികസന കോർപറേഷനിൽ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളിൽ എബ്രഹാം കണ്ടെത്തിയത്. പരാതികളും അഴിമതി വെളിപ്പെടുത്തുന്ന റിപ്പോർട്ടുകളും പെരുകിയപ്പോൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈ സമിതിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഹൈക്കോടതിയാണ് അന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) ഡോ. കെ എം എബ്രഹാമിനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിന്റെ ഉള്ളടക്കവും ശുപാർശകളും കോർപറേഷനിലെ ഉന്നതരെ വിറളി പിടിപ്പിച്ചു. ഈ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ ജേക്കബ് തോമസായിരുന്നു വിജിലൻസ് ഡറയക്ടർ. ആർ ചന്ദ്രശേഖരനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കോർപറേഷൻ മുൻ എംഡി. കെഎ രതീഷ്, ജെഎംജെ കമ്പനി പ്രതിനിധി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് വിജിലൻസ് അന്വേഷണം തുടങ്ങിയെങ്കിലും കാര്യമായ യാതൊരു പുരോഗതിയുമുണ്ടായില്ല. അന്ന് ഭരണകക്ഷിയിലെ പ്രമുഖനെന്ന നിലയിൽ ചന്ദ്രശേഖരനെതിരെ ചെറുവിരൽ പോലും അനക്കാൻ മടിച്ചു വിജിലൻസ് അധികൃതർ എന്നാൽ, ഇടതു സർക്കാർ അധികാരത്തിൽ എത്തുകയും ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറാകുകയും ചെയ്തതോടെ സധൈര്യം നടപടികളുമായി മുന്നോട്ടു നീങ്ങുകയായിരുന്നു. ടെണ്ടർ നടപടികൾ പാലിക്കാതെ കശുവണ്ടി വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതിലെ ക്രമക്കേടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടന്നത്. 2000 മെട്രിക് ടൺ കശുവണ്ടി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതിൽ നിയമാനുസൃതമുള്ള ടെൻഡർ നടപടികൾ പാലിച്ചില്ലെന്നും നിലവാരമില്ലാത്ത കശുവണ്ടിയാണ് ഇറക്കിയതെന്നും കാണിച്ച് കൊല്ലം സ്വദേശി കടകംപള്ളി മനോജാണ് വിജിലൻസിൽ പരാതി നൽകിയത്. മനോജിന്റെ പരാതിയിൽ കോർപ്പറേഷനിലെ മറ്റ് ക്രമക്കേടുകൾ സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

25 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് ഇ-ടെൻഡർ വേണമെന്ന നിയമം പാലിച്ചില്ല, ഒരാൾ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്, റീ ടെൻഡർ ചെയ്തില്ല, സംസ്‌കരിച്ചപ്പോൾ നിശ്ചിത അളവിൽ പരിപ്പ് കിട്ടിയില്ല, ഇറക്കുമതി ചെയ്തത് നിലവാരം കുറഞ്ഞ കശുവണ്ടിയായിരുന്നു തുടങ്ങിയവയാണ് മനോജിന്റെ ആരോപണങ്ങൾ. എന്നാൽ ജേക്കബ് തോമസ് മാറിയതോടെ എല്ലാം അട്ടിമറിക്കപ്പെട്ടു. ചന്ദ്രശേഖരന് ഇടതുപക്ഷത്തും നല്ല സുഹൃത്തുക്കളുണ്ട്. ഇതെല്ലാം മുതൽകൂട്ടായി മാറിയപ്പോൾ കേസ് അപ്രസക്തമാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP